ADVERTISEMENT

കംപ്യൂട്ടറുമായി മനുഷ്യനെ ബന്ധിപ്പിക്കാനുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക് നടത്തുന്നത്. തലച്ചോറില്‍ ചിപ് വയ്ക്കാനുള്ള ശ്രമമാണിത്. തലച്ചോറിന്റെ പ്രവര്‍ത്തനത്താൽ അഥവാ വെറും ചിന്തയാൽ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാനാകുമോ എന്ന  ലക്ഷ്യമാണ് ന്യൂറാലിങ്കിന് ഉള്ളത്. തുടക്കത്തില്‍ ഇത്തരത്തിലുള്ള പരീക്ഷണം നാഡീവ്യവസ്ഥയ്ക്ക് തകരാറുള്ളവരില്‍ ആയിരിക്കും. കഴിഞ്ഞ ആറു വര്‍ഷമായി നടന്നുവരുന്ന ഈ പദ്ധതിയുമായി സഹകരിച്ച് സ്വന്തം തലയോട്ടിക്കുള്ളില്‍ പ്രൊസസര്‍ വയ്ക്കാന്‍ തയ്യാറുള്ള രോഗികളെയാണ് മസ്‌കിന്റെ ന്യൂറാലിങ്ക് തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 

അല്‍ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ഗുണം?

ഈ പരീക്ഷണം വിജയിച്ചാല്‍ അല്‍ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍, മറവിരോഗം  തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും വരെ ഗുണകരമായേക്കാം. തലച്ചോറും, യന്ത്രവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു ബ്രെയ്ന്‍മെഷീന്‍ ഇന്റര്‍ഫെയ്‌സ് ആണ് ന്യൂറാലിങ്ക് വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ കമ്പനി നടത്തിയ ശ്രമം അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) തടഞ്ഞിരുന്നു. 

എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തില്‍, ഇന്‍വെസ്റ്റിഗേഷണല്‍ ഡിവൈസ് എക്‌സെംപ്ഷന്‍ ഗണത്തില്‍ പെടുത്തി ന്യൂറാലിങ്കിന് മനുഷ്യരിലുള്ള പരീക്ഷണവുമായി മുന്നോട്ടു പോകാനുള്ള അനുമതി നല്‍കുകയായിരുന്നു. നാഡീവ്യവസ്ഥയുടെ തകരാര്‍ മൂലം ക്വാഡ്രിപ്ലീജിയ (quadriplegia-ഇരു കൈകാലുകളും തളര്‍ന്ന അവസ്ഥ) പ്രശ്‌നം നേരിടുന്നവരെയാണ് താത്പര്യമെങ്കിൽ ന്യൂറാലിങ്കിനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

neuralink - 1
Credit: Neuralink

ചിന്തകൊണ്ട് കംപ്യൂട്ടര്‍ മൗസ് ചലിപ്പിക്കാനാകുമോ?

തലച്ചോറില്‍, ശരീരത്തിന്റെ ചലനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തായിരിക്കും ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) വയ്ക്കുക. ബിസിഐയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒരു പ്രധാന ചേരുവയാണ്. ഈ പരീക്ഷണം പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നത്ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടറിന്റെ കീബോഡോ, മൗസോ നിയന്ത്രിക്കാനാകുമോ എന്നറിയുക എന്നതാണ്. 

ഇതു വരെ ചില മൃഗങ്ങളില്‍ മാത്രമാണ് ഇത് പരീക്ഷിച്ചിരിക്കുന്നത്. ന്യൂറാലിങ്കിന്റെ ബിസിഐ അണിഞ്ഞ് ഒരു കുരങ്ങന്‍ പിങ് പോങ് കളിക്കുന്നതിന്റെയടക്കംചില വിഡിയോകള്‍ കമ്പനി പുറത്തുവിട്ടിരുന്നു. തങ്ങളുടെ വിജയമായി കമ്പനി ഇത്തരം ക്ലിപ്പുകള്‍ പുറത്തിറക്കിയിരുന്നു എങ്കിലും കമ്പനിക്കുളളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മറ്റൊരു കഥയാണ് പറഞ്ഞത്. 

മൃഗങ്ങളോട് ക്രൂരത?

പരീക്ഷണവുമായി ബന്ധപ്പെട്ട് മൃഗങ്ങള്‍ക്ക് അനാവശ്യ യാതനയാണ് ഉണ്ടായതെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ, കമ്പനിക്കുളളില്‍ കാര്യങ്ങള്‍ അത്ര ശരിയായി ആണോ നടക്കുന്നത് എന്ന സംശയവും ഉന്നയിക്കപ്പെട്ടു. ചില മൃഗങ്ങളില്‍ ബിഎസ്‌ഐ ചിപ് സ്ഥാപിച്ചത് കൃത്യമായ സ്ഥലത്തായിരുന്നില്ലെന്നും അവയ്ക്ക് ദയാവധം നല്‍കേണ്ടി വന്നു എന്നും ന്യൂറാലിങ്കിന്റെ ചില മുന്‍ ജോലിക്കാര്‍ അവകാശപ്പെട്ടു. ഇതോടെ കമ്പനിക്കെതിരെ ഒന്നിലേറെ അന്വേഷണങ്ങളും നടന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്‌ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളും അപകട സാധ്യതയുള്ളവസ്തുക്കള്‍ റോഡു വഴി കൊണ്ടുപോയി എന്ന ആരോപണത്തെക്കുറിച്ച് ഗതാഗത വകുപ്പും അന്വേഷണം നടത്തിയിരുന്നു. 

ഈ പരീക്ഷണങ്ങള്‍ തുടക്കം മാത്രം

ഈ പരീക്ഷണങ്ങള്‍ മനുഷ്യരുടെ തലച്ചോറിനെയും കംപ്യൂട്ടറിനെയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കം മാത്രമാണ്. നിലവില്‍ ആരോഗ്യമുളള മനുഷ്യരില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ പ്രധാനപ്പെട്ട രാജ്യങ്ങളുടെയൊന്നുംനിയമങ്ങള്‍ അനുവദിക്കുന്നില്ല. അതിനാലാണ് ഇന്‍വെസ്റ്റിഗേഷണല്‍ ഡിവൈസ് എക്‌സെംപ്ഷന്‍ ഗണത്തില്‍ പെടുത്തി ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.  വിജയിക്കുന്ന മുറയ്ക്കു മാത്രമായിരിക്കും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതി നല്‍കണോ എന്ന കാര്യം തീരുമാനിക്കപ്പെടൂ. ചിന്തഉപയോഗിച്ച് കംപ്യൂട്ടറിനെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് സര്‍വ രംഗങ്ങളിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കും. 

∙എഐ വളര്‍ച്ചയ്ക്കു പിന്നില്‍ തങ്ങളെന്ന് ഇന്റല്‍

പൊടുന്നനെയുള്ള എഐ വളര്‍ച്ചയ്ക്കു പിന്നില്‍ തങ്ങളുടെ സാങ്കേതികവിദ്യയെന്ന് പ്രമുഖ ചിപ് നിര്‍മ്മാതാവ് ഇന്റല്‍. കമ്പനിയുടെ വര്‍ഷിക ഇനവേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ സിഇഓ പാറ്റ് ഗെല്‍സിങ്ഗര്‍ ആണ് ഈ അവകാശവാദം നടത്തിയതെന്ന് ബ്ലൂംബര്‍ഗ്. എഐ കംപ്യൂട്ടിങിലെ തലമുറമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിലേക്ക് ആഴത്തില്‍ വേരോടാന്‍ ഒരുങ്ങുകയാണ് അടുത്ത തലമുറയിലെ കംപ്യൂട്ടിങ്, പാറ്റ് പറഞ്ഞു. 

∙ആപ്പിളിനെ വെട്ടി ലോകത്തെ ഏറ്റവും വലിയ കമ്പനിയാകാന്‍ മൈക്രോസോഫ്റ്റ്

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ഓഗസ്റ്റ് 2023ല്‍ അമേരിക്കന്‍ ഓഹരിവിപണിയില്‍ ആപ്പിളിനെക്കാള്‍ നല്ല പ്രകടനം കാഴ്ചയവയ്ക്കാന്‍ സാധിച്ചതോടെ മൈക്രോസോഫ്റ്റിന് മെച്ചപ്പെട്ട ഭാവി കണ്ടേക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു എന്ന് ബ്ലൂംബര്‍ഗ്. ഇതോടെ ഇരു കമ്പനികളും തമ്മിലുള്ള മൂല്ല്യത്തിലുളളഅന്തരം കുറഞ്ഞു. ചൈനയുമായുള്ള പ്രശ്‌നങ്ങളില്‍ പെട്ടു കിടക്കുന്ന ആപ്പിളിനെക്കാള്‍ സമീപ ഭാവിയില്‍ നല്ലത് മൈക്രോസോഫ്റ്റില്‍ നിക്ഷേപിക്കുന്നതായിരിക്കുമെന്ന് ചിലര്‍ കരുതുന്നു. 

