കെഫോൺ ലോഞ്ചിൽ ദൃശ്യ വിസ്മയം തീർത്ത് ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) ഷോ. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു വിശിഷ്ടാതിഥികളും ഇരിക്കുന്ന സദസിന്റെ മുൻവശം പിളർന്ന് ഭൂമിക്കടിയിൽ നിന്ന് റോബോട്ടിക് കൈ കേരളത്തിന്റെ ഭൂപടവുമായി ഉയർന്നുവന്നു. വേദിക്കുമുന്നിൽ നിവർത്തിവച്ച ഭൂപടത്തിലേക്ക് കാഴ്ചക്കാരുടെ ഇടയിൽ നിന്നൊരു കൂറ്റൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഒഴുകിയിറങ്ങുകയും ചെയ്തു. തീരവും മലയോരവുമൊക്കെ ഒറ്റക്കണ്ണിയിൽ കോർത്തിണക്കുന്ന റിങ് നെറ്റ്‌വർക്ക് ആർക്കിടെക്ചറും എആർ ഷോയിൽ ലളിതമായി ഓഗ്‌മെന്റഡ് റിയാലിറ്റി ഷോയിലൂടെ വിശദീകരിച്ചു.
കെഫോണിന്റെ വൈഫൈ കണക്ടിവിറ്റിയിൽ കരുത്തുനേടിയ വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പന്തലാടിക്കുന്ന് കോളനിയിലെ കാടും വീടുമടക്കം വേദിയിലേക്ക് എത്തിയത് പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ഇത്തരത്തിൽ എആർ ഉപയോഗിച്ചുള്ള കാഴ്ച വിസ്മയം തീർക്കുന്നത്. എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന ഭൂപ്രദേശങ്ങളിൽ പോലും കെഫോൺ ശൃംഖലയുടെ സാന്നിധ്യവും പ്രവർത്തനമികവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു പരിപാടി.

കെഫോണിന്റെ തലച്ചോർ എന്നു വിശേഷിപ്പിക്കാവുന്ന നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്റർ (NOC), കെഎസ്ഇബിയുടെ ഇൻഫ്രാസ്ട്രക്ചറൽ കരുത്തിന്റെ പിന്തുണ, പോയിന്റ് ഓഫ് പ്രസൻസ് (PoP) എന്നിവയും എആർ അവതരണത്തിലൂടെ വിശദീകരിച്ചു. കേരള സ്റ്റാർട്ടഅപ്പ് മിഷനിൽ ഇൻകുബേറ്റഡായ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ എക്സ്ആർ ഹൊറൈസൺ (XR Horizon) ആണ് കെഫോണിനു വേണ്ടി തൽസമയം ഓഗ്‌മെന്റഡ് റിയാലിറ്റി ഷോ അവതരിപ്പിച്ചത്.
കെഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെഫോണ്‍ വഴി ഇന്‍ര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.

കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.
കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധാരണക്കാര്‍ക്ക് കെഫോണ്‍ വരിക്കാരാകാന്‍ സാധിക്കും. പ്ലേസ്റ്റോറിലും ആപ്പ്‌സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്.എ.ക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതിമാസം 3000 ജിബി ഡറ്റാ 299 രൂപ മുതൽ
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സേവന നിരക്കുകളും കെഫോൺ പ്രഖ്യാപിച്ചു. പ്രതിമാസം 299 രൂപ മുതലാണ് കെഫോൺ നിരക്കുകൾ ആരംഭിക്കുന്നത്. 20 എംബിപിഎസ് (സെക്കൻഡിൽ 20 എംബി) അടിസ്ഥാന വേഗത്തിൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കും.