ADVERTISEMENT

നാളിതുവരെ ലോകം കണ്ട ചികിത്സാരീതികള്‍ക്ക് അപ്പുറത്തേക്ക് കടന്നിരിക്കുകയാണ് വൈദ്യശാസ്ത്ര മേഖല. ഏകദേശം 12 വര്‍ഷം മുൻപ് ഒരു സൈക്കിള്‍ അപകടത്തില്‍ കാലുകള്‍ പൂര്‍ണ്ണമായും കൈകള്‍ ഭാഗികമായും തളര്‍ന്ന് കിടക്കുകയായിരുന്ന ഗെര്‍ട്-ജാന്‍ ഒസ്‌കം (Gert-Jan Oskam) എന്ന വ്യക്തിക്കാണ് തന്റെ ശരീരത്തിനുമേല്‍ ശാസ്ത്രജ്ഞര്‍ നിയന്ത്രണം തിരിച്ചു നല്‍കിയതെന്ന് ദി സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ മഹത്തായ നേട്ടങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തലുണ്ട്. കഴുത്തിന്റെ സമീപത്തായി നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഒസ്‌കമിനെ കിടപ്പു രോഗിയാക്കിയത്.

 

∙ തലച്ചോര്‍-നട്ടെല്ല് ബന്ധിപ്പിക്കല്‍

 

സ്വിറ്റ്‌സര്‍ലൻഡിലെ ശാസ്ത്രജ്ഞരാണ് ശരീരത്തില്‍ ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് പിടിപ്പിച്ച് പരീക്ഷണം നടത്തിയത്. ഇതോടെ ഒസ്കമിന് എഴുനേറ്റ് നടക്കാനും സാധിച്ചു. ഡിജിറ്റലായി അദ്ദേഹത്തിന്റെ തലച്ചോറും പരുക്കേറ്റ ഭാഗത്തിനു താഴെയുള്ള ഞരമ്പുകളുമായി ആശയക്കൈമാറ്റം സാധ്യമാക്കുക എന്ന മഹാദ്ഭുതമാണ് നടത്തിയിരിക്കുന്നത്. ഇത് തന്റെ തലവരമാറ്റി എന്ന് ഒസ്‌കാം പറയുന്നു. 'കഴിഞ്ഞയാഴ്ച അല്‍പം പെയിന്റിങ് നടത്തേണ്ടിയിരുന്നു. തന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതിനാല്‍ എഴുന്നേറ്റു നിന്ന് താന്‍ തന്നെ അത് ചെയ്തു' എന്ന് അദ്ദേഹം പറഞ്ഞു.

 

∙ ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ്

 

ഒസ്‌കമിന്റെ ശരീരത്തിൽ പിടിപ്പിച്ച ഉപകരണത്തിന്റെ പേര് ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് എന്നാണ്. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്ക് അടക്കം പല കമ്പനികളും ഇത്തരം ഉപകരണങ്ങള്‍ നിർമിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യ ഇത്ര വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ന്യൂറോസയന്റിസ്റ്റായ ജി കോര്‍ട്ടിന്‍ (Grégoire Courtine) നടത്തിയ കണ്ടെത്തലുകളുടെ തുടര്‍ച്ചയായാണ് പുതിയ ഉപകരണം പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്.

 

∙ 2018ല്‍ തുടങ്ങിയ പരീക്ഷണം

 

ബ്രെയിന്‍-സ്‌പൈന്‍ ഇന്റര്‍ഫെയ്‌സ് ഉപകരണവും കഠിനമായ പരിശീലനവുമുണ്ടെങ്കില്‍ നട്ടെല്ലിന് ക്ഷതമേറ്റ ആളുകളെ എഴുന്നേല്‍പ്പിച്ചു നടത്താമെന്ന് 2018ല്‍ തന്നെ തെളിയിച്ചിരുന്നതാണ്. ആ കാലം മുതല്‍ ഈ പരീക്ഷണത്തിനു തയാറായി എത്തിയവരില്‍ ഒരാളാണ് ഒസ്‌കാം. എന്നാല്‍, മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുരോഗതി മന്ദീഭവിച്ചിരുന്നു. ഇതിനാല്‍ പുതുക്കിയ സിസ്റ്റം പരീക്ഷിച്ചപ്പോഴാണ് ഇപ്പോഴത്തെ നേട്ടം കൈവരിക്കാനായത്.

 

∙ സാങ്കേതികമായി നടന്നത്

 

പുതിയ സിസ്റ്റത്തിനു പ്രവര്‍ത്തിക്കാനും ഒരു സ്‌പൈനല്‍ ഇംപ്ലാന്റ് ആവശ്യമാണ്. ഇത് ഒസ്‌കമിന്റെ ശരീരത്തില്‍ 2018 മുതല്‍ ഉണ്ടായിരുന്നു. അതും തലച്ചോറില്‍ വച്ച ഡിസ്‌കിന്റെ ആകൃതിയിലുള്ള ഉപകരണവും തമ്മിലാണ് ഇപ്പോള്‍ ആശയക്കൈമാറ്റം സാധ്യമായിരിക്കുന്നത്. രണ്ട് 64 ഇലക്ട്രോഡ് ഗ്രിഡുകളാണ് അദ്ദേഹത്തിന്റെ തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ചര്‍മ്മപാളിയോട് ചേര്‍ത്തു വച്ചിരിക്കുന്നത്. ഒസ്‌കാം എഴുന്നേറ്റു നടക്കണമെന്ന് ചിന്തിക്കുമ്പോള്‍ തലച്ചോറിലുള്ള ഇംപ്ലാന്റുകള്‍, തലച്ചോറിന്റെ പുറംപാളിയായ കോര്‍ട്ടക്‌സില്‍ നടക്കുന്ന ഇലക്ട്രിക്കല്‍ പ്രവര്‍ത്തനം തിരിച്ചറിയുന്നു. ഈ സിഗ്നല്‍ വയര്‍ലെസായി ഒസ്‌കാം ധരിക്കുന്ന ബാക്പാക്കിലുള്ള കംപ്യൂട്ടര്‍ വ്യാഖ്യാനിച്ചെടുക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിവരം ഒസ്‌കമിന്റെ നട്ടെല്ലിലുള്ള സ്‌പൈനല്‍ പള്‍സ് ജനറേറ്ററിലേക്കു പകരുന്നു.

 

∙ പുതിയ യന്ത്രസംവിധാനം കൊണ്ടുവന്ന മാറ്റങ്ങള്‍

 

ഇതിനു മുൻപ് ഒസ്‌കം ധരിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കൃത്രിമമായിരുന്നു എന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ഇപ്പോള്‍ ഒസ്‌കമിന് തനിയെ കൂടുതല്‍ നിയന്ത്രണമുള്ള രീതിയിലാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര ഉത്തേജനം വേണമെന്നത് ഒസ്‌കമിന് തന്നെ തിട്ടപ്പെടുത്താം. എന്നു പറഞ്ഞാല്‍ അദ്ദേഹത്തിനു നടക്കുകയോ, നില്‍ക്കുകയോ, സ്‌റ്റെയര്‍കേസ് കയറുകയോ ഒക്കെ ചെയ്യാം. 'നേരത്തേ സ്റ്റിമ്യുലേഷന്‍ എന്നെ നിയന്ത്രിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ സ്റ്റിമ്യുലേഷനെ ചിന്ത ഉപയോഗിച്ച് നിയന്ത്രിക്കുന്നു' എന്നും ഒസ്‌കം പ്രതികരിച്ചു. ഞാന്‍ ഒരടി നടക്കണമെന്നു ചിന്തിക്കുമ്പോള്‍ സ്റ്റിമ്യുലേഷന്‍ ഉണരുന്നു – അദ്ദേഹം തന്റെ അനുഭവം വിവരിക്കുന്നു. അതേസമയം, ഉപകരണങ്ങള്‍ മാത്രമല്ല 40 ലേറെ തവണ നടത്തിയ പുനരധിവാസ പരിശീലന ഘട്ടങ്ങളും ഒസ്‌കാറിന് ഗുണം ചെയ്തുവെന്നും ഗവേഷകര്‍ കരുതുന്നു. കാലും കാല്‍പാദവും ബോധപൂര്‍വം ചലിപ്പിക്കാന്‍ ഇപ്പോള്‍ ഒസ്‌കമിനു സാധിക്കുന്നു. ഇത് സ്‌പൈനല്‍ സ്റ്റിമ്യുലേഷന്‍ ഒന്നുകൊണ്ടു മാത്രം നടക്കുന്ന കാര്യമല്ല. ഒസ്‌കര്‍ കടന്നുപോയ പരിശീലന പരിപാടിയുടെ കൂടി കരുത്തിലാണ് നാഡീകോശങ്ങളുടെ തിരിച്ചുവരവിന് വഴിതെളിച്ചതെന്നും കരുതുന്നു.

