നിലവിലുള്ള എല്ലാ ഐഫോണുകളെയും 'പഴഞ്ചനാക്കാന്‍' കെല്‍പ്പുള്ള ഡിസൈന്‍ പുതുമയുമായാണോ ഈ വര്‍ഷത്തെ ഐഫോണ്‍ 15 പ്രോ മോഡലുകള്‍ ഇറങ്ങുക? ഏകദേശം ആറു മാസം കഴിയുമ്പോള്‍ പുറത്തിറക്കുമെന്നു കരുതുന്ന മോഡലുകളുടെ കംപ്യൂട്ടര്‍-എയ്ഡഡ് ഡിസൈന്‍ (ക്യാഡ്) എന്നു പറഞ്ഞ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ഥമായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട് താരതമ്യേന വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന ട്വിറ്റര്‍ യൂസര്‍ ഷ്രിംപ്ആപ്പിള്‍പ്രോ (ShrimpApplePro), ടിക്‌ടോക് യൂസര്‍ അറ്റ്‌ചെന്‍വെന്‍1987 (@chenwen1987) എന്നിവരാണ് കംപ്യൂട്ടറില്‍ സൃഷ്ടിച്ച പുതിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ നിലവിലുള്ള ഐഫോണുകളെ എല്ലാം 'പഴഞ്ചനാക്കുന്ന' നൂതന ഡിസൈനായിരിക്കും ഈ വര്‍ഷം എത്തുക.
∙ ബട്ടണുകളില്ലാത്ത ഡിസൈൻ ?
ബട്ടണുകള്‍ ഇല്ലാത്ത ഡിസൈൻ രീതിയാണ് ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള ഐഫോണുകള്‍ക്ക് മുന്‍ തലമുറകളുമായി എന്തെങ്കിലുമൊക്കെ സാമ്യം ഉണ്ടാകുമായിരുന്നു. ഐഫോണ്‍ 10 തുടങ്ങിയ മോഡലുകളില്‍ പ്രകടമായ മാറ്റം കൊണ്ടുവരാന്‍ ആപ്പിളിനു കഴിഞ്ഞിരുന്നു എങ്കിലും അവയ്ക്കും മുന്‍ തലമുറകളുമായി എന്തെങ്കിലുമൊക്കെ സാമ്യവും ഉണ്ടാകുമായിരുന്നു. ഉദാഹരണത്തിന് 2007ല്‍ പുറത്തിറക്കിയ ആദ്യ ഐഫോണില്‍ കണ്ടതു പോലെയുള്ള ഫിസിക്കല്‍ മ്യൂട്ട് സ്വിച്ച് തലമുറകളായി കൈമാറി വരികയായിരുന്നു. ഇതടക്കം എല്ലാ ഫിസിക്കല്‍ ബട്ടണുകള്‍ക്കും മാറ്റം വരുന്നതോടെ ഫോണിന്റെ ലുക്ക് ഈ വര്‍ഷം പൂര്‍ണമായും മാറിയേക്കാം.
∙ ഐഫോണ്‍ പ്രേമികളുടെ കീശ കീറുമോ?
ഏറ്റവും പുതിയ മോഡലുകളാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കാന്‍ കൂടിയാണ് പലരും ഐഫോണുകള്‍ക്കായി പണം മുടക്കുന്നത്. ഐഫോണ്‍ പ്രോ മോഡലുകളുടെ കാര്യമെടുത്താല്‍ ഐഫോണ്‍ 11 പ്രോ മുതല്‍ 14 പ്രോ വരെയുള്ള മോഡലുകള്‍ക്ക് വ്യത്യാസങ്ങളെക്കാളേറെ സാമ്യമാണ് ഉള്ളതെന്നു കാണാം. പക്ഷേ, ഐഫോണ്‍ 14 പ്രോയില്‍ നിന്ന് 15 പ്രോയിലേക്കുള്ള തലമുറ മാറ്റം കൊണ്ടുവരുന്നത് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്ന മാറ്റങ്ങളായിരിക്കും. ഇതോടെ, പുതിയ മോഡലാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഐഫോണ്‍ 15 പ്രോയ്ക്കായി പണമെറിയാതെ സാധ്യമല്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞേക്കും. ഈ വര്‍ഷം പ്രോ മോഡലുകളുടെ വില 100 ഡോളര്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയുമാണ് ആപ്പിള്‍ എന്നും വാര്‍ത്തകളുണ്ട്. ഇതു ശരിയാണെങ്കില്‍ ഐഫോണ്‍ 15 പ്രോയുടെ തുടക്ക വേരിയന്റിന് ഇന്ത്യയില്‍ വില 1,40,000 രൂപ ആയിരിക്കും.
∙ മ്യൂട്ട് ഫിസിക്കല്‍ ബട്ടണ് എന്തു സംഭവിക്കും?
ഫോണ്‍ സൈലന്റ് മോഡിലാക്കാന്‍ ഉപയോഗിച്ചിരുന്ന മ്യൂട്ട് ബട്ടണ് പകരംവയ്ക്കുന്ന ബട്ടണ്‍ ചലിപ്പിക്കാനാവില്ല. പക്ഷേ, ഫോണ്‍ സൈലന്റാക്കാനായി അതില്‍ അമര്‍ത്തുമ്പോള്‍ വിരല്‍ത്തുമ്പിലേക്ക് കമ്പനമായോ മറ്റോ പ്രതികരണം എത്തുകയായിരിക്കും ചെയ്യുക. അതുപോലെ വോളിയം ബട്ടണ്‍ നീളത്തിലുള്ള ഒന്നായിരിക്കും. മുകള്‍ ഭാഗത്ത് അമര്‍ത്തുമ്പോള്‍ വോളിയം വര്‍ധിക്കും. താഴെ ഭാഗത്ത് അമര്‍ത്തി വോയിസ് കുറയ്ക്കാം.
∙ ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്ന വ്യത്യാസങ്ങള്‍ ഇവ
1. ബെസല്‍ വീണ്ടും കുറയും
2. ഫിസിക്കല്‍ ബട്ടണുകള്‍ ഉണ്ടാവില്ല
3. ക്യാമറ ഇരിക്കുന്ന ഭാഗം കൂടുതല്‍ പുറത്തേക്കു തള്ളി നില്‍ക്കും
4. ലൈറ്റ്‌നിങ് പോര്‍ട്ടിനു പകരം യുഎസ്ബി-സി
∙ മറ്റു സാധ്യതകള്‍
മ്യൂട്ട് ബട്ടണെ ക്യാമറ ഷട്ടര്‍ റിലീസ് ബട്ടണാക്കി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം ആപ്പിള്‍ നടത്തിയേക്കാമെന്ന് ടെക് റഡാര്‍ അനുമാനിക്കുന്നു. വര്‍ഷാവര്‍ഷം ക്യാമറകള്‍ക്ക് എന്തെങ്കിലും പുതിയ ഫീച്ചര്‍ ചേര്‍ക്കുന്ന പതിവ് ആപ്പിള്‍ ഇത്തവണയും തെറ്റിക്കാന്‍ വഴിയില്ല. കൂടുതല്‍ മികവുറ്റ ക്യാമറകള്‍ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്.
∙ ഇത്തരം ഊഹാപോഹങ്ങളില്‍ കഴമ്പുണ്ടോ?
ചരിത്രപരമായി നോക്കിയാല്‍ ക്യാഡ് ചിത്രങ്ങള്‍ തെറ്റാറില്ലെന്ന് വിവിധ വെബ്‌സൈറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ ഇറക്കുന്നത് പുതിയ മോഡലുകള്‍ക്കായി അക്‌സസറികള്‍ നിര്‍മിക്കുന്നവര്‍ക്ക് അവ പ്രയോജനപ്പെടുത്തി കെയ്‌സുകളും മറ്റും നിർമിക്കാനാണ്. ഇവയില്‍ തെറ്റുവന്നാല്‍ ഇത്തരം തേഡ്പാര്‍ട്ടി നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടം നേരിടും. അതേസമയം, ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കു ലഭിക്കുമെന്നു കരുതുന്ന യുഎസ്ബി-സി പോര്‍ട്ട് യൂറോപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കാമെന്ന് ചില വാദങ്ങളും ഉണ്ട്.
