ADVERTISEMENT

സൈബർ തട്ടിപ്പുകളിലെ പുതിയ രീതിയാണ് ‘പിഗ് ബുച്ചറിങ് സ്കാം’ എന്ന ഈ തട്ടിപ്പിനെതിരെ സെരോദ സിഇഒ നിതിൻ കാമത്ത് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അടുപ്പമുണ്ടാക്കി വാഗ്ദാനങ്ങൾ നൽകി പണം തട്ടിയെടുക്കുന്ന രീതിയാണിത്. സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്. അപരിചിതരിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദസന്ദേശങ്ങളോ പരിചയപ്പെടാനുള്ള അഭ്യർഥനയോ ലഭിച്ചാൽ സൂക്ഷിക്കുക,  അതൊരു ‘പിഗ് ബുച്ചറിങ് സ്കാം’ ആകാൻ സാധ്യതയുണ്ട്.

പന്നിയെ കശാപ്പു ചെയ്യും മുൻപ് അതിനു പരമാവധി തൂക്കം കൂട്ടാറുണ്ട്. ഈ തട്ടിപ്പിലും ഇരയിൽ‌നിന്നു പണം തട്ടിയെടുക്കും മുൻപ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്നു. അതിനാലാണ് പിഗ് ബുച്ചറിങ് സ്കാം’ എന്നു വിളിക്കുന്നത്. 

ഇരയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലും ഡേറ്റിങ് ആപ്പുകളിലും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതാണ് ആദ്യ ഘട്ടം. അടുത്തതായി, ഇരകളുമായി ബന്ധം സ്ഥാപിക്കുന്നു, പ്രണയ ബന്ധത്തിനോ വിവാഹത്തിനോ ഒക്കെ താൽപര്യമുള്ളതായി നടിക്കുന്നു. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാൽ,  നിക്ഷേപങ്ങളെയും സാമ്പത്തിക അവസരങ്ങളെയും കുറിച്ചു സംസാരിക്കാൻ തുടങ്ങും. നിക്ഷേപത്തിന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യും. അങ്ങനെ പണം സമ്പാദിച്ച മറ്റ് ആളുകളുടെ വ്യാജ സ്ക്രീൻഷോട്ടുകൾ പോലും കാണിച്ചേക്കാം. അതൊക്കെ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നതോടെ സുഹൃത്ത് അല്ലെങ്കിൽ കമിതാവ് അപ്രത്യക്ഷമാകും. ഇത്തരം തട്ടിപ്പു വഴി യുഎസിൽ 200 കോടിയിലേറെ ഡോളറാണ് നഷ്ടപ്പെട്ടതെന്ന് എഫ്ബിഐ പറയുന്നു.

തട്ടിപ്പുവഴി

∙ സമൂഹമാധ്യമങ്ങളിലൂടെയോ ഡേറ്റിങ് ആപ്പിലൂടെയോ ടെക്‌സ്‌റ്റ് മെസേജിലൂടെയോ തട്ടിപ്പുകാർ നിങ്ങളെ സമീപിക്കും.

∙ സൗഹൃദ/ പ്രണയ ബന്ധത്തിൽ താൽപര്യമുള്ളതായി നടിച്ച് അവർ പെട്ടെന്ന് ബന്ധം സ്ഥാപിക്കും.

∙ നിക്ഷേപങ്ങളെക്കുറിച്ചും സാമ്പത്തിക അവസരങ്ങളെക്കുറിച്ചും സംസാരിക്കാൻ തുടങ്ങും.

∙ നിക്ഷേപത്തിന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യും.

∙ തെളിവായി വ്യാജ സ്ക്രീൻഷോട്ടുകൾ അവർ നിങ്ങളെ കാണിച്ചേക്കാം.

രക്ഷപ്പെടാൻ‌

∙ സമൂഹമാധ്യമങ്ങളിലും ഡേറ്റിങ് ആപ്പുകളിലും നിങ്ങൾ ആരുമായാണ് ബന്ധപ്പെടുന്നത് എന്നതിൽ ശ്രദ്ധാലുവായിരിക്കുക.

∙ പരിചയമില്ലാത്ത, വിശ്വാസമില്ലാത്ത ആരുടെകൂടെയും ഒരു ബിസിനസിലും പണം നിക്ഷേപിക്കരുത്.

∙ അസാധാരണമായ തോതിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെപ്പറ്റി ജാഗ്രത പാലിക്കുക.

∙ പണം നിക്ഷേപിക്കുന്നതിനു മുൻപ് അതിനെപ്പറ്റി വിശദമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുക.

ഇരയായെങ്കിൽ

∙ സൈബർ കുറ്റകൃത്യമാണെന്നതിനാൽ അധികൃതരുമായി ബന്ധപ്പെടുക.

∙പണം വീണ്ടെടുക്കാൻ സഹായിക്കാനാകുമോ എന്നറിയാൻ നിങ്ങളുടെ ബാങ്കുമായോ ക്രെഡിറ്റ് കാർഡ് കമ്പനിയുമായോ ബന്ധപ്പെടുക.

∙ തട്ടിപ്പുകാരുമായി പങ്കുവച്ച സമൂഹമാധ്യമ വിവരങ്ങളെല്ലാം മാറ്റുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com