അമേരിക്കയിലെ സൈബര്‍ സുരക്ഷാ വിദഗ്ധർക്കിടയില്‍ അപകടമണി മുഴക്കിയിരിക്കുകയാണ് ചൈനീസ് ഹാക്കര്‍ ഗ്രൂപ്പായ വോള്‍ട്ട് ടൈഫൂണ്‍. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കി പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് ഈ ഗ്രൂപ്പ് നടത്തുന്നത് എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്റെ ഗവേഷകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ സംജാതമായേക്കാവുന്ന രാജ്യാന്തര പ്രതിസന്ധികളില്‍ അമേരിക്കയിലെയും ഏഷ്യാ മേഖലയിലെയും നിര്‍ണായകമായ വാര്‍ത്താവിനിമയ സംവിധാനത്തെ അടക്കം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വോള്‍ട്ട് ടൈഫൂണ്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
∙ ആദ്യ ലക്ഷ്യം തയ്‌വാന്‍ പ്രശ്‌നത്തില്‍ അമേരിക്കയെ തകര്‍ക്കലോ?
ചൈനയ്ക്ക് തയ്‌വാനെ വരുതിയിലാക്കാനുള്ള താത്പര്യം രഹസ്യമല്ല. എന്നാല്‍, അത്തരമൊരു നീക്കം അമേരിക്കയും സഖ്യകക്ഷികളും വെറുതെ നോക്കിയിരുന്നു കാണുകയൊന്നുമായിരിക്കില്ല ചെയ്യുക, കളത്തിലിറങ്ങുക തന്നെ ചെയ്‌തേക്കുമെന്ന് ചൈനയ്ക്കുമറിയാം. തയ്‌വാന്‍ കൈയ്യടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കക്കെതിരെ ചൈന ചാരവൃത്തി നടത്തുന്നതിന് വോള്‍ട്ട് ടൈഫൂണിനെ ഉപയോഗിക്കുകയാണെന്ന് കരുതുന്നവരുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്താന്‍ ഇരുഭാഗത്തുനിന്നും കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും എല്ലാ വിദഗ്ധര്‍ക്കും അറിയാം.
∙ വോള്‍ട്ട് ടൈഫൂണ്‍ ചെയ്യുന്നതെന്ത്?
അമേരിക്കന്‍ സർക്കാരിനെക്കുറിച്ചും സേനയെക്കുറിച്ചുമുള്ള വിവരങ്ങള്‍ മോഷ്ടിക്കുകയാണ് വോള്‍ട്ട് ടൈഫൂണ്‍ ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ഡെല്‍ ടെക്‌നോളജിസിന്റെ മാര്‍ക് ബേണഡ് പറയുന്നത്. അതേസമയം, വോള്‍ട്ട് ടൈഫൂണ്‍ ഉടനടി ഒരു ആക്രമണത്തിനു തയാറെടുക്കുകയാണോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു. എന്തായാലും ചാരവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ് ഈ ഹാക്കര്‍ ഗ്രൂപ്പ് എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ല. അപകടകരമായ ഒരു നീക്കമാണ് ഇവര്‍ നടത്തുന്നതെന്ന് സിസ്‌കോ സിസ്റ്റവും പറയുന്നു. എന്നാല്‍, തങ്ങള്‍ കൃത്യമായി എന്താണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ മൈക്രോസോഫ്റ്റും സിസ്‌കോയും ഡെല്ലും തയാറായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അട്ടിമറി ലക്ഷ്യമാണ് ഹാക്കര്‍ ഗ്രൂപ്പിനുള്ളതെന്ന് എല്ലാ വിദഗ്ധരും പറയുന്നു.
∙ ലിവിങ് ഓഫ് ദി ലാന്‍ഡ് ആക്രമണം
റൂട്ടറുകള്‍ വഴി കയറി നടത്തുന്ന ചാരവൃത്തിക്കു ശേഷം, അങ്ങനെ ചെയ്തു എന്നതിന്റെ എല്ലാ തെളിവുകളും മായ്ച്ചുകളയാനും വോള്‍ട്ട് ടൈഫൂണ്‍ മറക്കാറില്ല. ഹാക്കു ചെയ്ത നെറ്റ്‌വര്‍ക്കുകളിലൂടെ ഇന്റര്‍നെറ്റ് ട്രാഫിക് വഴിതിരിച്ചുവിട്ടാണ് ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതെന്നും പറയുന്നു. ഫയല്‍ലെസ് മാല്‍വെയര്‍ ആക്രമണമായ ലിവിങ് ഓഫ് ദി ലാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന രീതിയാണ് ചൈനീസ് ഹാക്കര്‍മാര്‍ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇരയുടെ കംപ്യൂട്ടറിലെ ടൂളുകള്‍ തന്നെ ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിനാണ് ഈ വിവരണം ഉള്ളത്.
∙ തങ്ങള്‍ അത്തരക്കാരല്ലെന്ന് ചൈന
അതേസമയം, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൊന്നും തങ്ങള്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് ഈ വാര്‍ത്തയെക്കുറിച്ച് ചൈന പ്രതികരിച്ചത്. എന്നാല്‍, ചൈനീസ് ഹാക്കര്‍മാര്‍ മുൻപ് നടത്തിയ നീക്കങ്ങള്‍ തുറന്നുകാണിക്കുന്നതില്‍ അമേരിക്ക വിജയിച്ചിരുന്നു. ഇത് അവര്‍ക്കുണ്ടാക്കിയ നാണക്കേടു മൂലമായിരിക്കാം അധികം ശ്രദ്ധ നേടാതെയുള്ള നീക്കം ഇപ്പോള്‍ ചൈന നടത്തുന്നതെന്ന വാദവും ഉണ്ട്.
∙ ഫെയ്‌സ്ബുക് ഇന്ത്യാ ജോലിക്കാര്‍ക്കും പണി പോകും
മെറ്റാ കമ്പനി മൂന്നാം ഘട്ട പിരിച്ചുവിടലിന് ഒരുങ്ങുകയാണ്. ഇത്തവണ ഏകദേശം 6000 പേരെ ആഗോള തലത്തില്‍ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ജോലിക്കാരെയും ഇത്തവണ പുറത്താക്കുമെന്ന് ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്യുന്നു. ഫെയ്‌സ്ബുക് ഇന്ത്യയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അവിനാഷ് പന്ത്, മീഡിയാ പാര്‍ട്ണര്‍ഷിപ് ഡയറക്ടര്‍ സാകെത് ഝാ സൗരബ് (Saket Jha Saurabh) നിയമ വിഭാഗം ഡയറക്ടര്‍ അമൃതാ മുഖര്‍ജി തുടങ്ങിയവര്‍ പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടും.
∙ സോണോസ് കമ്പനിയുടെ സാങ്കേതികവിദ്യ തട്ടിയെടുത്തു, ഗൂഗിളിന് 32.5 ദശലക്ഷം ഡോളര്‍ പിഴ
ആല്‍ഫബെറ്റ് കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ സ്മാര്‍ട് സ്പീക്കര്‍ നിര്‍മാതാവയ സോണോസിന് പേറ്റന്റ് ഉള്ള സാങ്കേതികവിദ്യ തട്ടിയെടുത്തെന്ന് യുഎസ് കോടതി കണ്ടെത്തി പിഴയിട്ടു. ഗൂഗിളിന് 32.5 ദശലക്ഷം ഡോളറാണ് കോടതി പിഴയിട്ടിരിക്കുന്നത്. സോണോസിന് പേറ്റന്റ് ഉള്ള ടെക്‌നോളജിയിലേക്ക് ഗൂഗിള്‍ കടന്നുകയറുന്ന ഒരു സീരിയല്‍ കുറ്റവാളിയാണെന്ന് വിധി തെളിയിച്ചുവെന്ന് സോണോസ് പ്രതികരിച്ചു. തങ്ങളുടെ ടെക്‌നോളജി ഗൂഗിള്‍ ഹോം, ക്രോംകാസ്റ്റ് ഓഡിയോ തുടങ്ങിയ ഉപകരണങ്ങളിലേക്ക് പകര്‍ത്തിയെടുത്തു എന്നാണ് സോണോസ് നല്‍കിയ കേസില്‍ പറഞ്ഞിരുന്നത്.
∙ ടെക്‌നോളജി മോഷ്ടിച്ചു, ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു
തങ്ങളുടെ ടെക്‌നോളജി ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറുകളിലും മറ്റും ഉപയോഗിക്കുക മാത്രമല്ല ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്ന് സോണോസ് ആരോപിച്ചു. ആദ്യം 300 കോടി ഡോളര്‍ നഷ്ടപരിഹാരം ചോദിച്ചു കേസു കൊടുത്തിരുന്ന സോണോസ് പിന്നെ അത് 9 കോടി ഡോളറാക്കി കുറച്ചിരുന്നു. അതേസമയം, ഇതൊരു ചെറിയ തര്‍ക്കം മാത്രമാണെന്ന് ഗൂഗിൾ വക്താവ് പ്രതികരിച്ചു.
∙ യൂറോപ് വിടാന്‍ ഉദ്ദേശമില്ലെന്ന് ചാറ്റ്ജിപിടി
കമ്പനിക്ക് പാലിക്കാന്‍ പറ്റാത്ത നിയമങ്ങളുമായി വന്നാല്‍ യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നായിരുന്നു ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ മേധാവി സാം ആള്‍ട്ട്മാന്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്. എന്നാല്‍, തങ്ങള്‍ക്ക് അത്തരം പ്ലാനൊന്നും ഇല്ലെന്ന് തിരുത്തി പറഞ്ഞിരിക്കുകയാണ് ആള്‍ട്ട്മാന്‍. യൂറോപ്പില്‍ പ്രവര്‍ത്തനം തുടരുന്നു എന്ന ചിന്ത തങ്ങളെ ഉത്സാഹഭരിതരാക്കുന്നു എന്നാണ് ആള്‍ട്ട്മാന്റെ പുതിയ പ്രതികരണം.
∙ ചാറ്റ്ജിപിടി സ്മാര്‍ട് ഫോണ്‍ ആപ് ഇന്ത്യയിലും
ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക ചാറ്റ്ജിപിടി ആപ് ഇന്ത്യയിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഉപദേശങ്ങള്‍, കവിതകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്തു നല്‍കുന്ന ആപ്പിനോട് ശബ്ദത്താലും ഇടപെടാം. ആപ് സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികളിലേതിലെങ്കിലും ഒന്നിന്റെ അക്കൗണ്ട് ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യാം. പുതിയ ലോഗ്-ഇന്‍ സൃഷ്ടിച്ചും ഉപയോഗിക്കാം. ഫോണിലൂടെ വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് ആപ് അധികം താമസിയാതെ എത്തുമെന്നും പറയുന്നു.

∙ എഐ ചാറ്റ്‌ബോട്ടുമായി ടിക്‌ടോകും
ടാകോ എന്ന പേരില്‍ എഐ ചാറ്റ്‌ബോട്ടിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നായ ടിക്‌ടോക്. ടിക്‌ടോക് ഉപയോക്താക്കള്‍ക്ക് ടാകോയുമായി സംസാരിച്ച് ഇഷ്ടപ്പെട്ട വിഡിയോ കണ്ടെത്താന്‍ സാധിക്കുന്ന രീതിയിലായിരിക്കും ഇത് എത്തുക. ഇതിന്റെ ടെസ്റ്റിങ് തിരഞ്ഞെടുക്കപ്പെട്ട ചില ഉപയോക്താക്കള്‍ക്കിടയില്‍ ഫിലിപ്പൈന്‍സില്‍ നടക്കുകയാണെന്നും കമ്പനി പറഞ്ഞു.
English Summary: What is Volt Typhoon, the alleged China-backed hacking group that has US worried