ADVERTISEMENT

എഐ ടൂളുകളുടെ അനന്ത സാധ്യതകൾ ധാരാളമുണ്ട്. പുതിയ കാലത്തിന്റെ ഇത്തരം സാധ്യതകള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പരിചയപ്പെടേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളാണ് ചാറ്റ്ജിപിറ്റി. കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമജ്ഞര്‍ക്കും മറ്റും കഴിവുകള്‍ വർധിപ്പിക്കാൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടാം.

Also Read: വമ്പന്‍ ഓഫര്‍! പിക്‌സല്‍ 6എ 28,999 രൂപയ്ക്ക്! 

എതിരാളികളെക്കാള്‍ സ്മാര്‍ടാണ് എന്ന തോന്നലുളവാക്കാന്‍ സാധിക്കുമെന്നതാണ് ചാറ്റ്ജിപിറ്റിയുടെ പ്രധാന ഗുണം. സേർച്ചു ചെയ്യുമ്പോൾ കുറച്ചു ലിങ്കുകള്‍ കൊണ്ടുവന്നു തരുന്ന ഗൂഗിള്‍ സേര്‍ച്ചിന്റെ പിടിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കുക എന്നതായിരുന്നു ചാറ്റ്ജിപിറ്റിയുടെ ആദ്യ ദൗത്യമെങ്കില്‍, നേരത്തെ ഇല്ലാതിരുന്ന ഒട്ടനവധി സാധ്യതകള്‍ അതിലുണ്ടെന്ന് അറിയാനായാല്‍ അതിനെ പണമുണ്ടാക്കാനുള്ള ഒരു ടൂളായും ഉപയോഗിക്കാം.

കണ്ടന്റ് ക്രിയേഷന്‍

ഗുണനിലവാരമുള്ള ഉള്ളടക്കം വേണമെന്ന് നിര്‍ബന്ധം പിടിക്കാത്തവരായി ആരും ഉണ്ടാവില്ല. സിനിമ-സീരിയല്‍ നിര്‍മാണം മുതല്‍, വിവിധ ബ്രാന്‍ഡുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും വരെ മികച്ച ലേഖനങ്ങളും മറ്റും നല്‍കി പണമുണ്ടാക്കാന്‍ സഹായിക്കാന്‍ ചാറ്റ്ജിപിറ്റിക്കു സാധിക്കും. ടിവി പ്രൊഡ്യൂസര്‍മാര്‍ക്കും, ഇന്റര്‍നെറ്റ് കണ്ടന്റ് പ്രൊഡ്യൂസര്‍മാര്‍ക്കും പ്രയോജനപ്പെടുത്താം.

പരിചയമില്ലാത്ത വിഷയത്തെക്കുറിച്ചു പോലും സേര്‍ച്ച് ചെയ്ത് അതിനെക്കുറിച്ച് കൂടുതല്‍ ഗ്രാഹ്യമുള്ളവരാകാം. അതുവഴി ഉന്നത നിലവാരമുള്ള ഉള്ളടക്കം തന്നെ നല്‍കാം. എന്നാല്‍, ചാറ്റ്ജിപിറ്റിയുടെ ശേഷി പരമാവധി മുതലാക്കാന്‍ ശ്രമിക്കണമെങ്കില്‍ അതിനോട് മികവുറ്റ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിക്കണം ചാറ്റ്ജിപിറ്റിയുമൊത്ത് കൂടുതല്‍ സമയം ചിലവിടണം. (ചാറ്റ്ജിപിറ്റിക്ക് തെറ്റുപറ്റിക്കൂടെന്നില്ലെന്നുള്ള കാര്യവും മനസില്‍വയ്ക്കണം. സംശയം തോന്നിയാല്‍ വീണ്ടും സേര്‍ച് ചെയ്യുക.)

കണ്ടന്റ് എഡിറ്റിങ്

നിങ്ങള്‍ എഴുതിയ ലേഖനത്തിന്റെ (തത്കാലം നമുക്കു പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് ഇംഗ്ളീഷ്) നിലവാരം വര്‍ധിപ്പിക്കാനും ചാറ്റ്ജിപിറ്റിയെ സമീപിക്കാം. ഇതുവഴി ലേഖനങ്ങളും, ബ്ലോഗുകളും പോലെയുള്ളവ പരമാവധി കുറ്റമറ്റതാക്കി, നിങ്ങള്‍ നല്ലൊരു രചയിതാവാണ് എന്ന് വരുത്താം. അതായത് നിങ്ങളുടെ രചനയിലെ അവ്യക്തതയും മറ്റും കുറച്ചു തരാനും ചാറ്റ്ജിപിറ്റിക്കു സാധിക്കും.

