ആഗോള റിപ്പയറിങ് തലസ്ഥാനമായി കസറാന്‍ ഇന്ത്യ! ചൈനയ്ക്കും മലേഷ്യയ്ക്കും വെല്ലുവിളി?

Embedded product design and development
Representative Image. Photo Credit : Silverjohn / iStockPhoto.com
SHARE

ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറു പരിഹരിക്കുന്ന രംഗത്തു വന്‍ശക്തിയാകാന്‍ ഇന്ത്യ. നിലവില്‍ റിപ്പയറിങ് മേഖല അടക്കി വാഴുന്നത് ചൈനയും മലേഷ്യയുമാണ്. പുതിയ നീക്കത്തിന്റെ ഭാഗമായി, കേന്ദ്ര ഐടി മന്ത്രാലയം, ഇലക്ട്രോണിക്‌സ് റിപ്പയര്‍ സര്‍വീസസ് ഔട്ട്‌സോഴ്‌സിങ് (ഇആര്‍എസ്ഒ) എന്ന പദ്ധതിക്ക് തുടക്കമിട്ടു. ബെംഗളൂരുവില്‍ മൂന്നു മാസം നീളുന്ന പൈലറ്റ് പദ്ധതിയായിരിക്കും ആദ്യം നടത്തുക. ഇതില്‍ ഫ്‌ളെക്‌സ്, ലെനോവോ, സിടിഡിഐ, ആര്‍-ലോജിക്, അഫോറിസേര്‍വ് എന്നീ കമ്പനികള്‍ പങ്കാളികളാകും.

പ്രതിവര്‍ഷം 100 ബില്യന്‍ മറിയുന്ന മേഖല

ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മേഖലയില്‍ ശക്തമായ ചുവടുവയ്പ്പു നടത്തിയ ശേഷമാണ്, പ്രതിവര്‍ഷം 100 ബില്യന്‍ ഡോളര്‍ മറിയുന്ന റിപ്പയറിങ് മേഖലയില്‍ ഇന്ത്യ കണ്ണുനട്ടിരിക്കുന്നത്. ആപ്പിള്‍, സാംസങ്, ഷഓമി തുടങ്ങിയ കമ്പനികള്‍ രാജ്യത്ത് സ്മാര്‍ട്ഫോണുകള്‍ നിര്‍മിച്ച് കയറ്റി അയയ്ക്കുന്നു. റിപ്പയറിങ് മേഖലയിലേക്ക് കയറിക്കളിക്കണമെങ്കില്‍ ചില ചട്ടങ്ങള്‍ പരിഷ്‌കരിക്കേണ്ടി വരും. ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനും അവ തിരിച്ച് കയറ്റി അയയ്ക്കാനുമുള്ള അംഗീകാരത്തിനു കാലതാമസം എടുക്കരുത്. ഈ പ്രക്രിയയ്ക്ക് നിലവില്‍ 10 ദിവസമാണ് എടുക്കുന്നത്. എന്നാല്‍ ഇത് 1 ദിസമായി കുറയ്ക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. റിപ്പയറിങ് ഔട്ട്‌സോഴ്‌സിങ് വഴി ആദ്യ 5 വര്‍ഷത്തിനുള്ളില്‍ 20 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കാനായിരിക്കും ശ്രമിക്കുക.

വെല്ലുവിളികള്‍

അതേസമയം, ആഗോള റിപ്പയറിങ് മേഖലയുടെ തലസ്ഥാനമാകാനുള്ള നീക്കം വിജയിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് പല വെല്ലുവിളികളും ഉണ്ട്. അതിലൊന്ന് ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ എവിടെത്തള്ളും എന്നതാണ്. വികസിത രാജ്യങ്ങള്‍ ഈ മേഖലയിൽ കണ്ണുവയ്ക്കാത്തതിന്റെ കാരണങ്ങളിലൊന്നും ഇതാണ്. നന്നാക്കിയെടുക്കാന്‍ പറ്റാതെ മാറ്റേണ്ടിവരുന്ന ഇല്‌ക്ട്രോണിക് അവശിഷ്ടങ്ങളില്‍ 5 ശതമാനം പുനഃചംക്രമണം ചെയ്‌തെടുക്കാന്‍ സർക്കാർ സഹായം നല്‍കും. അതേസമയം, റിപ്പയര്‍ ചെയ്യുന്ന ഉപകരണങ്ങള്‍ അതു വന്ന രാജ്യത്തേക്കു കയറ്റി അയയ്ക്കാന്‍ ഇന്ത്യയില്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. മറ്റൊരു രാജ്യത്തേക്കായിരിക്കും കയറ്റി അയയ്ക്കുക. അതുപോലെ ഘടകഭാഗങ്ങള്‍ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതിനു പകരം, അവ പ്രാദേശികമായി നിര്‍മിക്കാനുള്ള ശ്രമവും ഉണ്ടാകണം.

എന്തുകൊണ്ടാണ് വികസിത രാജ്യങ്ങള്‍ സ്വന്തമായി റിപ്പയര്‍ ചെയ്യാത്തത്?

വികസിത രാജ്യങ്ങള്‍ കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് എടുക്കാത്തതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, അതിന് അതതു രാജ്യങ്ങളില്‍ ഭീമമായ ചെലവു വരും. രണ്ട്, ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ കുന്നുകൂടും. അതിനാല്‍ അവര്‍ ഉപകരണങ്ങള്‍ റിപ്പയറിങ്ങിനായി കയറ്റി അയയ്ക്കുന്നു. ഇതില്‍ 57 ശതമാനവും ഇപ്പോള്‍ ചൈനയിലേക്കും, 26 ശതമാനം മലേഷ്യയിലേക്കും പോകുന്നു. എന്നാല്‍, ഇന്ത്യയില്‍ റിപ്പയറിങ് തുടങ്ങിയാല്‍ ചെലവ് കാര്യമായി കുറയ്ക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നത്. കേടായ ഉപകരണങ്ങള്‍ എറിഞ്ഞു കളയുന്നതിനു പകരം നന്നാക്കി ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് പരിസ്ഥിതിക്കും ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. സിംഗപ്പൂര്‍, ബ്രസീല്‍, വിയറ്റ്‌നാം, ഇന്തൊനീഷ്യ, ഹോങ്കോങ്, മെക്‌സിക്കോ, തായ്‌ലൻഡ് തുടങ്ങിയ നാടുകളില്‍ നിന്നുള്ള കമ്പനികള്‍ പുതിയ നീക്കത്തില്‍ സഹകരിച്ചേക്കുമെന്നു കരുതുന്നു.

ആപ്പിള്‍ ഹെഡ്‌സെറ്റ് ചാപിള്ളയോ?

APPLE-PRODUCTS/

ടെക്‌നോളജി വൃത്തങ്ങളില്‍ ഇപ്പോള്‍ സംസാരവിഷയം ജൂണ്‍ 5ന് പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ആപ്പിളിന്റെ പുതിയ എആര്‍-വിആര്‍ ഹെഡ്‌സെറ്റാണ്. ഒരു വിഭാഗം ആളുകള്‍ ഇതൊരു പുതിയ തുടക്കം കുറിക്കുമെന്നു കരുതുമ്പോള്‍, വേറൊരു കൂട്ടര്‍ ഹെഡ്‌സെറ്റ് ഒരു 'ചാപിള്ള' ആയിരിക്കുമെന്നാണ് പറയുന്നത്. ആപ്പിള്‍ കമ്പനിയുടെ ഭാവിയെ വരെ ബാധിച്ചേക്കാമെന്നും രണ്ടാമത്തെ കൂട്ടര്‍ കരുതുന്നു. കാരണം, ലോകമിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്കു കടന്നു കഴിഞ്ഞു. ഹെഡ്‌സെറ്റുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരണങ്ങളിലൊന്നും എഐയെക്കുറിച്ചുള്ള വിവരമൊന്നുമില്ല. എഐക്കു പകരം ആപ്പിള്‍ ഉപയോഗിക്കുന്നത് മെഷീന്‍ ലേണിങ് എന്ന പ്രയോഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഞെട്ടിച്ചേക്കില്ല

ഹെഡ്‌സെറ്റില്‍ ഞെട്ടിപ്പിക്കുന്ന സാങ്കേതികവിദ്യയൊന്നും ഉണ്ടായിരിക്കില്ലെന്നു വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍ 15 നോ അടുത്ത തലമുറയിലെ ആപ്പിള്‍ വാച്ചോ ആഗോള വിപണിയില്‍ ഉണ്ടാക്കാന്‍ പോകുന്ന തരത്തിലുള്ള ചലനമൊന്നും ഹെഡ്‌സെറ്റിന് ഉണ്ടാവില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 'ഹെഡ്‌സെറ്റ് ചാപിള്ള ആയിരിക്കില്ല, പക്ഷേ, ഗെയിം കളിക്കുന്നവര്‍ക്കൊഴികെ മറ്റാര്‍ക്കും ഇപ്പോള്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടായേക്കില്ല’ എന്നാണ് മഹോനി (Mahoney) അസെറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മേധാവി കെന്‍ മഹോനി പറഞ്ഞത്. 

എവിടെ എഐ? ആപ്പിള്‍ പിന്നോട്ടോ?