 

∙ ഒസ്‌കമിന്റെ ഇച്ഛാശക്തിയും ഒരു ഘടകമോ?

 

ഒരുനിലയ്ക്കും സഹായിക്കാനാവില്ല എന്നായിരുന്നു തന്നെ ചികിത്സിച്ചവര്‍ പറഞ്ഞിരുന്നതെന്ന് ഒസ്‌കം എഎഫ്പിയോടു പറഞ്ഞു. കൈകള്‍ ചലിപ്പിക്കാനാകുന്നു എന്നതില്‍ ആശ്വാസം കണ്ടെത്താനായിരുന്നു അവർ പറഞ്ഞത്. പക്ഷേ, ഇനി ഒരിക്കലും തനിക്ക് നടക്കാനാവില്ലെന്ന് വിശ്വസിച്ചിരുന്നില്ലെന്നും ഒസ്‌കം പറയുന്നു.

 

∙ ചരിത്രം കുറിച്ച് ശാസ്ത്രം

 

ഒസ്‌കമിന് സാധാരണ മനുഷ്യരെപ്പോലെ ഒരിക്കലും നടക്കാന്‍ സാധിച്ചേക്കില്ല. പക്ഷേ, ഒസ്‌കമിന്റെ ജീവിതത്തിനു അര്‍ഥവത്തായ മാറ്റം വരുത്താന്‍ ശാസ്ത്രത്തിനു സാധിച്ചിരിക്കുന്നു. അതുവഴി മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി അറ്റുപോയ കേന്ദ്ര നാഡീവ്യൂഹത്തിന്റെ രണ്ടു മേഖലകള്‍ തമ്മില്‍ വീണ്ടും ബന്ധിപ്പിക്കാനായി. നട്ടെല്ലിനേറ്റ ക്ഷതം മൂലം ഈ രണ്ടു മേഖലകളും വേറിട്ടു കിടക്കുകയായിരുന്നു. 

 

∙ ഡിജിറ്റല്‍ പാലം പണിത് ശാസ്ത്രം

 

പരീക്ഷണത്തിൽ പങ്കെടുത്തയാള്‍ക്ക് ബ്രെയ്ന്‍-സ്‌പൈന്‍ ഇന്റര്‍ഫെയസ് ഉപയോഗിച്ച് സ്വാഭാവിക ചലനങ്ങള്‍ നടത്താന്‍ സാധിച്ചെന്നാണ് പറയുന്നത്. വ്യക്തിക്ക് എഴുന്നേറ്റു നില്‍ക്കാനും നടക്കാനും ഗോവണി കയറാനും നിരപ്പല്ലാത്ത പ്രതലത്തിലൂടെ നടക്കാൻ  പോലും സാധിക്കുന്നു. ബ്രെയ്ന്‍-സ്‌പൈന്‍ ഇന്റര്‍ഫെയസ് വഴി നല്‍കാന്‍ കഴിഞ്ഞ ന്യൂറോറീഹാബിലിറ്റേഷന്‍ നാഡീവ്യൂഹത്തിന് കരുത്തായി. ബ്രെയ്ന്‍-സ്‌പൈന്‍ ഇന്റര്‍ഫെയസ് സ്വിച് ഓഫ് ചെയ്തപ്പോഴും ഒസ്‌കമിന് ഊന്നുവടികളുടെ സഹായത്തോടെ നടക്കാന്‍ സധിച്ചു. തളര്‍ന്നു കിടക്കുന്ന ഒരാള്‍ക്ക് സ്വാഭാവിക ചലനങ്ങള്‍ നടത്താന്‍ ഈ ഡിജിറ്റല്‍ പാലം വഴി സാധിച്ചുവെന്ന് നേച്ചർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

 

∙ എല്ലാവര്‍ക്കും ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും

 

പുതിയ നേട്ടം ആഗോള തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ആകെ ഉന്മേഷം പകരുമെന്നാണ് കരുതുന്നത്. അതേസമയം, ഈ ഉപകരണം ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ് ഉള്ളത്. ഒസ്‌കമിനെ പോലെ കൂടുതല്‍ പേര്‍ക്ക് ഗുണം കിട്ടുന്നതു കാണാനായിരിക്കും ഇനിയുള്ള ശ്രമം. ഇനിയും പലവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമായിരിക്കും ലോകമെമ്പാടുമുള്ള, തളര്‍ന്നു കിടക്കുന്നവര്‍ക്ക് നല്‍കുകയുള്ളു.

 

English Summary: Walking naturally after spinal cord injury using a brain–spine interface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com