ക്ലൗഡ് കംപ്യൂട്ടിങിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മൈക്രോസോഫ്റ്റ് ആപ്പിളിനെ കടത്തിവെട്ടിക്കഴിഞ്ഞു. മാര്‍ക്കറ്റിന് ഇപ്പോള്‍ വേണ്ട കാര്യങ്ങള്‍ മൈക്രോസോഫ്റ്റിന്റെ കൈയ്യിലാണ് ഉള്ളത് എന്ന് ഹണ്ടിങ്ടണ്‍ പ്രൈവറ്റ് ബാങ്കിന്റെ സീനിയര്‍ വിശകലന വിദഗ്ധന്‍ ഡേവിഡ് ക്ലിങ്ക് അഭിപ്രായപ്പെട്ടു. ഏകദേശം 200 ബില്ല്യന്‍ ഡോളറിന്റെ വ്യത്യാസമാണ് ഇപ്പോള്‍ ഇരു കമ്പിനകളുടെയും മൂല്ല്യംതമ്മിലുളളത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഉപകരണം ഐഫോണ്‍ അല്ലാതായി പൊടുന്നനെ മാറുമോ എന്നതാണ് ആപ്പിള്‍ പ്രധാനമായും പേടിക്കേണ്ടത്. എഐയുടെ കാര്യത്തിലും ആപ്പിള്‍ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല. ആപ്പിളിന് കഴിഞ്ഞ മൂന്നു പാദങ്ങളിലും നെഗറ്റിവ് വളര്‍ച്ചയാണ്. ഈ നിലയില്‍ പോയാല്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍ എന്നീ കമ്പനികളുടെ പിന്നിലായാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് നീഡാം ( Needham) അഭിപ്രായപ്പെട്ടിരിക്കുന്നത്. ജനറേറ്റിവ് എഐ വികസിപ്പിക്കലിന്റെ കാര്യത്തില്‍ ആപ്പിള്‍ എവിടെനില്‍ക്കുന്നു എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അതേസമയം, ഇതിന് 2024ല്‍ മാറ്റം വന്നേക്കാമെന്നു കരുതുന്നു. 

∙മൈക്രോസോഫ്റ്റ് പെയിന്റിലേക്ക് മികച്ച ഫോട്ടോ എഡിറ്റിങ് ഫീച്ചറുകള്‍

എടുത്ത ഫോട്ടോ ചെറുതായി ഒന്നു മിനുക്കിയെടുക്കാന്‍ ഫോട്ടോഷോപ് പോലത്തെ ഭീമന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. മൈക്രോസ്ഫ്റ്റ് വിന്‍ഡോസ് 11ലെ ആപ്പുകളിലൊന്നായ പെയിന്റ് ഇനി പല പ്രാഥമിക ഫീച്ചറുകളും ഉള്‍ക്കൊള്ളും. ലെയേഴ്‌സ്, ട്രാന്‍സപരന്‍സിതുടങ്ങിയ ഫീച്ചറുകളാണ് ഇപ്പോള്‍ ടെസ്റ്റു ചെയ്യുന്നവര്‍ക്ക് പരീക്ഷിക്കാനായി കമ്പനി നല്‍കിയിരിക്കുന്നത്. ഇവ താമസിയാതെ എല്ലാവര്‍ക്കും ലഭിക്കും. പിഎന്‍ജി ഫയലുകള്‍ തുറക്കാനും സേവ് ചെയ്യാനുമുള്ള ശേഷിയും പെയിന്റിലേക്ക് എത്തും. ഈ മാസം ആദ്യം പെയിന്റില്‍ നല്‍കിയ ഫീച്ചറുകളിലൊന്ന്ഏതാനും ക്ലിക്കുകളില്‍ പശ്ചാത്തലത്തിലുള്ള വസ്തുക്കള്‍ നീക്കംചെയ്യാനുള്ള ഫീച്ചര്‍ എത്തിയിരുന്നു. 

∙പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ പ്രായം വേരിഫൈ ചെയ്യണമെന്ന് ബ്രിട്ടനില്‍ നിയമം

പുതിയ ഒരുപറ്റം നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരികയാണ് ബ്രിട്ടൻ. അതില്‍ ഒന്ന് പോണോഗ്രാഫി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പ്രായം മനസിലാക്കിയിരിക്കണം എന്നതാണ്. ഓണ്‍ലൈന്‍ വഴിയുള്ള വിദ്വേഷ സംഭാഷണങ്ങള്‍ക്കും, ഉപദ്രവങ്ങള്‍ക്കും, നിയമവിരുദ്ധ മെറ്റിരിയലിനും കടിഞ്ഞാണിടാനും ബ്രിട്ടൻ ശ്രമിക്കുന്നു.

ഓണ്‍ലൈന്‍ സെയ്ഫ്റ്റി ബില്‍ എന്ന പേരില്‍ പാസാക്കിയിരിക്കുന്ന ബില്ലില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും, തട്ടിപ്പുകള്‍ തടയാനും, കുട്ടികളുടെസുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമം കാണാം. ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന്, ബ്രിട്ടിഷ് സെക്രട്ടറി ഓഫ് ടെക്‌നോളജി മിഷെല്‍ ഡോണലെന്‍ പറഞ്ഞു. 

 

English Summary: Elon Musk’s brain-chip startup Neuralink said it has received approval from an independent review board to begin recruitment for the first human trial of its brain implant for paralysis patients.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT