ADVERTISEMENT

അമ്മയുടെ ആദ്യത്തെ ആലിംഗനം, ആദ്യമായി മുലപ്പാല്‍ രുചിച്ചത്, പ്രകാശവും നക്ഷത്രങ്ങളും കണ്ടത്, കിളികളുടെ പാട്ടു കേട്ടത്, ആദ്യമായി ഭക്ഷണം കഴിച്ചത്... അങ്ങനെയങ്ങനെയുള്ള കുഞ്ഞായിരിക്കുമ്പോഴുള്ള ആദ്യത്തെ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ നമുക്ക് ഓര്‍മയുണ്ടാവില്ല. ഓര്‍ത്തെടുക്കാന്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും അതിനു സാധിക്കുകയുമില്ല. ആ ഓര്‍മകളിലേക്കുള്ള വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞു പോയോ? നമ്മുടെ ബാല്യം മറ്റുള്ളവരുടെ ഓര്‍മകളിലൂടെ മാത്രമാണോ നമുക്ക് തിരിച്ചുപിടിക്കാനാവുക? നഷ്ടമായെന്നു കരുതിയ പല അനുഭവങ്ങളും തിരിച്ചുപിടിക്കാനുള്ള താക്കോല്‍ തിരയുകയാണ് ശാസ്ത്രം.

അമ്മയുടെ പ്രതിരോധ വ്യവസ്ഥയിലെ പല കാര്യങ്ങള്‍ക്കു പോലും നമ്മുടെ ഓര്‍മകളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് ട്രിനിറ്റി കോളേജ് ഡബ്ലിനിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഓട്ടിസം ബാധിച്ച ചിലര്‍ക്ക് സാധാരണ മനുഷ്യര്‍ക്ക് ഓര്‍ത്തെടുക്കാനാവാത്ത അത്രയും വിപുലമായും പഴയതുമായ ഓര്‍മകള്‍ എങ്ങനെ സാധ്യമാവുന്നുവെന്നതിനുള്ള വിശദീകരണവും ഇതിലൂടെ ലഭിക്കുന്നുണ്ട്. 

മനുഷ്യരിലും മറ്റു സസ്തനികളിലും സാധാരണയായി കണ്ടുവരാറുള്ള ബാല്യകാല ഓര്‍മകള്‍ നഷ്ടമാവുന്നതിനെ ഇന്‍ഫന്റൈല്‍ അംനേഷ്യ എന്നാണു വിളിക്കുന്നത്. 'ഈയൊരു അവസ്ഥ വ്യാപകമെങ്കിലും അതേക്കുറിച്ച് കാര്യമായ അറിവ് നമുക്കില്ല. ഇത്തരം മറവി സ്വാഭാവികവും ജീവിതത്തിന്റെ ഭാഗവുമാണെന്നാണ് പൊതുധാരണ' ട്രിനിറ്റി കോളജ് ഡബ്ലിനിലെ ന്യൂറോസയന്റിസ്റ്റ് തോമസ് റയാന്‍ പറയുന്നു. 

പലപ്പോഴും രണ്ടോ മൂന്നോ വയസിനു ശേഷമുള്ള സംഭവങ്ങളില്‍ നിന്നാണ് നമ്മുടെ ഓര്‍മ്മ തുടങ്ങുന്നത്. അതു തന്നെ നമ്മുടെ രക്ഷിതാക്കളോ പ്രിയപ്പെട്ടവരോ നല്‍കുന്ന വിവരണങ്ങളുമായി കൂടിക്കുഴഞ്ഞിരിക്കുകയും ചെയ്യും. എന്നാല്‍ മറന്നെന്നു കരുതുന്ന ഈ ഓര്‍മകളെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നു തന്നെയാണ് എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. 

പ്രത്യേകം ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ലക്ഷ്യമാക്കി മരുന്നുകള്‍ നല്‍കിയും കോര്‍ടികോസ്‌റ്റെറോയ്ഡുകളുടെ സമയബന്ധിതമായ ഉപയോഗം വഴിയും എലികളില്‍ വിജയകരമായി ഇന്‍ഫന്റൈല്‍ അംനേഷ്യ തടയാന്‍ സാധിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പഠനങ്ങളിലാണ് അമ്മയുടെ മറ്റേണല്‍ ഇമ്യൂണ്‍ ആക്ടിവേഷന്(MIA) ഇന്‍ഫന്റൈല്‍ അംനേഷ്യയുമായി  ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് റയാനും സംഘവും എത്തിയത്. 

പ്രത്യേകരീതിയില്‍ വൈദ്യുതി കടത്തി വിടുമ്പോഴുണ്ടാവുന്ന ഭയം കുഞ്ഞനെലികളിലും വലിയ എലികളിലും എത്രത്തോളം ഓര്‍മയിലുണ്ടെന്നാണ് പരീക്ഷിച്ചത്. എലികളുടെ ഗര്‍ഭകാലത്തിന്റെ പകുതിയില്‍ വെച്ച് പ്രത്യേകം പ്രതിരോധ സംവിധാനം നിര്‍മിച്ചെടുക്കുന്നതിലും ഗവേഷകര്‍ വിജയിച്ചു. ഇത്തരം പ്രതിരോധ സംവിധാനത്തിലൂടെ ജനിച്ച എലികള്‍ക്ക് മറ്റു എലികളേക്കാള്‍ കൂടുതല്‍ കാലം 'വൈദ്യുതാഘാതം' പോലുള്ള ഓര്‍മകളെ സൂക്ഷിക്കാന്‍ സാധിച്ചുവെന്നും പഠനം കണ്ടെത്തി. 

കൃത്യമായി പറഞ്ഞാല്‍ ഗര്‍ഭകാലത്ത് ഗവേഷകര്‍ കൃത്രിമമായി നല്‍കിയ സൈറ്റോകൈന്‍ IL-17a എന്ന പ്രതിരോധ പ്രോട്ടീന്‍ ഉള്ള എലികള്‍ക്ക് മറ്റു എലികളേക്കാള്‍ ഓര്‍മകൂടുതലാണെന്നും ഈ പഠനം തെളിയിച്ചു. കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി മനുഷ്യരിലെ ബാല്യകാല ഓര്‍മകളെ തിരിച്ചുപിടിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ഇത് വിദ്യാഭ്യാസത്തിനും വൈദ്യശാസ്ത്രത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com