ഓപ്പണ്‍എഐ കമ്പനിയുടെ ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ വേര്‍ഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയായ ജിപിടി-4 ഇപ്പോള്‍ത്തന്നെ ചിന്താശേഷി പ്രകടിപ്പിച്ചു തുടങ്ങിയെന്ന മൈക്രോസോഫ്റ്റിന്റെ അവകാശവാദം ശരിയോ? നിർമിത ബുദ്ധിക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സ്വന്തമായി ചിന്തിക്കാനുളള ശേഷി ലഭിക്കുക എന്നത് മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിലൊന്നാണ്. തങ്ങളുടെ ബിങ് സേര്‍ച്ചിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിപിടി-4നോട് ഒരു പുസ്തകവും ഒൻപത് മുട്ടകളും ഒരു ലാപ്‌ടോപ്പും ഒരു കുപ്പിയും ഒരു സൂചിയും ഉചിതമായ രീതിയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും മുട്ടകള്‍ പൊട്ടാത്ത രീതിയില്‍ എഐ അടുക്കിവച്ചെന്നും കമ്പനി അവകാശപ്പെടുന്നു.
∙ എഐയുടെ സുരക്ഷയെക്കുറിച്ചുള്ള പേടി വര്‍ധിപ്പിക്കുമെന്ന്
പുസ്തകം ഏറ്റവും താഴെ വയ്ക്കുകയും സൂചി ഏറ്റവും മുകളില്‍ വരികയും ചെയ്യുന്ന രീതിയിലാണ് എഐ സാധനങ്ങള്‍ അടുക്കിവച്ചതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇവയ്ക്കിടയില്‍ മുട്ട പൊട്ടാത്ത രീതിയിൽ വച്ചുവെന്നും എന്തുകൊണ്ടാണ് ഇതെന്നത് മനുഷ്യര്‍ക്ക് മനസ്സിലാകുന്ന കാര്യമാണെന്നും കമ്പനിയുടെ ഗവേഷകര്‍ പറയുന്നു. പുതിയ അവകാശവാദം എഐയുടെ സുരക്ഷയെക്കുറിച്ചുള്ള പേടി വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ, 2045 എത്തുമ്പോഴേക്ക് എഐയുടെ മേല്‍ മനുഷ്യനുള്ള നിയന്ത്രണം നഷ്ടപ്പെട്ടേക്കുമെന്ന പ്രവചനം ശരിയാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും വര്‍ധിക്കും. മൈക്രോസോഫ്റ്റ് നിയോഗിച്ച ഗവേഷകരുടെ ടീമിനെ നയിച്ച പീറ്റര്‍ ലീ ആണ് തങ്ങളുടെ കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസുമായി പങ്കുവച്ചത്. ഗവേഷകര്‍ പുറത്തിറക്കിയ 155 പേജുള്ള റിപ്പോര്‍ട്ടിന്റെ 11-ാം പേജിലാണ് വസ്തുക്കള്‍ അടുക്കിവയ്ക്കുന്നതു സംബന്ധിച്ച വിവരണമുള്ളത്. സന്തുലിതമായ രീതിയില്‍ ഈ വസ്തുക്കള്‍ എങ്ങനെ അടുക്കിവയ്ക്കാമെന്ന ചോദ്യത്തിനാണ് എഐ മനുഷ്യോചിതമായ ഉത്തരം നല്‍കിയത്.
∙ ജിപിടി-4 ഗവേഷകരെ ഞെട്ടിച്ചത് ഇങ്ങനെ
പുസ്തകം മേശയോ തറയോ പോലെ ഒരു നിരപ്പായ പ്രതലത്തില്‍ വയ്ക്കുക. ഇത് നല്ല അടിത്തറയായി പ്രവര്‍ത്തിക്കും. ഒൻപത് മുട്ടകള്‍ അതിനു മുകളില്‍ മൂന്നെണ്ണം വീതം ഒരു നിരയില്‍ വരുന്ന രീതിയില്‍ ചതുരാകൃതിയില്‍ വയ്ക്കുക. തമ്മില്‍ കുറച്ച് ഇട വിട്ടേക്കുക. മുട്ടകള്‍ക്ക് ഭാരം തുല്യമായി വീതിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍, ഇതു കഴിഞ്ഞ് എഐ പറഞ്ഞ വാചകമാണ് ഗവേഷകരില്‍ ഞെട്ടലുണ്ടാക്കിയതത്രെ.
മുട്ടകള്‍ ഉടയുന്നില്ലെന്ന് ഉറപ്പാക്കുക. അവ താഴെയിടാതെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക. ഗവേഷകര്‍ പറയുന്നത് ഇത് അയഥാര്‍ഥ (വെര്‍ച്വല്‍) ലോകത്തുള്ള ഒന്നിന്റെ ചിന്തയല്ല, മറിച്ച് യഥാര്‍ഥ ലോകത്ത് ജീവിക്കുന്ന ഒരാള്‍ക്കുമാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നാണ്.
∙ സൂചി ഏറ്റവും മുകളില്‍
ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ താഴെയും കീബോഡ് മുകളിലുമായും വയ്ക്കാനും എഐ ആവശ്യപ്പെട്ടു. ലാപ്‌ടോപ് അടച്ച്, ഓഫാക്കി വയ്ക്കണമെന്നും എഐ പറഞ്ഞു. ഇതിന്റെ ഒരു കീയോ ബട്ടണോ അമര്‍ത്തരുത്. കുപ്പി ലാപ്‌ടോപ്പിന്റെ മുകളില്‍ അടപ്പ് മുകളിലായി വരത്തക്ക രീതിയില്‍ വയ്ക്കുക. കുപ്പിയുടെ അടിഭാഗം ലോപ്‌ടോപ്പിനുമേല്‍ അമര്‍ന്നിരിക്കണം. ഇങ്ങനെ ഈ വസ്തുക്കള്‍ വയ്ക്കുമ്പോള്‍ അതിന് ബാലന്‍സ് കൈവരിക്കാനാകും. കുപ്പി അടച്ചതാണെന്നും ശൂന്യമാണെന്നും ഉറപ്പുവരുത്തുക. അതു കുലുക്കുകയോ ചെരിക്കുകയോ ചെയ്യരുത്. കുപ്പിയുടെ അടപ്പിനു മുകളില്‍ സൂചി വയ്ക്കുക. സൂചിയുടെ മൂര്‍ച്ചയുള്ള വശം അത് ഉരുണ്ടു ചാടിപ്പോകില്ലെന്ന് ഉറപ്പാക്കുന്നു. സൂചി വൃത്തിയുള്ളതും വളയാത്തതുമാണെന്ന് ഉറപ്പാക്കുക.
∙ ജിപിടി-4 അവതരിപ്പിച്ചത് മാര്‍ച്ചില്‍
2022 നവംബറില്‍ അവതരിപ്പിച്ച ചാറ്റ്ജിപിടി ലോകമെമ്പാടും തരംഗം തീര്‍ത്ത ശേഷം കൂടുതല്‍ നൂതനമായ എഐ ടെക്‌നോളജിയായ ജിപിടി-4 ലഭ്യമാക്കിയത് ഈ വര്‍ഷം മാര്‍ച്ചിലാണ്. ജിപിടി-4ന് എഴുത്തിലൂടെയും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാനുള്ള ശേഷിയുണ്ട്. എന്നാലും ഉത്തരങ്ങള്‍ എഴുത്തിലൂടെയാണ് നല്‍കുന്നത്. പല മാനങ്ങളുള്ളതാണ് ഇതിന്റെ പുരോഗതി എന്നും യഥാര്‍ഥ ജീവിത സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ അതിന് മനുഷ്യരുടെ ശേഷി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പല ജോലികളിലും അക്കാദമിക്തലത്തിലും മനുഷ്യര്‍ക്കൊപ്പമുള്ള ശേഷി പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍.
∙ ഓപ്പണ്‍എഐക്ക് 10 കോടി ഡോളർ നല്‍കിയെന്ന മസ്‌കിന്റെ വാദം തെറ്റോ?
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എഐക്കായി 10 കോടി ഡോളര്‍ ധനസഹായം നൽകിയെന്ന് അവകാശപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് കോടിക്കണക്കിന് ഡോളര്‍ ഓപ്പണ്‍എഐയില്‍ നിക്ഷേപിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ എതിർത്തായിരുന്നു മസ്കിന്റെ ട്വീറ്റ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മസ്‌ക് അത്തരം ഒരു നിക്ഷേപം നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഇന്റേണല്‍ റെവന്യൂ സര്‍വീസിന്റെയും രാജ്യത്തെ റെഗുലേറ്ററുടെയും കയ്യിലുള്ള രേഖകള്‍ പ്രകാരം മസ്‌ക് 1.5 കോടി ഡോളര്‍ മാത്രമായിരിക്കും നിക്ഷേപിച്ചിരിക്കുന്നതെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ മസ്‌കിന്റേതായി 1.5 കോടി ഡോളര്‍
ഓപ്പണ്‍എഐക്കു ലഭിച്ചിരിക്കുന്ന ധനനിക്ഷേപത്തിന്റെ കണക്കുകള്‍ വ്യക്തമല്ലെങ്കിലും മസ്‌കിന്റേതായി 1.5 കോടി ഡോളര്‍ മാത്രമാണ് കണ്ടെത്താനായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. താന്‍ ഇല്ലായിരുന്നെങ്കില്‍ ഓപ്പണ്‍എഐ ഉണ്ടാവില്ലായിരുന്നു എന്ന രീതിയിലുള്ള പ്രതികരണങ്ങളും മസ്‌ക് നടത്തിയിട്ടുണ്ട്. അതേസമയം, ഓപ്പണ്‍എഐ ചുരുങ്ങിയകാലം കൊണ്ട് 3000 കോടി മൂല്യമുള്ള കമ്പനിയായി വളര്‍ന്നതില്‍ ഒരു ബിസിനസുകാരനെന്ന നിലയില്‍ മസ്‌കിനുണ്ടായ അസൂയയായിരിക്കാം ഇത്തരമൊരു അവകാശവാദം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നവരും ഉണ്ട്. എന്തായാലും സത്യം അധികം താമസിയാതെ പുറത്തുവരുമെന്നു കരുതാം.
∙ ചെന്നൈ മെട്രോയ്ക്ക് വാട്‌സാപ് ചാറ്റ്‌ബോട്ട്
വാട്‌സാപ് ചാറ്റ്‌ബോട്ട് കേന്ദ്രീകൃതമായ ക്യൂആര്‍ ടിക്കറ്റിങ് രീതി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നെ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. ആളുകളുടെ ദൈനംദിന യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. യാത്രക്കാര്‍ ഇനി ക്യൂവില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട കാര്യമില്ല. വാട്‌സാപ് വഴി പണമടച്ച് ടിക്കറ്റ് ബുക്കു ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം.
∙ എയര്‍ടെല്‍ 5ജി പ്ലസ് സേവനത്തിന് തമിഴ്‌നാട്ടില്‍ 20 ലക്ഷത്തിലേറെ ഉപയോക്താക്കള്‍
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാവായ എയര്‍ടെല്ലിന്റെ 5ജി പ്ലസ് സേവനത്തിന് തമിഴ്‌നാട്ടില്‍ മാത്രം 20 ലക്ഷത്തിലേറെ ഉപയോക്താക്കളായെന്ന് കമ്പനി പറയുന്നു. സംസ്ഥാനത്തെ 500ലേറെ നഗരങ്ങളില്‍ സേവനം എത്തിയെന്നും എയര്‍ടെല്‍ അറിയിക്കുന്നു.

∙ ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ജൂണില്‍ തന്നെ അവതരിപ്പിച്ചേക്കും
ആപ്പിള്‍ കമ്പനിയുടെ അടുത്ത വലിയ പ്രോഡക്ടായിരിക്കുമെന്നു കരുതപ്പെടുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ജൂണില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ നിർമാണ ജോലികൾ ജൂണില്‍ തീര്‍ന്നേക്കില്ലെന്നും അവതരണം സെപ്റ്റംബറില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നും നേരത്തേ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും പുതിയ അവകാശവാദങ്ങള്‍ പറയുന്നത് ഹെഡ്‌സെറ്റും പുതിയ മാക്ബുക്കുകളും കമ്പനി ജൂണ്‍ 5ന് അവതരിപ്പിക്കുമെന്നാണ്.
English Summary: Microsoft says its AI is already 'showing signs of human reasoning'