വാര്‍ത്താ വിതരണത്തിന് മസ്‌കിന്റെ എക്‌സ്; എക്‌സ്‌വയര്‍ മറ്റൊരു മസ്‌ക് മാജിക്കോ?

Mail This Article
വാര്‍ത്തകളും പത്രക്കുറിപ്പുകളും എളുപ്പം പങ്കുവയ്ക്കാനാകുന്ന തരത്തിൽ മാറുകയാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ കമ്പനിയായ എക്‌സ് എന്നു സൂചന. വാര്‍ത്താ വിതരണ മേഖലയില്‍ വന്‍ സന്നിധ്യമാകാനുള്ള ശ്രമത്തിലാണു കമ്പനിയെന്നാണ് സൂചന. എന്നാല്‍, ഇതേക്കുറിച്ച് അധികമൊന്നും വിട്ടുപറയാന്‍ മസ്‌കോ എക്‌സ് മേധാവി ലിന്‍ഡ യകരിനോയോ തയാറായിട്ടില്ലെന്നും ബ്ലൂംബര്‍ഗ് പറയുന്നു. എക്‌സ്‌വയര്‍ (XWire) എന്ന പേരിലായിരിക്കാം ഈ സേവനം തുടങ്ങുക എന്നും സൂചനകളുണ്ട്.
മാറ്റം പ്രതീക്ഷിക്കാമോ?
ലോകമെമ്പാടും വാര്‍ത്തകളുടെയും മറ്റും ലിങ്കുകള്‍ എത്തിക്കുന്നതില്‍ ഏറ്റവുമധികം കരുത്തു കാട്ടിയിരുന്നത് ഫെയ്‌സ്ബുക്കും ഗൂഗിളുമായിരുന്നു. ഇത്തരം ലിങ്കുകള്‍ ഓരോ രാജ്യത്തെയും മാധ്യമ കമ്പനികള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ലിങ്കുകള്‍ നല്‍കുക വഴി ഇരു കമ്പനികളും ഇടനിലക്കാരായിനിന്ന് പണമുണ്ടാക്കുന്നുമുണ്ട്. എന്നാൽ ഇങ്ങനെ നൽകുന്ന വാർത്തകൾക്ക് ഫെയ്സ്ബുക്കും ഗൂഗിളും മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന് ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നിബന്ധന കൊണ്ടുവന്നു.
ഇതോടെ, ഇരു കമ്പനികളും വാര്‍ത്താ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നതില്‍ വീണ്ടുവിചാരം നടത്തുകയാണ്. ഈ സന്ദര്‍ഭത്തിലാണ് മസ്‌കിന്റെ എക്‌സ് വാര്‍ത്താ വിതരണത്തിനായി രംഗത്തെത്താന്‍ ശ്രമിക്കുന്നത്. ഫെയ്‌സ്ബുക് കുടുംബത്തിലെ അംഗമായ ഇന്‍സ്റ്റഗ്രാം ത്രെഡ്‌സിന്റെ മേധാവി ആഡം മൊസെറി സെപ്റ്റംബറില്‍ പറഞ്ഞത് പ്ലാറ്റ്‌ഫോമില്‍ വാര്‍ത്തയുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ്.
എക്‌സ് അവസരം മുതലാക്കുമോ?
കാനഡയിലെ മാധ്യമങ്ങള്‍ക്കു പണം നല്‍കണം എന്നു നിര്‍ദ്ദേശിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് ആക്ട് പ്രാബല്യത്തില്‍ വന്നതോടെ ഗൂഗിളും മെറ്റാ കമ്പനിയും ഇനി എന്തു വേണം എന്ന ശങ്കയിലാണ്. കാനഡ സർക്കാരുമായി യോജിക്കാന്‍ ഇരു കമ്പനികളും വൈമുഖ്യം കാണിക്കുകയുമാണ്. കൂടുതല്‍ രാജ്യങ്ങള്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നേക്കും.
വാര്‍ത്തകളുടെ ലിങ്കുകള്‍ എത്തിച്ചുകൊടുക്കുക വഴി ഫെയ്‌സ്ബുക്കും ഗൂഗിളും പണമുണ്ടാക്കുന്നെന്നും ഇതിലൊരു പങ്ക് വാർത്ത പ്രസിദ്ധീകരിക്കുന്ന കമ്പനികള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് സർക്കാരുകൾ വാദിക്കുന്നത്. ഈ അവസരത്തിലാണ് തന്ത്രശാലിയായ ബിസിനസുകാരന്‍ കൂടിയായ മസ്‌ക് എക്‌സ്‌വയറുമായി രംഗത്തു വരാന്‍ ശ്രമിക്കുന്നത്.

വാര്‍ത്താ വിതരണം എക്‌സിന് പുത്തരിയല്ല
വാര്‍ത്തയുടെ കാര്യത്തില്‍ എക്‌സിനെ ലോകത്തെ ഏറ്റവും ആധികാരികമായ പ്ലാറ്റ്‌ഫോം ആക്കാനുള്ള ശ്രമത്തിനാണ് മസ്‌ക് തുടക്കമിടുന്നതെന്നും സൂചനകളുണ്ട്. പരമ്പരാഗത മാധ്യമങ്ങളിലുള്ള വാര്‍ത്തകളില്‍ മിക്കതും എക്‌സില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.
ഇതിനെല്ലാം അപ്പുറത്ത്, വാര്‍ത്തയ്ക്കു പ്രാധാന്യം നല്‍കുന്ന പ്ലാറ്റ്‌ഫോമാകാനുള്ള പുതിയ നീക്കത്തെക്കുറിച്ച് ലിന്‍ഡ എക്‌സിലെ ജീവനക്കാരോടു പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അതുപോലെ, സാധാരണക്കാരോടു പോലും നേരിട്ട് വാര്‍ത്തകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത് സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ ആകാന്‍ കഴിഞ്ഞ മാസം മസ്‌ക് ആഹ്വാനം ചെയ്തിരുന്നു. പ്രാദേശിക മാധ്യമങ്ങളുമായി കരാറിലേര്‍പ്പെടാന്‍ മസ്‌കിന് ഉദ്ദേശ്യമുണ്ടോ എന്ന കാര്യം ഈ ഘട്ടത്തില്‍ വ്യക്തമല്ല.
എക്‌സിന്റെ പുതിയ മാസവരി തുടങ്ങുന്നത് 244 രൂപ മുതല്‍
മസ്‌ക് എക്‌സ് ഏറ്റെടുത്തതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കമ്പനി പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പുറത്തുവിട്ടു. ബേസിക്, പ്രീമിയം പ്ലസ് എന്നീ പ്ലാനുകളാണ് നിലവില്‍ വരിക. എക്‌സിന്റെ പ്രഥമിക ഫീച്ചറുകളെല്ലാം ഇരു പ്ലാനുകളിലും ലഭ്യമായിരിക്കും.
ബേസിക് പ്ലാനിന് ഇന്ത്യയില്‍ 244 രൂപ നല്‍കണം. വാര്‍ഷിക വരിസംഖ്യ 2,590 രൂപ. പ്രീമിയം പ്ലസ് പ്ലാനിന് 1,300 രൂപ. ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് 13,600 രൂപയും അടയ്ക്കാം. പ്രീമിയം പ്ലസ്‌കാര്‍ക്ക് പരസ്യങ്ങള്‍ ഉണ്ടാവില്ല. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഒട്ടനവധി അധിക ഫീച്ചറുകളും പ്രീമിയംപ്ലസില്‍ ലഭിക്കുന്നു.
സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റി ഗാസയിലേക്ക് നല്‍കി മസ്‌ക്
ആക്രമണം നടക്കുന്ന ഗാസ മേഖലയിലേക്ക് സ്‌പെയ്‌സ്എക്‌സ് മേധാവി കൂടിയായ മസ്‌ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കുന്നു. മനുഷ്യത്വപരമായ പ്രവൃത്തികളിലേര്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കാണ് സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് നല്‍കുക.
ഇന്ത്യാ 6ജി പ്രോഗ്രാമുമായി എറിക്‌സണ്‍
'ഇന്ത്യാ 6ജി' എന്ന പേരില്‍ അടുത്ത തലമുറ ടെലികോം സേവനമായ 6ജിക്ക് തുടക്കമിട്ടിരിക്കുകയാണ് സ്വീഡിഷ് മള്‍ട്ടിനാഷനല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ എറിക്‌സണ്‍. ചെന്നൈയിലെ തങ്ങളുടെ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിലാണ് ഇത് തുടങ്ങിയിരിക്കുന്നത്.
പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സ്വീഡനിലും അമേരിക്കയിലും ഇന്ത്യയിലുമുള്ള ഗവേഷകര്‍ സഹകരിക്കുമെന്ന് കമ്പനി അറിയിക്കുന്നു. ചെന്നൈക്കു പുറമെ ബെംഗളൂരുവിലും, ഗുര്‍ഗാവിലും എറിക്‌സണ് സെന്ററുകളുണ്ട്.
സ്വകാര്യ ഡേറ്റാ ശേഖരണത്തിലും വില്‍പനയിലും ഫെയ്‌സ്ബുക്ക് മുന്നില്‍

ഉപഭോക്താളുടെ സ്വകാര്യ ഡേറ്റയിലേക്ക് ഏറ്റവുമധികം കടന്നുകയറ്റം നടത്തുന്ന ആപ്പുകള്‍ മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നിവയാണെന്ന് റിപ്പോര്‍ട്ട്. ഇവ വ്യക്തിയെക്കുറിച്ചുള്ള 86 ശതമാനം ഡേറ്റയും ശേഖരിക്കുക മാത്രമല്ല അത് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് മണി മോങ്‌ഗേഴ്‌സ് ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
ട്വിറ്ററിന് എതിരെ കൊണ്ടുവന്ന ആപ്പായ ത്രെഡ്‌സ് ട്വിറ്ററിനെക്കാള്‍ (ഇപ്പോള്‍ എക്‌സ്) 72 ശതമാനം അധികം ഡേറ്റാ ശേഖരിക്കുന്നത്രേ. സ്വകാര്യ ഡേറ്റയിലേക്ക് ഏറ്റവുമധികം കടന്നുകയറ്റം നടത്തുന്ന ആപ്പുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് യൂട്യൂബ്.
2021ല്‍ ഡീഫോള്‍ട്ട് സേര്‍ച് എൻജിനാകാന്‍ ഗൂഗിള്‍ മുടക്കിയത് 26 ബില്യന്‍!

ആപ്പിളിന്റെ സഫാരിയടക്കമുളള വെബ് ബ്രൗസറുകളില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനാകാന്‍ ഗൂഗിള്‍ 2021ല്‍ 26.3 ബില്യന്‍ ഡോളര്‍ മുടക്കിയെന്ന് കമ്പനിയുടെ സീനിയർ എക്‌സിക്യൂട്ടിവ് പ്രഭാകര്‍ രാഘവന്‍. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സ്വന്തം ക്രോം ബ്രൗസറാണ്. അതിനു പണം നല്‍കേണ്ട കാര്യമില്ല.
കമ്പനിക്കെതിരെ അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ആന്റിട്രസ്റ്റ് വിചാരണയിലാണ് ഗൂഗിളിന്റെ സേര്‍ച്, പരസ്യ വിഭാഗങ്ങളുടെ ചുമതലയുള്ള പ്രഭാകറിന്റെ വെളിപ്പെടുത്തലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതേവര്‍ഷം ഗൂഗിളിന് പരസ്യത്തില്‍നിന്ന് 146.4 ബില്യന്‍ ഡോളര്‍ ലഭിച്ച കാര്യവും വെളിപ്പെടുത്തി. കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജി അമിത് മേത്തയാണ് കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത്.
ഇയര്‍ബഡ്‌സിലേക്ക് ഹൃദയമിടിപ്പ് നിരീക്ഷണവും വന്നേക്കും
ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഉള്ള സാധാരണ ഇയര്‍ബഡ്‌സ് ഉപയോഗിച്ച് ഹൃദയമിടിപ്പ് നിരീക്ഷിക്കാന്‍ സാധ്യമാണെന്നു തെളിയിച്ചിരിക്കുകയാണ് ഗൂഗിള്‍ഗ വേഷകര്‍. ഇതിനുള്ള സാങ്കേതികവിദ്യയെ ഓഡിയോപ്ലെതിസ്‌മോഗ്രാഫി (audioplethysmography) അല്ലെങ്കില്‍ എപിജി എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മോബികോം 2023യില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇയര്‍ബഡ്‌സില്‍ അധിക സെന്‍സറുകള്‍ ഇല്ലാതെ ഹൃദയമിടിപ്പ് നിരീക്ഷണം നടത്താമെന്ന് ഗവേഷകര്‍ പറഞ്ഞിരിക്കുന്നത്.
ഈ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തുന്നത് ഉപകണത്തിന്റെ ബാറ്ററി ലൈഫിനെ ബാധിക്കില്ലെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. നിലവില്‍ ഉപയോഗിക്കുന്ന പ്രകാശ കേന്ദ്രീകൃതമായ സാങ്കേതികവിദ്യകളായ ഫോട്ടോപ്ലെതിസ്‌മൊഗ്രാംസ് (പിപിജി), ഇലക്ട്രോകാര്‍ഡിയോഗ്രാംസ് (ഇസിജി) സാങ്കേതികവിദ്യകളെക്കാള്‍ മികച്ചതാണ് എപിജി എന്നും ഗവേഷകര്‍ പറഞ്ഞു.