ADVERTISEMENT

ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് റോബോട്ടിക് കൈ നിർമിച്ച് സ്വിസ് ഗവേഷകർ. എല്ലുകളും മറ്റു പേശീഭാഗങ്ങളും ഉൾപ്പെടെയാണിത്. സ്വിറ്റ്സർലൻഡിലെ ഇടിഎച്ച് സൂറിച്ചിൽ നിന്നുള്ള ഗവേഷകരാണു നേട്ടത്തിനു പിന്നിൽ. പലമൃദുത്വമുള്ള പോളിമറുകൾ ഉപയോഗിച്ചാണ് ത്രീഡി പ്രിന്റിങ് സംവിധാനം കൈ നിർമിച്ചത്. പ്രോസ്തെറ്റിക് രംഗത്ത് വലിയ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒരു കാൽവയ്പാണ് ഇത്.

റോബട്ടുകളുടെ നിർമാണത്തിലും ഇതു വിപ്ലവം വരുത്തിയേക്കാം. ലോഹഭാഗങ്ങളോ കട്ടിയേറിയ ഭാഗങ്ങളോ ഉള്ള റോബട്ടുകൾക്ക് പകരം ഈ സാങ്കേതികവിദ്യയാൽ കൂടുതൽ മൃദുത്വവും മനുഷ്യരോടു സാമ്യമുള്ളതുമായ റോബട്ടുകളെ ഉണ്ടാക്കാൻ സാധിക്കുമെന്നും ഗവേഷകർ പ്രത്യാശിക്കുന്നു.

ത്രീഡി പ്രിന്റിങ്

ആദ്യമായി ഒരു വെർച്വൽ ഡിസൈൻ ഉണ്ടാക്കിയശേഷമാണ് ത്രീഡി പ്രിന്റിങ് പ്രവർത്തിക്കുന്നത്. കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (കാഡ്) സോഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് ഈ വെർച്വൽ ഡിസൈൻ സാക്ഷാത്കരിക്കുന്നത്. ത്രീഡി സ്കാനറുകൾ ഉപയോഗിച്ച്, നിലവിലുള്ള ഒരു വസ്തുവിനെ സ്കാൻ ചെയ്തും വെർച്വൽ ഡിസൈൻ ഉണ്ടാക്കാം.

വെർച്വൽ ഡിസൈനനുസരിച്ചാണ് ത്രീഡി പ്രിന്റർ പ്രിന്റിങ് നടത്തുന്നത്.മെറ്റീരിയൽ എക്സ്ട്രൂഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. സാധാരണ പ്രിന്ററുകളിൽ പ്രിന്റിങ്ങിനു കാരണമാകുന്നത് മഷിയോ ടോണറോ ആണെങ്കിൽ ത്രീഡി പ്രിന്റിങ്ങിൽ സിമന്റോ ദ്രവാവസ്ഥയിലുള്ള പ്ലാസ്റ്റിക്കോ ലോഹങ്ങളോ ഒക്കെയായിരിക്കും പ്രിന്റിങ് വസ്തുക്കൾ.

ത്രീഡി പ്രിന്റിങ് ടെക്നോളജി ഇന്നും ബാലദശയിലാണെന്ന് ഗവേഷകർ പറയുന്നു. എങ്കിലും കളിപ്പാട്ടങ്ങളും ഫോൺ കേസുകളും ടൂളുകളും വസ്ത്രങ്ങളും ഫർണിച്ചറുമെല്ലാം ഉണ്ടാക്കാൻ ത്രീഡി പ്രിന്റിങ് ഉപയോഗിച്ചിരുന്നു.

എന്നാൽ ത്രീഡി പ്രിന്റിങ്ങിന്റെ ആപേക്ഷിക തലം മാറുന്ന കാഴ്ചയ്ക്കാണു ഈ നാളുകൾ സാക്ഷ്യം വഹിക്കുന്നത്. അഗ്‌നികുൽ കോസ്മോസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി ത്രീഡി പ്രിന്റിങ് ഉപയോഗിച്ചാണ് റോക്കറ്റ് എൻജിനുകൾ നിർമിച്ചെടുത്തത്. 

ഒരു രോഗിയുടെ കോശങ്ങൾ ഉപയോഗിച്ച് തന്നെ അയാളുടെ ശരീരാവയവങ്ങൾ പ്രിന്റ് ചെയ്തെടുക്കുന്ന തലത്തിലേക്ക് ഈ സാങ്കേതികവിദ്യ മാറുമെന്ന് കരുതപ്പെടുന്നുണ്ട്. ഇതുൾപ്പെടെ ജീവസംബന്ധമായ കാര്യങ്ങൾ പ്രിന്റ് ചെയ്തു നിർമിക്കുന്ന ത്രീഡി പ്രിന്റിങ് വകഭേദത്തിന് ബയോപ്രിന്റിങ് എന്നാണു വിളിക്കുന്നത്. ബയോപ്രിന്റിങ്ങിലും ഒട്ടേറെ ഗവേഷണങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്.

ലഡാക്കിലെ സൈനികർക്കായി ത്രീഡി പ്രിന്റിങ് ഉപയോഗിച്ച്ഇന്ത്യൻ കരസേന അടുത്തിടെ ബങ്കറുകൾ നിർമിച്ചത് ശ്രദ്ധേയമായിരുന്നു . സേനയുടെ എൻജിനീയറിങ് കോറാണു നിർമാണത്തിനു പിന്നിൽ. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപത്തായി ഭാവിയിൽ ഇതു സ്ഥാപിക്കാനും പദ്ധതിയുണ്ടായിുന്നു.

ഒട്ടേറെ ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രഹരത്തെ ബങ്കറുകൾ അതിജീവിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണു ബങ്കറുകൾ വികസിപ്പിച്ചത്. ചെറിയ ആയുധങ്ങൾ മുതൽ ടി90 ടാങ്കുകളുടെ പ്രധാനപീരങ്കികൾ വരെ ഇതിൽ ഉൾപ്പെടും.

48 മണിക്കൂറുകൾ കൊണ്ട് ബങ്കറുകൾ നിർമിക്കാൻ ത്രീഡി പ്രിന്റിങ്

36 മുതൽ 48 മണിക്കൂറുകൾ വരെയുള്ള സമയം കൊണ്ട് ബങ്കറുകൾ നിർമിക്കാൻ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ഇന്ത്യൻ ആർമി  വൃത്തങ്ങൾ അന്നറിയിച്ചിരുന്നു.

സങ്കീർണമായ സോഫ്റ്റ്‌വെയറും റോബട്ടിക് യൂണിറ്റുകളും ഉപയോഗിച്ചാണ് ത്രീഡി പ്രിന്റിങ് ടെക്നോളജി പ്രവർത്തിക്കുന്നത്. ഒരു ഡിജിറ്റൽ മോഡലിൽ നിന്ന് പൂർണസജ്ജമായ ഘടനയിലേക്കുള്ള വികാസം ഇതുവഴി സാധിക്കും. അമേരിക്കൻ സേനകൾ കഴിഞ്ഞ കുറച്ചുനാളുകളായി ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ആവശ്യമുള്ള ഘടനകൾ നിർമിക്കുന്നുണ്ട്.

English Summary:

ETH Zurich laser-prints robot hand with polymer bones and tendons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com