∙ ഇന്ത്യന്‍ വംശജനായ ഇന്റല്‍ ജിപിയു മേധാവി രാജിവച്ചു; എഐ സ്റ്റാര്‍ട്ടപ്പ് തുടങ്ങും
മുൻനിര ചിപ്പ് നിര്‍മാതാവായ ഇന്റലിന്റെ ആക്‌സിലറേറ്റഡ് കംപ്യൂട്ടിങ് സിസ്റ്റംസ് ആന്‍ഡ് ഗ്രാഫിക്‌സ് ഗ്രൂപ്പിന്റെ മേധാവി രാജാ കൊഡൂരി രാജിവച്ചു. ഇൻഡോ - അമേരിക്കൻ വംശനായ രാജ ഒരു ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് തുങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പറയുന്നു. എഎംഡിയില്‍ നിന്ന് അദ്ദേഹം 2017ലാണ് ഇന്റലില്‍ എത്തിയത്. മാര്‍ച്ച് അവസാനം അദ്ദേഹം ഇന്റലിൽ നിന്നിറങ്ങും.
∙ മെറ്റായുടെ പരസ്യവിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് രാജിവച്ചു
മെറ്റാ കമ്പനിയിൽ ദീര്‍ഘകാലമായി പരസ്യവിഭാഗത്തില്‍ ജോലി ചെയ്തുവന്ന സീനിയര്‍ എക്‌സിക്യൂട്ടീവ് ഡാന്‍ ലെവി രാജിവച്ചു. കമ്പനിയുടെ ബിസിനസ് മെസേജിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ലെവി 14 വര്‍ഷമായി ഫെയ്‌സ്ബുക്കില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
∙ എഐ വളര്‍ച്ച ദ്രുതഗതിയില്‍; നിയമ നിര്‍മാണം നടത്താന്‍ ഇയു
എഐ സേര്‍ച്ച് എൻജിന്‍ ചാറ്റ്ജിപിടിയുടെ അരങ്ങേറ്റത്തോടെ എഐ സംവിധാനങ്ങളുടെ ഒരു ചെറു വിസ്‌ഫോടനം തന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഇതിനെ വരുതിയില്‍ നിർത്താന്‍ ഉതകുന്ന നിയമങ്ങള്‍ അതിവേഗം സൃഷ്ടിച്ചില്ലെങ്കില്‍ അത് പ്രശ്‌നത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് യൂറോപ്പിലെ അധികാരികള്‍. ചരിത്രപ്രധാനമായ ചില നിയമങ്ങള്‍ ഉടനടി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇയു എന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയു രാജ്യങ്ങളും ഇയു നിയമനിര്‍മാതാക്കളും ചേര്‍ന്ന് കരടു നിയമങ്ങള്‍ എത്രയും വേഗം പുറത്തിറക്കാനാണ് ഒരുങ്ങുന്നത്.
∙ ഫ്‌ളിപ്കാര്‍ട്ടില്‍ എസി എക്‌സ്‌ചേഞ്ച് ഓഫര്‍
എസികള്‍ അടക്കമുള്ള പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിക്കുമ്പോള്‍ അത് പ്രകൃതിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. മണ്ണ്, വെള്ളം, വായു എന്നിവ മലിനീകരിക്കപ്പെടുന്നു. പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു ശേഖരിക്കാനുള്ള പല ശ്രമങ്ങളും ഇന്ത്യയില്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് പുതിയ എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ചു. പഴയ എസികള്‍ കമ്പനിക്കു നല്‍കി പുതിയവ വാങ്ങാമെന്നാണ് അവര്‍ പറയുന്നത്. ഈ സേവനം ചില പിന്‍കോഡുകളില്‍ മാത്രമായിരിക്കും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നു വാങ്ങാന്‍ ഉദ്ദേശിക്കുന്ന എസി തിരഞ്ഞെടുക്കുക. തുടര്‍ന്ന് അതേ പേജില്‍ 'എക്‌സ്‌ചേഞ്ച് യുവര്‍ ഓള്‍ഡ് എസി ഇന്‍ 30 സെക്കന്‍ഡ്‌സ്' എന്ന് എഴുതിവച്ചിരിക്കുന്നത് കണ്ടുപിടിക്കുക. അവിടെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകുക. പഴയ എസിക്ക് 4,000-5,700 രൂപ വരെയായിരിക്കും ലഭിക്കുക.
English Summary: iPhone 15 series: No physical button design, thinnest bezels and everything else leaked so far
