ADVERTISEMENT

കനേഡിയന്‍ നടൻ സെയ്ന്റ് വോണ്‍ കൊളുചി (Saint Von Colucci) മരണപ്പെട്ടത് ബിടിഎസ് ഗായകൻ ജിമിനെ (Jimin) അനുകരിക്കാനായി 12 പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയതിനാലാണ് എന്ന വാര്‍ത്തയ്ക്ക് ആഗോളതലത്തിൽ വൻ പ്രചാരം ലഭിച്ചത് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ്. യുഎസ്, കാനഡ, ഇന്ത്യ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പല മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും ചെയ്തു. എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുന്ന സമൂഹ മാധ്യമങ്ങളിലൂടെ മരണവാര്‍ത്ത കത്തിപ്പടര്‍ന്നു. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ ദുഃഖവും രോഷവും രേഖപ്പെടുത്തി. പക്ഷേ, ഇപ്പോള്‍ അല്‍ ജസീറയുടെയും വെറൈറ്റി.കോമിന്റെയും റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സെയ്ന്റ് വോണ്‍ കൊളുചി എന്നൊരു വിദ്വാന്‍ ജീവിച്ചിരുന്നില്ല. ജനറേറ്റീവ് എഐയുടെ ശേഷി പ്രയോജനപ്പെടുത്തി സൃഷ്ടിച്ച ഇല്ലാക്കഥയാണിതെന്നാണ് അല്‍ ജസീറ സ്ഥാപിക്കുന്നത്.

 

∙ ഈ കൊളുചി ആരാണെന്നാണ് മരണ വാര്‍ത്തയിൽ പറയുന്നത്?

 

2019ല്‍ കാനഡയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് കുടിയേറിയ 22 കാരനായ നടനാണ് കൊളുചി. കൊറിയന്‍ പോപ് സംഗീത മേഖലയിലേക്ക് എത്താനാണ് അദ്ദേഹം കാനഡ വിട്ടതെന്ന് കൊളുചിയുടെ പബ്ലിസിസ്റ്റായ എറിക് ബ്ലെയ്ക് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയന്‍ പാട്ടുകാരനും നര്‍ത്തകനുമായ ജിമിന്റെ രൂപഭാവങ്ങള്‍ ആവാഹിക്കാനായി തന്റെ ശരീരത്തില്‍ 220,000 ഡോളറോളം മുടക്കി 12 സൗന്ദര്യവല്‍ക്കരണ ശസ്ത്രക്രിയകള്‍ നടത്തിയതിനെ തുടര്‍ന്നാണ് പാവം കൊളൂചിക്ക് ഇഹലോകവാസം വെടിയേണ്ടിവന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. മുഖത്തിനാകെ മാറ്റം വരുത്തി, മൂക്കും ശരിയാക്കി. ചുണ്ടിന്റെ വലുപ്പം കുറച്ചു. കണ്ണുകള്‍ക്കും മാറ്റം വരുത്തി. ഈ ശസ്ത്രക്രിയകള്‍ സമ്മാനിച്ച സങ്കീര്‍ണ്ണതകള്‍ താങ്ങാനാകാതെ കൊളൂചി എപ്രില്‍ 23ന് ഒരു ദക്ഷിണ കൊറിയന്‍ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു. ഒരു പാശ്ചാത്യ വംശജന് കൊറിയയില്‍ നേരിടേണ്ടി വന്ന വിവേചനത്തെ തുടര്‍ന്നാണ് കൊളൂചിക്ക് ശസ്ത്രക്രിയകള്‍ എന്ന കടുംകൈ ചെയ്യേണ്ടിവന്നത്.

 

∙ ഇരുണ്ട സ്വര്‍ണ മുടിക്കാരന്‍

 

കൊളുചിക്ക് ഇരുണ്ട സ്വര്‍ണ മുടിയും നീല കണ്ണുകളുമായിരുന്നു ഉണ്ടായിരുന്നതെന്ന് ബ്ലെയ്കിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നും ഉണ്ട്. ആറടി പൊക്കക്കാരനായ കൊളൂചിക്ക് ചില അസ്ഥിരതകള്‍ ഉണ്ടായിരുന്നു എന്നും പറയുന്നു. അടുത്ത ഷൂട്ടിങ് തുടങ്ങാനിരുന്ന ഒരു സീരിയലില്‍ കൊളുചിക്ക് റോള്‍ ലഭിച്ചിരുന്നു. പക്ഷേ, അല്‍ ജസീറയുടേതടക്കമുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊളുചിയും ബ്ലെയ്കും ജീവിച്ചിരുന്നവരല്ല എന്നാണ്.

 

∙ ഇക്കാര്യം അല്‍ ജസീറ കണ്ടെത്തിയതെങ്ങനെ?

 

കൊളുചി നാടകത്തിനു തുടക്കമിടുന്നത് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പു മുതലാണ്. ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള പല പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു ലഭിച്ചു. വികലമായ ഇംഗ്ലിഷ് ഭാഷയില്‍ എഴുതിയതായിരുന്നു വാർത്താക്കുറിപ്പ്. ഹൈപ് പബ്ലിക് റിലേഷന്‍സ് എന്ന ഏജന്‍സിയുടെ വിലാസത്തിലായിരുന്നു ഇമെയില്‍. മെയിലില്‍ നല്‍കിയിരുന്നു പല ലിങ്കുകളും ലോഡ് ആകുന്നു പോലുമില്ലെന്ന് അല്‍ ജസീറ കണ്ടെത്തി. കൊളുചിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കുള്ള ലിങ്കും പ്രവര്‍ത്തിക്കുന്നില്ല. കൊളൂചി മരിച്ചു എന്നു പറഞ്ഞ ആശുപത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ആശുപത്രിയും ഇല്ലെന്നും മനസ്സിലായി. കൊളുചിയുടേതായി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇക്കാലത്തെ എഐ സൃഷ്ടിച്ചത് പോലെയായിരുന്നു. 

 

∙ ഹൈപ്പിന് വെബ്‌സൈറ്റ് ഉണ്ട്

 

അതേസമയം, വാര്‍ത്ത പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്ന ഹൈപ്പിന്റെ നമ്പറില്‍ അല്‍ ജസീറ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി ഒരു സന്ദേശമയച്ചു. അതിന് അവര്‍ക്കൊരു വിചിത്രമായ മറുപടിയും ലഭിച്ചു - ‘എന്തു കുന്തമാണ് നിങ്ങള്‍ക്കു വേണ്ടത്’ (W*f do u want.) എന്നായിരുന്നു അത്. പല കൊറിയന്‍ ഗായകര്‍ക്കും വേണ്ടി പാട്ടെഴുതിയ ആള്‍ എന്ന പറയപ്പെടുന്ന കൊളുചിക്ക് കാര്യമായ ഓണ്‍ലൈന്‍ സാന്നിധ്യം പോലുമില്ല. പ്രിയ നടന്റെ മരണത്തില്‍ അനുശോചിക്കാന്‍ ആരും മുന്നോട്ടുവന്നിട്ടുമില്ല. കൊളുചി ചിത്രങ്ങള്‍ക്കെല്ലാം ഒരു സവിശേഷതയുമുണ്ട് - വൈകല്യമുള്ള കൈകള്‍. ഇത് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ എഐ ഇടപെട്ടതിന്റെ തെളിവാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

 

∙ കൊളുചിയുടെ മരണത്തില്‍ കേസില്ല

AI

 

കനേഡിയന്‍ നടന്റെ മരണത്തില്‍ തങ്ങളുടെ രാജ്യത്ത് ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കൊറിയന്‍ പൊലീസും സ്ഥിരീകരിച്ചു. കൊളുചി എന്ന ഇല്ലാത്ത വ്യക്തിയെ ചുറ്റിപ്പറ്റി മെനഞ്ഞ കഥയാണ് ലോകത്തു പ്രചരിച്ചതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചു. എഐ ഉപയോഗിച്ച് ഇന്നുവരെ നടത്തിയിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരിക്കാം ഇതെന്നാണ് സൂചന. 

 

∙ അസ്വസ്ഥതപ്പെടുത്തുന്ന സൂചനകള്‍

 

ഇനിയുള്ള കാലത്ത് മാധ്യമരംഗത്തെക്കുറിച്ചുള്ള അസ്വസ്ഥതപ്പെടുത്തുന്ന മുന്നറിയിപ്പായിരിക്കാം ഇതെന്നാണ് ഓക്‌സ്‌ഫഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫീലിക്‌സ് എം. സൈമണ്‍ പറയുന്നത്. എഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന തെറ്റായതും വ്യാജവുമായ വിവരങ്ങള്‍ ആശങ്കയുണ്ടാക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം അല്‍ ജസീറയോട് പ്രതികരിച്ചു. മാധ്യമ സ്ഥാപനങ്ങള്‍ എങ്ങനെ പറ്റിക്കപ്പെടാമെന്നുള്ളതിന്റെ സൂചനയാണ് ഇതെന്ന് വെറൈറ്റി.കോം പ്രതികരിച്ചു.

 

∙ അതിവേഗം എഐയില്‍ ശ്രദ്ധിക്കാന്‍ മീഡിയടെക് 

 

പ്രമുഖ തയ്‌വനീസ് ചിപ്പ് നിര്‍മാതാവായ മീഡിയടെക് തങ്ങളുടെ ശ്രദ്ധ എഐ കംപ്യൂട്ടിങ്ങിലേക്കു തിരിക്കാന്‍ തീരുമാനിച്ചു. കാറുകള്‍ക്കുള്ള പ്രോസസറുകളുടെ നിര്‍മാണത്തിലും കമ്പനി ഇനി കൂടുതലായി ശ്രദ്ധിക്കും. ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റിവ് എഐ തങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കാനാകുമെന്ന് കമ്പനി അവകാശപ്പെട്ടു.

 

∙ ഇറ്റലി ചാറ്റ്ജിപിടി നിരോധനം പിന്‍വലിച്ചു

 

എഐ സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടിക്കു മേല്‍ ഇറ്റലി ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക നിരോധനം പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്. ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ വക്താവിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ചാറ്റിജിപിടിയെ പോലെയുള്ള സേര്‍ച്ച് സംവിധാനങ്ങള്‍ ഉപയോക്താക്കളുടെ ഡേറ്റ എങ്ങനെയാണ് ശേഖരിക്കുന്നത് എന്നതിനെപ്പറ്റിയുള്ള സംശയം മൂലമാണ് ഇറ്റലി നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഏപ്രില്‍ 28 മുതല്‍ ഇറ്റലിയില്‍ ചാറ്റ്ജിപിടി വീണ്ടും ലഭ്യമായെന്ന് വക്താവ് പറയുന്നു.

 

∙ ‘ഗ്രാമര്‍ലി’ യിലേക്കും ചാറ്റ്ജിപിടിക്കു സമാനമായ എഴുത്ത് അസിസ്റ്റന്റ്

 

എഴുത്തുകാരെ സഹായിക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന സഹായിയായ ഗ്രാമര്‍ലി ഇനി ഒരു ജനറേറ്റിവ് എഐ എഴുത്ത് അസിസ്റ്റന്റിനെയും ഉള്‍ക്കൊള്ളിക്കും.

 

∙ ചൈനീസ് വിപണിയിൽ ആപ്പിളും ഒപ്പോയും ഏറ്റുമുട്ടുന്നു

 

ചൈനയില്‍ ഇപ്പോള്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനി ഒപ്പോയാണ് എന്നും അല്ല ആപ്പിള്‍ ആണെന്നും വാദം. മൊത്തം വില്‍പനയുടെ 19.6 ശതമാനമാണ് ഒപ്പോ വില്‍ക്കുന്നത്. എന്നാല്‍ തൊട്ടുപിന്നില്‍ അവരുടെ അമേരിക്കന്‍ എതിരാളി ആപ്പിളും ഉണ്ടെന്ന് കൗണ്ടര്‍പോയിന്റ് വിശകലന കമ്പനി പറയുന്നു. അതേസമയം, മറ്റൊരു വിശകലന കമ്പനിയായ കനാലിസിന്റെ കണക്കുകള്‍ പ്രകാരം നേരിയ ലീഡ് ആപ്പിളിനാണ്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരം ഐഫോണ്‍ 14, 14 പ്രോ സീരീസുകളുടെ വില്‍പന തുടങ്ങിയതോടെ ആപ്പിള്‍ അല്‍പം മുന്നിലെത്തി എന്നു കനാലിസിസ് പറയുന്നു.

 

English Summary: Reports said actor died after surgery to look Korean. Was he AI?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com