ADVERTISEMENT

ലൈറ്റ്‌നിങ് കണക്ടറിനു പകരം യുഎസ്ബി-സി കൊണ്ടുവന്നേ മതിയാകൂ എന്ന നിയമം ആപ്പിള്‍ കമ്പനിയെക്കൊണ്ട് അനുസരിപ്പിച്ചതിനു ശേഷം, അടുത്ത നീക്കം നടത്താന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു) എന്നു സൂചന. ആരെയും പ്രവേശിപ്പിക്കാതെ കാത്തു സംരക്ഷിക്കുന്ന ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍,സോഫ്റ്റ്‌വെയര്‍ സംവിധാനം (ecosystem) മറ്റു കമ്പനികള്‍ക്കായി തുറന്നിടണം എന്നാണ് ഇയുവിന്റെ ഇന്‍ഡസ്ട്രി മേധാവി തിയറി ബ്രെട്ടണ്‍ ആപ്പിള്‍ മേധാവി ടിം കുക്കിനോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുക്കുമായി ബ്രസല്‍സില്‍ വച്ചു കണ്ടു മുട്ടിയതിനുശേഷമാണ് ബ്രെട്ടണ്‍ ഈ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

Image Credit: husayno/Istock
Image Credit: husayno/Istock

ഇയു പാസാക്കിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) നിയമം പ്രകാരം, ആപ്പിളും മറ്റു വമ്പന്‍ ടെക്‌നോളജി കമ്പനികളും, തങ്ങളുടെ വാതിലുകള്‍ മറ്റു കമ്പനികള്‍ക്കായി തുറന്നിടണം എന്ന് ബ്രെട്ടണ്‍ പറഞ്ഞു. മറ്റാര്‍ക്കും പ്രവേശനം നല്‍കാതെയാണ്കമ്പനികള്‍ തങ്ങളുടെ ഡിജിറ്റല്‍ വോലറ്റുകള്‍, ബ്രൗസറുകള്‍, ആപ്പ് സ്റ്റോറുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നത്. ഐഫോണ്‍ ഉപയോഗിക്കുന്ന ആള്‍ക്ക് മത്സരബുദ്ധിയോടെ പ്രവര്‍ത്തിപ്പിക്കുന്ന മറ്റു സേവനങ്ങളും ഉപയോഗിക്കാന്‍ സാധിക്കണം, ബ്രെട്ടണ്‍ പറഞ്ഞു. 

തങ്ങളുടെ അടച്ചിട്ട കംപ്യൂട്ടിങ് പരിസ്ഥിതി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണെന്ന ആപ്പിളിന്റെ വാദം ബ്രെട്ടണ്‍ തള്ളി. സ്വകാര്യതയും സുരക്ഷയും കളയാതെ നൂതനത്വം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് ഡിഎംഎയില്‍ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഇയുവില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങള്‍ക്ക്, അവയുടെ നിർമാതാക്കൾ ഉള്‍ക്കൊള്ളിക്കേണ്ടതും ഉള്‍ക്കൊള്ളിക്കാതാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് അടക്കമാണ് ഡിഎംഎ അവതരിപ്പിച്ചിരിക്കുന്നത്. ബ്രെട്ടണ്‍ന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു. 

വിഡിയോ, ഓഡിയോ കോള്‍ എക്‌സില്‍ നടത്താം, പക്ഷേ....

താമസിയാതെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിഡിയോ ഓഡിയോ കോളുകള്‍ നടത്താന്‍ സാധിച്ചേക്കും. പക്ഷെ ഇത് വരിസംഖ്യ അടയ്ക്കുന്ന പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സൂചന. ആപ്പിളിന്റെ ഫെയ്‌സ്‌ടൈം പോലെയായിരിക്കും ഇതുപ്രവര്‍ത്തിക്കുക എന്നും കരുതപ്പെടുന്നു. വാട്‌സാപ് പോലെയുള്ള മറ്റു സേവനങ്ങളെ പോലെയല്ലാതെ ഫോണ്‍ നമ്പര്‍ ഇല്ലാതെ വിളിക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. 

വില കുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണുമായി ഇറ്റെല്‍; 50എംപി ക്യാമറ, 5000എംഎഎച് ബാറ്ററി

കുറഞ്ഞ വിലയില്‍ 'ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന് ആക്കം കൂട്ടാനായി' എന്ന അവകാശവാദവുമായി ഇറ്റെല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട്‌ഫേണ്‍ ആണ് പി55 പവര്‍ 5ജി.  ഇതിന് രാജ്യത്ത് ഇന്നേവരെ ഇറക്കിയിരിക്കുന്ന എല്ലാ 5ജിഫോണുകളെക്കാളും വില കുറവാണെന്ന് ഈ ചൈനീസ് കമ്പനി അവകാശപ്പെടുന്നു. 9,699 രൂപയാണ് തുടക്ക വേരിയന്റിന്റെ വില. 4ജിബി+64ജിബി വേരിയന്റിനാണ് ഇത്. ഇത് കടകളില്‍ ലഭ്യമാകും. അതേസമയം 6ജിബി+128ജിബി വേരിയന്റിന് 9,999 രൂപയായിരിക്കും വില. ഇത് ആമസോണ്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. 

മറ്റു പ്രധാന ഫീച്ചറുകള്‍

രണ്ടു വര്‍ഷത്തെ വാറന്റിയും, താഴെ വീണു സ്‌ക്രീന്‍ പൊട്ടിയാല്‍ ഒരു തവണ മാറ്റി നല്‍കാവുന്ന ഓഫറുമുണ്ട് എന്നതാണ് പ്രധാനപ്പെട്ട ആകര്‍ഷണീയതകളിലൊന്ന്. മീഡിയാടെക് ഡിമെന്‍സിറ്റി 6080 5ജി പ്രൊസസറാണ് പി55 പവര്‍ 5ജി മോഡലിന് ശക്തിപകരുന്നത്. ഇതിന്സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറിന്റെ കരുത്തുണ്ടെന്നാണ് അവകാശവാദം. 

സ്‌നാപ്ഡ്രാഗണ്‍ 695 ഉള്‍ക്കൊള്ളിച്ച ഫോണുകള്‍ക്ക് ഇപ്പോള്‍ 17,000-30,000 രൂപ വരെയാണ് വിലയെന്ന് കംപ്‌സ്മാഗ് (Compsmag)റിപ്പോര്‍ട്ടു ചെയ്യുന്നു. ഫോണിന് 6.6-ഇഞ്ച് എച്ഡിപ്ലസ് ഡിസ്‌പ്ലെ, 5000എംഎഎച്ബാറ്ററി, 18w ഫാസ്റ്റ്ചാര്‍ജിങ്, ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും ഉണ്ട്. 8എംപി സെല്‍ഫി ക്യാമറയും, 50എംപി+എഐ പിന്‍ ക്യാമറയും ഫോണിനുണ്ട്. 

256ജിബി സംഭരണശേഷിയുമായി എസ്23പ്ലസ് 

4ജി മതിയെങ്കില്‍ പരിഗണിക്കാവുന്ന മോഡലാണ് ഇറ്റെല്‍ എസ്23പ്ലസ്. ആകര്‍ഷകമായ നര്‍മ്മാണരീതി ഉള്ള, 15,000 രൂപയില്‍ താഴെ വിലവരുന്ന ഈ മോഡലിന് 256ജിബി സംഭരണശേഷി വരെ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. ഗൊറില ഗ്ലാസ് 5 ന്റെ പ്രതിരോധ പാളിയുള്ള 6.78-ഇഞ്ച് ഫുള്‍എച്ഡിപ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് ഫോണിന്.

ഡിസ്‌പ്ലേയില്‍ തന്നെ ഫിംഗർ പ്രിന്റ് സ്‌കാനറും ഉണ്ട്. യൂണിസോക്606 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍എഫ്‌സി സപ്പോര്‍ട്ട് വരെ നല്‍കുന്നു. 50എംപി പിന്‍ ക്യാമറ, 32എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോട്ടോഗ്രാഫിക്കായിലഭിക്കുക. ഇരു ഫോണുകളും ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്നു. തുടക്ക വേരിയന്റിന് 13,999 രൂപയായിരിക്കും വില. ആമസോണ്‍ വഴി ഒക്ടോബര്‍ ആദ്യ വാരം മുതല്‍ വില്‍പ്പന.

nothing - 1

4,499 രൂപയ്ക്ക് സ്മാര്‍ട്ട് വാച്ചുമായി നതിങ്; സിഎംഎഫ് ബ്രാന്‍ഡിനെക്കുറിച്ച് അറിയാം

സവിശേഷ നിര്‍മാണ രീതിയുമായി ചില ഉപകരണ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നതിങ് കമ്പനി മൂന്നു പുതിയ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പുതിയ സബ് ബ്രാന്‍ഡിന്റെ പേരില്‍ പുറത്തിറക്കി. കളര്‍, മെറ്റീരിയല്‍, ഫിനിഷ് (സിഎംഎഫ്) എന്ന പേരിലാണ് വില കുറഞ്ഞഉപകരണങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന സബ് ബ്രാന്‍ഡ് നിലവില്‍ വന്നിരിക്കുന്നത്. സിഎംഎഫ് വാച്ച് പ്രോ സ്മാര്‍ട്ട് വാച്ച്, സിഎംഎഫ് ബഡ്‌സ് പ്രോ വയര്‍ലെസ് ഇയര്‍ബഡ്‌സ്, സിഎംഎഫ് ഗാന്‍ 65w ഗാന്‍ (GaN- ഗാലിയം നൈട്രൈഡ്) ചാര്‍ജര്‍ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. 

