ADVERTISEMENT

നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടി ലോകത്തെ ഞെട്ടിച്ചിരുന്നല്ലോ. എന്നാല്‍ അതിന് 'ബുദ്ധി'യൊന്നും ഇല്ലെന്ന് വാദിക്കുകയാണ് എഐ വിദഗ്ധനായ പാസ്‌കല്‍ കൗഫ്മാന്‍ (Pascal Kaufmann) എന്ന് സെഡ്ഡിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചാറ്റ്ജിപിടി, ഡാല്‍-ഇ, മിഡ്ജേണി തുടങ്ങിയ ജനറേറ്റിവ് എഐ സംവിധാനങ്ങള്‍ നിരവധി മേഖലകളെ വിപ്ലവകരമായി പൊളിച്ചെഴുതാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ലേഖനം. ഇത്തരം എഐ സംവിധാനങ്ങള്‍ക്ക് രചനയുടെ കാര്യത്തിലും ചിത്രങ്ങളുടെ കാര്യത്തിലും അപാരമായ മികവ് പുറത്തെടുക്കാനുള്ള കാര്യപ്രാപ്തിയുണ്ടെങ്കിലും അവയുടെ ശേഷിക്ക് ആവശ്യത്തിലധികം മതിപ്പ് നല്‍കാനുള്ള ശ്രമം വേണ്ടന്നാണ് ഗവേഷകന്‍ പറയുന്നത്.

ഇപ്പോഴത്തെ എഐ സംവിധാനങ്ങള്‍ക്ക് സ്വന്തം ബുദ്ധിയില്ല; അനുകരണം മാത്രം

ശരിയായ 'ബുദ്ധി'യെ, പുതിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി' എന്നൊരു ഏകദേശ നിര്‍വചനം നല്‍കാമെന്നാണ് സ്റ്റാര്‍മൈന്‍ഡ്.എഐ എന്ന വെബ്സൈറ്റിന്റെ സ്ഥാപകന്‍ കൂടിയായ പാസ്‌കല്‍ പറയുന്നത്. ചാറ്റ്ജിപിടിയെ പോലെയുള്ള എഐ സംവിധാനങ്ങള്‍ക്ക് സ്വാഭാവിക ഭാഷാ രീതികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷി കണ്ട് നാം അമ്പരന്നേക്കാം. എന്നാല്‍, ഇവ ബുദ്ധിയെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ അവയ്ക്ക് സ്വന്തം ബുദ്ധിയൊന്നും ഇല്ലെന്നാണ് പാസ്‌കല്‍ പറഞ്ഞുവയ്ക്കുന്നത്. നിലവിലുള്ള എഐ മോഡലുകളെല്ലാം നേരത്തേ ഡേറ്റ നല്‍കി പരിശീലിപ്പിച്ചെടുത്തതാണ്. ആ ഡേറ്റയ്ക്കു പുറത്തുള്ള ഒന്നിനോടും പ്രതികരിക്കാനുള്ള ശേഷി ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കവിതയൊക്കെ എഴുതും, പക്ഷേ...

എഐ കവിതയെഴുതിയും കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടെ കോഡ് എഴുതിയുമൊക്കെ നമ്മെ അമ്പരപ്പിക്കും. കാരണം അവയ്ക്ക് അത്തരത്തിലുള്ള കണ്ടെന്റ് നല്‍കി പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. എന്നാല്‍, അവയ്ക്ക് അമൂര്‍ത്തമായ ജോലികള്‍ ചെയ്യാന്‍ സാധ്യമല്ല. ഉദാഹരണത്തിന് തമാശ മനസ്സിലാക്കാനോ, സഹാനുഭൂതിയോടെ പ്രതികരിക്കാനോ സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. അവയെ അദ്ഭുതപ്പെടുത്തുന്ന നൂതനത്വം (amazing innovation) എന്ന നിലയില്‍ എഐ എന്നു വിശേഷിപ്പിക്കാം. പക്ഷേ, ശാസ്ത്രീയമായ വീക്ഷണകോണിലൂടെ നോക്കിക്കണ്ടാല്‍ ബുദ്ധിയുടെ നിര്‍വചനം 'മുന്‍പ് നേരിടേണ്ടിവന്നിട്ടില്ലാത്ത സാഹചര്യങ്ങളില്‍ നടത്തുന്ന പ്രതികരണം' എന്നായിരിക്കണമെന്ന് അദ്ദേഹം പറയുന്നു. പുതിയ കാര്യങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കന്‍ ലാര്‍ജ് ലാംഗ്വെജ് മോഡലുകളായ ചാറ്റ്ജിപിടിക്കും മറ്റും സാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു. ഇതിനാല്‍ തന്നെ അവയുടെ ബുദ്ധി 'പൂജ്യ'മാണെന്നും അദ്ദേഹം പറയുന്നു.

പരിമിതികള്‍ ഉണ്ടെങ്കിലും സംഗതി ജോറു തന്നെ

ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റിവ് എഐ സംവിധാനങ്ങളുടെ ഗുണത്തെ കാണാതിരിക്കാനും പാസ്‌കല്‍ ശ്രമിക്കുന്നില്ല. അതിന്റെ ശേഷി വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു. ചില കാര്യങ്ങളില്‍ മനുഷ്യരെക്കാള്‍ മികച്ച രീതിയില്‍ പ്രതികരിക്കാന്‍ അതിനു സാധിക്കും. കാരണം അതിന് അറിവു പകരുന്ന ഡേറ്റ ഒരു മനുഷ്യനും മനസ്സില്‍ കൊണ്ടു നടക്കാനാകുന്നതല്ല. സിനിമ നിര്‍മാണം, ഇലസ്ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴത്തെ എഐ പ്രയോജനപ്പെടും. അതുപോലെ, ജിപിടി-4 ലേക്കുള്ള മാറ്റത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതൊരു പുതിയ ചുവടുവയ്പ്പാണെന്നും പാസ്‌കല്‍ പറയുന്നു. ഇതൊരു വിപ്ലവം തന്നെയാണ്. മനുഷ്യരുടേതിനു സമാനമായ ബുദ്ധി സൃഷ്ടിക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടാന്‍ ഇതിനാകുമെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്ഫ്ളിക്സ് തന്ത്രം മാറ്റുന്നു

കഴിഞ്ഞ രണ്ടു വര്‍ഷത്തിലും വിഖ്യാത സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സ് ആഴ്ചയില്‍ ഒരു സിനിമയെങ്കിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍, 2023 മുതല്‍ റിലീസു ചെയ്യുന്ന സിനിമകളുടെയും മറ്റും എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. അതോടൊപ്പം ഗുണനിലവാരമുള്ള സീരിയലുകളും സിനിമകള്‍ക്കും ഊന്നല്‍ നല്‍കാനും നെറ്റ്ഫ്ളിക്സ് ശ്രമിക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ട്വിറ്ററിന്റെ ബ്ലൂ ടിക് വേരിഫിക്കേഷന് പണമടയ്ക്കാന്‍ തയാറല്ലെന്ന് വൈറ്റ് ഹൗസ്

 

പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി. യഥാര്‍ഥമെന്ന് അറിയിക്കാനായി വിവിധ സ്ഥാപനങ്ങള്‍ക്കും അവയുടെ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്ന ഗോള്‍ഡ്/ബ്ലൂ ടിക് പണമടച്ചാല്‍ മാത്രമായിരിക്കും നല്‍കുക എന്ന നിലപാടാണ് മസ്‌ക് സ്വീകരിച്ചത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കാന്‍ ബ്ലൂ ടിക്കിന് പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വൈറ്റ് ഹൗസ് ഡയറക്ടര്‍ റോബ് ഫോള്‍ഹാര്‍ട്ടി അറിയിച്ചിരിക്കുന്നത്. പല സ്ഥാപനങ്ങളും ഇതുവരെ ഫ്രീയായി ഉപയോഗിച്ചു വന്ന ട്വിറ്ററിന്റെ ബ്ലൂ ടിക് മസ്‌ക് എടുത്തു കളഞ്ഞ സന്ദര്‍ഭത്തിലാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ചില സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഫ്രീയായി ബ്ലൂ ടിക് നല്‍കാമെന്ന്

വൈറ്റ് ഹൗസ് അടക്കം പല സ്ഥാപനങ്ങളും ബ്ലൂ ടിക്കിനു വേണ്ടി പണം അടയ്ക്കാന്‍ തയാറല്ലെന്നു പറഞ്ഞ് രംഗത്തെത്തിയതോടെ പുതിയ തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റര്‍. സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും പ്രതിമാസം 1000 ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടിക് എടുത്തുകളയുമെന്ന തീരുമാനത്തിലാണ് അയവു വരുത്തിയിരിക്കുന്നത്. ചില സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡ് ടിക് തന്നെ ഫ്രീയായി നല്‍കാനാണ് ട്വിറ്റര്‍ ഉദ്ദേശിക്കുന്നതെന്നു പറയുന്നു.

ഗോള്‍ഡ് ടിക്കിന് പ്രതിമാസം 82,300 രൂപ!

ട്വിറ്ററിന് ഏറ്റവുമധികം പരസ്യം നല്‍കുന്ന 500 കമ്പനികള്‍ക്ക് മാസവരിയില്‍ ഇളവു നല്‍കും. കൂടാതെ, ട്വിറ്റര്‍ ഉപയോഗിക്കുന്നവരില്‍ ഏറ്റവമധികം ഫോളോവേഴ്‌സുള്ള 10,000 സ്ഥാപനങ്ങള്‍ക്കും ഇളവു നല്‍കും. സ്ഥാപനങ്ങളുടെ ഗോള്‍ഡ് ടിക്കിനാണ് പ്രതിമാസം 82,300 രൂപ വേണമെന്ന് ട്വിറ്റര്‍ പറയുന്നത്. ട്വിറ്റര്‍ ബ്ലൂ സാധാരണ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 8 ഡോളറാണ് വരിസംഖ്യ. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓരോ അക്കൗണ്ടിനും 50 ഡോളര്‍ വേണമെന്നാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതൊന്നും കൊടുക്കില്ലെന്ന് വൈറ്റ് ഹൗസില്‍ നിന്നടക്കം പ്രതികരണങ്ങള്‍ വന്നിരുന്നു.

ടെക്നോളജി മേഖലയില്‍ ഇന്ത്യ ഈ വര്‍ഷം 9.6 ശതമാനം അധികം പണം ചെലവിടും

ടെക്നോളജി മേഖലയില്‍ ഇന്ത്യ ചെലവിടാന്‍ പോകുന്ന പണം ഈ വര്‍ഷം 9.6 ശതമാനം വര്‍ധിക്കുമെന്ന് ഫോറസ്റ്റേഴ്സ് റിപ്പോര്‍ട്ട്. 5ജി മുതല്‍ വിവിധ ടെക്നോളജികള്‍ക്കായിരിക്കും രാജ്യം പണം ചെലവിടുക.

ഗെയിമിങ് ഇയര്‍ബഡ്സുമായി മിവി-വില 1499 രൂപ

കമാന്‍ഡോ എക്സ്9 എന്ന പേരില്‍ പുതിയ ഗെയിമിങ് ഇയര്‍ബഡ്സ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണ കമ്പനിയായ മിവി. ഇതാണ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഗെയിമിങ് ഇയര്‍ഫോണ്‍ എന്നും കമ്പനി അവകാശപ്പെടുന്നു. ഇയര്‍ബഡ്സ് ഫ്ളിപ്കാര്‍ട്ടിലും മിവിയുടെ വെബ്സൈറ്റിലും വാങ്ങാന്‍ ലഭിക്കും. വില 1499 രൂപ. ഇതിനെ വിവിധ നിറങ്ങളുടെ അകമ്പടിയോടെ ഗെയിമിങ് മോഡില്‍ പ്രവര്‍ത്തിപ്പിക്കാനാകും. കമാന്‍ഡോ എക്സ്9ല്‍ 13എംഎം ഡ്രൈവറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 20 ഹെട്സ് മുതല്‍ 20 കിലോ ഹെട്സ് വരെയുള്ള ഫ്രീക്വന്‍സികളില്‍ മികച്ച ശബ്ദം നല്‍കുമെന്ന് കമ്പനി പറയുന്നു. ഫുള്‍ ചാര്‍ജില്‍ 72 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെന്നും കമ്പനി പറയുന്നു. ബ്ലൂടൂത് 5.3 ആണ് ഇതിന് നല്‍കിയിരിക്കുന്നത്.

English Summary: ChatGPT's intelligence is zero, but it's a revolution in usefulness, says AI expert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com