ടൗണ്‍ സ്‌ക്വയര്‍ ആകാന്‍ ശ്രമിക്കുന്ന എക്‌സ്!

Mail This Article
പൊതുജനങ്ങൾ അവര്‍ കാണുന്ന പ്രശ്‌നങ്ങള്‍ അധികാരികള്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ സ്വയം അവതരിപ്പിക്കുന്ന രീതിയെ ആണല്ലോ സിറ്റിസണ്‍ ജേണലിസം എന്നു വിളിക്കുന്നത്. മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ എക്‌സിന്റെ (നേരത്തെ ട്വിറ്റര്‍) ഉടമയായ ഇലോണ്‍ മസ്‌ക് പൊതുജനങ്ങളോട് തന്റെ പ്ലാറ്റ്‌ഫോം വഴി, ലോകം മാറ്റിമറിക്കാന്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

എക്‌സ് ഇപ്പോള്‍ ടെക്‌സ്റ്റ് എഴുതിയിടാന്‍ മാത്രം അനുവദിക്കുന്ന പ്ലാറ്റ്‌ഫോമല്ല. ലൈവ് വിഡിയോ സ്ട്രീമിങും അനുവദിക്കുന്നു. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം എന്നാണ് മസ്‌ക് ആവശ്യപ്പെടുന്നത്. എക്‌സില്‍ സോഷ്യല്‍ മീഡിയ മുതല്‍ ബാങ്കിങ് വരെ വ്യത്യസ്തമായ മേഖലകള്‍ ഒത്തു ചേരുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു.
ലൈവ് ഡെമോ വിഡിയോ കോള്‍ നടത്തിക്കാണിച്ച് മസ്‌ക്
പൊതുജനങ്ങള്‍ പൗരജേണലിസ്റ്റുകള്‍ ആകണമെന്നും, ഫോണ്‍ കൈവശമുള്ള എല്ലാവരും ലൈവായി അവരവര്‍ കാണുന്ന കാര്യങ്ങളുടെ വിഡിയോ സ്ട്രീം ചെയ്ത് എക്‌സ് വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് മസ്‌ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മസ്‌ക് തന്നെ കാണിച്ചു തരികയും ചെയ്തു. നിയമവിരുദ്ധ കുടിയേറ്റം നേരിട്ടു കണ്ടു വിലയിരുത്താന്‍ അമേരിക്കാ-മെക്‌സിക്കോ അതിര്‍ത്തിയിലെത്തിയ മസ്‌ക് തന്റെ സന്ദര്‍ശനം ലൈവ് സ്ട്രീം ചെയ്തു.

അതിര്‍ത്തിയിലെ കാര്യങ്ങള്‍ എക്‌സ് യൂസര്‍മാര്‍ക്ക് നേരിട്ടു കണ്ടു വിലയിരുത്താനുള്ള അവസരമാണ് മസ്‌ക് ഒരുക്കിയത്. ട്വിറ്ററിനെ ഒരു 'ടൗണ്‍ സ്‌ക്വയര്‍' ആക്കാന്‍ ഉദ്ദേശിക്കുന്നതായി മസ്‌ക് അത് ഏറ്റെടുത്ത കാലം മുതല്‍ പറയുന്നതാണ്. ചില പട്ടണങ്ങളില്‍ ആളുകള്‍ക്ക് ഒത്തുകൂടാനുള്ള ഇടങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം പ്രദേശങ്ങളെയാണ് ടൗണ്‍ സ്‌ക്വയര്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതുപോലെ നിരവധി ആളുകള്‍ക്ക് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമാക്കി എക്‌സിനെ മാറ്റാനാണ് മസ്‌ക് ഉദ്ദേശിക്കുന്നത്.
അപ്പോള്‍ മറ്റു പ്ലാറ്റ്‌ഫോമുകളോ?
മെറ്റാ അടക്കമുളള പല പ്ലാറ്റ്‌ഫോമുകളിലും ലൈവ് വിഡിയോ കോളുകളും മറ്റും സാധ്യമാണ്. എക്‌സ് വ്യത്യസ്തമാകാനൊരുങ്ങുന്നത് ഒരു ടൗണ്‍ സ്‌ക്വയര്‍ ആകാന്‍ ശ്രമിക്കുക വഴിയാണ്. ഇതൊരു തന്ത്രപരമായ മാറ്റമാണെന്നു കരുതപ്പെടുന്നു. വിഡിയോ സ്ട്രീമിങ് നടത്താന്‍ കഴിവുള്ള പൊതുജനങ്ങള്‍ പൗരപത്രപ്രവര്‍ത്തകരാകാന്‍ കടന്നുവരണം എന്ന മസ്‌കിന്റെ ആഹ്വാനം ഏറ്റെടുക്കപ്പെട്ടാല്‍ സമൂഹ മാധ്യമ മേഖലയില്‍ അത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടേക്കും എന്നാണ് വിലയിരുത്തല്‍.

