അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്സ് വണ്ണിന് (വിസി-25ബി) മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്ത ഡിസൈനും നിറവും പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ഉപേക്ഷിച്ചു. പ്രസിഡന്റിന്റെ വിമാനത്തിന് ഇരുണ്ട ചുവപ്പും വെള്ളയും നീലയും നിറം മതിയെന്നായിരുന്നു ട്രംപിന്റെ നിലപാട്. കെന്നഡിയുടെ കാലത്തുതുടങ്ങി കൈമാറി വന്ന പ്രത്യേക ഡിസൈനൊന്നും വേണ്ടെന്നും കൂടുതല്‍ ആധുനികമെന്നു തോന്നിക്കുന്ന ഡിസൈന്‍ മതിയെന്നുമായിരുന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നത്.
∙ ട്രംപിന് ഇഷ്ടപ്പെട്ട നിറവും ഡിസൈനും
ഇരുണ്ട ചുവപ്പു നിറം ഉപയോഗിച്ച് വിമാനത്തിന്റെ മധ്യഭാഗം പെയിന്റ് ചെയ്യണമെന്നും അടിഭാഗത്തിന് ഇരുണ്ട നീല നിറം നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. പക്ഷേ ട്രംപിന് ഇഷ്ടപ്പെട്ട നിറങ്ങള്‍ വിമാനത്തിൽ ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. പുതിയ വിമാനത്തിന് എൻജിനിയറിങ് വിഭാഗത്തിലും കൂടുതല്‍ മാറ്റങ്ങള്‍ വേണമെന്നതാണ് ഇത് തള്ളിക്കളയാന്‍ കാരണം. ഇതുമൂലം വിമാനം നിര്‍മിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. ചെലവും കൂടും. ഇക്കാര്യങ്ങള്‍ നടപ്പാക്കാനായി ആവശ്യത്തിലേറെ സമയം ഇപ്പോള്‍ത്തന്നെ എടുത്തു കഴിഞ്ഞു താനും.
∙ ഇരുണ്ട നീലനിറം പ്രശ്നമാകും
ഇരുണ്ട നീലനിറം വിമാനത്തിന്റെ അടിഭാഗത്തിനു നല്‍കിയാല്‍ അത് സങ്കീര്‍ണമായ ഇലക്ട്രോണിക് ഭാഗങ്ങള്‍ അമിതമായി ചൂടാകാന്‍ ഇടവരുത്തിയേക്കുമെന്നാണ് ഒരു വിലയിരുത്തല്‍. ഈ പെയിന്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ അതു ചൂടാകുമോ എന്നറിയാന്‍ അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പല പരീക്ഷണങ്ങളും അധികമായി നടത്തേണ്ടതായും വരും. അതിനു പകരം ‘നെക്സ്റ്റ് എയര്‍ ഫോഴ്‌സ് വണ്‍’ എന്ന് ഇപ്പോള്‍ വിളിക്കുന്ന വിമാനത്തിന് ഇതിനു മുൻപ് ഉണ്ടായിരുന്ന മോഡലിന്റെ ഏകദേശ കളര്‍ സ്‌കീം തന്നെ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. എന്നാല്‍, സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന ഒരു മാറ്റം ഉണ്ടായിരിക്കുകയും ചെയ്യും. പഴയ മോഡലിന്റെ മുൻ ഭാഗത്തിന് വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന റോബിന്‍ എന്നറിയപ്പെടുന്ന കുരുവിയുടെ മുട്ടയുടെ നീല നിറത്തെ അനുസ്മരിപ്പിക്കുന്ന വര്‍ണമായിരുന്നു ഉണ്ടായിരുന്നത്. അതിനേക്കാള്‍ ഇരുണ്ട നീല നിറമായിരിക്കും പുതിയ വിമാനത്തിനെന്ന് സിഎന്‍എന്‍ ചാനലിനു നല്‍കിയ ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. എന്നാല്‍, ഈ ഡിസൈൻ 60 വര്‍ഷം മുൻപ് ഭരിച്ചിരുന്ന പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കാലത്തെ വിമാനത്തോട് സാമ്യമുള്ളതാണ്.
∙ ബൈഡന്‍ നിറങ്ങൾ തിരഞ്ഞെടുത്ത ശേഷം പണി തുടങ്ങും
പ്രസിഡന്റ് ബൈഡന് ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ താമസിയാതെ പുതിയ വിമാനത്തിന്റെ നിര്‍മാണം ബോയിങ്ങിന് തുടങ്ങാനാകുമെന്ന് അമേരിക്കന്‍ വ്യോമസേന പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി - വിസി-28ബി വിമാനം 747-8 ഐ മോഡലിന്റെ ആധുനിക വകഭേദമായിരിക്കും. പുതുക്കി നിര്‍മിക്കുന്ന ആദ്യ വിസി-28ബി വിമാനത്തിന്റെ പണി 2027ലായിരിക്കും പൂര്‍ത്തിയാകുക. രണ്ടാമത്തേത് ഒരു വര്‍ഷം കഴിഞ്ഞും. എന്തായാലും ബൈഡന്‍ തിരഞ്ഞെടുത്ത പെയിന്റ് സ്‌കീമും മറ്റു മാറ്റങ്ങളും അധിക ചെലവ് വരുത്തിവയ്ക്കില്ലെന്നും വ്യോമ സേന പറഞ്ഞു. രണ്ടു പുതിയ വിമാനങ്ങള്‍ നിർമിച്ചു നല്‍കാന്‍ ട്രംപും ബോയിങ്ങും തമ്മില്‍ 2018ലാണ് കരാര്‍ ഒപ്പിട്ടത്. ഇത് 2021ല്‍ നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത്.

∙ ട്രംപിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ എളുപ്പമല്ല
എന്നാല്‍, ട്രംപ് മുന്നിട്ടിറങ്ങിയ ഈ പദ്ധതി പല പ്രശ്‌നങ്ങളും നേരിട്ടു. രാജ്യസ്‌നേഹം വിളിച്ചറിയിക്കുന്ന നിറം മതി വിമാനത്തിന് എന്നായിരുന്നു ട്രംപ് നിഷ്‌കര്‍ഷിച്ചിരുന്നത്. എയര്‍ ഫോഴ്‌സ് വണ്‍ ലോകത്തെ ഏറ്റവും മികച്ച വിമാനമായിരിക്കുമെന്നും അത് ചുവപ്പു നിറത്തിനൊപ്പം നീലയും വെള്ളയും കലര്‍ത്തിയതായിരിക്കുമെന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്. അതാണ് ഉചിതമെന്ന് താന്‍ കരുതുന്നു എന്നായിരുന്നു ട്രംപിന്റെ വാദം. കോവിഡ് മഹാമാരി കാരണം ആവശ്യത്തിന് ജോലിക്കാരെ കിട്ടാതെ വന്നതും, ഡിസൈനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയവയും മൂലമാണ് കരാറില്‍ പറഞ്ഞ സമയത്ത് വിമാനം നിർമിച്ചു നല്‍കാന്‍ ബോയിങ്ങിന് കഴിയാതെ പോയത്.

∙ കരാര്‍ ഒപ്പിടേണ്ടായിരുന്നു എന്ന് ബോയിങ്
പ്രസിഡന്റുമാര്‍ക്ക് സഞ്ചരിക്കാനുള്ള രണ്ടു വിമാനങ്ങളുടെ നിര്‍മാണത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടതോടെ വ്യോമസേനയുമായി കരാര്‍ ഒപ്പിടേണ്ടി വന്നതില്‍ പശ്ചാത്തപിക്കുന്നു എന്ന് ബോയിങ് മേധാവി ഡേവിഡ് കാല്‍ഹോണ്‍ പറഞ്ഞു. 390 കോടി ഡോളറിനായിരുന്നു കരാർ. ഇത് ഒപ്പിട്ടത് തെറ്റായ തീരുമാനമായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് പല നഷ്ടങ്ങളും കമ്പനി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ കരാറില്‍ ചില പ്രത്യേക റിസ്‌കുകള്‍ ഉണ്ടായിരുന്നു. അത് ബോയിങ് ഏറ്റെടുക്കരുതായിരുന്നു. കരാര്‍ ഒപ്പിടാനായി ബോയിങ്ങിന്റെ പ്രധാന ഉദ്യോഗസ്ഥരെയെല്ലാം ട്രംപ് നേരിട്ടു കണ്ടിരുന്നു.
English Summary: New color scheme unveiled for Air Force One that discards Trump’s design