റേഡിയേഷന്‍ അധികം, ഐഫോണ്‍ 12 വില്‍പ്പന ഫ്രാന്‍സ് നിരോധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നിലപാട് ഇങ്ങനെ
Mail This Article
ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷന്‍ അധികമായതിനാല്‍ ഐഫോണ്‍ 12ന്റെ വില്‍പ്പന ഫ്രാന്‍സ് നിരോധിക്കുകയാണ് എന്നു റിപ്പോര്‍ട്ടുകൾ. ഈ മോഡലിന്റെ സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റെയ്റ്റ് (സാര്‍) കൂടുതലാണെന്ന് ഫ്രാന്‍സിന്റെ ഔദ്യോഗിക ഏജന്‍സി നടത്തിയ ടെസ്റ്റില്‍ തെളിഞ്ഞതാണ് നിരോധനത്തിനു കാരണം. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുന്ന അളവിലേറെ വികിരണമാണ് ഐഫോണ്‍ 12 പുറപ്പെടുവിക്കുന്നത് എന്നാണ് കണ്ടെത്തല്‍. ഫേംവെയര്‍ അപ്‌ഡേറ്റ് വഴി സാര്‍ കുറച്ചുകൊണ്ടുവരികയോ, വില്‍പ്പന നിറുത്തുകയോ ചെയ്യാനാണ് ആപ്പിളിനോട് ഫ്രാന്‍സ്ആവശ്യപ്പെട്ടിരിക്കുന്നത്.
ഇയു പറയുന്നത് ഒരു ഹാന്‍ഡ്‌ഹെല്‍ഡ്, അല്ലെങ്കില്‍ പോക്കറ്റില്‍ കൊണ്ടു നടക്കുന്ന ഉപകരണത്തില്‍ നിന്ന് 4 വാട്ട് പെര്‍ കിലോഗ്രാം ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി അബ്‌സോര്‍പ്ഷനെ പാടുള്ളു എന്നാണ്. ഐഫോണ്‍ 12ന് ഇതിന്റെ 40 ശതമാനത്തിലെറെ അധിക അപ്‌സോര്‍പ്ഷന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അതായത് 5.74 വാട്ട് പെര്‍ കിലോഗ്രാം. ആപ്പിള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.
ലോകാരോഗ്യ സംഘടനയുടെ നിലപാട്
അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ഇതുവരെ ഒരു ആരോഗ്യപ്രശ്‌നവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുള്ള നിലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക്. പക്ഷെ, 2011ല്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡുകള്‍ക്ക് മനുഷ്യരില്‍ ക്യന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത കണ്ടേക്കാം എന്നും പറയുന്നു. പക്ഷെ ഇക്കാര്യത്തില്‍ വേണ്ട തെളിവുകളില്ലെന്ന നലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക്. ഡിഎന്‍എക്കു പ്രശ്‌നമുണ്ടാക്കാന്‍ പാകത്തിലുള്ള വികിരണം സെല്‍ഫോണുകള്‍ ഉണ്ടാക്കുന്നില്ലെന്നാണ് പൊതുവെ ഗവേഷകര്‍ വിശ്വസിക്കുന്നത്.
സാഹചര്യം മാറി
അതേസമയം, പുതിയ കാലത്ത് ആളുകള്‍ ഒരു ഫോണ്‍ മാത്രമായിരിക്കില്ല ഉപയോഗിക്കുന്നത്. ഫോണുകളും ടാബുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ടാകാം. ഇവയിലെല്ലാം നിന്ന് ഒരേ സമയത്തു പുറപ്പെടുന്ന വികിരണം പ്രശ്‌നകരമാകുമോ എന്ന പഠനം നടത്തേണ്ടതില്ലെ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 12 മോഡല്‍ ആപ്പിള്‍ ഇനി ഫ്രാന്‍സില്‍ വിറ്റേക്കില്ല. ചിലപ്പോൾ ഇയുവിലും വിറ്റേക്കില്ല. ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നുണ്ടോ? ഗൗരവത്തിലെടുക്കാന്‍ നാസ
''തിരിച്ചറിഞ്ഞിട്ടില്ലാത്ത അസാധാരണ പ്രതിഭാസം'' (യുഎപി) കൂടുതല്‍ ഗൗരവത്തിലെടുക്കാന്‍ നാസ. യുഎഎഫ്ഓ ഗവേഷണ വിഭാഗത്തിന് പുതിയ മേധാവിയെ പ്രഖ്യാപിച്ചു. പേര് പുറത്തുവിട്ടിട്ടില്ല. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നപുതിയ വാദപ്രതിവാദങ്ങള്‍ ഈ വിഭാഗമായിരിക്കും കൈകാര്യം ചെയ്യുക. മനുഷ്യ നിര്‍മിതമല്ലാത്ത വസ്തുക്കളും വിശദീകരിക്കാന്‍ സാധിക്കാത്ത പ്രതിഭാസങ്ങളും കാണുന്നു എന്ന അവകാശവാദങ്ങള്‍ പരിശോധിക്കുകയായിരിക്കും പുതിയ വിഭാഗത്തിന്റെ ചുമതല.
