നിർമിത ബുദ്ധിയെക്കുറിച്ചുള്ള (എഐ) ഗവേഷണത്തിന് പിന്തുണ നല്‍കണമെന്ന് വൈറല്‍ സേര്‍ച് എൻജിന്‍ ചാറ്റ്ജിപിറ്റിയുടെ സ്ഥാപകരിലൊരാളായ സാം ആള്‍ട്ട്മാന്‍. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന സാം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയും താനും എഐയെയും അതിന്റെ സാധ്യതകളെയും കുറിച്ചും എഐയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി-ഡല്‍ഹി) നടത്തിയ ചര്‍ച്ചയിലും സാം ആള്‍ട്ട്മാന്‍ പങ്കെടുത്തു.

ഇന്ത്യയിലെത്തിയ ആള്‍ട്ട്മാന്‍ പറഞ്ഞ ചില പ്രധാന കാര്യങ്ങള്‍
എഐ നിയന്ത്രണാതീതമായേക്കാമെന്ന വാദത്തോട് പ്രതികരിച്ച അദ്ദേഹം, എഐ വികസിപ്പിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ സർക്കാർ വയ്ക്കണമെന്നും ഇന്ത്യയ്ക്കും അതിലൊരു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും പറഞ്ഞു. അതേസമയം, ചെറിയ എഐ കമ്പനികള്‍ക്ക് കടിഞ്ഞാണിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെതു പോലെയോ അതിലും വലിയ കമ്പനികള്‍ക്കുമാണ് നിയന്ത്രണം ആവശ്യമായിട്ടുള്ളത്. ചാറ്റ്ജിപിറ്റി അവതരിപ്പിക്കുക വഴി തങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന കാര്യങ്ങള്‍ ആണോ ചെയ്തിരിക്കുന്നത് എന്നോര്‍ത്ത് തനിക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടെന്നും അതിനാല്‍തന്നെ നിയന്ത്രണങ്ങള്‍ വരണമെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
മെറ്റാ വേരിഫൈഡ് ഇന്ത്യയിലും; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് പ്രതിമാസം 699 രൂപ
ഡിജിറ്റല്‍ ഇന്ത്യ
ദേശീയതലത്തില്‍ ഇന്ത്യ ടെക്‌നോളജിക്കു നല്‍കുന്ന പ്രാധാന്യം ഗംഭീരമാണെന്ന് ആള്‍ട്ട്മാന്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ മേഖലയില്‍ അടക്കം എഐ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു മേഖലകളില്‍ എങ്ങനെ എഐയെ കൂട്ടുപിടിക്കാമെന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇക്കാര്യത്തിലാണ് പല രാജ്യങ്ങളിലെയും സർക്കാറുകൾ പിന്നില്‍ നില്‍ക്കുന്നതെന്ന് ആള്‍ട്ട്മാന്‍ ചൂണ്ടികാണിച്ചു. ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ചാറ്റ്ജിപിറ്റി വരുന്നത് തത്കാലം പ്രയാസമുള്ള കാര്യമാണെന്നും, എന്നാല്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ചാറ്റ്ജിപിറ്റി നേടിയ പ്രസിദ്ധി തന്നെ അമ്പരപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
എഐ ജോലി നഷ്ടമുണ്ടാക്കുമോ?
ഓരോ പുതിയ ടെക്‌നോളജി വിപ്ലവും പഴയ പല ജോലികളും ഇല്ലാതാക്കുമെന്നത് അനിവാര്യമാണ്. അതേസമയം, പലരും പറഞ്ഞു പരത്തുന്നതു പോലെ അത്ര മോശമായേക്കില്ല കാര്യങ്ങള്‍. ചാറ്റ്ജിപിറ്റി നല്‍കുന്ന ഉത്തരങ്ങളുടെ വിശ്വസനീയത പലരും ചോദ്യംചെയ്തിട്ടുണ്ട്. എന്നാല്‍, തനിക്ക് ഇന്ന് ഭൂമിയില്‍ ആരില്‍ നിന്നു ലഭിക്കുന്ന ഉത്തരങ്ങളോളം താന്‍ ചാറ്റ്ജിപിറ്റി നല്‍കുന്ന ഉത്തരങ്ങളെ വിശ്വസിക്കുന്നു എന്നാണ് ആള്‍ട്ട്മാന്‍ പ്രതികരിച്ചത്. അതേമയം, ഗൗരവമുള്ള വിഷയങ്ങളില്‍ എഐ തെറ്റുവരുത്തിയാല്‍ ഒരു 'ഗ്യാസ് മാസ്‌ക് വച്ചാലും' ലോകത്തിന് രക്ഷയുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇന്ത്യയില്‍ ഓപ്പണ്‍എഐ ഓഫിസ് തുറക്കുമോ?
ഇന്ത്യയില്‍ തങ്ങള്‍ ആദ്യം ചില സ്റ്റാര്‍ട്ട്അപ് കമ്പനികളില്‍ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആള്‍ട്ട്മാന്‍ പറഞ്ഞു. ഇത്തരം സ്റ്റാര്‍ട്ട്അപ് കമ്പനികള്‍ ഉന്നതനിലവാരമുള്ളവയാണ്. അടുത്തതായി തങ്ങള്‍ മൊബൈലും ഇന്റര്‍നെറ്റും കേന്ദ്രമായി ആയിരിക്കും സാങ്കേതികവിദ്യ വകസിപ്പിക്കുക. ഇസ്രായേല്‍, ജോർദന്‍, ഖത്തര്‍, യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇനി അദ്ദേഹം സന്ദര്‍ശിക്കുക.
വിനാശകാരിയായ കംപ്യൂട്ടര്‍ മാല്‍വെയര്‍ സൃഷ്ടിക്കാന്‍ ചാറ്റ്ജിപിറ്റിക്കു സാധിച്ചേക്കാമെന്ന്
നിലവിലുള്ള കംപ്യൂട്ടര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത തരത്തിലുള്ള പോളിമോര്‍ഫിക് മാല്‍വെയര്‍ സൃഷ്ടിക്കാനും ചാറ്റ്ജിപിറ്റിക്ക് സാധിച്ചേക്കുമെന്ന് ഒരുകൂട്ടം ഗവേഷകര്‍. നിലവിലുള്ള എന്‍ഡ് പോയിന്റ് ഡിറ്റെക്ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് സംവിധാനത്തിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള മാല്‍വെയര്‍, ചാറ്റ്ജിപിറ്റി ഉപയോഗിച്ച് സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറഞ്ഞതെന്ന് ടോംസ് ഹാര്‍ഡ്‌വെയര്‍. ഹിയസ് ഇന്‍ഫോസെക് കമ്പനിയിലെ സുരക്ഷാ എഞ്ചിനിയര്‍ ജെഫ് സിംസ് അടക്കമുള്ള ഗവേഷകരാണ് പുതിയസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പു പുറത്തുവിട്ടിരിക്കുന്നത്.
ചാറ്റ്ജിപിറ്റിയുടെ പുതിയ ആപ് ഐപാഡിന്റെ വലിയ സ്‌ക്രീനിന് ഉചിതം
ആപ്പിളിന്റെ ഐഒഎസ്, ഐപാഡ് ഒഎസ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി ചാറ്റ്ജിപിറ്റിയുടെ ആപ്പ് കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. ഐപാഡ് ഒഎസിലുള്ള ആപ്പിന് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഇതോടെ ആപ്പിന് ഐപാഡുകളുടെ കൂടുതല്‍ വലിയ സ്‌ക്രീന്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാനാകുമെന്ന് റിപ്പോര്‍ട്ട്.
ആദ്യ രാജ്യാന്തര എഐ സുരക്ഷാ സമ്മേളനത്തിന് വേദിയാകാന്‍ ബ്രിട്ടൻ
എഐയുടെ സുരക്ഷയെക്കുറിച്ചു നടത്തുന്ന ആദ്യത്തെ രാജ്യാന്തര ചര്‍ച്ചയ്ക്ക് ബ്രിട്ടൻ വേദിയാകും. ഈ വര്‍ഷം തന്നെ ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

ആപ്പിള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ എആര്‍ ഉപകരണമായ വിഷന്‍ പ്രോയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. അതിലൊന്നാണ് അതിന്റെ സ്‌ക്രീനിന്റെ റിഫ്രെഷ് റെയ്റ്റ്. അത് 90 ഹെട്‌സ് ആണ് എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഐഫോണ്‍ 14 പ്രോ മോഡലുകളുടെ റിഫ്രെഷ് റെയ്റ്റ് 120 ഹെട്‌സ് ആണ്. അതേസമയം, 144 ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റ് ഉള്ള ഹെഡ്‌സെറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
1.34 ലക്ഷം രൂപയുടെ മാക്ബുക് എയര്‍ മുതല്‍ 7.79 ലക്ഷം രൂപയുടെ മാക് സ്റ്റുഡിയോ വരെ...
വിഷന്‍ പ്രോയെ കളിയാക്കി നതിങ് മേധാവി
നതിങ് കമ്പനിയുടെ മേധാവി വിഷന്‍ പ്രോയെ ചെറുതായി ഒന്നു കളിയാക്കി ട്വീറ്റ് നടത്തി. 'ടിവിയോട് അത്ര അടുത്തിരിക്കരുത്' എന്നാണ് 90കളില്‍ പറഞ്ഞിരുന്നതെന്നും, 2023ല്‍ ഇതാണ് സംഭവിച്ചതെന്നും പറഞ്ഞ് വിഷന്‍ പ്രോയുടെ ചിത്രം അദ്ദേഹം ട്വീറ്റ്ചെയ്തു. വിഷന്‍ പ്രോ അണിയുന്ന വ്യക്തിയുടെ കണ്ണിനോടു ചേര്‍ന്നാണല്ലോ സ്‌ക്രീന്‍.
ഇന്ത്യയില്‍ വിദ്യാർഥികള്‍ക്കുള്ള ആദ്യ പ്രോഗ്രാമുമായി നതിങ്
വിദ്യാര്‍ത്ഥികളില്‍ സര്‍ഗാത്മകത വര്‍ദ്ധിപ്പിക്കാനുള്ള ആദ്യ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് നതിങ് കമ്പനി. യുവാ (Yuvaa) എന്ന സംഘടനയുമായി ചേര്‍ന്നാണ് 'ജനറേഷന്‍ നതിങ്' എന്ന പേരിലുള്ള സ്റ്റുഡന്റ് പ്രോഗ്രാം ഇന്ത്യയില്‍ തുടങ്ങിയിരിക്കുന്നത്. രൂപകല്‍പനാ വൈഭവം, സംസ്‌കാരം, ടെക്‌നോളജി എന്ന മേഖലയില്‍ വൈഭവമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായിരിക്കും ഉദ്ദേശം.
പരസ്യങ്ങളുമായി ആമസോണ്‍ പ്രൈം വിഡിയോ വരുന്നു?
ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ട്രീമിങ് സേവനങ്ങളിലൊന്നാണ് ആമസോണ്‍ പ്രൈം. മലയാളം സിനിമകള്‍ അടക്കം അതില്‍ ലഭ്യമാണ്. നിലവില്‍ പ്രൈം വഴി ലഭിക്കുന്ന സിനിമകള്‍ക്കും മറ്റും ഇടയ്ക്ക് പരസ്യങ്ങള്‍ ഇല്ല. എന്നാല്‍, പരസ്യങ്ങള്‍ നല്‍കി വരിസംഖ്യ കുറച്ച് പുതിയ പ്ലാന്‍ ആഗോള തലത്തില്‍ അവതരിപ്പിക്കുന്ന കാര്യം ആമസോണ്‍ പരിഗണിക്കുകയാണെന്നു സൂചന. പ്രൈമിന്റെ എതിരാളികളായ നെറ്റ്ഫ്‌ളിക്‌സും, വാള്‍ട്ട് ഡിസ്‌നിയും ഇത്തരം പ്ലാനുകള്‍ തുടങ്ങിയതോടെയാണ് ആമസോണിനും മനംമാറ്റം കണ്ടുതുടങ്ങിയിരിക്കുന്നതത്രെ.