ബിങ് ചാറ്റ് ഇനി മുതൽ കോപൈലറ്റ്

Mail This Article
ചാറ്റ്ജിപിടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പേര് ‘കോപൈലറ്റ്’എന്നു മാറ്റി. മൈക്രോസോഫ്റ്റ് എഐ സേവനത്തെ കമ്പനിയുടെ എല്ലാ ഉൽപന്നങ്ങളിലും അവതരിപ്പിക്കുന്നതിന്റെ ഭാഗമാണിത്. മൈക്രോസോഫ്റ്റ് 365 വരിക്കാർക്ക് ഡിസംബർ ഒന്നു മുതൽ സൗജന്യമായി ലഭിക്കും.

ജിപിടി–4, ഡാൽ–ഇ3 എന്നിവ ഉപയോഗിക്കുന്ന ജനറേറ്റീവ് ടെക്സ്റ്റ് -ഇമേജ് സേവനങ്ങളാണ് കോപൈലറ്റ് നൽകുക. മൈക്രോസോഫ്റ്റ് ഇഗ്‌നൈറ്റ് പരിപാടിയിലാണ് പുതിയ സേവനങ്ങൾ കമ്പനി പ്രഖ്യാപിച്ചത്.
Windows 10 Home, Windows 10 Pro ഉപയോക്താക്കൾക്ക് Windows 11-ൽ മാത്രം ലഭ്യമായിരുന്ന AI അസിസ്റ്റന്റായ Copilot ലഭിക്കും. മൈക്രോസോഫ്റ്റ് 365-നുള്ള മൈക്രോസോഫ്റ്റ് കോപൈലറ്റ് ഇഷ്‌ടാനുസൃതമാക്കുന്നതിനും എഐ അസിസ്റ്റന്റുകൾ നിർമിക്കുന്നതിനുമുള്ള ലോ-കോഡ് ഡെവലപ്‌മെന്റ് ടൂളായ മൈക്രോസോഫ്റ്റ് കോപൈലറ്റ് സ്റ്റുഡിയോയും അവതരിപ്പിച്ചു.
എഐ ചിപ്പും നിർമിക്കും
മൈക്രോസോഫ്റ്റ് സ്വന്തം ആവശ്യത്തിനായി നിർമിച്ച എഐ ചിപ്പുകളും ഇഗ്നൈറ്റിൽ പ്രഖ്യാപിച്ചു. അഷുർ മേയ 100, കൊബാൾട് 100 എന്നീ ചിപ്പുകളാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. എഐ ഭാഷാമോഡലുകളെ പരിശീലിപ്പിക്കാനും ജനറേറ്റീവ് എഐ ടൂളുകൾ പ്രവർത്തിപ്പിക്കാനും വേണ്ട എൻവിഡിയ എച്ച് 100 ചിപ്പുകൾക്കു പകരമാണ് മൈക്രോസോഫ്റ്റ് ചിപ്പുകൾ.
ടീംസിൽ ഏറെ പുതുമകൾ
മൈക്രോസോഫ്റ്റ് ടീംസ് വിഡിയോ കോൺഫറൻസ് ആപ്പിൽ എഐ അധിഷ്ഠിതമായ രണ്ട് പുതുമകളാണ് കമ്പനി അവതരിപ്പിച്ചത്. വിഡിയോ കോൺഫറൻസിന്റെ പശ്ചാത്തലം എഐ ഉപയോഗിച്ച് അലങ്കരിക്കാനും പരിഷ്കരിക്കാനും കഴിയുന്ന ‘ഡെകറേറ്റ് യുവർ ബാക്‌ഗ്രൗണ്ട്’ സംവിധാനമാണ് ഒന്ന്.
അടുത്ത വർഷം ആദ്യം ലഭ്യമാകുന്ന വോയ്സ് ഐസലേഷൻ സംവിധാനമാണ് മറ്റൊന്ന്. എഐ അധിഷ്ഠിത നോയ്സ് റിഡക്‌ഷൻ സംവിധാനമാണിത്. പശ്ചാത്തലത്തിൽ നിന്നുള്ള ശബ്ദങ്ങൾ കുറയ്ക്കാനും വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നയാളുടെ ശബ്ദം മിഴിവുള്ളതാക്കാനും ഇതു സഹായിക്കും.