ADVERTISEMENT

പ്രദേശവാസികൾക്കു കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാനാവുന്ന പാസുകള്‍ തട്ടിപ്പിലൂടെ ഉണ്ടാക്കി ടോൾ പ്ലാസയിലൂടെ യാത്ര. സാധാരണ പൊലീസ് കേസാകാറുള്ള ഒരു  തട്ടിപ്പെന്നു കരുതാം എന്നാൽ ആ തട്ടിപ്പു പാസിന്റെ വാലിഡിറ്റിയാണ് ഞെട്ടിക്കുന്നത് 100 വർഷം. അതേ ഇടയ്ക്കിടെ ഹാക്ക് ചെയ്യാനും പാസ് ഉണ്ടാക്കാനുമൊന്നും തട്ടിപ്പുകാർക്കു വയ്യ! ഉണ്ടാക്കിയപ്പോൾ 100 വർഷത്തെ പാസ് ഒറ്റയടിക്കു 'ശരിയാക്കി'! ഗുഡ്ഗാവിലെ ഘംറോജ് ടോൾ പ്ലാസയിൽനിന്നുമാണ് ഈ വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൈബർ തട്ടിപ്പുകളുടെ ഏറ്റവും പുതിയ മുഖം വ്യക്തമാകുന്ന അന്വേഷണവും കണ്ടെത്തലുമാണ് ഗുഡ്ഗാവിലെ ഘംറോജ് ടോൾ പ്ലാസയിൽ നടന്നിരിക്കുന്നത്. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവർക്കായിരുന്നു പ്രതിമാസം 330 രൂപയ്ക്കു പാസ് നൽകിയത്. ടോൾ കമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് 330 രൂപയുടെ പാസിന്റെ ഉപയോഗ പരിധി 100 വർഷമാക്കി ഉയർത്തിയത്. 

ടോൾ പ്ലാസ കടന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിച്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ ) വ്യാജ പാസുകൾ ഉപയോഗിച്ച് ടോൾ ഓപ്പറേറ്റർക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ 1050 പേരെ 70 ദിവസങ്ങൾ കൊണ്ട് കണ്ടെത്തി. പാസില്‍ മാത്രമല്ല സൈനികരുടെയും പൊലീസിന്റെയും മറ്റു ഇളവുകളുള്ളവരുടെയും തിരിച്ചറിയൽ രേഖകളും വ്യാജമായി നിർമിച്ചതായി കണ്ടെത്തിയത്രെ.

നാഷണൽ ഹൈവേ അതോറിറ്റി ഓൺലൈൻ പാസ് നൽകുന്നതു താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. പ്രതിദിനം 25000 വാഹനങ്ങളാണ് സോഹ്ന എലിവേറ്റഡ് പാതയിലെ ഘംറോജ് ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നത്. എന്തായാലും പ്രാഥമിക അന്വേഷണം നടക്കുന്നതേയുള്ളൂ. പൊലീസ് നിലവിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയുടെ വാസ്തവം പരിശോധിച്ചശേഷമായിരിക്കും നടപടി.

English Summary:Toll plaze website hacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT