ADVERTISEMENT

ഗൂഗിളിന്റെ വില കുറഞ്ഞ ഫോണുകളിലൊന്നായ പിക്‌സല്‍ 6എ മോഡല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 28,999 രൂപയ്ക്കു വില്‍ക്കുന്നു. സുരക്ഷിത പാക്കിങ്ങിനായി 59 രൂപ അധികമായും നല്‍കണം. പിക്‌സല്‍ 6എയുടെ എംആര്‍പി 43,999 രൂപയാണ്. എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 27,000 രൂപ വരെ വീണ്ടും കുറയ്ക്കാം. അതിന് പുറമെ മറ്റ് ഓഫറുകളും ഉണ്ട്. പിക്‌സല്‍ 6എ ഫോണിന്റെ 6 ജിബി / 128 ജിബി വേര്‍ഷനാണ് ഈ വില. ഇതിന് രണ്ട് 12എംപി പിന്‍ ക്യാമറകളാണ് ഉള്ളത്. കൂടാതെ, 8എംപി സെല്‍ഫി ക്യാമറയും ഉണ്ട്. പ്രമുഖ യൂട്യൂബര്‍ മാര്‍കസ് ബ്രൗണി, 2022ല്‍ ഐഫോണ്‍ 14 പ്രോ, പിക്‌സല്‍ 7 പ്രോ, വണ്‍പ്ലസ് 10 പ്രോ, നതിങ് ഫോണ്‍ (1) തുടങ്ങി, ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ഫോണുകളുടെ ക്യാമറകള്‍ ബ്ലൈന്‍ഡ് ടെസ്റ്റ് നടത്തി താരതമ്യം ചെയ്തിരുന്നു. അതിലെ വിജയി പിക്‌സല്‍ 6എ ആയിരുന്നു.

പിക്‌സല്‍ 6എ വാങ്ങണോ?

ഈ 5ജി ഫോണിന് 6. 4-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ്, എച്ഡിആര്‍പ്ലസ് സപ്പോര്‍ട്ടുള്ള ഓലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. ഗൂഗിളിന്റെ ടെന്‍സര്‍ 1 പ്രെaസസറാണ് ഫോണിന് ശക്തിപകരുന്നത്. 4410 എംഎഎച് ബാറ്ററിയും ഉണ്ട്. അതേസമയം, ഇപ്പോള്‍  കൂടുതല്‍ മികവുറ്റ പിക്‌സല്‍ 7എ വില്‍പനയ്ക്കുണ്ട്. എംആര്‍പി 43,999 രൂപയാണ്.

ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ പുതിയ മോഡല്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ പഴയ മോഡലിന് വില കുറയ്ക്കാറുണ്ട്. ഗൂഗിള്‍ അങ്ങനെ ചെയ്യാത്തതിനാലാണ് പിക്‌സല്‍ 6എയ്ക്ക് ഇപ്പോഴും 43,999 രൂപ വില വരുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് ഫോണിനോട് താൽപര്യക്കുറവില്ലാത്തവർക്ക്, ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്ന മറ്റ് ഓഫറുകളും കണക്കാക്കിയാൽ ഇപ്പോൾ വാങ്ങാവുന്ന മികച്ച മോഡലുകളിലൊന്നായിരിക്കും പിക്‌സല്‍ 6എ.

കര്‍ണാടകത്തില്‍ 2024 മുതല്‍ ഐഫോണ്‍ നിര്‍മിക്കും

സംസ്ഥാനത്ത് അടുത്ത ഏപ്രില്‍ മുതല്‍ ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫോൺ നിർമാതാവായ ഫോക്‌സ്‌കോണ്‍ ഐഫോണുകള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക സർക്കാർ അറിയിച്ചു. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം ജൂലൈ 1ന് കമ്പനിക്ക് കൈമാറും. പദ്ധതിക്ക് 130 ബില്യൻ രൂപയുടെ മൂല്യമാണ് കണക്കുകൂട്ടിയിരിക്കുന്നത്. പദ്ധതി വഴി 50,000 തൊഴിലവസരം ഉണ്ടാകുമെന്നും പറയുന്നു.

പ്രതിവര്‍ഷം 20 ദശലക്ഷം ഐഫോണ്‍ നിര്‍മിക്കാനാണ് ഫോക്‌സ്‌കോണ്‍ പദ്ധതിയിടുന്നത് എന്നാണ് വാര്‍ത്ത. ചൈനയില്‍നിന്ന് ഐഫോണ്‍ നിര്‍മാണം മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിരിക്കാം ഈ നീക്കം.

5g

രാജ്യത്തെ ആദ്യത്തെ 5ജി കണക്ടഡ് ആംബുലന്‍സ് സേവനവുമായി അപ്പോളോ

രാജ്യത്തെ ആദ്യത്തെ 5ജി കണക്ടഡ് ആംബുലന്‍സ് സേവനം ആരംഭിച്ചിരിക്കുകയാണ് കൊല്‍ക്കത്ത അപ്പോളോ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സ്. ആംബുലന്‍സില്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും രോഗിയെ നിരീക്ഷിക്കാനുള്ള സംവിധാനവും രോഗിയുടെ അവസ്ഥയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ 5ജി വഴി തത്സമയം കൈമാറാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ചാലുടന്‍ എന്ത് ശുശ്രൂഷയാണ് നല്‍കേണ്ടത് എന്ന തീരുമാനം ഡോക്ടര്‍മാര്‍ക്ക് നേരത്തേ കൈക്കൊള്ളാന്‍ സാധിച്ചേക്കാമെന്നതാണ് ഇതിന്റെ ഗുണം. ഇതിനായി ഭാരതി എയര്‍ടെല്ലും സിസ്‌കോയുമാണ് അപ്പോളോ ഹോസ്പിറ്റല്‍സുമായി സഹകരിക്കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് പ്രൊവൈഡര്‍ ആയ മെഡ്യുലന്‍സുമായി ചേര്‍ന്ന് റിലയന്‍സ് ജിയോയും സമാനമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും.

റഷ്യന്‍ ആന്റിവൈറസ് കമ്പനി കാസ്പര്‍സ്‌കിയുടെ ജോലിക്കാരുടെ ഐഫോണും ഹാക്ക് ചെയ്തു

റഷ്യക്കാരുടെ ഐഫോണുകള്‍ വ്യാപകമായി അമേരിക്ക ഹാക്ക് ചെയ്യുന്നു എന്ന ആരോപണവുമായി ആ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് (എഫ്എസ്ബി) എത്തിയതിനു പിന്നാലെ, തങ്ങളുടെ ജോലിക്കാരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്തു എന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ്-കംപ്യൂട്ടര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കി.  

അതിനൂതന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ജോലിക്കാരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്തു എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. എത്ര പേരുടെ ഫോണുകളാണ് ഹാക്ക് ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു. അതേസമയം, എഫ്എസ്ബിയുടെ മുന്നറിയിപ്പുമായി പുതിയ സംഭവവികാസങ്ങള്‍ക്കു ബന്ധമുണ്ടോ എന്നറിയാനായി തങ്ങളുടെ അന്വേഷണങ്ങള്‍ക്ക് കാസ്പര്‍സ്‌കി മറുപടി നല്‍കിയില്ലെന്നും റോയിട്ടേഴ്‌സ് എഴുതുന്നു.

ജനറേറ്റിവ് എഐ എൻജിനീയര്‍മാരെ ജോലിക്കെടുക്കാന്‍ ആപ്പിള്‍

അതിനൂതന ജനറേറ്റിവ് എഐ സാങ്കേതികവിദ്യ വശമുള്ള എൻജിനീയര്‍മാരെ കൂടുതലായി ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ കമ്പനിയെന്ന് മാക്‌റൂമേഴ്‌സ്. മെഷീന്‍ ലേണിങ്ങില്‍ മുന്‍പരിചയം വേണം, കോണ്‍വര്‍സേഷനല്‍, ജനറേറ്റിവ് എഐ മേഖലകളില്‍ താൽപര്യമുള്ള ആളായിരിക്കണം ജോലിക്ക് അപേക്ഷിക്കേണ്ടതെന്ന് ജോലിയുടെ വിവരണത്തില്‍ ആപ്പിള്‍ പറയുന്നു. മെഷീന്‍ ലേണിങ് മോഡലുകള്‍ വികസിപ്പിക്കുക, ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി ആപ്പുകള്‍ സൃഷ്ടിക്കുക എന്നിവ ആയിരിക്കും എൻജിനീയർമാരുടെ ജോലി.

year-book-promotion-chat-gpt-19042023

ചാറ്റ്ജിപിടിക്ക് എതിരാളി ആയിരിക്കണമെന്നില്ല

വൈറല്‍ എഐ സേര്‍ച്ച് എൻജിനായ ചാറ്റ്ജിപി‍യോ ഗൂഗിളിന്റെ ബാര്‍ഡോ പോലെയുള്ള സംഭാഷണ എഐ സാങ്കേതികവിദ്യ ആയിരിക്കണമെന്നില്ല ആപ്പിള്‍ വികസിപ്പിക്കുക എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ അനുമാനിക്കുന്നു. ജനറേറ്റീവ് എഐ വിഭാഗത്തിലായിരിക്കും ആപ്പിള്‍ ശ്രദ്ധിക്കുക. ഇതാകട്ടെ ആപ്പിള്‍ അടുത്ത ദിവസം പുറത്തെടുക്കും എന്നു കരുതുന്ന മിക്‌സഡ്-റിയാലിറ്റി ഹെഡ്‌സെറ്റിന്റെ ഭാവിയില്‍ ഊന്നിയതായിരിക്കാമെന്നും കരുതുന്നു. 

ഷഓമി 13 അള്‍ട്രാ ഉടന്‍ മറ്റു രാജ്യങ്ങളിലും വില്‍പനയ്‌ക്കെത്തും

തങ്ങളുടെ ഏറ്റവും മികച്ച സ്മാര്‍ട്ഫോണായ ഷഓമി 13 അള്‍ട്രാ ഉടന്‍ രാജ്യാന്തര വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഈ മോഡല്‍ ചൈനയില്‍ അവതരിപ്പിച്ചു. ആഗോള വിപണിയില്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3 മാസത്തേക്ക് യൂട്യൂബ് പ്രീമിയം സൗജന്യമായി നല്‍കും. കൂടാതെ, ഗൂഗിള്‍ വണ്‍ 100ജിബി ക്ലൗഡ് സംഭരണവും ആറു മാസത്തേക്ക് സൗജന്യമായി നല്‍കും. ഷഓമി 13 അള്‍ട്രായ്ക്ക് ഒറ്റ വേരിയന്റ് മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. ഇതിന് 12 ജിബി റാമും 512 ജിബി സംഭരണ ശേഷിയുമായിരിക്കും ഉണ്ടായിരിക്കുക. ക്വാഡ് എച്ഡി റെസലൂഷനുള്ള 6.73-ഇഞ്ച് വലുപ്പമുള്ള അമോലെഡ് എല്‍ടിപിഓ ഡിസ്‌പ്ലെ ആണ് ഉള്ളത്. 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്.

ടൈപ്-1 ക്യാമറാ സെന്‍സര്‍, വില കേട്ടു ഞെട്ടരുത്

Xiaomi drops 'Mi' branding after over a decade

സാധാരണ ഫോണുകളില്‍ കണ്ടുവരുന്നതിനേക്കാള്‍ വലുപ്പമുള്ള സെന്‍സറാണ് തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ് ഫോണില്‍ ഷഓമി അവതരിപ്പിക്കുക-ടൈപ്-1 സെന്‍സര്‍. ഇതിന് 50എംപി റെസലൂഷനും ഉണ്ടായിരിക്കും. സോണിയുടെ ഐഎംഎക്‌സ്989 സെന്‍സര്‍ ആയിരിക്കും പ്രധാന ക്യാമറയ്ക്കായി ഉപയോഗിക്കുക. ഇതിനൊപ്പം, 50എംപി അള്‍ട്രാ-വൈഡ്, 5എംപി ടെലിഫോട്ടോ, 50എംപി പെരിസ്‌കോപ് ലെന്‍സ് എന്നിവയും ഉണ്ടായിരിക്കും. 5000എംഎഎച് ബാറ്ററി, 90w വയേഡ്, 50w വയര്‍ലെസ് ചാര്‍ജിങ് ശേഷിയും ഉണ്ടായിരിക്കും. വിലക്കുറവുള്ള ഫോണുകള്‍ ഇറക്കി, പാവങ്ങളുടെ ആപ്പിള്‍എന്ന പേരു നേടിയിരുന്ന ഷഓമി, തങ്ങളുടെ 13 അള്‍ട്രായ്ക്ക് ഇട്ടേക്കുമെന്നു കരുതുന്ന വില കേട്ടു ഞെട്ടരുത്-ഏകദേശം 1,30,000 രൂപ!.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com