എഐ ഐഫോണ്‍ വരുന്നു? ചാറ്റ്ജിപിറ്റിയും ഡിസൈന്‍ മാന്ത്രികനും ഒരുമിക്കുമ്പോള്‍

Mail This Article
ഐഫോണ്‍ അടക്കമുള്ള വിഖ്യാതമായ ഉപകരണങ്ങളില്‍ പലതും രൂപകല്‍പ്പന ചെയ്ത, മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവും, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയും, ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്കും നടത്തിവരുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ചിരിക്കുന്നത്. 'ഐഫോണ്‍ ഓഫ് എഐ' എന്ന പേരില്‍ ഒരു പുതുയുഗ പദ്ധതിക്കു തുടക്കമിടാനാണിത് എന്നാണ് ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തെ എഐ ഫോണ്‍ വിപ്ലവകരമായി മാറ്റിമറിച്ചതുപോലെ, എഐ ഉപയോഗിച്ച് ടെക്‌നോളജിയുടെ അടുത്ത തലത്തിലുള്ള ഉപകരണം എങ്ങനെ സൃഷ്ടിക്കാമെന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഐവ്, ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍, സോഫ്റ്റ്ബാങ്കിന്റെ മസയോഷി സണ്‍ എന്നിവരാണ്. ഈ പദ്ധതിക്ക് മസയോഷി 1 ബില്ല്യന്‍ ഡോളര്‍ മാറ്റിവച്ചും കഴിഞ്ഞു.
എഐയുടെ കരുത്തുള്ള ഉപകരണം
നിര്‍മിത ബുദ്ധിയെ അടിസ്ഥാനശിലയാക്കി, ഒരു കണ്‍സ്യൂമര്‍ ഉപകരണം നിര്‍മ്മിച്ചെടുക്കുക എന്നതാണ് മൂവര്‍ സംഘത്തിന്റെ ലക്ഷ്യം. ടച്‌സ്‌ക്രീനുമായി ഇടപെട്ട് സുഗമമായി കംപ്യൂട്ടിങ് നടത്തുക എന്ന ലക്ഷ്യമാണ് ഐഫോണ്‍ നേടിയത്. അതുപോലെ, എഐയുമായി സ്വാഭാവികമായിഇടപെടുന്നതിനുതകുന്ന ഒരു ഉപകരണം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍.

ജോണി ഐവ്
ഐമാക്, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയ ലോക പ്രശസ്ത ഉപകരണങ്ങളിലെല്ലാം ജോണി ഐവിന്റെ കൈയ്യൊപ്പു പതിഞ്ഞു കിടപ്പുണ്ട്. ആപ്പിളുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം 2019ല്‍ സ്വന്തമായി തുടങ്ങിയ കമ്പനിയാണ് ലവ്ഫ്രം (LoveFrom). ഉപകരണങ്ങള്‍ രൂപകല്‍പ്പനചെയ്യുന്ന കാര്യത്തില്‍ ലൗഫ്രം ഇപ്പോഴും ആപ്പിളിന് ഉപദേശം നല്‍കുന്നുപോലും ഉണ്ട്.
സോഫ്റ്റ്ബാങ്ക്
പല കമ്പനികള്‍ ചേര്‍ന്നതാണ് സോഫ്റ്റ്ബാങ്ക്. ഇതിന്റെ മൊത്തം മൂല്ല്യം കണക്കുകൂട്ടുക എന്നത് എളുപ്പമല്ല. ചൈനീസ് കമ്പനിയായ ആലിബാബയിലാണ് സോഫ്റ്റ്ബാങ്കിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന്. ടി-മൊബൈല്‍, ഡുയിഷ് ടെലകോം തുടങ്ങിയ കമ്പനികള്‍ മുതല്‍ചി പ് നിര്‍മ്മാതാവായ ആം കമ്പനിയില്‍ വരെ നിക്ഷേപമുണ്ട് സോഫ്റ്റ്ബാങ്കിന്.

ഓപ്പണ്‍എഐ
ലോകം ഇതുവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും അത്ഭുതകരമായ കണ്‍സ്യൂമര്‍ എഐ സാങ്കേതികവിദ്യ പുറത്തെടുക്കുകയും, അത് നിരന്തരം നവീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഓപ്പണ്‍എഐ. ഇക്കഴിഞ്ഞ ആഴ്ചയില്‍ പോലും ചാറ്റ്ജിപിറ്റിക്ക് ഒരു പറ്റം പുതിയഫീച്ചറുകള്‍ നല്‍കിയിരുന്നു-വോയിസ് കണ്ട്രോള്‍, ഇമേജ് അനാലിസിസ്, വെബ് ബ്രൗസിങ് എന്നിവയാണ് അവ.
എഐ ഐഫോണ്‍ ഒരു ഫോണ്‍ ആകണമെന്നില്ല
ഐഫോണ്‍ കംപ്യൂട്ടിങില്‍ കൊണ്ടുവന്ന വിപ്ലവത്തിനു സമാനമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എങ്കിലും, ഐവും ആള്‍ട്ട്മാനും മസയോഷിയും ആഗ്രഹിക്കുന്നത് മറ്റൊരു ഫോണ്‍ നിര്‍മ്മിക്കാന്‍ ആയേക്കില്ലെന്നാണ് കരുതപ്പെടുന്നത്. ഏതു ദിശയിലായിരിക്കും ചര്‍ച്ചകള്‍ നീങ്ങുക എന്നതിനെക്കുറിച്ചൊന്നും ഒരു സൂചനയും ലഭ്യമല്ലെങ്കിലും ഗൂഗിള്‍ ഗ്ലാസ് പോലെയൊരു ഉപകരണം ഉണ്ടാക്കാനുള്ള സാധ്യത ആരായുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മാറ്റം അനിവാര്യം
ഐഫോണ്‍ എന്ന വാക്ക് 2007 മുതല്‍ ഒരു ആഗോള പ്രതിഭാസത്തെ വിശേഷിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയുടെ വികസന സാധ്യതകള്‍ അസ്തമിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആപ്പിള്‍ അടക്കമുള്ള എല്ലാ പ്രധാന ടെക്‌നോളജികമ്പനികള്‍ക്കും ഇതേപ്പറ്റി വ്യക്തമായ ധാരണയുമുണ്ട്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ അടുത്ത ഐഫോണ്‍ നിമിഷം സൃഷ്ടിക്കാന്‍ ശേഷിയുളള ആ ഉപകരണം എങ്ങനെയിരിക്കണം എന്നുള്ള കാര്യത്തെക്കുറിച്ചു മാത്രം വ്യക്തതയില്ല.
എഐയുടെ കാര്യത്തില്‍ ആപ്പിള്‍ ഇപ്പോഴും വളരെ പിന്നിലാണ്. ആപ്പിള്‍ 'ഓരോ ദിവസവും ദശലക്ഷക്കണക്കിനു ഡോളര്‍ എഐ വികസിപ്പിക്കുന്നതിനായി മുടക്കുന്നു' എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഐഫോണ്‍ വരുന്നതിനു മുമ്പ് നോക്കിയ കമ്പനിയുടെ സമഗ്രാധിപത്യമായിരുന്നു ഫോണ്‍ നിര്‍മ്മാണത്തില്‍എന്നതോര്‍ത്താല്‍ ടെക്‌നോളജി മേഖലയില്‍ ഒന്നും ശാശ്വതമല്ല എന്നും മനസിലാക്കാമെന്നും പറയുന്നു.
ചാറ്റ്ജിപിറ്റിക്കു ബദലുമായി മെറ്റാ
മെറ്റാ കമ്പനിയും എഐ മേഖലയില്‍ കരുത്തു തെളിയിക്കാന്‍ മുന്നോട്ടു വരുന്നു. ചാറ്റ്ജിപിറ്റിക്കു ബദലായി മെറ്റാ എഐ എന്ന പേരില്‍ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനമാണ് കമ്പനിയുടെ മേധാവി മര്‍ക്ക് സക്കര്‍ബര്‍ഗ് ഇപ്പോള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ തന്നെ 28 വ്യത്യസ്ത എഐ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കാം. ഫെയ്‌സ്ബുക്കിലും, വാട്‌സാപിലും, ഇന്‍സ്റ്റഗ്രാമിലും ഇവ ലഭ്യമായിരിക്കും. ഇതിനായി പല പ്രശസ്ത വ്യക്തികളും തങ്ങളുടെ സ്വരം നല്‍കുന്നു. റാപ് പാട്ടുകാരന്‍ സ്‌നൂപ് ഡോഗ് (Snoop Dogg), അമേരിക്കന്‍ ഫാഷന്‍മോഡല്‍ കെന്‍ഡല്‍ ജെനര്‍, യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ്, ജാപ്പനീസ് ടെനിസ് താരം നവോമി ഒസാക തുടങ്ങിയവര്‍ മെറ്റായുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. കമ്പനിയുടെ സ്വന്തം ലാമാ 2 സാങ്കേതികവിദ്യയാണ് മെറ്റാ എഐക്കു പിന്‍ബലം നല്‍കുന്നത്.
ഗൂഗിള്‍ പോഡ്കാസ്റ്റ്‌സ് 2024ല്‍ നിറുത്തുന്നു
തങ്ങള്‍ ഗൂഗിള്‍ പോഡ്കാസ്റ്റ്‌സ് 2024ല്‍ നിറുത്തുകയാണെന്ന് കമ്പനി പറയുന്നു. അതേസമയം, യൂട്യൂബ് മ്യൂസിക്കില്‍ പോഡ്കാസ്റ്റ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനായി നിക്ഷേപം നടത്തുമെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. കൂടാതെ, ഗൂഗിള്‍പോഡ്കാസ്റ്റ്‌സ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ കണ്ടെന്റ് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാനുളള ടൂളുകളും കമ്പനി തയാറാക്കുന്നുണ്ട്.
ക്യാനന്റൈ ഇങ്ക് ടാങ്ക് പ്രിന്ററുകളുടെ പേര് മാറ്റി
ഇതുവരെ പിക്‌സ്മ, മാക്‌സിഫൈ എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന തങ്ങളുടെ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ ഇനി പിക്‌സ്മ മെഗാടാങ്ക് (MegaTank), മാക്‌സിഫൈ മെഗാടാങ്ക് എന്ന പേരുകളിലായിരിക്കും വില്‍ക്കുക എന്ന ക്യാനന്‍ കമ്പനി അറിയിച്ചു. ഇങ്ക്‌ജെറ്റ്പ്രിന്റിങ് സാങ്കേതികവിദ്യയില്‍ മുന്നേറ്റം നടത്തുന്ന തങ്ങളുടെ ചില മോഡലുകള്‍ക്ക് ഒരു ഇങ്ക് ബോട്ടില്‍ ഉപയോഗിച്ച് 14,000 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കുമെന്ന് ക്യാനന്‍ അവകാശപ്പെട്ടു.
ആറ് പുതിയ പ്രിന്ററുകള്‍ അവതരിപ്പിച്ച് ഫൂജിഫില്‍ം
ആറു പുതിയ എ3 മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫൂജിഫില്‍ം കമ്പനി. എപിയോസ് (Apeos) ശ്രേണിയില്‍ സി3060, സി2560, സി2060 എന്നീ പേരുകളില്‍ മൂന്ന് കളര്‍ പ്രിന്ററുകളും, എപിയോസ് 3560, 3060, 256 എന്നീ പേരുകളില്‍മൂന്ന് മോണോക്രോം മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. സി ശ്രേണിയിലെ പ്രിന്ററുകള്‍ക്ക് ഹൈ-റെസലൂഷന്‍ പ്രിന്റുകള്‍ (1,200x2,400 ഡിപിഐ) നല്‍കാന്‍ സാധിക്കും. മോണോക്രോം ശ്രേണിയുടെ ഡിപിഐ 1,200x1,200 ആണ്.
ബിങ് കൂടുതല്‍ പണം ഉണ്ടാക്കിക്കൊടുക്കുന്നത് ആപ്പിളിനെന്ന്
സേര്‍ച്ച് മേഖലയിലെ ഗൂഗിളിന്റെ ആധിപത്യത്തിനെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ കൊണ്ടുവന്ന ആന്റിട്രസ്റ്റ് നീക്കത്തിന്റെ വിചാരണ നടക്കുകയാണിപ്പോള്‍. ഇതിനിടയിലാണ് രസകരമായ ഒരു പരാമര്‍ശം മൈക്രോസോഫ്റ്റ് കമ്പനിയുടെ മിഖായെല്‍ പരാഖിന്‍ (MikhailParakhin) നടത്തിയിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ്. മൈക്രോസോഫ്റ്റിന്റെ സേര്‍ച് എഞ്ചിനായ ബിങ് ആണ് ഗൂഗിളിന്റെ പ്രധാന എതിരാളി. എന്നാല്‍, ബിങിനെ സേര്‍ച്ചില്‍ 'പച്ചതൊടാന്‍' ഗൂഗിള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.
ആപ്പിളിന്റെ വെബ് ബ്രൗസറായ സഫാരി, മോസിലയുടെ ഫയര്‍ഫോക്‌സ് എന്നിവയിലെല്ലാം ഗൂഗിളാണ് സ്ഥിര സേര്‍ച്ച് എഞ്ചിന്‍. സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിനായിരിക്കാന്‍ ഗൂഗിള്‍ ആപ്പിളിന് 20 ബില്ല്യന്‍ ഡോളറോളമാണ് പ്രതിവര്‍ഷം നല്‍കുന്നതെന്നാണ്സൂചന. ഇത് ആപ്പിള്‍ ബിങിനെ ഡിഫോള്‍ട്ട് സേര്‍ച്ച് എഞ്ചിന്‍ ആക്കാതിരിക്കാനാണ്. ഇങ്ങനെ നോക്കിയാല്‍ ബിങ് മൈക്രോസോഫ്റ്റിന് പ്രതിവര്‍ഷം ഉണ്ടാക്കി നല്‍കുന്ന വരുമാനത്തെക്കാളേറെ ആപ്പിളിനാണ് നല്‍കുന്നതെന്നാണ് വിചാരണയ്ക്കിടയില്‍ മിഖായെല്‍ പറഞ്ഞത്.
English Summary: Watch out, Apple, an 'iPhone of artificial intelligence' could be in the works