ഇന്ത്യയിൽ, ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിന്ന് 33 ദശലക്ഷം ‘മോശം ഉള്ളടക്കം’ നീക്കം ചെയ്തതായി മെറ്റാ കമ്പനി. ഐടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് മാസംതോറും ഇത്തരം റിപ്പോര്‍ട്ട് മെറ്റാ അടക്കമുള്ള കമ്പനികള്‍ പുറത്തുവിടുന്നുണ്ട്.
∙ 25 ലക്ഷം അക്കൗണ്ടുകള്‍ നീക്കംചെയ്തുവെന്ന് ട്വിറ്റര്‍
ഇന്ത്യയില്‍ കഴിഞ്ഞ മാസം 25,51,623 അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇവയില്‍ പലതും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരം കണ്ടന്റ് പ്രസിദ്ധീകരിച്ചതിനും വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് നിരോധിച്ചത്.
∙ ഐഫോണുകള്‍ ഉപയോഗിച്ച് അമേരിക്ക ചാരവൃത്തി നടത്തുന്നെന്ന് റഷ്യ; ആപ്പിളിന് തിരിച്ചടിയാകുമോ?
ഐഫോണുകള്‍ ഉപയോഗിച്ച് അമേരിക്ക റഷ്യയില്‍ ചാരവൃത്തി നടത്തുന്നുവെന്നാണ് റഷ്യയിലെ സുരക്ഷാ വിഭാഗമായ ഫെഡറല്‍ സെക്യുരിറ്റി സര്‍വിസ് (എഫ്എസ്ബി) .ശരിയാണെന്നു തെളിഞ്ഞാല്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന ഒരു ആരോപണമാണ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ആപ്പിളിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

അമേരിക്കയുടെ നാഷനല്‍ സെക്യുരിറ്റി ഏജന്‍സി (എന്‍എസ്എ) ഐഫോണുകളിൽ പുതിയ മാല്‍വെയര്‍ ഉപയോഗിച്ചാണ് ചാരപ്രവര്‍ത്തനം നടത്തുന്നതെന്നാണ് ആരോപണം. സോവിയറ്റ് യൂണിയനിലെ രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബിയുടെ പ്രധാന പിന്‍ഗാമിയാണ് എഫ്എസ്ബി. അതേസമയം, ഉപയോക്താക്കളുടെ ഡേറ്റ പരിശോധിക്കാൻ ആപ്പിള്‍ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് അമേരിക്കയില്‍ പൊതുജനങ്ങളുടെ പിന്തുണ തേടിയ ഏജന്‍സിയാണ് എന്‍എസ്എ.
∙ റഷ്യയില്‍ ആയിരക്കണക്കിന് ഐഫോണുകളില്‍ മാല്‍വെയര്‍
റഷ്യയിലെ ആയിരക്കണക്കിന് ഐഫോണുകളില്‍ ചാരസോഫ്റ്റ്‌വെയറുകൾ കടത്തിവിട്ടിട്ടുണ്ടെന്നാണ് എഫ്എസ്ബിയുടെ ആരോപണം. ആപ്പിളും എന്‍എസ്എയും യോജിച്ചു പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണിതെന്നും എഫ്എസ്ബി അവകാശപ്പെടുന്നു. റഷ്യയിലുള്ള വിദേശ നയതന്ത്രപ്രതിനിധികളുടെയും മറ്റും ടെലിഫോണുകളും നിരീക്ഷിക്കപ്പെടുന്നുവെന്നും എഫ്എസ്ബി ആരോപിച്ചു. ഇസ്രയേല്‍, സിറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുടെ ഫോണുകളാണ് നിരീക്ഷിക്കപ്പെടുന്നത്.
∙ അമേരിക്കന്‍ സ്‌പെഷല്‍ സര്‍വീസസിന്റെ പ്രവര്‍ത്തനം തുറന്നുകാണിക്കുന്നു
ഐഫോണ്‍ ഉപയോഗിച്ച് അമേരിക്കന്‍ സ്‌പെഷല്‍ സര്‍വീസസ് നടത്തുന്ന ചാരപ്രവര്‍ത്തനം തുറന്നുകാണിക്കുകയാണ് എഫ്എസ്ബി ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഫോണുകളിലെ സോഫ്റ്റ്‌വെയര്‍ പിഴവു മുതലെടുത്താണ് ആക്രമണമെന്നും അതിന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് ആപ്പിള്‍ ഒത്താശ ചെയ്യുന്നുവെന്നും റഷ്യൻ വിദേശകാര്യ വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നു.
ഐടി കോര്‍പറേഷനുകളുമായി സഹകരിച്ചും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റ വന്‍തോതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകൾ ശേഖരിക്കുന്നു എന്നും മന്ത്രാലയം ആരോപിക്കുന്നു. അതേസമയം, ആപ്പിളും എന്‍എസ്എയും ആരോപണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു. റഷ്യന്‍ ഏജന്‍സിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ അത് ആപ്പിളിന് രാജ്യാന്തര തലത്തില്‍ കനത്ത തിരിച്ചടിയാകും.
