ബാർഡ് എന്ന എഐ ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കാൻ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി പകർത്തിയെന്ന റിപ്പോർട്ടുകൾ ഗൂഗിൾ നിഷേധിച്ചു. ആൽഫബെറ്റിലെ രണ്ട് എഐ ഗവേഷണ സംഘങ്ങൾ വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുകയും ഇവരാണ് ബാർഡിന് പരിശീലനം നൽകാൻ സഹായിച്ചതെന്നുമാണ് ദി ഇൻഫർമേഷനിലെ റിപ്പോർട്ടിൽ പറയുന്നത്.
ഗൂഗിളിന്റെ ബ്രെയിൻ എഐ ഗ്രൂപ്പിലെ സോഫ്റ്റ്‌വെയർ എൻജിനീയർമാരും ഡീപ്മൈൻഡിലെ വിദഗ്ധരും ചേർന്ന് പ്രവർത്തിച്ചാണ് ബാർഡ് വികസിപ്പിച്ചെടുത്തത്. ഷെയർജിപിടി, ചാറ്റ്ജിപിടി എന്നിവയിൽ നിന്നുള്ള ഒരു ഡേറ്റയും ബാർഡിന് പരിശീലനം നൽകാൻ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിൾ വക്താവ് അറിയിച്ചു.
അതേസമയം, ബാർഡ് വൈകാതെ തന്നെ പൊതു ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. ബാർഡിലേക്കുള്ള ആദ്യഘട്ട ആക്‌സസ് യുഎസിലും യുകെയിലും ആരംഭിച്ചിട്ടുണ്ട്, കാലക്രമേണ കൂടുതൽ രാജ്യങ്ങളിലേക്കും ഭാഷകളിലേക്കും പ്രവേശനം വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റ്‌ബോട്ട് എന്നിവ പോലെ ബാർഡും വലിയ ഒരു ഭാഷാ മോഡലിനെ (LLM) അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ചും ലാംഡയുടെ യുടെ ഭാരം കുറഞ്ഞതും ഒപ്റ്റിമൈസ് ചെയ്തതുമായ പതിപ്പാണിത്. ഭാവിയിൽ പുതിയതും കൂടുതൽ ശേഷിയുള്ളതുമായ എഐ മോഡലുകൾ ഉപയോഗിച്ച് ബാർഡ് അപ്‌ഡേറ്റ് ചെയ്യുമെന്നും ഗൂഗിൾ പറഞ്ഞു.
English Summary: Google denies it copied ChatGPT to train its own AI chatbot Bard