ADVERTISEMENT

ജൂൺ 5 നു നടക്കുന്ന വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ (ഡബ്ല്യുഡബ്ല്യുഡിസി) ആപ്പിൾ ഒരു പുതുപുത്തന്‍ ഉപകരണം അവതരിപ്പിച്ചേക്കാമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ആപ്പിള്‍ റിയാലിറ്റി പ്രോ എന്ന പേരില്‍ ഒരു മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. ടെക്‌നോളജിയുമായി മനുഷ്യര്‍ ഇടപെടുന്ന രീതിക്കു മാറ്റം വരുത്താല്‍ കെല്‍പ്പുള്ളതായിരിക്കും പുതിയ ഹെഡ്‌സെറ്റ് എന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍, അതല്ല അതൊരു ‘ചാപിള്ള’യായിരിക്കും എന്നു പറയുന്നവരും ഉണ്ട്. 

ഹെഡ്‌സെറ്റ് പുറത്തിറക്കിയാലും, അത് ആപ്പിളിന്റെ എക്കാലത്തെയും ഏറ്റവും ജനപ്രിയമായ ഐഫോണിനെ അപ്രസക്തമാക്കാനിടയില്ല. പക്ഷേ ഭാവിയില്‍ അതിനു സാധ്യതയുണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

പുതിയ മേഖലയിലേക്ക് ആപ്പിള്‍ കടക്കുമോ?

പുതിയ ഹെഡ്‌സെറ്റ് അവതരണത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍, കമ്പനിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വിശകലനവിദഗ്ധനായ ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ അടക്കം പലരും ആപ്പിള്‍ ഇന്ന് പുതിയ ഹെഡ്‌സെറ്റ് പുറത്തെടുക്കുമെന്ന് വിശ്വസിക്കുന്നവരാണ്. പുറത്തിറക്കിയാലും ഇല്ലെങ്കിലും ഇത്തരം ഒന്ന് ആപ്പിള്‍ നിര്‍മിച്ചുവരുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല താനും. 

ആപ്പിള്‍ റിയാലിറ്റി പ്രോ എന്നു പേരിട്ടേക്കാമെന്നു കരുതുന്ന ഹെഡ്‌സെറ്റ് തുടക്കത്തില്‍ ഐഫോണിനു പകരമാവില്ല, മറിച്ച് പുതിയൊരു ഉപകരണ വിഭാഗത്തിലായിരിക്കും പെടുകയെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍, മാറ്റങ്ങളോടെ അത് ഐഫോണുകള്‍ക്കു പകരം ആകുകയും ചെയ്യാം. 'ഹാന്‍ഡ്‌സ് ഫ്രീ' സാങ്കേതികവിദ്യ കൊണ്ടുവരാന്‍ എല്ലാ കമ്പനികളും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അത്തരത്തിലൊരു ഉപകരണത്തിന്റെ ആദ്യ പതിപ്പായിരിക്കാം ഇതെന്നാണ് പ്രതീക്ഷ.

മിക്‌സഡ് റിയാലിറ്റി ഉപകരണം

ഓഗ്മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് ഉണ്ടാക്കിയതായിരിക്കും പുതിയ ഹെഡ്‌സെറ്റ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏകദേശം 3000 ഡോളര്‍ വിലയിട്ടേക്കുമെന്നു കരുതുന്ന ഹെഡ്‌സെറ്റിന് തൽക്കാലം സമ്പന്നരും ഗെയിമിങ് പ്രേമികളുമായിരിക്കും ആവശ്യക്കാര്‍. അതായത്, ഐഫോണുകള്‍ വാങ്ങാന്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്കു മുന്നില്‍ ആളുകള്‍ തടിച്ചുകൂടുന്ന കാഴ്ച ഹെഡ്‌സെറ്റിന്റെ കാര്യത്തില്‍ ഉടനെയെങ്ങും ഉണ്ടായേക്കില്ല. 

നിലവിലുള്ളത് രണ്ടു തരം ഹെഡ്‌സെറ്റുകള്‍

ഇപ്പോള്‍ വിപണിയിൽ ലഭ്യമായത് പ്രധാനമായും രണ്ടു തരം ഹെഡ്‌സെറ്റുകളാണ്- മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ് മാജിക് ലീപ് 2 തുടങ്ങിയവയും മെറ്റാ ക്വെസ്റ്റ് തുടങ്ങിയവയും. ഇതില്‍ ഹോളോലെന്‍സും മറ്റും ബിസിനസ് സ്ഥാപനങ്ങളെ ഉദ്ദേശിച്ചു പുറത്തിറക്കുന്നവയാണ്. അതേസമയം, ആപ്പിളിന്റെ ഹെഡ്‌സെറ്റ് ഇവയ്ക്കിടയില്‍ എവിടെയെങ്കിലും ആയിരിക്കും സ്ഥാനംപിടിക്കുക എന്നു കരുതപ്പെടുന്നു. 

ദീര്‍ഘനേരം ഹെഡ്‌സെറ്റ് അണിയുന്നത് നല്ല കാര്യമോ?

പുതിയ സാങ്കേതികവിദ്യയും ധാരാളം പേരെ ആകര്‍ഷിച്ചേക്കാം. പ്രശസ്ത സമൂഹ മാധ്യമങ്ങള്‍ അടക്കം പലതും ഇതിലേക്ക് ചേക്കേറിയേക്കാം. ഇത്തരം ഒരു ഹെഡ്‌സെറ്റ് ദീര്‍ഘനേരത്തേക്ക് അണിയേണ്ടിവരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കില്ലേ എന്ന ചോദ്യവും ഉയരുന്നു. ഇതെല്ലാം സഹിച്ച് എന്തിനാണ് ഈ ഉപകരണം വാങ്ങേണ്ടത് എന്നായിരിക്കും ആപ്പിള്‍ ജൂണ്‍ 5ന് പറയുക.  ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്ത ഒരു ഉപകരണത്തെക്കുറിച്ചാണ് ഈ ചൂടുപിടിച്ച ചർച്ചകളെന്നു പ്രത്യേകം ഓർക്കേണ്ടതാണ്.

8കെ റെസലൂഷനുള്ള സ്‌ക്രീന്‍

ഓരോ കണ്ണിനും 4കെ റെസലൂഷന്‍ വച്ച് ഉള്ള രണ്ടു സ്‌ക്രീനുകളായിരിക്കും ഹെഡ്‌സെറ്റിന് എന്നു കരുതപ്പെടുന്നു. ആപ്പിളിന്റെ എം2 പ്രൊസസറായിരിക്കും ശക്തി പകരുക. ഇതുവഴി, ഇത്തരം സാധാരണ ഹെഡ്‌സെറ്റുകളെ പ്രകടനത്തിന്റെ കാര്യത്തില്‍ പിന്‍തള്ളാന്‍ ആപ്പിളിനു സാധിച്ചേക്കുമെന്നും കരുതുന്നു. ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കില്ലെന്നും അത് പുറമെ ആയിരിക്കുമെന്നും ഊഹാപോഹങ്ങളുണ്ട്. എക്‌സ്ആര്‍ഓഎസ് (xrOS) ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം എന്നും കരുതുന്നു. ഹാൻഡ് ജെസ്റ്ററുകളും സിരി വഴി നല്‍കുന്ന കമാന്‍ഡുകളും ഉപയോഗിച്ചായിരിക്കും നിയന്ത്രണം. 

പ്രൊഡക്ടിവിറ്റി സജ്ജമോ?

ആപ്പിളിന്റെ പേജസ്, ഐമൂവി, ഗ്യാരാജ്ബന്‍ഡ് തുടങ്ങിയവ ഹെഡ്‌സെറ്റില്‍ പ്രവര്‍ത്തിച്ചേക്കുമെന്നും കരുതുന്നു. ഫെയ്‌സ്‌ടൈം വിഡിയോ കോളുകളും നടത്താന്‍ സാധിച്ചേക്കും. അതേസമയം, ഗെയിമിങ് അടക്കം വിനോദ പ്രേമികള്‍ക്ക് ഒട്ടനവധി വിഭവങ്ങളും പ്രതീക്ഷിക്കാം. ധ്യാനം, വര്‍ക്ഔട്ടുകള്‍, വിഡിയോ, ഇന്റര്‍നെറ്റ് തുടങ്ങി പല ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. മെറ്റാ കമ്പനി കൊണ്ടുവരാന്‍ ശ്രമിക്കുന്ന തരം മെറ്റാവേഴ്‌സ് അവതാറുകളും വെര്‍ച്വല്‍ ഇടങ്ങളും ഇതില്‍ തുടക്കത്തില്‍ കണ്ടേക്കില്ലെന്നും കരുതപ്പെടുന്നു. 

15-ഇഞ്ച് മാക്ബുക്ക് എയര്‍

മാക്ബുക്ക് പ്രോ മോഡലുകള്‍ക്കു മാത്രമാണ് ഇതുവരെ 14 ഇഞ്ചിലേറെ സ്‌ക്രീന്‍ വലുപ്പം നല്‍കിവന്നിരുന്നത്. എന്നാല്‍, തങ്ങളുടെ കുറഞ്ഞ ലാപ്‌ടോപ് ശ്രേണിക്ക് ചരിത്രത്തിലാദ്യമായി 15 ഇഞ്ച് സ്‌ക്രീന്‍ നല്‍കുമെന്നും അത് ജൂണ്‍ 5ന് പുറത്തിറക്കിയേക്കാമെന്നും കരുതുന്നു.

ഐഓഎസ് 17

ആപ്പിളിന്റെ സുപ്രാധാന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതുക്കിയ പതിപ്പുകളായ ഐഒഎസ് 17, ഐപാഡ് ഒഎസ് 17 എന്നിവ പരിചയപ്പെടുത്തിയേക്കും. ആപ് സൈഡ്‌ലോഡിങ് ആയിരിക്കും ഇവയില്‍ വരാൻ പോകുന്ന സുപ്രധാന മാറ്റമെന്നു കരുതുന്നു. കണ്‍ട്രോള്‍ സെന്ററിനും കാതലായ മാറ്റം വന്നേക്കുമെന്ന് മാക് റൂമേഴ്‌സ് പറയുന്നു. 

വാച്ച് ഒഎസ് 10

ആപ്പിള്‍ വാച്ചിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതുക്കിയ പതിപ്പും പരിചയപ്പെടുത്തിയേക്കും.

മാക്ഒഎസ് 14

ആപ്പിളിന്റെ കംപ്യൂട്ടര്‍ ശ്രേണിയായ മാക് പ്ലാറ്റ്‌ഫോമില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അധികം സൂചനകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. 

 

ഇവയ്ക്കു പുറമെ എന്തെങ്കിലും പുറത്തിറക്കുമോ?

ആപ്പിളിന്റെ അടുത്ത തലമുറയിലെ കംപ്യൂട്ടിങ് ചിപ്പായ എം3 ഈ വേദിയില്‍ പരിചയപ്പെടുത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്നു വാദമുണ്ട്. പക്ഷേ അതിന് വിദൂര സാധ്യതയാണ് കല്‍പിക്കുന്നത്. അതുപോലെതന്നെ, കൂടുതല്‍ മാക്ബുക്കുകളും ചിലപ്പോള്‍ പുറത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എം-സീരിസ് മാക് പ്രോ പുറത്തിറക്കിയേക്കുമെന്ന് ചില വെബ്‌സൈറ്റുകള്‍ പറയുന്നു. 

എങ്ങനെ വീക്ഷിക്കാം?

ആപ്പിള്‍.കോം, ആപ്പിളിന്റെ യുട്യൂബ് ചാനല്‍, ആപ്പിള്‍ ടിവി തുടങ്ങി പല രീതിയിലും സ്ട്രീമിങ് കാണാനാകും

English Summary: WWDC 2023: Here’s everything to expect at Apple’s special event this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com