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തെക്കാളേറെ, തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കാണപ്പെട്ടു എന്നു പറയുന്ന ആകാശ പ്രതിഭാസങ്ങള്‍ അമേരിക്കയുടെ വ്യോമ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റു രാജ്യങ്ങളുടെ ആകാശക്കസര്‍ത്താണോ എന്നറിയാനുള്ള ജിജ്ഞാസയാണ് നാസയ്ക്ക് കൂടുതലായി ഉള്ളതെന്ന വാദവും ഉയരുന്നു.
ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാമെന്ന് മസ്‌കിന്റെ എക്‌സ്
ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക് സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കുകയും അന്ന് കമ്പനിയില്‍ ജോലിയിലുണ്ടായിരുന്ന പലരെയും പിരിച്ചുവിടുകയും ചെയ്തിരുന്നല്ലോ. ട്വിറ്റര്‍ ഇപ്പോള്‍ പേരുമാറി എക്‌സ് ആയി. ട്വിറ്ററില്‍ നിന്നു പിരിച്ചുവട്ട പല ജോലിക്കാരും തങ്ങള്‍ക്ക് നല്‍കാമെന്നേറ്റ പണം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് കോടതിയ സമീപിച്ചിരുന്നു. ഏകദേശം 2000 പേരാണ് ട്വിറ്ററിനെതിരെ കേസുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ കേസുകള്‍ തീര്‍പ്പാക്കാമെന്ന് എക്‌സ് ഇപ്പോള്‍സമ്മതിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ കയറിപ്പറ്റി ഇസ്രോയുടെ നാവിക് സിസ്റ്റം! എന്താണത്?
സെപ്റ്റംബര്‍ 12ന് ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച നാവിക് (NavIC) സിസ്റ്റവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന വാര്‍ത്ത ആഹ്ലാദകരമാണ്. ഇതുവരെ അമേരിക്കയുടെ ഗ്ലോബല്‍പൊസിഷണിങ് സിസ്റ്റം (ജിപിഎസ്) ആയിരുന്നു ഐഫോണുകളില്‍ ലഭ്യമായിരുന്നത്. ജിപിഎസിനു പകരമായിരിക്കും ചില ഭൂപ്രദേശങ്ങളില്‍ നാവിക് ഐഫോണില്‍ പ്രവര്‍ത്തിക്കുക. ഇതിനെ ഇന്ത്യന്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഒരു ഉജ്ജ്വല മുഹൂര്‍ത്തമായി കാണാം. നാവിക് സിസ്റ്റത്തിന് ജിപിഎസിനെക്കാള്‍കൃത്യതയുണ്ട് എന്നതാണ് ആപ്പിള്‍ പോലെയൊരു ആഗോള ഭീമനെ ആകര്‍ഷിച്ചത് എന്ന കാര്യം എടുത്തുപറയേണ്ടല്ലോ.
എന്താണ് നാവിക് സിസ്റ്റം?
നാവിഗേഷന്‍ വിത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ (നാവിക്) ആദ്യമായി പ്രവര്‍ത്തനസജ്ജമായത് 2018ല്‍ ആണ്. നേരത്തെ ഉണ്ടായിരുന്ന ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന് (ഐആര്‍എന്‍എസ്എസ്) പകരമായാണ് ഇത് എത്തിയത്. ജിപിഎസിനു ബദലായി ഇന്ത്യന്‍ സ്‌പെയസ് റീസേര്‍ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ആണ് ഈ സാങ്കേതികവിദ്യ വളര്‍ത്തിയെടുത്തത്. ഈ ടെക്‌നോളജി ഏഴു സാറ്റലൈറ്റുകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇവയ്ക്ക് 20 മീറ്ററിലേറെ കൃത്യത നല്‍കുന്നത്.
ഇന്ത്യയടക്കം ചില ഭൂപ്രദേശങ്ങളില്‍ നിലവിലുള്ള വിദേശസിസ്റ്റങ്ങളെക്കാള്‍ കൃത്യത നാവികിന് കൈവരിക്കാനായിരിക്കുന്നു എന്നതാണ്, സൂക്ഷ്മതയുടെ ആശാനായ ആപ്പിളിനെ പോലും ഇത് ആകര്‍ഷിക്കാന്‍ ഇടവരുത്തിയത്. ഇതിന് സപ്പോര്‍ട്ട് നല്‍കാനായി സദാസമയവും പ്രവര്‍ത്തിക്കുന്ന ഭൂതല സ്റ്റേഷനുകളും ഉണ്ട്.
English Summary: Apple will be rolling out a software update for iPhone 12 users in France.