വിഷയദാരിദ്ര്യം പരിഹരിക്കാം

സ്ഥിരമായി കണ്ടന്റ് ഉണ്ടാക്കുന്ന ആളാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിഷയദാരിദ്ര്യം നേരിടാം. ഇത്തരം സന്ദര്‍ഭങ്ങളിലും ചാറ്റ്ജിപിറ്റിക്കു സഹായിക്കാന്‍ സാധിക്കും. ബ്ലോഗ് പോസ്റ്റുകളായാലും, യുട്യൂബ് വിഡിയോ ആണെങ്കിലും, പോഡ്കാസ്റ്റ് ആണെങ്കിലും, ലേഖനങ്ങളാണെങ്കിലും ഒക്കെ സൃഷ്ടിച്ചെടുക്കാന്‍ ധാരാളമായി പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ചാറ്റ്ജിപിറ്റി.

Also Read: വീണ്ടും സ്മാര്‍ട് ഫോൺ റേഡിയേഷന്‍ ചര്‍ച്ചകളിൽ

അതേസമയം, ഈ എഐ ടൂളിന്റെ സാധ്യതകള്‍ അറിയാനായി അതുമായി സമയമെടുത്തു തന്നെ പരിചയപ്പെടണം എന്ന കാര്യവും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് വെറുതെ ചാറ്റ് ചെയ്യാന്‍ ഒരുടൂള്‍ എന്നതില്‍ നിന്ന് ചാറ്റ്ജിപിറ്റിയെ പണമുണ്ടാക്കാനും, കാലത്തിനൊത്ത് കൂടുതല്‍ സ്മാര്‍ട്ട് ആകാനും ഉപകരിക്കുന്ന ഒരു ടൂളായി ഉപയോഗിക്കാം.

നിര്‍മിത ബുദ്ധി മനുഷ്യരെ ഇല്ലാതാക്കിയേക്കാം, അതിശയോക്തി!

നിര്‍മിത ബുദ്ധി മനുഷ്യരെ ഇല്ലാതാക്കിയേക്കാം എന്ന തരത്തിലുള്ള ചർച്ചകളൊക്കെ ഈ ഘട്ടത്തില്‍ അതിശയോക്തിപരമാണെന്ന് ന്യൂയോര്‍ക് യൂണിവേഴ്‌സിറ്റിയിലെ എമെറിറ്റസ് പ്രൊഫസര്‍ ഗ്യാരി മാര്‍കസ്. ഏകദേശം ആറു മാസം മുമ്പ് ചാറ്റ്ജിപിറ്റി പുറത്തിറങ്ങിയപ്പോൾ സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് അടക്കം ആയിരത്തിലേറെ പ്രമുഖര്‍  എഐക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ അത് മനുഷ്യരാശിയെ ഇല്ലാതാക്കും എന്ന് അവകാശപ്പെട്ട് രംഗത്തെത്തി. ചാറ്റ്ജിപിറ്റി പുറത്തുവരുന്നതിനു മുമ്പ് എഐ മോഡലുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചവരില്‍ ഒരാളാണ് ഗ്യാരി.

അനാവശ്യ ഭീതിയെന്ന് വീണ്ടുവിചാരം

അത്ര വലിയ ഭീഷണിയുണ്ടെങ്കില്‍ നിങ്ങള്‍ എന്തിന് എഐ വികസിപ്പിക്കണം എന്ന് ഗ്യാരി ചോദിക്കുന്നു. എഐ വികസിപ്പിക്കല്‍ തൽക്കാലത്തേക്കു നിറുത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട മസ്‌ക്, ഉടനെ തന്നെ സ്വന്തമായി പുതിയ എഐ കമ്പനി തുടങ്ങുന്ന കാഴ്ചയാണ് ലോകംകണ്ടത്. താമസിയാതെ എഐ ഉപയോഗിച്ച് മാര്‍ക്കറ്റുകളെയും മറ്റും നിയന്ത്രിക്കുന്ന സാധ്യത ഗ്യാരി തള്ളിക്കളയുന്നുമില്ല. ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞിട്ട് അത് റഷ്യക്കാരാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞേക്കാം. 

റഷ്യയ്ക്ക് അതില്‍ ഒരു പങ്കുമില്ലെങ്കില്‍ പോലും അത്തരം അവകാശവാദങ്ങള്‍ നടത്തപ്പെടാം. അതു വേണമെങ്കില്‍ ഒരു ആണവയുദ്ധത്തിന് കലാശിക്കുകയും ചെയ്യാം, ഗ്യാരി പറയുന്നു. പക്ഷെ, വരുന്ന കുറച്ചു കാലത്തേക്കെങ്കിലും, എഐയുടെ ഭീഷണിയേക്കാളേറെ, താന്‍ ജനാധിപത്യത്തിന്റെ ഭാവിയിലാണ് ആകുലപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

∙ ആന്‍ഡ്രോയിഡ് 14 ബീറ്റയില്‍ ഐഒഎസിലേതിനു സമാനമായ ബാറ്ററി ഹെല്‍ത്ത് നിരീക്ഷണം

ആപ്പിളിന്റെ ഐഒഎസിനു സമാനമായ രീതിയില്‍, ബാറ്ററി ഹെല്‍ത്ത് നിരീക്ഷണ സംവിധാനം ആന്‍ഡ്രോയിഡ് 14 ബീറ്റയില്‍ കണ്ടെന്ന് അവകാശവാദം. മിഷാല്‍ റഹ്‌മാന്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഐഓഎസ് 14.5ല്‍ ആപ്പിള്‍ അവതരിപ്പിച്ച തരത്തിലുള്ള സംവിധാനം വരുന്നുഎന്ന് പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയിഡ് 14 ബീറ്റയിലുള്ള പുതിയ സിസ്റ്റം എപിഐ ആണ് ഇതിന്റെ സൂചനയായി മിഷാല്‍ എടുത്തുകാട്ടുന്നത്. ബാറ്ററി ഹെല്‍ത്ത്, ചാര്‍ജ് സൈക്കിളുകള്‍, ചാര്‍ജിങ് സ്റ്റാറ്റസ് തുടങ്ങിയവ അടക്കം ഒരുപറ്റം പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡിലും പ്രതീക്ഷിക്കുന്നത്.

∙ ഗൂഗിള്‍ പിക്‌സല്‍ 8ന്റെ പ്രൊസസറിന് കരുത്തേറുമെന്ന് പ്രവചനം

ഗൂഗിള്‍ സ്വന്തമായി നിര്‍മ്മിക്കുന്ന പ്രൊസസറുകളാണ് അവരുടെ പിക്‌സല്‍ സ്മാര്‍ട് ഫോണുകളെ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ടെന്‍സര്‍ എന്ന പേരിലാണ് ഇവ പുറത്തിറക്കുന്നത്. ആദ്യ പ്രൊസസര്‍ രണ്ടു വര്‍ഷം മുമ്പാണ് പുറത്തിറക്കിയത്. ഗൂഗിള്‍ പുതിയതായി പുറത്തിറക്കാന്‍ പോകുന്ന പിക്‌സല്‍ 8 ഫോണുകള്‍ക്ക് ശക്തിപകരുക ടെന്‍സര്‍ ജി3 ചിപ്പുകളായിരിക്കും. മോഡേണ്‍ കോറുകള്‍ ഉണ്ടായിരിക്കുമെന്നും, ഏറ്റവും പുതിയ സ്റ്റോറേജ് സ്റ്റാന്‍ഡേര്‍ഡ് സപ്പോര്‍ട്ടു ചെയ്യുമെന്നും, പുതിയ ജിപിയു ആയിരിക്കുമെന്നും ആന്‍ഡ്രോയിഡ് ഒതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. സുമ (Zuma) എന്ന കോഡ് നാമത്തിലാണ് പുതിയ പ്രൊസസര്‍ ഉണ്ടാക്കിവരുന്നതെന്നും പറയുന്നു. ഇതിന്റെ കോര്‍ ലേഔട്ട് 1+4+4 ആയിരിക്കും. മുന്‍ പ്രൊസസറുകള്‍ക്ക് 2+2+4 ലേഔട്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

ട്വിറ്ററിന്റെ കൂടുതല്‍ രാജി; സുരക്ഷാ ഉദ്യോഗസ്ഥയും പുറത്തേക്ക്

സമൂഹ മാധ്യമമായ ട്വിറ്ററിന്റെ സുരക്ഷാ ഉദ്യോഗസ്ഥ എല ഇര്‍വിന്‍ രാജിവച്ചെന്നു റിപ്പോര്‍ട്ട്. ഈ രാജിക്കു ശേഷം, കമ്പനിയുടെ ബ്രാന്‍ഡ് സേഫ്റ്റി ആന്‍ഡ് ആഡ് ക്വാളിറ്റി മേധാവി എജെ ബ്രൗണും രാജിവച്ചെന്ന് റോയിട്ടേഴ്‌സ്. ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌കിന്റെ ഭരണപരിഷ്‌കാരങ്ങളെത്തുടര്‍ന്ന് വളരെയധികം ജോലിക്കാരെ പിരിച്ചുവിടുകയോ, കമ്പനിയില്‍ നിന്ന് രാജിവച്ചു പോകുകയോ ചെയ്തിട്ടുണ്ട്. ചിലരെ തിരിച്ചുകൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നായിരുന്നു മസ്‌ക് ഒരിക്കല്‍ പറഞ്ഞത്.


English Summary: ChatGPT is a large language model chatbot developed by OpenAI. It can be used for a variety of purposes, including content creation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com