ചാറ്റ്ജിപിറ്റിയെയും ട്വിറ്ററിനെയും 'വിശ്വസിക്കാനാവില്ലെന്നു' വിക്കിപീഡിയ സഹസ്ഥാപകൻ

Mail This Article
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന് 'ഒരു കൊട്ടു കൊടുത്ത്' വിക്കിപീഡിയയുടെ സഹസ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്. വൈറലായ എഐ സേര്‍ച് എന്‍ജിൻ ചാറ്റ്പിറ്റി അത്ര വലിയ സംഭവമൊന്നുമല്ലെന്നാണ് അദ്ദേഹം തുറന്നുകാട്ടുന്നത്. വെയില്‍സില്‍ നടക്കുന്ന വെബ് സമിറ്റിലാണ് ചാറ്റ്ജിപിറ്റി അടക്കമുളള ലാര്‍ജ് ലാംഗ്വെജ് മോഡലുകളുടെ (എല്‍എല്‍എം) പ്രശ്നങ്ങൾ ജിമ്മി പറഞ്ഞത്.
ആശ്ചര്യജനകമായ ടെക്‌നോളജിതന്നെയാണ്. എന്നാല്‍ അല്‍പനേരം ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ പോരായ്മകള്‍ പുറത്തുവരികയും ചെയ്യും. ഗൗരവമുള്ള പല കാര്യങ്ങള്‍ക്കു തീര്‍ത്തും അപര്യാപ്തമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ക്രമേണ ഇത് മികവാര്‍ജ്ജിക്കാനുള്ള സാധ്യതയും ജിമ്മി തള്ളിക്കളയുന്നില്ല.

ഗ്രോക് എന്ന പേരില്‍ മസ്‌കും ഒരു പുതിയ എഐ ചാറ്റ്‌ബോട്ടിനെ അവതരിപ്പിച്ചു കഴിഞ്ഞു. മസ്‌കിന്റെ ഗ്രോക് അടക്കമുള്ള എല്‍എല്‍എമ്മുകള്‍ വിക്കിപീഡിയ വായിക്കുന്നു എന്നതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ സത്യത്തിന്റെ ഒരു ഉറവിടമല്ലെന്നും ജിമ്മി വിമർശിച്ചു. ഏതു പുതിയ ടെക്‌നോളജി വരുമ്പോഴും ഇപ്പോള്‍ എഐയുടെ കാര്യത്തില്‍ കാണുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യര്‍ ഇപ്പോഴും എല്‍എല്‍എമ്മുകളെക്കാള്‍ 20 വര്‍ഷം മുമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ പ്രവചനത്തില്‍ വിപ്ലവമാകാന്‍ ഗൂഗിള്‍ എഐ! കൃത്യത വര്‍ദ്ധിച്ചേക്കാം

