ADVERTISEMENT

ഒരു വിഡിയോ സൃഷ്ടിക്കാനാകുമെന്നു ആര്‍ക്കും തോന്നിപ്പിക്കത്തക്ക തരത്തിലുള്ള പുതിയ എഐ ടൂളുകള്‍ യുട്യൂബ്ല ഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി മേധാവി നീല്‍ മോഹന്‍. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'മെയ്ഡ് ഓണ്‍ യൂട്യൂബ്' വാര്‍ഷിക ഇവന്റിലാണ് ഈ സംവിധാനം വിശദീകരിച്ചിരിക്കുന്നത്. ഡ്രീം സ്‌ക്രീന്‍, യുട്യൂബ് സ്റ്റുഡിയോ, എഐ-കേന്ദ്രീകൃതമായ മ്യൂസിക് റെക്കമെന്‍ഡേഷന്‍സ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇപ്പോള്‍ പുതിയതായി എത്തിയിരിക്കുന്നത്. 'യൂട്യൂബ് ക്രിയേറ്റ്' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ മൊബൈല്‍ ആപ്പിലാണ് ഇത്തരത്തിലുള്ള പല പുതിയ ഫീച്ചറുകളും ഉണ്ടാകുക.

ക്രിയേറ്റര്‍ ഇക്കോണമി

യുട്യൂബ് ചാനല്‍ തുടങ്ങാന്‍ ആഗ്രഹിക്കുകയും എന്നാല്‍ വിഡിയോ എഡിറ്റിങ് അടക്കമുള്ള കാര്യങ്ങളിലെ സങ്കീര്‍ണ്ണത കണ്ട് മാറി നില്‍ക്കുകയും ചെയ്യുന്നവരെ പോലും ഒപ്പം കൂട്ടാനാണ് യുട്യൂബും ശ്രമിക്കുന്നത്. വിഡിയോ ക്രിയേറ്റര്‍ ആകുക വഴി പണം ഉണ്ടാക്കാനാകും എന്നു കരുതുന്നവരാണ് മിക്കവരും. നിലവിലുള്ളതിനേക്കാള്‍ ശക്തമായ ഒരു ക്രിയേറ്റര്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്ന വിലയിരുത്തല്‍ ഉണ്ട്.

ആഗോള തലത്തില്‍ ഈ നീക്കത്തിന് ശക്തമായ അടിത്തറ പാകിയത് ടിക്‌ടോക് ആണ്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമും എത്തി. ഇനിയും മാറിനിന്നാല്‍തങ്ങള്‍ പുറത്താകും എന്ന തോന്നലില്‍ തന്നെയാണ് യുട്യൂബും ഇപ്പോള്‍ പുതിയ ടൂളുകളുമായി ക്രിയേറ്റര്‍ ഇക്കോണമി മേഖലയിലേക്ക് എത്തിയിരിക്കുന്നത്. 

ഡ്രീം സ്‌ക്രീന്‍

യുട്യൂബ് ഷോര്‍ട്‌സ്  സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനാണ് ഡ്രീം സ്‌ക്രീന്‍ എന്ന് വിളിക്കുന്ന എഐ ടൂളുകള്‍ പരീക്ഷണാര്‍ഥം അവതരിപ്പിച്ചിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ എഐ വിഡിയോ പശ്ചാത്തലമോ, ഫോട്ടോയോ സൃഷ്ടിച്ചു നല്‍കും. ഡ്രീം സ്‌ക്രീന്‍ പരീക്ഷണ ഘട്ടത്തിലാണ് എങ്കിലും യൂട്യൂബ് എക്‌സിക്യൂട്ടിവ് മാത്യു സിമാരി ഈ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ ലൈവ് ഡെമോ നടത്തിക്കാണിച്ചു.

youtube

ലളിതമായ കമാന്‍ഡ് ഉപയോഗിച്ച് ന്യൂയോര്‍ക് നഗരത്തിനുമുകളിലൂടെ ഒരു ഡ്രാഗണ്‍ പറക്കുന്നതാണ് അദ്ദേഹം സൃഷ്ടിച്ചു കാണിച്ചത്. ജനറേറ്റിവ് എഐ മേഖലയില്‍ യൂട്യൂബിന്റെ ഉടമയായ ഗൂഗിള്‍ കൈവരിച്ച വളര്‍ച്ചയുടെ പ്രദര്‍ശനം കൂടെയാണിത്. കണ്ടെന്റ് ക്രിയേറ്ററുടെ ഭാവന മാത്രമായിരിക്കും ഡ്രീം സ്‌ക്രീനില്‍ എന്തു ചെയ്യിക്കാം എന്നതിന് പരിധി കല്‍പ്പിക്കുക എന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നു. 

യുട്യൂബ് സ്റ്റുഡിയോയില്‍ പുതിയ എഐ ഫീച്ചറുകള്‍

കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഒരു പുതിയ വിഡിയോ സൃഷ്ടിക്കാനുള്ള വിഷയങ്ങളും ആശയങ്ങളും ആരായാന്‍ സാധിക്കുന്ന എഐ ഫീച്ചറുകള്‍ യൂട്യൂബ് സ്റ്റുഡിയോയില്‍ കൊണ്ടുവന്നു. എഐ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഒരോ ക്രിയേറ്റര്‍ക്കും വ്യത്യസ്തമായിരിക്കും. കാഴ്ചക്കാര്‍ക്കിടയില്‍ ട്രെന്‍ഡിങ് ആയ വിഡിയോകള്‍ കണക്കിലെടുത്തായിരിക്കും നിര്‍ദ്ദേശങ്ങള്‍.

ഒരു ഓഡിയോ റെക്കമെന്‍ഡേഷന്‍ ഫീച്ചറും താമസിയാതെ നല്‍കുമെന്നും യൂട്യൂബ് അറിയിച്ചു. ഒരാള്‍ സൃഷ്ടിച്ചിരിക്കുന്ന വിഡിയോയെക്കുറിച്ച് ഒരു വിവരണം എഴുതി നല്‍കിയാല്‍ അതിന് ചേര്‍ന്ന സംഗീതം ഏതാണ് എന്നു നിര്‍ദ്ദേശിക്കുകയായിരിക്കും ഇവിടെ ചെയ്യുക. 

വിദേശ ഭാഷയിലേക്ക് ഡബിങും!

പ്രാദേശിക ഭാഷയില്‍ അവതരിപ്പിക്കുന്ന വിഡിയോ വിവരണം മറ്റു ഭാഷയിലും ലഭ്യമായിരുന്നെങ്കില്‍ കൂടുതല്‍ വ്യൂവേഴ്‌സിനെ ലഭിക്കില്ലേ എന്ന് കരുതാത്ത കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ഉണ്ടാവില്ല. അത്തരക്കാര്‍ക്കായി എഐ ശക്തിപകരുന്ന ടൂളും യൂട്യൂബ് നല്‍കുന്നു. ഇതുപയോഗിച്ച് ഓട്ടോമാറ്റിക്കായി വിഡിയോ വിദേശ ഭാഷയിലേക്ക് ഡബ് ചെയ്യാം. 

യൂട്യൂബ് ക്രിയേറ്റ് ആപ്പ് 

നല്ല ഒരു യുട്യൂബ് വിഡിയോ സൃഷ്ടിച്ചെടുക്കുക എന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും തുടക്കക്കാര്‍ക്ക് എന്ന കാര്യം തങ്ങള്‍ക്കറിയാമെന്ന് കമ്പനി പറയുന്നു. ആദ്യ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ലളിതമാക്കുക എന്ന ഉദ്ദേശത്തോടെയാണു യുട്യൂബ് ക്രിയേറ്റ് ആപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

യുട്യൂബ് ക്രിയേറ്റ് ആപ്പ് ഇപ്പോള്‍ പല മാര്‍ക്കറ്റുകളിലും ബീറ്റാ വേര്‍ഷനിലാണ് ഉള്ളത്. ഷോര്‍ട്‌സിനും, ദൈര്‍ഘ്യമുള്ള വിഡിയോയ്ക്കും ഇത് പ്രയോജനപ്പെടുത്താം. കൃത്യതയോടെയുള്ള എഡിറ്റിങ്, ട്രിമ്മിങ്, ഓട്ടോമാറ്റിക് ക്യാപ്ഷനിങ്, വോയിസ്ഓവര്‍ ശേഷി, ഒരു പറ്റം ഫില്‍റ്ററുകള്‍, എഫക്ടുകള്‍, ട്രാന്‍സിഷനുകള്‍ തുടങ്ങിയവയും, റോയല്‍റ്റി പണം നല്‍കേണ്ടാത്ത സംഗീതവും വരെ ഇതില്‍ ലഭ്യമാക്കിയിരിക്കുന്നു. 

കൂടുതല്‍ എഐ ഫീച്ചേഴ്‌സ് അടുത്ത വര്‍ഷം

ഇന്‍സൈറ്റ്‌സ്

എഐ ശക്തിപകരുന്ന ഇന്‍സൈറ്റ്‌സ് ഫീച്ചറാണ് അടുത്ത വര്‍ഷം യുട്യൂബ് സ്റ്റുഡിയോയില്‍ എത്താന്‍ പോകുന്ന പ്രധാന ഫീച്ചറുകളിലൊന്ന്. ഈ ഫീച്ചര്‍ ഉപയോഗിച്ച് പുതിയ വിഡിയോയ്ക്കുളള ആശയങ്ങളും, കരടു രൂപവും മറ്റും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ഇത് ഓരോചാനലിനും പ്രത്യേകം പ്രത്യേകമായി ആയിരിക്കും പ്രവര്‍ത്തിക്കുക. ഏതു തരം ആളുകളാണ് ആ ചാനലിലെ വിഡിയോ കാണുന്നത് എന്നതടക്കം വിശകലനം നടത്തിയ ശേഷമായിരിക്കും അടുത്തതായി എന്തു നീക്കമായിരിക്കും ഉചിതം എന്നു പറഞ്ഞുകൊടുക്കുക.

ക്രിയേറ്റര്‍ മ്യൂസികില്‍ അസിസ്റ്റിവ് സേര്‍ച്

ക്രിയേറ്റര്‍ മ്യൂസിക് ഉപയോഗിച്ച് ഏതു തരത്തിലുളള സൗണ്ട്ട്രാക് ആയിരിക്കും ഒരു വിഡിയോയ്ക്ക് ഗുണകരം എന്ന് പറഞ്ഞു തരും. പക്ഷെ, ഇത് ഒരു പ്രീമിയം ഫീച്ചറായിരിക്കും. ഉപയോഗിക്കേണ്ടവര്‍ പണം നല്‍കേണ്ടിവരും. 

എലൗഡ്

മറ്റു ഭാഷകളിലേക്ക് തങ്ങളുടെ വിഡിയോ പ്രചരിപ്പിക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണല്ലോ ഓട്ടോമാറ്റിക് ഡബിങ്. എലൗഡ് എന്ന പേരിലാണ് ഇതിപ്പോള്‍ വികസിപ്പിച്ചുവരുന്നത്. ലോകമെമ്പാടുമുള്ള ആളുകളിലേക്ക് തങ്ങളുടെ കണ്ടെന്റ് എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്ഒരു അനുഗ്രഹമായിരിക്കും എലൗഡ് എന്നാണ് സൂചന. ഇതിനും പണം നല്‍കേണ്ടിവരുമൊ എന്ന കാര്യം ഇപ്പോള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com