67,800 രൂപ വരെ എക്‌ചേഞ്ച് ഓഫര്‍; ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഉഗ്രന്‍ വിലയെന്ന് ആപ്പിൾ, ഇത് ആകര്‍ഷകമോ?

iphone-15-pro - 1
Image:Apple
SHARE

ഐഫോണ്‍ 15 സീരിലെ ഫോണുകള്‍ക്കെല്ലാം 67,800 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഇപ്പോള്‍ ആപ്പിള്‍ നേരിട്ടു നല്‍കുന്നു. ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് മോഡലുകള്‍ക്കെല്ലാം ഈ ഡിസ്‌കൗണ്ട് ബാധകമായിരിക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ 7 മുതലുള്ള ആപ്പിളിന്റെ മോഡലുകളോ, റെഡ്മി നോട്ട് 9, സാംസങ് ഗ്യാലക്‌സി എസ്22 5ജി, വണ്‍പ്ലസ് 6ടി തുടങ്ങിയവ അടക്കം ഉള്ള ആന്‍ഡ്രോയിഡ് ഫോണുകളോ ഉള്ളവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനെ ട്രേഡ്-ഇന്‍ എന്നാണ് ആപ്പിള്‍ വിളിക്കുന്നത്. പഴയ ഉപകരണത്തിന് ഉഗ്രന്‍ വിലയാണ് തങ്ങള്‍ നല്‍കുന്നതെന്നാണ് ആപ്പിള്‍ പറയുന്നത്. ഇത് ആപ്പിള്‍ സ്റ്റോറുകളില്‍ നേരിട്ടോ ഓണ്‍ലൈനായോ ചെയ്യാം. പരമാവധി എക്‌സ്‌ചേഞ്ച് വില കിട്ടുന്നത് ഐഫോണ്‍ 14 പ്രോ മാക്‌സിനാണ്. ഇത് ആകര്‍ഷകമാണോ?

ട്രേഡ്-ഇന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

പഴയ ഫോണ്‍ നല്‍കി, ശേഷിക്കുന്ന വില പണമായും നല്‍കി പുതിയ ഐഫോണ്‍ 15 സീരിസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇതാണ്: ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ പഴയ ഫോണിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. തുടര്‍ന്ന് അതിനു ലഭിക്കാവുന്ന ട്രേഡ്-ഇന്‍ വില ആപ്പിള്‍ അറിയിക്കും. വില സമ്മതമാണെങ്കില്‍ അപ്പോള്‍ തന്നെ അപേക്ഷിക്കാം. രണ്ടാം ഘട്ടത്തില്‍ ഏതു ദിവസം ഏതു സമയത്ത് നിങ്ങളുടെ വീട്ടില്‍ പുതിയ ഫോണ്‍ എത്തുമെന്ന അറിയിപ്പു ലഭിക്കും.

പഴയ ഫോണ്‍ ആ സമയത്ത് നല്‍കണം. കൊറിയറുമായി എത്തുന്നയാള്‍ പഴയ ഫോണ്‍ പരിശോധിക്കുകയും അതിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പെട്ടെന്നൊരു വിലയിരുത്തല്‍ നടത്തുകയും ചെയ്യും. ഫോണിന്റെ ബോഡി, ടച്‌സ്‌ക്രീനിന്റെ പ്രവര്‍ത്തനം , മുന്‍-പിന്‍ ക്യാമറകളുടെ അവസ്ഥ എന്താണ്, ബാറ്ററിയുടെ സ്ഥിതി എന്ത്, സംഭരണശേഷി, പ്രകടനം മന്ദീഭവിച്ചിട്ടുണ്ടോ, വൈ-ഫൈ, മൊബൈല്‍ പ്രവര്‍ത്തനം തുടങ്ങിയവ ആയിരിക്കും വിലയിരുത്തുക.

