കൊക്കൂൺ രാജ്യാന്തര ഹാക്കിങ് ആൻഡ് സൈബർ സെക്യൂരിറ്റി കോൺഫറൻസ് കൊച്ചിയിൽ

Mail This Article
സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 16 ാമത് പതിപ്പ് ഒക്ടോബർ 6,7 തീയതികളിൽ കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ വച്ച് നടക്കും. സൈബർ സുരക്ഷാ രംഗത്തെ പ്രമുഖർ, ഐടി പ്രൊഫഷനലുകൾ, നിയമപാലകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവ പതിനായിരത്തോളം പ്രതിനിധികളാണ് കൊക്കൂണിന്റെ പതിനാറാം പതിപ്പിൽ പങ്കെടുക്കുന്നത്.
കേരള പൊലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദ് സൊസൈറ്റി ഫോർ ദ് പൊലീസിങ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി, ഡേറ്റാ പ്രൈവസി ആൻഡ് ഹാക്കിങ് കോൺഫറൻസാണ് കൊക്കൂൺ.
ഈ കോൺഫൻസ് വഴി ലക്ഷ്യമിടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും സൈബർ സുരക്ഷയെ സംബന്ധിച്ച് ബോധവത്കരണം നടത്തുകയും, അവബോധം സൃഷ്ടിക്കുകയുമാണ്. കൂടാതെ സൈബർ സുരക്ഷാ രംഗത്തെ ഏറ്റവും പുതിയ അപ്ഡേറ്റുകളും, ഹൈടെക് കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് നൽകുകയും അവ തടയുന്നതിന് വേണ്ടിയുളള കർമ പദ്ധതികൾ ആവിഷ്കരിക്കയുമാണ് ലക്ഷ്യമിടുന്നത്.
സാക്ഷരത, ഇ-സാക്ഷരത, ആരോഗ്യം, നിയമം എന്നിവയുടെ കാര്യത്തിൽ കേരളം എന്നും ഇന്ത്യയിലെ മാതൃകയായ സംസ്ഥാനമാണ്. സൈബർ സുരക്ഷയിലും കേരളം അതിന്റെ പാതയിൽ മുന്നേറി വരുകയാണ്. രാജ്യത്തെ പൊതു - സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയഗാഥയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സൈബർഡോം നടപ്പാക്കുന്നത് (http://www.cyberdome.kerala.gov.in/).
കേരള പൊലീസിന് കീഴിൽ സൈബർ ടെക്നോളജി രംഗത്തെ ഗവേഷണത്തിനും, വികസനത്തിനും വേണ്ടി വിഭാവനം ചെയ്തതാണ് സൈബർ ഡോം. സൈബർ സുരക്ഷയിലും, സാങ്കേതിക ഗവേഷണത്തിനുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത സൈബർ ഡോമിലൂടെ സൈബർ സുരക്ഷ, കേസ് അന്വേഷണം എന്നിവയിലൂടെ കുറ്റ കൃത്യങ്ങൾ തടയാൻ സാധിക്കുന്നുണ്ട്.
2022 ൽ നടന്ന കൊക്കൂൺ കോൺഫറൻസിൽ ലോകോത്തര സൈബർ വിദഗ്ധരുമായി ചേർന്ന് രാജ്യത്തെ തന്നെ സൈബർ സുരക്ഷ, സ്വകാര്യത, ഹാക്കിങ് എന്നിവ ചർച്ച ചെയ്യപ്പെടുകയും, സുരക്ഷാ സേനയും, സ്വകാര്യ സംരംഭകരുമായും ചേർന്ന് പുതിയ നൂതന ആശയങ്ങൾ നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്. സൈബർ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, നവീന സംരംഭങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടി ലഭിക്കുന്ന പ്രത്യേക പ്ലാ ഫോമാണ് കൊക്കൂൺ
സൈബർ കോൺഫറൻസ്. സൈബർ സുരക്ഷ, ഹൈടെക് കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷാ സേന, സർക്കാർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, എന്നിവർക്കുൾപ്പെടെ പുതിയ സാങ്കേതിക വിദ്യ തേടാനും ഇതിലൂടെ അവസരം ലഭിക്കുന്നു. കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ വച്ച് ഒക്ടോബർ 4 മുതൽ 7 വരെയാണ് കൊക്കൂണിന്റെ 16 മത് പതിപ്പ് നടക്കുന്നത്. 4,5 തീയതികളിൽ വർക്ക്ഷോപ്പുകളും, 6,7 തീയതികളിലും പ്രധാന കോൺഫറൻസുമാണ് നടക്കുക.