മസ്‌ക് 15 മിനിറ്റ് നേരത്തേക്കാണ് അതിര്‍ത്തിയില്‍ വച്ച് ലൈവ് സ്ട്രീമിങ് നടത്തിയത്. ഇത് 26 ദശലക്ഷത്തിലേറെ പേര്‍ കണ്ടു. ലോകമെമ്പാടുമുള്ള ആളുകള്‍ ഇത്തരം ലൈവ് സ്ട്രീമിങ് നടത്തിയാല്‍ ഓരോ സ്ഥലത്തും എന്താണ് നടക്കുന്നതെന്ന് ശരിക്കും നമുക്ക് തത്സമയം അറിയാനാകുമെന്നും മസ്‌ക് പറഞ്ഞു.
പ്രതികരണങ്ങള്‍
സമൂഹത്തിലെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുളള മസ്‌കിന്റെ ആഹ്വാനത്തിനും, അദ്ദേഹം നടത്തിയ പ്രകടനത്തിനും നിരവധി പ്രതികരണങ്ങള്‍ ഉണ്ടായി. വിഡിയോയുടെ ഗുണനിലവാരം മെച്ചപ്പെടേണ്ടതായി ഉണ്ട് എന്ന് ചിലര്‍ വാദിച്ചു. അതേസമയം, എഡിറ്റു ചെയ്യാത്ത വിഡിയോ ഫുട്ടേജ് കാണിക്കുക വഴി പുതിയൊരു മാനമാണ് റിപ്പോര്‍ട്ടിങിന് കൈവന്നിരിക്കുന്നത് എന്നു വാദിക്കുന്നവരും ഉണ്ട്. ഇതിലാണ് ഭാവി ഇരിക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം, 4കെ ക്വാളിറ്റിയുള്ള വിഡിയോ സ്ട്രീം ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും മസ്‌ക് പറഞ്ഞിട്ടുണ്ട്. ലൈവ് വിഡിയോ ഫീഡുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും എക്‌സ് ശ്രമിക്കുന്നുണ്ട്.
ത്രെഡ്‌സ്: സക്കര്‍ബര്‍ഗിന് കനത്ത തിരിച്ചടിയെന്ന്
എക്‌സ് പ്ലാറ്റ്‌ഫോമിന് എതിരാളി എന്ന നിലയില്‍ ത്രെഡ്‌സ് അവതരിപ്പിച്ച മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, തുടക്കത്തിലെ കുതിപ്പിനു ശേഷം കനത്ത തരിച്ചടി നേരിടുകയാണെന്ന് അമേരിക്കാ ഇന്‍സൈഡര്‍. പുതിയ ഉപയോക്താക്കളെ ലഭിക്കാത്തതാണ് ഇതിനു കാരണം. നിലവിലെ പുരോഗതി വച്ച് 2023ല്‍ ഏകദേശം 23.7 ദശലക്ഷം ഉപയോക്താക്കള്‍ ആയിരിക്കും ത്രെഡ്‌സിനു ലഭിക്കുക. അമേരിക്കയില്‍ മാത്രം 56.1 ദശലക്ഷം ഉപയോക്താക്കളെ മെറ്റാ പ്രതീക്ഷിച്ചിടത്താണിതെന്ന് ഇന്‍സൈഡര്‍. എക്‌സ് പ്ലാറ്റ്‌ഫോമിന് പ്രതിമാസം 528.3 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
കംപ്യൂട്ടിങിലെ അമ്പരപ്പിക്കുന്ന സാധ്യതയായിരിക്കും വിഷന്‍ പ്രോ പുറത്തെടുക്കുക എന്ന് കുക്ക്
അടുത്ത വര്‍ഷം ആദ്യം വില്‍പ്പനയ്‌ക്കെത്തിക്കാന്‍ ഒരുങ്ങുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റാണ് ആപ്പള്‍ വിഷന്‍ പ്രോ. ഇത് കംപ്യൂട്ടിലെ ഒരു 'ആ-ഹാ' നിമിഷമായിരിക്കും ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക എന്ന് കമ്പനിയുടെ മേധാവി ടിം കുക്ക് ഇന്‍ഡിപെന്‍ഡന്റിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു. തന്റെ രാത്രിചര്യയുടെ ഭാഗമായി കഴിഞ്ഞു വിഷന്‍ പ്രോ എന്ന് കുക്ക് വെളിപ്പെടുത്തി. സ്‌പേഷ്യല്‍ കംപ്യൂട്ടിങിന്റെ മാസ്മരികതയായിരിക്കും വിഷന്‍ പ്രോ ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക.
ലോകത്തെ ആദ്യത്തെ ജിയോ-ലിയോ സാറ്റലൈറ്റ് കണക്ടിവിറ്റി കമ്പനിയായി വണ്‍വെബ്
ഇന്ത്യന്‍ ടെലകോം ഭീമന്‍ എയര്‍ടെല്‍, ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് ഓപ്പറേറ്റര്‍മാരില്‍ ഒന്നായി അറിയപ്പെടുന്ന യൂടെല്‍സാറ്റ് (Eutelsat) കമ്യൂണിക്കേഷന്‍സ് എസ്എ എന്ന ഫ്രഞ്ച് കമ്പനിയിലും നിക്ഷേപം നടത്തി. നേരത്തെ ലോ എര്‍ത് ഓര്‍ബിറ്റ് (ലിയോ) സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്കായ വണ്‍വെബ് എയര്‍ടെല്ലിന്റെ നിയന്ത്രണത്തില്‍ ആക്കിയിരുന്നു. ജിയോസ്‌റ്റേഷണറി ഓര്‍ബിറ്റ് (ജിയോ) കമ്പനിയായ യൂടെല്‍സാറ്റിന്റെ സേവനങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ, ലോകത്തെ ആദ്യത്തെ ലിയോ-ജിയോ കമ്പനിയായി മാറിയിരിക്കുകയാണ് വണ്‍വെബ്.
സുനില്‍ ഭാര്‍തി മിറ്റലിന്റെ കീഴിലുള്ള ഭാര്‍തി എന്റര്‍പ്രൈസസ്, യൂടെല്‍സാറ്റില്‍ 21.2 ശതമാനം ഓഹരി സ്വന്തമാക്കി, കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമായായി മാറിയിരിക്കുകയാണ്. ഇനി സുനില്‍ മിറ്റല്‍ ആയിരിക്കും യൂടെല്‍സാറ്റ് ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴിസിന്റെ പ്രസിഡന്റ് (കോ-ചെയര്‍).
ഗ്യാലക്‌സി എസ്23 എഫ്ഇ ഒക്ടോബര്‍ 4ന് അവതരിപ്പിക്കും
സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കമ്പനിയുടെ പുതിയ പ്രീമിയം മോഡലാണിത്. എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം സാംസങ് പുറത്തുവിട്ടിരിക്കുന്നത്. ഗ്യാലക്‌സി എസ്23യുടേതിന് സമാനമായ നിര്‍മ്മാണ രീതി പ്രതീക്ഷിക്കുന്നു. സാംസങിന്റെ സ്വന്തം എക്‌സിനോസ് 2200 പ്രൊസസറായിരിക്കും ഉണ്ടായിരിക്കുക എന്നാണ് കരുതുന്നത്.
വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബ്ള്‍ ഫോണും ഉടന്‍ അവതരിപ്പിച്ചേക്കും
വണ്‍പ്ലസ് കമ്പനിയുടെ മടക്കാവുന്ന ഫോണായ ഓപ്പണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഇത് ഒക്ടോബര്‍ 19ന് പ്രതീക്ഷിക്കാമെന്നാണ് സൂചന. ഓണ്‍ലീക്‌സ് എന്നറിയപ്പെടുന്ന എക്‌സ് യൂസര്‍ അനുഷ്‌കാ ശര്‍മ്മയാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്. രാജ്യത്ത് ധാരാളം ആരാധകരുള്ള വണ്‍പ്ലസ് ഫോണുകള്‍ക്കൊപ്പം പുതിയൊരു പ്രീമിയം മോഡല്‍ കൂടെ എത്തുന്നു. എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആയിരിക്കും പ്രൊസസര്‍ എന്നാണ് സൂചന. അതേസമയം, ഇത് ഒപ്പോ ഫൈന്‍ഡ് എന്‍2 പേരുമാറ്റി എത്തുന്നതായിരിക്കാം എന്ന വാദം ഉയര്‍ത്തുന്നവരും ഉണ്ട്.