ക്രീം ബിസ്ക്കറ്റുകൾ വീട്ടിൽ 'പ്രിന്റ്' ചെയ്തെടുക്കാം, തീൻമേശയിലെ 3ഡി ടെക്നോളജി വിപ്ലവം ഇങ്ങനെ
Mail This Article
ബിസ്ക്കറ്റ് ഇനി വേണമെങ്കിൽ വീട്ടിൽ വച്ച് 'പ്രിന്റ്' ചെയ്തെടുക്കാം. തിരുവനന്തപുരം സിഎസ്ഐആർ–നിസ്റ്റ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) വികസിപ്പിച്ച 3ഡി ഫുഡ് പ്രിന്റർ മെഷീൻ വഴി ബിസ്ക്കറ്റ്, കേക്ക്, ചോക‍്‍ലേറ്റ് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ പ്രിന്റ് ചെയ്യാം. സിഎസ്ഐആർ സ്ഥാപകദിനത്തോടനുബന്ധിച്ച് ഡൽഹി പ്രഗതി മൈതാനത്ത് നടത്തിയ പ്രദർശനത്തിലാണ് 3ഡി ഫുഡ് പ്രിന്റിങ് ആകർഷണമായത്.
എന്തുകൊണ്ട് 3ഡി പ്രിന്റിങ്?
ചോക‍്‍ലേറ്റ് അടക്കമുള്ള നിലവിൽ ഉണ്ടാക്കാൻ പലതരത്തിലുള്ള അച്ചുകൾ ആവശ്യമാണ്. എന്നാൽ ഇഷ്ടമുള്ള ഡിസൈൻ പ്രിന്ററിലേക്ക് നൽകിയാൽ ആ രൂപത്തിൽ ഭക്ഷ്യവസ്തു തയാറാകും. പ്രിന്റ് ചെയ്ത ഭക്ഷ്യവസ്തു നിലവിൽ പിന്നീട് ബേക്ക് ചെയ്യണം. എന്നാൽ ഭാവിയിൽ ബേക്കിങ്ങും പ്രിന്ററിൽ തന്നെ സാധ്യമാകും. 100 ഗ്രാം ചോക‍്‍ലേറ്റ് 3 മിനിറ്റുകൊണ്ട് പ്രിന്റ് ചെയ്യാം. വ്യക്തികളുടെ ഇഷ്ടമനുസരിച്ച് ഭക്ഷണത്തിന്റെ വലുപ്പം, നിറം, ആകൃതി, കനം അടക്കം നിശ്ചയിക്കാമെന്നതാണ് മെച്ചം. അകത്ത് ക്രീം നിറച്ച ബിസ്ക്കറ്റുകൾ വരെ പ്രിന്റ് ചെയ്യാം.
ഭക്ഷണത്തിന്റെ ഓരോ ഭാഗത്തും ഏതെല്ലാം തരത്തിലുള്ള ചേരുവകൾ ഏത് അനുപാതത്തിൽ ഉണ്ടായിരിക്കണമെന്നും ഉറപ്പാക്കാം. സാധാരണ നിലയിൽ പാകം ചെയ്യുമ്പോൾ ഇതുറപ്പാക്കാൻ കഴിയാറില്ല. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനുള്ള കുഴച്ച മാവ്, ചീസ്, മൈക്രോന്യൂട്രിയന്റ്സ് അടക്കം ഏതും പ്രിന്ററിൽ ഉപയോഗിക്കാം.പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളുടെ 3ഡി പ്രിന്റിങ് നിലവിലുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ 3ഡി പ്രിന്റിങ് സാധാരണമല്ല.
വീഗൻ ലെതർ
മൃഗങ്ങളുടെ ചർമത്തിനു പകരം പഴത്തൊലി, മാങ്ങ, പപ്പായ, കള്ളിമുൾച്ചെടി അടക്കമുള്ളവ ഉപയോഗിച്ച് നിർമിക്കുന്ന വീഗൻ ലെതറും പ്രദർശിപ്പിച്ചു. മൃഗങ്ങൾക്ക് ദോഷമുണ്ടാക്കാത്ത തരത്തിൽ, കുറഞ്ഞ ചെലവിൽ ഇവ നിർമിക്കാം. നിലവിലുള്ള ലെതറിന്റെ അതേ സ്വഭാവവിശേഷങ്ങളും ഉറപ്പാക്കാം.
ആശുപത്രികളിലെ ബയോ മാലിന്യം പൊടിരൂപത്തിലുള്ള വളമാക്കി മാറ്റുന്ന സംവിധാനവും നിസ്റ്റ് വികസിപ്പിച്ചിട്ടുണ്ട്. പശുവിന്റെ പാൽ അലർജിയുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന 'വീഗൻ ചായ' അടക്കമുള്ളവയും പ്രദർശിപ്പിച്ചു.
ഇൻഡോർ ലൈറ്റിലും സൗരോർജം
നിലവിലുള്ള സോളർ പാനലുകൾ സൂര്യപ്രകാശത്തിൽ മാത്രമേ പ്രവർത്തിക്കൂ. എന്നാൽ നിസ്റ്റ് വികസിപ്പിച്ച പ്രത്യേക സോളർ പാനലുകൾ ഇൻഡോർ വെളിച്ചത്തിൽ പോലും വൈദ്യുതി ഉൽപാദിപ്പിക്കും. വീടുകൾക്കുള്ളിൽ ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾക്ക് ബാറ്ററിക്കു പകരം ഈ പാനലുകൾ ഉപയോഗിക്കാം.