ADVERTISEMENT

6ജി സേവനങ്ങള്‍ 2030ഓടെ യാഥാര്‍ഥ്യമാവുമെന്ന് വന്‍കിട ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍. 5ജി സേവനങ്ങള്‍ക്ക് തന്നെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്ന ആശങ്ക നിലനില്‍ക്കേയാണ് 6ജിയുടെ വരവ്. 5ജി തന്നെ പാതിയില്‍ നില്‍കേ തന്നെ 6ജിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ടെലികോം കമ്പനികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കുമിടയില്‍ വ്യക്തമായ കാരണങ്ങളുണ്ട്. 

 

സാങ്കേതികവിദ്യയെക്കുറിച്ച് വലിയ തോതില്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് കരുതുന്നവരുമുണ്ട്. '5ജിയുടെ വിന്യാസം പോലും നമ്മള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇപ്പോഴും 6ജിയെക്കുറിച്ച് ഗൗരമായി സംസാരിക്കാറായിട്ടില്ലെന്നാണ് കരുതുന്നത്' എന്നായിരുന്നു എസ്‌കെ ടെലികോമിന്റെ സിഡിഒയായ ഹാ മിന്‍ യോങ് പറഞ്ഞത്. എങ്കിലും കഴിഞ്ഞ ആഴ്ച ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് 6ജി ആയിരുന്നു. 

 

ചൈന, ദക്ഷിണകൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മൊബൈല്‍ ഓപറേറ്റര്‍മാര്‍ 2019 മുതല്‍ തന്നെ 5ജി സേവനങ്ങള്‍ നല്‍കി തുടങ്ങിയിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 4ജിക്ക് ശേഷമുള്ള തലമുറമാറ്റമായിരുന്നു 5ജി. എന്നാല്‍ ലഭ്യമാക്കിയ രാജ്യങ്ങളില്‍ പോലും 5ജിയിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം സാവധാനത്തിലാണ്. ലോകത്താകെയുള്ള മൊബൈലുകളില്‍ ഏഴില്‍ ഒന്നിന് മാത്രമേ 5ജി സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള സൗകര്യം പോലുമുള്ളൂ. 

 

ഉപഭോക്താക്കള്‍ക്കിടയില്‍ 5ജിയുടെ സ്വീകാര്യത കുറഞ്ഞതിന് വേറെയും കാരണങ്ങളുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ മാത്രമല്ല 5ജി നല്‍കുന്നത്. ഡ്രൈവറില്ലാ കാറുകള്‍, പൈലറ്റില്ലാ എയര്‍ ടാക്‌സികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് 5ജി സഹായകരമാണ്. അതിവേഗത്തില്‍ വിവര കൈമാറ്റം വേണ്ടി വരുന്ന സാങ്കേതികവിദ്യകള്‍ സാധാരണമാക്കാന്‍ 5ജി പോലുള്ള സേവനം ആവശ്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും 5ജിയില്‍ നൂറുകണക്കിന് കോടി ഡോളര്‍ നിക്ഷേപം നടത്തിയ ടെലികോം കമ്പനികള്‍ മുടക്കു മുതല്‍ തിരിച്ചു പിടിക്കാന്‍ പാടുപെടുകയാണ്. 

 

ഇങ്ങനെയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് 6ജിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായേക്കാം. ഓരോ തലമുറ മൊബൈല്‍ സേവനങ്ങളേയും തീരുമാനിക്കുന്നത് നിശ്ചിത നിലവാരങ്ങളാണ്. ഇത്തരം നിയമങ്ങളും നിലവാരങ്ങളും തീരുമാനിക്കപ്പെടുന്നതിന് സാങ്കേതികവിദഗ്ധര്‍ക്കും കമ്പനികള്‍ക്കും വ്യാവസായിക ബോഡികള്‍ക്കുമെല്ലാമിടയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതാണ് ഇപ്പോള്‍ നടക്കുന്നത്. 

 

ചര്‍ച്ചകള്‍ നടക്കുന്നതുകൊണ്ടു തന്നെ ഇപ്പോഴും 6ജിയുടെ നിലവാരങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. നിര്‍മിത ബുദ്ധിയുടെ പ്രയോഗവും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള അതീവ സൈബര്‍ സുരക്ഷയുമെല്ലാം 6ജിയില്‍ ലഭ്യമായേക്കും. മനുഷ്യ ഇടപെടലുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും 6ജിയുടെ വരവോടെ സാധാരണയായേക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 6ജിയുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കപ്പെടുമെന്നും 2030 ഓടെ യാഥാര്‍ഥ്യമാവുമെന്നുമാണ് നോകിയ സിഇഒ അടക്കമുള്ളവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

 

English Summary: Next gen mobile internet 6G will launch in 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com