അമിത്ജിയോടു തമാശ പറയാൻ പറയരുത്, ആമസോൺ അത് സമ്മതിക്കില്ല!
Mail This Article
സാക്ഷാൽ അമിതാഭ് ബച്ചനോട്: 'അമിത്‌ജി ഒരു തമാശ പറയൂ' എന്ന് ആർക്കും പറയാമായിരുന്നു. കാരണം അലെക്സയുടെ സെലബ്രിറ്റി വോയ്‌സ് ഫീച്ചറിൽ ശബ്ദസാന്നിധ്യമുള്ള ഇന്ത്യയിലെ ഏകപ്രമുഖനായിരുന്നു ബിഗ്ബി. ഇനി ആ ശബ്ദംഅലക്സയിൽ ഉണ്ടാകില്ല. അലക്സ ഉപകരണങ്ങൾക്കുള്ള സെലബ്രിറ്റി വോയ്‌സ് സംവിധാനം നിർത്തലാക്കുമെന്ന് ആമസോൺ സ്ഥിരീകരിച്ചു. സാമുവൽ എൽ ജാക്‌സൺ, ഷാക്കിൾ ഒ നീൽ, മെലിസ മക്കാർത്തി തുടങ്ങിയ നിരവധി സെലിബ്രിറ്റികളുടെ ശബ്‌ദങ്ങൾ ഉപഭോക്താക്കൾക്ക് അലക്സയിൽ മേലിൽ വാങ്ങാനാകില്ല.
2019-ൽ ആണ് സെലബ്രിറ്റി ശബ്ദസംവിധാനം ആമസോൺ ആരംഭിച്ചത് . ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ശബ്ദം അലക്‌സയുടെ ശബ്ദമായി സജ്ജമാക്കാൻ അനുവദിക്കുന്ന ജനപ്രിയ ഫീച്ചറായിരുന്നു, എന്നാൽ എന്തുകൊണ്ടാണ് നിർത്തുന്നതെന്ന് ആമസോൺ പറഞ്ഞിട്ടില്ല. കുറഞ്ഞ വിൽപ്പന, ഉയർന്ന ചെലവ് അല്ലെങ്കിൽ മറ്റ് ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയാണ് നിലവിൽ പറയപ്പെടുന്നത്.
നിലവിൽ ഒരു സെലബ്രിറ്റി ശബ്ദം വാങ്ങിയിട്ടുള്ള ഉപയോക്താക്കൾക്ക് പരിമിത കാലത്തേക്ക് അത് ഉപയോഗിക്കുന്നത് തുടരാനാകും. അതിനുശേഷം, അവർ സാധാരണ അലക്സ വോയ്‌സിലേക്ക് തിരികെ മാറേണ്ടതായി വരും . സെലബ്രിറ്റി വോയ്‌സ് ഫീച്ചർ നിർത്തലാക്കുന്നത് അലക്‌സയെ കൂടുതൽ ആകർഷകമാക്കാനും ഉപയോക്താക്കളെ ആകർഷിക്കാനുമുള്ള ആമസോണിന്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണെന്ന വിലയിരുത്തലും ടെക് ലോകത്തുനിന്നു ഉയരുന്നു.
English Summary: Amazon has confirmed it will discontinue its celebrity voice feature for Alexa devices.