∙ ക്വെസ്റ്റ് 3 ഹെഡ്‌സെറ്റ് പുറത്തിറക്കി മെറ്റാ; വില 499 ഡോളര്‍
ഗെയിമര്‍മാര്‍ക്കും വെര്‍ച്വല്‍ റിയാലിറ്റി പ്രേമികള്‍ക്കും ആവേശം പകര്‍ന്ന് പുതിയ ക്വെസ്റ്റ് 3 വിആര്‍ ഹെഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുകയാണ് മെറ്റാ കമ്പനി. ഹൈ-റെസലൂഷന്‍ കളര്‍ സ്‌ക്രീനുമായാണ് ഹെഡ്‌സെറ്റ് എത്തിയിരിക്കുന്നത്. കൂടുതല്‍ മികച്ച അനുഭവം നല്‍കാന്‍ സാധിക്കുന്നതാണ് തങ്ങളുടെ ഹെഡ്‌സെറ്റ് എന്ന് മെറ്റാ അവകാശപ്പെട്ടു. ക്വാല്‍കം പ്രെോസസര്‍, മുന്‍ വേര്‍ഷനെക്കാള്‍ ഇരട്ടി വേഗമുള്ള ഗ്രാഫിക്‌സ് ചിപ്പ് തുടങ്ങിയവ ക്വെസ്റ്റ് 3യിലുണ്ട്. തങ്ങള്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും കരുത്തുറ്റ ഹെഡ്‌സെറ്റ് ആണ് ഇതെന്ന് മെറ്റാ പറയുന്നു.
∙ വിലക്കുറവ് ആകര്‍ഷകമോ?
കരുത്തിനേക്കാളേറെ 499 ഡോളർ എന്ന വിലയാണ് ആകര്‍ഷണീയം. ആപ്പിള്‍ ജൂണ്‍ 5ന് പുറത്തിറക്കിയേക്കാം എന്നു കരുതുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള വാര്‍ത്തയാകാം മെറ്റാ കമ്പനി ഈ ഹെഡ്‌സെറ്റ് ഇപ്പോള്‍ പുറത്തിറക്കാനുള്ള കാരണമെന്നു കരുതുന്നു. മെറ്റായ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാം ആപ്പിളിന്റെ ഹെഡ്‌സെറ്റ് എന്നാണ് വിശ്വാസം. അതേസമയം, ആപ്പിളിന്റെ ഹെഡ്‌സെറ്റ് 3000 ഡോളറിനായിരിക്കും വില്‍ക്കുക എന്നും കരുതുന്നു. എന്തായാലും, ഇത്രയധികം ഫീച്ചറുകള്‍ ഉള്ള ഹെഡ്‌സെറ്റുകള്‍ ഇത്രയും വില കുറച്ച് ഇതിനു മുമ്പ് പുറത്തിറക്കിയിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.
'മെറ്റാവേഴ്‌സും വെബ്3യും ഇന്ത്യക്ക് 200 ബില്യന്‍ ഡോളറിന്റെ ബിസിനസ് സാധ്യത തുറന്നിടുന്നു'
ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമായിരിക്കുമെന്നു കരുതപ്പെടുന്ന മെറ്റാവേഴ്‌സും വെബ്3യും ഇന്ത്യയ്ക്ക് വന്‍ ബിസിനസ് സാധ്യതകള്‍ തുറന്നിടുന്നു എന്ന് റിപ്പോര്‍ട്ട്. റീടെയില്‍, സാമ്പത്തിക ഇടപാട് മേഖല തുടങ്ങിയവയില്‍ ഉടനടി വന്നേക്കാവുന്ന പൊളിച്ചെഴുത്താണ് ഇതിനു കാരണം. 'വെബ്3 ആന്‍ഡ് മെറ്റാവേഴ്‌സ് - ദ് റൈസ് ഓഫ് ദി ന്യൂ ഇന്റര്‍നെറ്റ് ആന്‍ഡ് ദ് ഇന്ത്യാ ഓപ്പർച്യൂണിറ്റി' എന്ന പേരില്‍ കള്‍സൽറ്റിങ് കമ്പനിയായ ആര്‍തര്‍ ഡി. ലിറ്റ്ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ സാധ്യതകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിക്കുക വഴി രാജ്യത്തിന് 2035 ആകുമ്പോഴേക്ക് 200 ബില്യന്‍ ഡോളറിനുള്ള ബിസിനസ് സാധ്യതകള്‍ തെളിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സാധ്യതകള്‍
അതേസമയം, മെറ്റാവേഴ്‌സ് ഇപ്പോള്‍ ഇന്ത്യയില്‍ കാര്യമായ ഒരു പ്രഭാവവും ചെലുത്തുന്നില്ല എന്നും പറയുന്നു. എന്നാല്‍, ഇനി ബിസിനസ് സ്ഥാപനങ്ങള്‍ ബുദ്ധിപൂർവം നടത്തുന്ന മുതല്‍മുടക്കുകള്‍ മെറ്റാവേഴ്‌സിന്റെയും എഐയുടെയും സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതായിരിക്കും എന്നും കരുതപ്പെടുന്നു.
പോക്കിമോൻ ഗോയുടെ സ്രഷ്ടാവിന്റെ പുതിയ എആര്‍ ഗെയിം- വോള്‍

വോള്‍ (Wol) എന്ന പേരില്‍ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം പുറത്തിറക്കിയിരിക്കുകയാണ് പോക്കിമോൻ ഗോ ഗെയിമിന്റെ സ്രഷ്ടാവ് നിയാന്റിക്. കലിഫോര്‍ണിയയിലെ റെഡ്‌വുഡ് കാട്ടിലൂടെയുള്ള ഒരു യാത്രയാണ് പ്രതിപാദ്യവിഷയം. ഇത് ഒരേമയം വിജ്ഞാനവും വിനോദവും പകര്‍ന്നു നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗെയിമില്‍ വോള്‍ എന്ന പേരിലുള്ള മൂങ്ങയാണ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. വോളിനോട് സ്വാഭാവികമായ രീതിയില്‍ ഇടപെടാം, കാരണം അതിനു പിന്നില്‍ എഐ സാങ്കേതികവിദ്യയാണ് പ്രവര്‍ത്തിക്കുന്നത്.
English Summary: Meta announced that in India, it removed more than 33 million posts in violation of 13 Facebook regulations and Instagram policies