വേരിഫിക്കേഷന്‍ നടത്തിക്കഴിഞ്ഞ് പഴയ ഫോണ്‍ എടുത്ത് പുതിയ ഫോണ്‍ നല്‍കും. എന്നാല്‍, പഴയ ഫോണിന് പ്രശ്‌നങ്ങള്‍ കണ്ടാല്‍ വില കുറയ്ക്കും. ആ അധിക വിലയും എക്‌സ്‌ചേഞ്ച് നടത്തുന്നയാള്‍ നല്‍കേണ്ടി വരും. മറ്റൊരു സുപ്രധാന കാര്യം ഈ ഓഫര്‍ ഇപ്പോള്‍ ചില  നഗരങ്ങളില്‍ മാത്രമെ ഉള്ളു എന്നതാണ്. വീടിന്റെയോ ഓഫിസിന്റെയോ പിന്‍കോഡ് നല്‍കി ഓഫര്‍ ലഭ്യമാണോ എന്ന് അറിഞ്ഞ ശേഷം മുന്നോട്ടു പോകുക.

ഓഫറുകള്‍

 

നേരത്തെ പറഞ്ഞതു പോലെ ഏറ്റവുമധികം പണം ലഭിക്കുക ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ ഏറ്റവും കൂടിയ വേരിയന്റ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴാണ്. അത് 67,800 രൂപയാണ്. ഐഫോണ്‍ 14 പ്രോ ആണെങ്കില്‍ പരമാവധി 64,500 രൂപ ലഭിക്കും. ഐഫോണ്‍ 14 പ്ലസിന്റെ ഏറ്റവും കൂടിയ സംഭരണശേഷിയുള്ള മോഡലിന് 42,500 ലഭിക്കുമെങ്കില്‍ ഐഫോണ്‍ 14 പ്ലസിന് പരമാവധി ലഭിക്കുക 40,000 രൂപയാണ്. ഐഫോണ്‍ എസ്ഇ 3-ാം എഡിഷന് പരമാവധി 21,450 രൂപയും, ഐഫോണ്‍ 13 പ്രോ മാക്‌സിന് 55,700 രൂപയും ലഭിക്കും. മറ്റു മോഡലുകള്‍ക്ക് ആനുപാതികമായി വില കുറയും. ഐഫോണ്‍ 7 മോഡല്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ പരമാവധി 6080 രൂപയാണ് ലഭിക്കുക.

 

ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലോ?

സാംസങ് ഗ്യാസലക്‌സി എസ് 22 5ജി ഫോണിന് പരമാവധി ലഭിക്കാവുന്നത് 23000 രൂപയാണ്. ഗ്യാലക്‌സി എം31നും ഉണ്ട് ഓഫര്‍2 400 രൂപ. വണ്‍പ്ലസ് നോര്‍ഡിന് 8,600 രൂപയാണ് ലഭിക്കുക. റെഡ്മി 10 മോഡലിന് 3,600 രൂപയും ലഭിക്കും എല്ലാ ഫോണുകള്‍ക്കും ഉളള എസ്‌ക്‌ചേഞ്ച് വിലവിവരം ആപ്പിളിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഐഫോണുകളെക്കാള്‍ വളരെ വിലക്കുറവാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലഭിക്കുക.

ഓഫര്‍ പ്രയോജനപ്പെടുത്തണോ?

ഐഫോണ്‍ 14 സീരിസും മറ്റും ആപ്പിളിന് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ പതിനായിരക്കണക്കിനു രൂപ നഷ്ടപ്പെടുന്നത് പ്രശ്‌നല്ലാത്തവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. അല്ലാത്തവര്‍ക്ക് ഫോണുകള്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയില്‍ വിറ്റാല്‍ കൂടുതല്‍ പണം ലഭിക്കും. അത്തരം വില്‍പ്പന നടത്താനൊന്നും താത്പര്യമില്ലാത്തവര്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്താം.

മറ്റ് ഐഫോണ്‍ 15 സീരിസ് ഓഫറുകള്‍

ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ക്രോമയില്‍ ഇപ്പോള്‍ ഐഫോണ്‍ 15 സീരിസ് ഓണ്‍ലൈനായും, ഓഫ്‌ലൈനായും പ്രീ-ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ മുഴുവന്‍ പണവും അടയ്ക്കണം. എന്നാല്‍, കടയില്‍ നേരിട്ടെത്തി ബുക്കു ചെയ്യുന്നവര്‍ 2000 രൂപ നല്‍കിയാല്‍ മതി.

മറ്റ് ക്രോമാ ഡീലുകള്‍

എച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഡീലുകള്‍ക്കും തവണ വ്യവസ്ഥയില്‍ വാങ്ങുന്നവര്‍ക്കും ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. പ്രോ വേരിയന്റുകള്‍ക്ക് 4000 രൂപയും ലഭിക്കും. പഴയ ഫോണുകള്‍ക്ക് 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ക്രോമ നല്‍കുന്നു. 24 മാസത്തെ തവണ വ്യവസ്ഥയില്‍ വാങ്ങാമെന്നതാണ് മറ്റൊരു ഓഫര്‍. ചില ആപ്പിള്‍ അക്‌സസറികള്‍ക്കും, പ്രൊട്ടക്ട്പ്ലസിനും, ആപ്പിള്‍കെയര്‍പ്ലസിനും 10 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നു. ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുന്ന സെപ്റ്റംബര്‍ 22ന് രാവിലെ 8 മണി മുതല്‍ ക്രോമാ സ്‌റ്റോറുകളിലെത്തി ഫോണ്‍ സന്തമാക്കാവുന്ന എക്‌സ്പ്രസ് ഡെലിവറി ഓപ്ഷനുകളും ഉണ്ട്.

വിജയ് സെയില്‍സ്

ആപ്പിള്‍ അവതരിപ്പിച്ച മോഡലുകളെല്ലാം പ്രീ-ഓര്‍ഡര്‍ നടത്തുന്ന മറ്റൊരു കമ്പനിയാണ് വിജയ് സെയില്‍സ്. എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും സൗകര്യപ്രദമായ തവണ വ്യവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. എച്എസ്ബിസി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 7,500 രൂപ വരെയും, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതിമാസ അടവ് തിരഞ്ഞെടുക്കുന്നവര്‍ക്ക് 5 ശതമാനം കിഴിവും, പുറമെ 2000 രൂപവ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഉണ്ട്.

 

ആമസോണ്‍

പല വേരിയന്റുകളും ആമസോണിലും പ്രിഓര്‍ഡര്‍ ചെയ്യാം. എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5000 ഫ്‌ളാറ്റ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ 23 മുതല്‍ ഫോണ്‍ എത്തിച്ചുകൊടുക്കുമെന്ന് ആമസോണ്‍ പറയുന്നു.

ഫ്‌ളിപ്കാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ടില്‍ ട്രേഡ്-ഇന്‍ ഓഫറുകളും ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ഉണ്ട്. എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5000 ഫ്‌ളാറ്റ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും, കോടക് ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉടമകള്‍ക്ക് തവണ വ്യവസ്ഥയില്‍ 10 ശതമാനം കിഴിവോടെ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ട്രേഡ്-ഇന്‍ വഴി 51,000 രൂപ വരെ കിഴിവാണ് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്.

apple-iphone-line-up1 - 1

 

ഐഫോണ്‍ 15 പ്രോ മാക്‌സ് ലഭിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കാം

ഇന്ത്യ അടക്കം 40 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തുടക്കത്തില്‍ ഫോണ്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നത്. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയവ അടക്കം പല രാജ്യങ്ങളിലും ഐഫോണ്‍ 15 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നവര്‍ക്ക് ഫോണ്‍ കൈയ്യിലെത്താന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റോയിട്ടേഴ്‌സ്. ഇത് അതിശക്തമായ പ്രീ-ഓര്‍ഡര്‍ ലഭിച്ചു എന്നതിന്റെ സൂചനയാണെന്നും പറയുന്നു. ചൈനയില്‍ 4-5 ആഴ്ചകള്‍ വരെ എടുത്തേക്കാമെന്നാണ് ആപ്പിളിന്റെ വെബ്‌സൈറ്റ് പറയുന്നത്. അതേസമയം, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ ചൈനയിലും സെപ്റ്റംബര്‍ 22ന് തന്നെ നല്‍കാന്‍ സാധിക്കുമെന്നും പറയുന്നു.

English Summary: iPhone 15 Exchange Offer: 10 Android Phones With Best Apple Trade In Prices

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS