ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ആദ്യ ഐഫോണ്‍ അവതരണത്തിനുശേഷം ടെക്‌നോളജി മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ നിമിഷമെന്നാണ് ചാറ്റ്ജിപിടിയുടെ വരവിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയും യൂറോപ്പും ഏഷ്യയും ഒന്നടങ്കം ചാറ്റ്പിടിക്ക് പിന്നാലെ ഓടുമ്പോൾ മുൻനിര ടെക് കമ്പനികളെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. അക്കൂട്ടത്തിൽ സേര്‍ച്ചില്‍ ഏറെ മുന്നില്‍ നിൽക്കുന്ന ഗൂഗിളുണ്ട്, ഒന്നിലും പിന്നിലല്ലെന്ന് അഭിമാനിക്കുന്ന ആപ്പിളുമുണ്ട്. ചാറ്റ്ജിപിടി വഴി അമേരിക്ക ലോകം കീഴടക്കുമെന്ന് മുൻകൂട്ടിക്കണ്ട ചൈന പോലും നിര്‍മിത ബുദ്ധിയിൽ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾക്കു പിന്നാലെയാണ്. ചൈനീസ് സേർച്ച് എൻജിനായ ബെയ്ദുവിനു വേണ്ടി ഈ എഐ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് അവരുടെ ആലോചന. എന്നാല്‍ ചാറ്റ്ജിപിടിക്കു ബദലാകുമെന്നു പറഞ്ഞ ഗൂഗിളിന്റെ ബാർഡും (Bard) ബെയ്ദുവിന്റെ ഏണിയും (Eni Bot) തുടക്കത്തിൽ തന്നെ പരാജയപ്പെട്ടപ്പോൾ ചാറ്റ്ജിപിടിയുടെ ചിറകിൽ മൈക്രോസോഫ്റ്റ് ബിങ് (Bing) കുതിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയും വിട്ടുകൊടുത്തിട്ടില്ല. ചാറ്റ്ജിപിടിയേക്കാൾ മികച്ച എഐ സംവിധാനം രാജ്യത്തു കൊണ്ടുവരുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇത്തരത്തിൽ, അവതരിപ്പിച്ച് 100 ദിവസം ആകുമ്പോഴേക്കും ലോകത്തെ ഇത്രമേൽ ഇളക്കിമറിച്ച മറ്റൊരു ടെക്‌നോളജിയുമില്ലെന്നു പറയുന്നു ടെക് നിരീക്ഷകർ. 2022 നവംബറിലാണ് ചാറ്റ്ജിപിടി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 2023 മാര്‍ച്ച് പകുതിയെത്തി നില്‍ക്കുമ്പോള്‍ ചാറ്റ്ജിപിടി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒട്ടേറെ പേരുടെ തൊഴിലിനു പോലും ഭീഷണിയാണ് ഈ എഐ എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നതുതന്നെ. ചാറ്റ്ജിപിടി–4ൽ എത്തി നില്‍ക്കുമ്പോൾ ബാക്കിയാകുന്ന ചോദ്യങ്ങളേറെയുണ്ട്. കൂടുതല്‍ അമ്പരപ്പിക്കുമോ ഈ നിർമിതബുദ്ധി സാങ്കേതികവിദ്യ, അതോ ലോകത്തെ നാശത്തിലേക്കു തള്ളി വിടുമോ? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- വിദേശമാതൃകകളെ അനുകരിക്കാതെ, സ്വന്തം സാങ്കേതികവിദ്യയിലൂടെ മുന്നേറി, ആഗോള തലത്തില്‍ ഒരു എഐ ശക്തികേന്ദ്രമാകുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ചാറ്റ്ജിപിടി വേർഷൻ 4ൽ എത്തിനിൽക്കുമ്പോൾ എന്താണ് പുതിയ മാറ്റം? നിർമിതബുദ്ധിയുടെ ലോകം അമ്പരപ്പിക്കുമോ അതോ നമ്മെ അപകടത്തിലാഴ്ത്തുമോ?