നിര്‍മിത ബുദ്ധിയില്‍ (എഐ) ഊന്നി പ്രവര്‍ത്തിക്കുന്ന പുതിയ കാലാവസ്ഥാ പ്രവചന രീതികള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗൂഗിളിന്റെ ഡീപ്‌മൈന്‍ഡ് വിഭാഗം. പുതിയ പ്രവചന രീതിയെ വിളിക്കുന്നത് ഗ്രാഫ്കാസ്റ്റ് (GraphCast) എന്നാണ്.
ഇതിന് അടുത്ത 10 ദിവസത്തില്‍ സംഭവിച്ചേക്കാവുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ 1 മിനിറ്റിനുളളില്‍ പ്രവചിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരമ്പരാഗത കാലാവസ്ഥാ പ്രവചന രീതികളെ ഗ്രാഫ്കാസ്റ്റ് ഇപ്പോള്‍ത്തന്നെ മറികടന്നു കഴിഞ്ഞു എന്ന് ഗവേഷകര്‍ പറയുന്നു. ഇതിന്റെ വേരിഫിക്കേഷന്‍ റേറ്റ് 90 ശതമാനമാണത്രെ.
കാലാവസ്ഥാ പ്രവചനം നര്‍ണ്ണായകമാകാന്‍ പോകുന്ന നാളുകള്‍
ഞൊടിയിടയില്‍ മാറിമറിയുന്ന കാലാവസ്ഥ കടുത്ത പ്രശ്‌നങ്ങളാണ് മനുഷ്യര്‍ക്ക് സമ്മാനിക്കുന്നത്. നിലവിലുളള കാലാവസ്ഥാ പ്രവചന രീതികളുടെ പ്രവര്‍ത്തനത്തെ പലരും വിമര്‍ശിക്കുന്നുമുണ്ട്. അതേസമയം, ഗ്രാഫ്കാസ്റ്റിന് കാലാവസ്ഥ നോക്കുന്ന സമയത്തെ ഭൂമിയുടെ അവസ്ഥയും, തൊട്ടു മുമ്പിലെ 6 മണിക്കൂറും പരിഗണിച്ച് ഗ്രാഫ്കാസ്റ്റിന് അടുത്ത പല ദിവസത്തേക്കുള്ള പ്രവചനം നടത്താന്‍ സാധിക്കുമത്രെ.
ഒരു ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇത്പരിശോധിച്ചറിയാനാകുമെന്ന് നെയ്ചര്‍ ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നിലവിലുള്ള എല്ലാ പരമ്പരാഗത കാലാവസ്ഥാ നിര്‍ണ്ണയ രീതികളെയും അതിശയിക്കുന്ന രീതിയാണ് ഡീപ്‌മൈന്‍ഡ് ഗവേഷകര്‍ വികസിപ്പിച്ച ഗ്രാഫ്കാസ്റ്റിലേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാലാവസ്ഥാ പ്രവചനം സങ്കീര്‍ണ്ണവും, ധാരാളം ഊര്‍ജ്ജം വേണ്ടതുമാണ്. പരമ്പരാഗത കാലാവസ്ഥാ പ്രവചന രീതിയെ ന്യൂമറിക്കല്‍ വെതര്‍ പ്രഡിക്ഷന്‍ എന്നാണ് വിളിക്കുന്നത്. ഇവ ഗണിതകമായ മോഡലുകളെയും ഫിസിക്കന്‍ തത്വങ്ങളെയും ആശ്രയിക്കുന്നു.
സൂപ്പര്‍കംപ്യൂട്ടറുകള്‍ ഉപയോഗിച്ച്, സാറ്റലൈറ്റുകള്‍ മുതല്‍ വെതര്‍ സ്റ്റേഷനുകള്‍ വരെ നല്‍കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് ഇത്തരത്തിലുളള പ്രവചനം നടത്തുന്നത്. ഈ രീതിയുടെ കൃത്യത ഒരു പരിധി വരെ ആശ്രയിക്കാവുന്നതുതന്നെയാണെങ്കിലും ഇതിന് ധാരളം ഊര്‍ജ്ജവും പണവും ചിലവിടേണ്ടതായി വരുന്നു.
കാലാവസ്ഥാ പ്രവചന വിപ്ലവം

ഒട്ടനവധി ടെക്‌നോളജി കമ്പനികള്‍ കാലാവസ്ഥാ പ്രവചനത്തിന്റെ ചിലവു കുറയ്ക്കാന്‍ മുന്നോട്ടിറങ്ങിക്കഴിഞ്ഞു. ആഗോള തലത്തിലെ കാലാവസ്ഥാ മാറ്റം പ്രവചിക്കാനായി നിലവില്‍ ലഭ്യമായ ഡേറ്റയും, പഴയ ഡേറ്റയും മെഷീന്‍ ലേണിങ് ടൂളുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ വിശകലനം ചെയ്യുന്നത്. ഡീപ്‌മൈന്‍ഡിനു പുറമെ, ചിപ് നിര്‍മ്മാതാവായ എന്‍വിഡിയ, ചൈനീസ് ഭീമന്‍ വാവെയ് തുടങ്ങിയവ അടക്കം പല കമ്പനികളും ഈ രംഗത്തുണ്ട്.
കൃത്യത കണ്ടു എങ്കിലും പൂര്‍ണമായും പരമ്പരാഗത മോഡലുകള്‍ക്ക് പകരമാകാനുള്ള കെല്‍പ്പ് ഡീപ്‌മൈന്‍ഡ് ആര്‍ജ്ജിച്ചോ എന്ന കാര്യത്തില്‍ മറ്റു ഗവേഷകര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. എന്തായാലും ഡീപ്‌മൈന്‍ഡിന്റെ പുതിയ ടൂളുകളെല്ലാം ഓപ്പണ്‍സോഴ്‌സ് ആയതിനാല്‍ ആര്‍ക്കും പരീക്ഷണങ്ങള്‍ നടത്തി നോക്കാമെന്നത് ഇതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. താമസിയാതെ തങ്ങളുടെ മാപ്‌സ് പോലെയുള്ള മറ്റു പ്രൊഡക്ടുകള്‍ക്കൊപ്പം ഗ്രാഫ്കാസ്റ്റും ഗൂഗിള്‍ നല്‍കിയേക്കും.
ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിനാകാന്‍ ഗൂഗിള്‍ പ്രതിവര്‍ഷം ചിലവിടുന്നത് 49 ബില്ല്യന്‍ ഡോളര്‍!
ആപ്പിള്‍ ഉപകരണങ്ങളിലെ ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിന്‍ ആക്കി ഗൂഗിളിനെ വയ്ക്കുന്നതിന് കൂറ്റന്‍ തുക ആപ്പിളിന് നല്‍കുന്നുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ. ആപ്പിളിന്റെ ബ്രൗസറായ സഫാരി വഴി നടത്തുന്ന ഗൂഗിള്‍ സേര്‍ച്ചില്‍ നിന്നു ലഭിക്കുന്ന തുകയുടെ 36 ശതമാനം ആപ്പിളിനു നല്‍കുന്നു എന്നാണ് പിച്ചൈ പറഞ്ഞിരിക്കുന്നത്.
ഗൂഗിളിനെതിരെ ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന ആന്റിട്രസ്റ്റ് വിചാരണയിലാണ്പിച്ചൈ ഇക്കാര്യം തുറന്നു സമ്മതിച്ചത്. ഇത്ര വലിയ തുക ആപ്പിളിനു മാത്രമെ നല്‍കുന്നുള്ളു. സാംസങ്, മോസില്ല പോലെയുളള കമ്പനികള്‍ക്ക് ഗൂഗിള്‍ സേര്‍ച് എഞ്ചിന്‍ ആക്കുന്നതിന് അതിലും കുറച്ചു പണമാണ് നല്‍കുന്നത്.
ഇതൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിള്‍ അടക്കമുളള എല്ലാ കമ്പനികള്‍ക്കുമായി ഗൂഗിളിൽ 49 ബില്ല്യന്‍ ഡോളര്‍ നല്‍കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആപ്പിളിന് കൃത്യമായി എത്ര പണമാണ് നല്‍കിയത് എന്ന ചോദ്യത്തിന് വളരെ ഒഴുക്കാനായി 10 ബില്ല്യന്‍ ഡോളറിലേറെ എന്ന ഉത്തരമാണ് പിച്ചൈ നല്‍കിയത്.
അതേസമയം, ഞെട്ടിപ്പിക്കുന്ന തുകയായ 18 ബില്ല്യന്‍ ഡോളറാണ് ഗൂഗിള്‍ നല്‍കുന്നത് എന്ന് എപ്പിക് കമ്പനിക്കു വേണ്ടി ഹാജരായ വക്കീല്‍തിരിച്ചടിച്ചു. മറ്റു സേര്‍ച്ച് എഞ്ചിനുകളെ വളരാന്‍ അനുവദിക്കാതെ സേര്‍ച്ച് രംഗം വഴിവിട്ട രീതിയില്‍ അടക്കിവച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന വാദമടക്കമാണ് ആന്റിട്രസ്റ്റ് നീക്കം വഴി അമേരിക്ക പരിശോധിക്കുന്നത്.
8ടിബി സംഭരണശേഷിയുള്ള എസ്എസ്ഡി അവതരിപ്പിച്ച് സാംസങ്
ടി5 ഇവോ ശ്രേണിയിലുള്ള തങ്ങളുടെ പുതിയ എക്‌സ്‌റ്റേണല്‍ എസ്എസ്ഡികള്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് സാംസങ്. യുഎസ്ബി 3.2 ജെന്‍ 1 പോര്‍ട്ടുളള ഈ ശ്രേണിക്ക് 460 മെഗാബൈറ്റ്‌സ് പെര്‍ സെക്കന്‍ഡ് റൈറ്റ് സ്പീഡാണ് ഉള്ളത്. ടി5 ഇവോ ശ്രേണിയില്‍ 2ടിബി മുതല്‍ 8ജിബി വരെയുള്ള ഡ്രൈവുകള്‍ ലഭ്യമാണ്. ഇവയ്ക്ക് വില 189.99 ഡോളര്‍ മുതല്‍ 649.99 ഡോളര്‍ വരെയാണ്. ഇന്നു മുതല്‍ ലോകമെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ ഇത് ലഭ്യമായിരിക്കുമെന്ന്കമ്പനി അറിയിച്ചു.
ഷഓമി പാഡ് 6ന് വില കുറച്ചു
ഷഓമി കമ്പനിയുടെ ടാബ്‌ലറ്റ് കംപ്യൂട്ടറായ പാഡ് 6ന് വില കുറച്ചു. രണ്ടു വേരിയന്റുകളാണ് വില്‍പ്പനയില്‍ ഉള്ളത്- 6+128ജിബി, 8+256ജിബി. ഇവയുടെ വില യഥാക്രമം 26,999 രൂപ, 28,999 രൂപ. ഇവ ഇപ്പോള്‍ യഥാക്രമം 24,999 രൂപ, 26,999 രൂപ എന്നീ വിലകളില്‍ വാങ്ങാം.

ആമസോണ്‍ ആന്‍ഡ്രോയിഡ് ഉപേക്ഷിക്കുന്നു
തങ്ങളുടെ ഉപകരണങ്ങളില്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നത് നിറുത്തുകയാണ് ആമസോണ്‍. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത വെഗാ എന്നു വിളിച്ചേക്കാവുന്ന ഓഎസ് ആയിരിക്കുംപകരം എത്തുക. ഫയര്‍ ടിവി ഉപകരണങ്ങളിലാണ് ഇവ ആദ്യം എത്തുക എന്നു പറയപ്പെടുന്നു.