ADVERTISEMENT

ലോകത്ത് ഏറെ ചർച്ചയുയർത്തിയ ഒരു ആശയമാണ് മെറ്റാവേഴ്സ്. ഫെയ്സ്ബുക് ഈ ആശയത്തിന്റെ വലിയ പ്രയോക്താക്കളായിരുന്നു.ഫെയ്സ്ബുക് മാതൃകമ്പനിക്ക് മെറ്റയെന്നു പേരുമാറ്റാനുള്ള തീരുമാനമെടുത്തത് മെറ്റാവേഴ്സ് മുന്നിൽകണ്ടാണെന്ന് ടെക്‌ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മെറ്റാ കണക്ട് ഉച്ചകോടിയുടെ പ്രസംഗത്തിൽ സക്കർബർഗ് മെറ്റാവേഴ്സിനെപ്പറ്റി കാര്യമായൊന്നും പറഞ്ഞില്ല. പ്രസംഗത്തിന്റെ ആദ്യ അരമണിക്കൂറിൽ മെറ്റാവേഴ്സെന്ന വാക്കുപോലും മിണ്ടിയില്ല.

എന്താണിത് സൂചിപ്പിക്കുന്നത്. കൃത്യമായ ധാരണ ആർക്കുമായിട്ടില്ല. എങ്കിലും മെറ്റാവേഴ്സ് എന്ന തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും വഴിമാറി ജനറേറ്റീവ് എഐയിലേക്കാണ് സക്കർബർഗിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് വിദഗ്ദർ പറയുന്നു.ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, വാട്സാപ്, ഒക്കുലസ് തുടങ്ങിയ പ്രമുഖ സേവനങ്ങൾക്കൊപ്പം ഓഗ്‌മെന്റ‍ഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ നവീന സാങ്കേതികവിദ്യകളിലേക്കും കൂടുതൽ നിക്ഷേപിക്കാൻ ഫെയ്സ്ബുക്കിനു പദ്ധതിയുണ്ടെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പതിനായിരക്കണക്കിനു തൊഴിലാളികളെ ഇപ്പോൾ തന്നെ ഓഗ്‌മെന്റ‍ഡ് റിയാലിറ്റി–വെർച്വൽ റിയാലിറ്റി രംഗത്ത് ഫെയ്സ്ബുക് നിയോഗിച്ചിട്ടുണ്ട്.കേവലം ഒരു സമൂഹമാധ്യമം എന്ന നിലയിൽ നിന്നു മെറ്റാവേഴ്സ് എന്ന ആശയത്തിലേക്കു മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് തന്നെ പറഞ്ഞുകഴിഞ്ഞിരുന്നു. മെറ്റാവേഴ്സ് രൂപീകരിക്കാനായി പതിനായിരത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാനും ഫെയ്സ്ബുക് പദ്ധതിയിട്ടിരുന്നു. 

1992ൽ നീൽ സ്റ്റീഫൻസൻ എന്ന എഴുത്തുകാരന്റെ സ്നോ ക്രാഷ് എന്ന നോവലിലാണ് മെറ്റാവേഴ്സ് എന്ന പദം ഉപയോഗിക്കപ്പെട്ടത്. ഇന്റർനെറ്റിനു ശേഷമുള്ള സൈബർരംഗം എന്ന് മെറ്റാവേഴ്സിനെ വിളിക്കാം. അനേകം കമ്പനികൾ ഇതിന്റെ പണിപ്പുരയിലാണ്. ഇവരെല്ലാം ചേർന്നാകും ഈ സൈബർലോകം സൃഷ്ടിക്കുകയെന്നാണു വിശ്വാസം.മെറ്റാവേഴ്സിൽ നിങ്ങളുടെ മുറിയിലിരുന്നുകൊണ്ട് മറ്റുള്ളവരെ നിങ്ങൾക്ക് പരിചയപ്പെടാം. അവരോടൊപ്പം ആശയവിനിമയം നടത്താം, മെറ്റവേഴ്സിലെ സ്ഥലങ്ങളും കെട്ടിടങ്ങളും നിങ്ങൾക്ക് ക്രിപ്റ്റോ കറൻസിയുപയോഗിച്ച് വാങ്ങിയിടാം. ആവശ്യം വരുമ്പോൾ വിൽക്കാം.

അവിടത്തെ സർവകലാശാലകളിൽ പോയി പുതിയ കോഴ്സുകൾ പഠിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ ബാഹ്യലോകവും ഡിജിറ്റൽ ലോകവുമായുള്ള അതിരുകൾ മാഞ്ഞ് വളരെ സങ്കീർണമായ ഒരവസ്ഥ.ൺലൈൻ രംഗത്തുള്ള സമയം ചെലവഴിക്കൽ കൂടുതൽ പ്രയോജനപ്രദമാക്കുക എന്നതാണ് തങ്ങളുടെ മെറ്റവേഴ്സ് ആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സക്കർബർഗ് അന്നു പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ മെറ്റാവേഴ്സിൽ മെല്ലെപ്പോക്ക് സ്വീകരിക്കാൻ  ഫെയ്സ്ബുക്കിനെ പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട് സ്ഥിരമായ ഓൺലൈൻ അഡിക്‌ഷനും സൈബർ അടിമത്തത്തിനും മെറ്റാവേഴ്സ് ഇടയാക്കുമെന്നും ഭയപ്പെടുന്നവരുണ്ട്. ഒരു റൂമിൽ വിആർ ഹെഡ്സെറ്റുകളും വച്ച് മറ്റൊരു ലോകത്തിന്റെ അനുഭൂതികളുമേറ്റുവാങ്ങി ജീവിക്കുക...അത്യന്തം കൗതുകകരമായ ഈ ആശയത്തിനു പേടിപ്പെടുത്തുന്ന മറ്റുപല മുഖങ്ങൾ കൂടിയുണ്ടെന്നതാണ് യാഥാർഥ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com