എഐ എല്ലാത്തരം വ്യവസായത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ആപ്പിളിന് സ്വന്തമായി മികച്ച എഐ ഇല്ലെന്നതു പോട്ടെ, മികച്ച ഒരു പങ്കാളി പോലുമില്ല. ഉദാഹരണത്തിന് ഗൂഗിളിന് സ്വന്തമായി വമ്പന്‍ എഐ വിഭാഗമുണ്ട്. മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയുമായി സഖ്യത്തിലായി. ചിപ്പ് നിര്‍മാതാവയ എന്‍വിഡിയ പോലും എഐയുടെ ഗുണഭോക്താവാകാന്‍ എടുത്തു ചാടിക്കഴിഞ്ഞു. അതേസമയം, ആപ്പിള്‍ മേധാവി ടിം കുക്ക് ആകട്ടെ അതീവശ്രദ്ധാലുവായ ഒരു വ്യക്തിയാണ്. ആദ്യ നീക്കം നടത്തുക എന്ന രീതി കമ്പനിക്ക് പൊതുവെയില്ല.

ആദ്യ നീക്കം നടത്തുന്ന രീതി ആപ്പിളിനില്ലെന്ന് എതിര്‍വാദം

അതേസമയം, മറ്റു കമ്പനികള്‍ അവതരിപ്പിക്കുന്ന സാങ്കേതികവിദ്യയെ കവച്ചുവയ്ക്കുന്ന രീതിയാണ് പൊതുവെ ആപ്പിള്‍ അനുവര്‍ത്തിക്കുന്നതെന്ന വാദമുള്ളവരും ഉണ്ട്. വെറുതെയൊന്നുമല്ല ആപ്പിള്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നതെന്നും അവര്‍ വാദിക്കുന്നു. പുതിയ സാങ്കേതികവിദ്യ വളരെ ആലോചിച്ചുറപ്പിച്ച ശേഷം മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് കുക്ക് പ്രതികരിച്ചിരിക്കുന്നത്. എന്തായാലും, ഹെഡ്‌സെറ്റിന്റെ സാധ്യതകളെക്കുറിച്ചറിയാന്‍ ഏതാനും ദിവസം കൂടി കാത്തിരുന്നാല്‍ മതിയായേക്കും.

തങ്ങളുടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് സ്പീക്കര്‍ അവതരിപ്പിച്ച് ആമസോണ്‍

amazon

എക്കോ പോപ് എന്ന പേരില്‍ തങ്ങളുടെ ഏറ്റവും ചെറുതും വില കുറഞ്ഞതുമായ സ്മാര്‍ട് സ്പീക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. മുമ്പ് ഒരു എക്കോ സ്പീക്കറിനും നല്‍കാതിരുന്ന രൂപകല്‍പനാ രീതിയാണ് ഇതിന്. പുതിയ എസെഡ്2 ന്യൂറല്‍ എജ് പ്രൊസസറും ഇതില്‍ ഉണ്ട്. അതിനാല്‍ ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് അലക്‌സയ്ക്ക് കൂടുതല്‍ വേഗത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകുമെന്നു കരുതുന്നു. വില 4,999 രൂപ. ആമസോണിന്റെ ആദായ വില്‍പന സമയങ്ങളില്‍ എക്കോ സ്പീക്കറുകള്‍ വളരെയധികം വില കുറച്ച് വാങ്ങാനാകും എന്നും ഓര്‍ത്തിരിക്കണം.

പ്രീമിയം കീബോർഡുമായി ലോജിടെക്, വില 22,995 രൂപ

എംഎക്‌സ് കീകള്‍ ഉള്‍ക്കൊള്ളിച്ച തങ്ങളുടെ ആദ്യത്തെ കീബോർഡ് പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ അക്‌സസറി നിര്‍മാതാവ് ലോജിടെക്. പ്രീമിയം മാസ്റ്റര്‍ സീരിസിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. എംഎക്‌സ് കീസ് എസ് കോംബോ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന കീബോർഡിന് 22,995 രൂപയാണ് വില. അതേസമയം, അതിനൊപ്പം ഇറക്കിയിരിക്കുന്ന എംഎക്‌സ് കീസ് എസ് കീബോർഡിന് 13,295 രൂപയാണ് വിലയിട്ടിരിക്കുന്നത്. എംഎക്‌സ് എനിവയെര്‍ 3എസ് എന്ന പേരില്‍ മൗസും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് 9,225 രൂപയാണ് വില.

English Summary: The Ministry of Electronics and Information Technology has kick-started a pilot project named Electronics Repair Services Outsourcing in an effort to make India the repair capital of the world.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS