സ്മാര്‍ട് ഫോണും സെല്‍ഫി ക്യാമറയുമൊന്നുമില്ലാതിരുന്ന കാലത്തെ ലോകം ആദരിച്ചിരുന്ന വ്യക്തിത്വങ്ങള്‍ സെല്‍ഫി എടുത്താല്‍ എങ്ങനെയിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാവുകയാണ് മലയാളി ജ്യോ ജോണ്‍ മുല്ലൂരിന്റെ സെല്‍ഫി സീരീസ്. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ കൂടി സഹായത്തില്‍ നിര്‍മിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വന്‍ ഹിറ്റായിരിക്കുകയാണ്. മഹാത്മാഗാന്ധിയും കാള്‍മാക്‌സും ചെഗുവേരയും അംബേദ്കറും നെഹ്‌റുവും സ്റ്റാലിനും എബ്രഹാം ലിങ്കണും ഐന്‍സ്റ്റീനുമെല്ലാം സെല്‍ഫി ചിത്രങ്ങളിലുണ്ട്.
ഗാന്ധിയുടെ നരച്ച ചെറു താടി രോമം മുതല്‍ നിഷ്‌കളങ്കമായ ചിരി വരെയും ഒപ്പം നില്‍ക്കുന്നവരുടെ വസ്ത്രധാരണവും പ്രത്യേകതകളുമെല്ലാം ഭൂതകാലത്തില്‍ നിന്നുള്ള ഈ സെല്‍ഫി ചിത്രങ്ങളില്‍ കാണാം. സൂഷ്മമായ ഈ വിശദാംശങ്ങളാണ് ജ്യോ ജോണിന്റെ സെല്‍ഫി സീരീസിനെ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും മികച്ച സെല്‍ഫി ക്യാമറ ഉപയോഗിച്ച് എടുത്താല്‍ ലഭിക്കുന്നതിന് സമാനമായ ചിത്രങ്ങളാണ് നിര്‍മിച്ചെടുത്തിരിക്കുന്നത്. യഥാര്‍ഥ ചിത്രങ്ങളേക്കാള്‍ ഭാവനക്കും സ്വപ്‌നത്തിനും ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍ നല്‍കാനാണ് ജ്യോ ജോണ്‍ ശ്രമിച്ചിട്ടുള്ളത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് ചിത്രങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്ന മിഡ്‌ജേണി എന്ന എ.ഐ സോഫ്റ്റ്‌വെയറും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജിങ് സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡില്‍ മിഡ് ജേണി ബോട്ട് ഉപയോഗിച്ച് സമാനമായ എ.ഐ ചിത്രങ്ങള്‍ നിര്‍മിക്കാനാവും. അന്യഗ്രഹ ജീവികള്‍ മനുഷ്യര്‍ക്കൊപ്പമുള്ള സെല്‍ഫി സീരീസും വിവിധ ലോകരാജ്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്നവരുടെ സെല്‍ഫി ചിത്രങ്ങളും നേരത്തെ ജ്യോ ചെയ്തിട്ടുണ്ട്.
ദേശീയ രാജ്യാന്തര മാധ്യമങ്ങളടക്കം ഈ സെല്‍ഫി സീരീസ് വാര്‍ത്തയാക്കിയിട്ടുണ്ട്. സെല്‍ഫി സീരീസ് ഹിറ്റായതോടെ ജ്യോ ജോണിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഏറ്റവും മികച്ച സെല്‍ഫി ക്യാമറ ഉപയോഗിച്ച് എടുത്താല്‍ ലഭിക്കുന്നതിന് സമാനമായ ചിത്രങ്ങളാണ് പതിറ്റാണ്ടുകള്‍ക്ക് മുൻപ് ജീവിച്ചിരുന്ന പ്രതിഭകളുടെ സെല്‍ഫികളിലൂടെ ലഭിച്ചിരിക്കുന്നത്. മെര്‍ലിന്‍ മണ്‍റോ, മഹാത്മാഗാന്ധി, എബ്രഹാം ലിങ്കന്‍, ഐന്‍സ്റ്റീന്‍, മദര്‍ തെരേസ, ഷേക്‌സ്പിയര്‍, ചാള്‍സ് ഡിക്കന്‍സ്, ഡാവിഞ്ചി എന്നിവരൊക്കെ വിഡിയോ കോള്‍ ചെയ്താല്‍ കിട്ടുന്ന ചിത്രങ്ങളുടെ സീരീസും മനോഹരമാണ്. ഓരോ ചിത്രങ്ങളുടേയും പശ്ചാത്തലവും ശ്രദ്ധേയമാണ്.
ഡിജിറ്റല്‍ കലാകാരനായ ജ്യോ ജോണ്‍ നിര്‍മിച്ച ചിത്രങ്ങളും സീരീസുകളും നേരത്തെയും ശ്രദ്ധേയമായിട്ടുണ്ട്. യുഎഇയില്‍ മഞ്ഞു പെയ്യുകയും പച്ചപ്പു വരുകയും ചെയ്താല്‍ എന്ന ആശയത്തില്‍ നിന്നുള്ള ലെറ്റ് ഇറ്റ് സ്‌നോ യുഎഇ, ലെറ്റ് ഇറ്റ് ബ്ലൂം യുഎഇ എന്നിവയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ബുര്‍ജ് ഖലീഫയും കാട്ടിലൂടെ പോവുന്ന ദുബൈ മെട്രോയുമെല്ലാം ഇതിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു രാത്രിയില്‍ കണ്ട സ്വപ്‌നത്തിലാണ് ദുബൈയില്‍ മഞ്ഞു പെയ്യുന്ന ദൃശ്യം കണ്ടതെന്നും അത് യാഥാര്‍ഥ്യമാക്കാനുള്ള വഴികള്‍ തേടിയാണ് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന ടൂളുകളിലേക്കെത്തിയതെന്നും ജ്യോ ജോണ്‍ പറഞ്ഞിട്ടുണ്ട്.
2007 മുതല്‍ ദുബൈയില്‍ ജോലിയെടുക്കുന്ന ജ്യോ 2012 മുതലാണ് സ്വന്തം ഇഷ്ടത്തിനുള്ള ഡിജിറ്റല്‍ ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കാന്‍ തുടങ്ങുന്നത്. മനുഷ്യന്റെ തലയുടെ രൂപത്തിലുള്ള ഹെല്‍മെറ്റ് (Human head helmet), പാല്‍തൂ ജാന്‍വര്‍ എന്ന സിനിമയെ ആധാരമാക്കിയുള്ള പക്ഷി മൃഗാദികളുടെ സ്റ്റൈലിഷ് ചിത്രങ്ങളുമെല്ലാം ജ്യോ ജോണ്‍ നിര്‍മിച്ചിട്ടുണ്ട്. വെബ് സീരീസ്, ലെഗോ കഥാപാത്രം, ഫുട്‌ബോള്‍ താരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ലെഗോ സീരീസ്, ഉസൈന്‍ ബോള്‍ട്ട്, സച്ചിന്‍, ഷുമാക്കര്‍, നദാല്‍, സെറീന, ഫെഡറര്‍ തുടങ്ങിയ പ്രസിദ്ധരായവര്‍ കുട്ടികളായിരുന്നപ്പോഴുള്ള രൂപങ്ങളും ജ്യോയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. തെന്നിന്ത്യന്‍, ബോളിവുഡ് താരങ്ങളുടേയും മലയാളത്തിലെ നടിമാരുടെ കുട്ടിരൂപങ്ങളും ജ്യോ നിര്‍മിച്ചിട്ടുണ്ട്.
English Summary: Midjourney Ai assisted with photoshop by jyo john Mulloor