ഇന്ത്യയുടേത് ഞെട്ടിക്കും കുതിപ്പ്, മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ വീണ്ടും റെക്കോർഡ് നേട്ടം

world-internet-map
SHARE

ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് വലിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വീണ്ടും വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗമാണ് ഫെബ്രുവരിയിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 70 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതാണ് മറ്റൊരു വലിയ നേട്ടം. മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 67–ാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് ഇത്രയും മുന്നേറ്റം നടത്തുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ 115–ാം സ്ഥാനത്തായിരുന്നു. 2023 ഫെബ്രുവരി അവസാനത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 30.96 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 6.52 എംബിപിഎസും ആണ്. അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ രണ്ട് സ്ഥാനം താഴോട്ട് പോയ ഇന്ത്യ 82–ാം സ്ഥാനത്താണ്. ഇന്ത്യയിലെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 50.87 എംബിപിഎസും അപ്‌ലോഡ് 49.02 എംബിപിഎസുമാണ്.

ഊക്‌ലയുടെ 2023 ഫെബ്രുവരിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 179.61 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 22.90 എംബിപിഎസും ആണ്. ആഗോള ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺ‌ലോഡിങ് വേഗം 39.77 എംബിപിഎസും അപ്‌ലോഡിങ് വേഗം 10.18 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 78.62 എംബിപിഎസും അപ്‌ലോഡ് 34.39 എംബിപിഎസുമാണ്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 20 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്. ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 7–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 9–ാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ഖത്തറിലെ ഇന്റർനെറ്റ് വേഗം 160.33 എംബിപിഎസ് ആണ്. ദക്ഷിണ കൊറിയ (138.46 എംബിപിഎസ്), നോർവെ (131.23 എംബിപിഎസ്), ഡെൻമാർക്ക് (123.66 എംബിപിഎസ്), കുവൈത്ത് (119.79 എംബിപിഎസ്), നെതർലാൻഡ്സ് (114.28 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കൻഡിൽ 4.04 എംബിപിഎസ് ആണ് 137–ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം. 

English Summary: India improves global ranking for mobile internet speed

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS