നിർമിത ബുദ്ധി (എഐ) മനുഷ്യര്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തേക്കാം. ചരിത്രത്തില്‍ മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ധാരാളിത്തത്തിന്റെ കാലഘട്ടത്തേക്ക് അത് നയിക്കുക പോലും ചെയ്യാം. എന്നാലും അതിന് ഭീകര നാശനഷ്ടമുണ്ടാക്കാനുള്ള പ്രഹരശേഷിയുമുണ്ടെന്നു മുന്നറിയിപ്പു നൽകുകയാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. സിഎന്‍ബിസിയുടെ ഡേവിഡ് ഫെയ്ബറുമായി നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് തന്റെ അഭിപ്രായം പറഞ്ഞത്. ആഗോള തലത്തില്‍ എഐ ഗവേഷണം ഉടനടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നല്‍കിയ ആയിരത്തിലേറെ പ്രമുഖരുടെ പട്ടികയിലും മസ്‌കുണ്ട്.
∙ ഓപ്പണ്‍എഐക്കു വിമര്‍ശനം
ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയെയും മസ്ക് വിമര്‍ശിച്ചിരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ താനടക്കമുള്ളവര്‍ തുടങ്ങിയ കമ്പനയായ ഓപ്പണ്‍എഐ മൈക്രോസോഫ്റ്റിന്റെ നിയന്ത്രണത്തിലായത് എങ്ങനെ എന്നാണ് മസ്‌ക് ചോദിച്ചത്. ഏകദേശം അഞ്ചു കോടി ഡോളറാണ് മസ്‌ക് ഓപ്പണ്‍എഐക്കു വേണ്ടി നിക്ഷേപിച്ചത്. താനാണ് ഓപ്പണ്‍എഐ സ്ഥാപിക്കാനുള്ള കാരണക്കാരന്‍ എന്നും മസ്‌ക് ഡേവിഡിനോട് പറഞ്ഞു. ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍ അമേരിക്കന്‍ സെനറ്റ് കമ്മിറ്റിക്കു മുൻപില്‍ എഐയെക്കുറിച്ചുള്ള ഭീതി പങ്കുവച്ചത് ഡേവിഡ് ചൂണ്ടിക്കാണിച്ചപ്പോഴാണ് എഐ ഒരു ഇരുതലവാളായി മാറാമെന്ന് മസ്‌ക് മുന്നറിയിപ്പു നല്‍കിയത്.
∙ എഐ മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യുമോ?
എഐ മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യുമോ എന്ന ഡേവിഡിന്റെ ചോദ്യത്തിനാണ്, അതിന് മനുഷ്യരാശിക്ക് കനത്ത പ്രഹരമേല്‍പിക്കാനുള്ള ശേഷിയുണ്ടെന്ന് മസ്‌ക് മറുപടി പറഞ്ഞത്. എഐയുടെ വികസിപ്പിക്കല്‍ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ടവരില്‍ താനുണ്ടെങ്കിലും അതില്‍ ഒരു അര്‍ഥവുമില്ലെന്നും മസ്‌ക് പറഞ്ഞു. കാരണം ചില കമ്പനികളും രാജ്യങ്ങളും എഐ വികസിപ്പിക്കുന്നതു നിർത്തിയാല്‍ മറ്റു കമ്പനികളും രാജ്യങ്ങളും അതുമായി മുന്നോട്ടുപോകുകയും മേല്‍ക്കോയ്മ നേടുകയും ചെയ്യും. അതേസയം, തന്റെ കമ്പനിയായ ടെസ്‌ലയും എഐ വികസിപ്പിക്കുന്നുണ്ടെന്ന് മസ്‌ക് പറഞ്ഞു. ടെസ്‌ലയ്ക്കും ചാറ്റ്ജിപിടി പോലൊരു സംവിധാനം ഉണ്ടാകും. അത് അടുത്ത വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
∙ എഐ ഭീഷണിയെന്ന് 61 ശതമാനം അമേരിക്കക്കാരും
എഐയുടെ അതിവേഗ വളര്‍ച്ച മനുഷ്യരാശിയുടെ ഭാവി അപകടത്തിലാക്കാമെന്നു പറഞ്ഞത് 61 ശതമാനത്തോളം അമേരിക്കക്കാരാണ്. റോയിട്ടേഴ്‌സും ഇപ്‌സോസും (Ipsos) ചേര്‍ന്നു നടത്തിയ സര്‍വേയിലാണിത്. മനുഷ്യ സംസ്‌കാരത്തിൽ ആശാസ്യമല്ലാത്ത സ്വാധീനമുണ്ടാക്കാന്‍ എഐക്കു സാധിക്കുമെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും കരുതുന്നത്. ‘ഭൂതം കുപ്പിക്കു പുറത്തായി, അതിനെ തിരിച്ച് കുപ്പിയിലിറക്കാന്‍ മാര്‍ഗമില്ല. ആഗോള തലത്തില്‍ എഐ വിസ്‌ഫോടനമാണ് നടക്കുന്നത്’ എന്നാണ് അമേരിക്കന്‍ സെനറ്റര്‍ കോറി ബുക്കര്‍ പ്രതികരിച്ചത്. എഐയെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചു പഠിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സെനറ്റ് പാനല്‍ അംഗവുമാണ് കോറി. എഐയുടെ കാര്യത്തില്‍ അമേരിക്കക്കാരുടെ ആശങ്ക ന്യായമാണെന്നും സ്റ്റാന്‍ഫഡിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍ സെബാസ്റ്റ്യന്‍ തേണ്‍ പ്രതികരിച്ചു.
∙ മസ്‌ക് പിരിച്ചുവിട്ട ചിലരെ ട്വിറ്റര്‍ തിരിച്ചെടുത്തേക്കാം
2022 ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. പിന്നെ കൂട്ടപ്പിരിച്ചുവിടലിന്റെ നാളുകളായിരുന്നു. കമ്പനിയുടെ അന്നത്തെ മേധാവി പരാഗ് അഗ്രവാളിനെ അടക്കം പുറത്താക്കി മസ്‌ക് തന്നെ മേധാവിയാകുകയായിരുന്നു. ഇപ്പോള്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയാന്‍ പോകുന്ന മസ്‌ക്, താന്‍ പടിയിറങ്ങുന്നതിനു മുൻപായി നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചെറിയ സൂചനയും നൽകി. കഴിഞ്ഞ മാസങ്ങളില്‍ പുറത്താക്കിയ ചിലരെ ട്വിറ്റര്‍ തിരിച്ചുവിളിച്ചേക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. തങ്ങളോടു ദേഷ്യമില്ലാത്ത മുന്‍ ജോലിക്കാരെ തിരിച്ചുകൊണ്ടുവരുന്ന കാര്യമാണ് പരിഗണിക്കുന്നത് എന്നാണ് മസ്‌ക് പറഞ്ഞത്.
∙ പിരിച്ചുവിട്ടത് വെറിപിടിച്ച അവസ്ഥയില്‍
ചില നിമിഷങ്ങളിൽ വെറിപിടിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. പിരിച്ചുവിട്ട പലരെയും പിരിച്ചുവിടരുതായിരുന്നു. അത് മനസ്സിലാക്കാനുള്ള സമയം അപ്പോള്‍ ഉണ്ടായിരുന്നില്ല. വ്യാപകമായി പിരിച്ചുവിടല്‍ നടത്തേണ്ടിയിരുന്നു. പിരിച്ചുവിട്ടവരൊക്കെ മോശം ജോലിക്കാരാണെന്നല്ല അതില്‍ നിന്നു മനസ്സിലാക്കേണ്ടതെന്നും മസ്‌ക് പറഞ്ഞു. ട്വിറ്ററിന്റെ പുതിയ മേധാവിയായി ലിന്‍ഡാ യകാരിനോ ചുതലയേല്‍ക്കും.
∙ നിര്‍ജ്ജീവ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍
രണ്ടു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, യൂട്യൂബ്, ഗൂഗിള്‍ ഫോട്ടോസ് തുടങ്ങിയവയിലൊക്കെയുള്ള കണ്ടെന്റ് നഷ്ടപ്പെട്ടേക്കാം. അതേസമയം, ഇത് വ്യക്തികളുടെ അക്കൗണ്ടുകളുടെ കാര്യത്തില്‍ മാത്രമായിരിക്കും ബാധകമാകുക. സ്‌കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ടായിരിക്കും.

∙ അമേരിക്കന്‍ വീട്ടുപകരണ കമ്പനി ഇന്ത്യയിലേക്ക്
അമേരിക്കയിലെ പ്രീമിയം വീട്ടുപകരണ നിര്‍മാണ കമ്പനിയായ ബ്ലാക് പ്ലസ് ഡെകര്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാകും. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്കല്‍ ടെക്‌നോളജീസുമായി ചേര്‍ന്നായിരിക്കും ഉല്‍പന്നങ്ങള്‍ ഇറക്കുക. ഇതിന്റെ ഭാഗമായി വാഷിങ് മെഷീനുകളും എയര്‍ കണ്ടിഷനറുകളുമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഉന്നത നിലവാരമുള്ള ഉല്‍പന്നങ്ങളായിരിക്കും ബ്ലാക് പ്ലസ് ഡെകര്‍ വില്‍ക്കുക. കമ്പനിയുടെ ഉപകരണങ്ങള്‍ ജൂണ്‍ 3 മുതല്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വഴി വിറ്റു തുടങ്ങും.
∙ മോട്ടറിന് 10 വര്‍ഷത്തെ വാറന്റി
വാഷിങ് മെഷീന്‍ ശ്രേണിയുടെ വില തുടങ്ങുന്നത് 24,999 രൂപ മുതലാണെങ്കില്‍ എസി ശ്രേണിയുടെ തുടക്ക മോഡലിന് 36,999 രൂപയായിരിക്കും വില. ഇവയുടെ മോട്ടറുകള്‍ക്കും കംപ്രസറുകള്‍ക്കും 10 വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നു. അതേസമയം, ഉപകരണങ്ങള്‍ക്ക് 2 വര്‍ഷമായിരിക്കും സമ്പൂര്‍ണ വാറന്റി. പ്രധാന ബോര്‍ഡിന് 5 വര്‍ഷമായിരിക്കും വാറന്റി.
∙ വോഡഫോണ്‍-ഐഡിയ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ജൂണ്‍ മുതല്‍ 5ജി ലഭിച്ചേക്കും!
റിലയന്‍സ് ജിയോയ്ക്കും എയര്‍ടെലിനും പുറമെ വോഡഫോണ്‍-ഐഡിയയും (വി) താമസിയാതെ 5ജി സേവനം നല്‍കി തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള പണം ബാങ്കുകളുമായി ചേര്‍ന്ന് കമ്പനി സ്വരൂപിക്കുമെന്നാണ് സൂചന. ഇതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് എന്നും ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 5ജി പ്രക്ഷേപണം ജൂണില്‍ തന്നെ തുടങ്ങാനായേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല വിയിലേക്ക് തിരിച്ചെത്തുന്നത് ശുഭസൂചനയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
English Summary: Elon Musk on the future of work: 'How do we find meaning in life if A.I. can do your job better?'