ADVERTISEMENT

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സഹായം തേടുന്നത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നുള്ള സ്‌റ്റോപ് ഇറ്റ് നൗ എന്ന ഹെല്‍പ് ലൈന്‍ സംവിധാനമാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2022ല്‍ ലണ്ടനില്‍ നിന്നു കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങളെ പ്രതിരോധിക്കാനായി സഹായം തേടി 77,821 കോളുകളാണ് വന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 114 ശതമാനത്തിന്റെ വര്‍ധനവാണ് കോളുകളില്‍ സംഭവിച്ചിരിക്കുന്നതെന്നും 'സ്‌റ്റോപ് ഇറ്റ് നൗ' അറിയിക്കുന്നു. 

 

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വലിയ തോതില്‍ ഓണ്‍ലൈനില്‍ അശ്ലീലച്ചിത്രങ്ങള്‍ കാണുന്നതിനെയാണ്. ഓണ്‍ലൈനിലൂടെ ലൈംഗികാതിക്രമം നേരിടേണ്ടി വരുന്ന കുട്ടികള്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ സ്‌റ്റോപ് ഇറ്റ് നൗവിന്റെ ഫോണ്‍ ഹെല്‍പ്‌ലൈന്‍ സേവനത്തെ ഉപയോഗിക്കാം. 2022ല്‍ ബ്രിട്ടനില്‍ ആകെ വന്ന കോളുകളുടെ എണ്ണം നോക്കിയാല്‍ അതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം കൂടുതലാണ്. 

 

അശ്ലീലച്ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്നത് ശീലമാക്കിയവര്‍ക്കും സ്‌റ്റോപ് ഇറ്റ് നൗ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ ദുശീലം കൂടുതല്‍ സമയം അശ്ലീലച്ചിത്രങ്ങള്‍ കാണുന്നതിലേക്കും കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങളിലേക്കും വഴിവെച്ചേക്കുമെന്നതാണ് മുന്നറിയിപ്പിന്റെ അടിസ്ഥാനം. കോവിഡിന്റെ സമയത് വലിയ തോതില്‍ ഒറ്റപ്പെടലും ഏകാന്തതയും മാനസിക സമ്മര്‍ദവും അനുഭവിച്ചതിനെ തുടര്‍ന്ന് പലരും ഓണ്‍ലൈനില്‍ ദീര്‍ഘസമയം ചെലവഴിച്ചിരുന്നു. ഇത് പലപ്പോഴും അശ്ലീലച്ചിത്രങ്ങള്‍ കാണുന്നതിലേക്കാണ് ഇവരില്‍ ഒരു വിഭാഗത്തെ എത്തിച്ചത്. 

 

ഇന്ന് ഓണ്‍ലൈനില്‍ അശ്ലീലച്ചിത്രങ്ങള്‍ കാണുന്നത് ഒരു 20 വര്‍ഷം മുൻപ് ചിന്തിക്കാന്‍ പോലും കഴിയാത്തത്രയും വിപുലമാണെന്നാണ് സ്റ്റോപ് ഇറ്റ് നൗ ഡയറക്ടര്‍ ഡൊണാള്‍ഡ് ഫിന്‍ഡ്‌ലാറ്റര്‍ പറയുന്നത്. അതേസമയം, ഈ ദുശ്ശീലം നിങ്ങളെ അറസ്റ്റിലേക്കും ജയിലിലേക്കും നയിച്ചേക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. ബ്രിട്ടനില്‍ കുട്ടികള്‍ക്കു നേരെയുള്ള ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ 2018ല്‍ ദേശീയ ക്രൈം ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 80,000 ആണെന്നാണ് കണക്കുകൂട്ടുന്നതെങ്കില്‍ 2021ല്‍ അത് 5.50 ലക്ഷത്തിനും 8.50 ലക്ഷത്തിനും ഇടയിലാണ്.

 

English Summary: Calls double in London from potential online child sex abusers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com