സിഎംഎഎഫ് വാച്ച് പ്രോ

1.96-ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലെ, 50ഹെട്‌സ് റിഫ്രെഷ് റെയ്റ്റ്, 600 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് തുടങ്ങിയ ഫീച്ചറുകളാണ് വാച്ചിന്. രണ്ടു വേരിയന്റുകള്‍ ഉണ്ട്. ഗ്രേ വേരിയന്റിനാണ് 4,499 രൂപ. മെറ്റാലിക് വേരിയന്റിന് 4,999 രൂപ നല്‍കണം. ജിപിഎസ്, എസ്പിഓ2, ഹൃദയമിടിപ്പ് നിരീക്ഷണം തുടങ്ങിയവ അടക്കമുള്ള ഫീച്ചറുകള്‍ ഉണ്ട്. 

സിഎംഎഫ് ബഡ്‌സ് പ്രോ

സുതാര്യമായ നിര്‍മാണരീതിയില്‍ പുറത്തിറക്കിയ    'നതിങ് ഇയര്‍' ശ്രേണിയിലെ ബഡ്‌സില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് സിഎംഎഫ് ബഡ്‌സ് പ്രോയില്‍. സുതാര്യതയ്ക്കും സ്റ്റൈലിനുമുപരി പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. 45ഡിബി വരെ ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഉള്ള ഈ ബ്ലൂടൂത് വയര്‍ലെസ് ഇയര്‍ബഡ്‌സിന് വില 3,499 രൂപയാണ്. 

സിഎംഎഫ് ഗാന്‍ 65w ചാര്‍ജര്‍

വിവിധ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന താണ് ഇത്. ഇരട്ട യുഎസ്ബി-സി പോര്‍ട്ട്, ഒരു യുഎസ്ബി-എ പോര്‍ട്ട് എന്നയാണ് ഉള്ളത്. ഫോണുകള്‍, ടാബുകള്‍, ഇയര്‍ബഡ്‌സുകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ചാര്‍ജ് നിറയ്ക്കാന്‍ ഇത്പ്രയോജനപ്പെടുത്താമെന്ന് നതിങ് പറയുന്നു. വില 2,999 രൂപ. പുതിയതായി പുറത്തിറക്കിയ എല്ലാ ഉപകരണങ്ങള്‍ക്കും സിഎംഎഫ് ലോഗോ ഉണ്ടായിരിക്കും. 

എഐ ന്യൂക്ലിയര്‍ ശക്തിയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമോ എന്ന് പരിശോധിക്കാന്‍ മൈക്രോസോഫ്റ്റ്

ക്ലൗഡ് ഡേറ്റാ സേവനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ ഏറ്റവും ശക്തിയുള്ള കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് ഇരു സേവനങ്ങളും ന്യൂക്ലിയര്‍ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമോ എന്ന് ആരായുകയാണോ എന്ന് റോയിട്ടേഴ്‌സ്. തങ്ങളുടെ വെബ്‌സൈറ്റില്‍ ഒരു തസ്തികയെക്കുറിച്ചു വന്ന പരസ്യമാണ് ഈ ഊഹാപോഹം പ്രചരിക്കാന്‍ ഇടവരുത്തിയത്.

പ്രിന്‍സിപ്പല്‍ പ്രോഗ്രാം മാനേജര്‍, ന്യൂക്ലിയര്‍ ടെക്‌നോളജി എന്നതാണ് പദവി. ലോകമെമ്പാടുമുള്ള തങ്ങളുടെ എഐ, ക്ലൗഡ് ഡേറ്റാ സെന്ററുകള്‍ക്ക്, സ്‌മോള്‍ മോഡ്യുലര്‍ റിയാക്ടറുംമൈക്രോ റിയാക്ടര്‍ എനര്‍ജി സ്ട്രാറ്റജി ഉപയോഗിച്ചു ശക്തി പകരുക എന്ന കാര്യത്തിന് നേതൃത്വം നല്‍കുക എന്നതാണ് ജോലിക്ക് അപേക്ഷിക്കുന്നയാള്‍ ചെയ്യേണ്ടത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT