ADVERTISEMENT

ഒരു കാര്യവുമില്ലാതെ യുട്യൂബ് വിഡിയോകള്‍ കണ്ടുപോവുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നമ്മള്‍ തിരഞ്ഞു പോവുന്ന വിഡിയോകളും യുട്യൂബ് തിരഞ്ഞെടുത്ത് നല്‍കുന്ന വിഡിയോകളും ഇക്കൂട്ടത്തിലുണ്ടാവും. എപ്പോഴെങ്കിലും യുട്യൂബിലുള്ള മുഴുവന്‍ വിഡിയോകളും നിങ്ങള്‍ക്ക് കണ്ടു തീര്‍ക്കാനാവുമോ എന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുക മാത്രമല്ല അതിനെത്ര സമയമെടുക്കുമെന്നു വരെ കണക്കുകൂട്ടിയിരിക്കുന്നവരുമുണ്ട്.

ഒരു മിനുറ്റില്‍ യുട്യൂബില്‍ എത്ര വിഡിയോകളാണ് അപ്‌ലോഡു ചെയ്യുന്നതെന്ന് അറിയുമോ? 2,500 വിഡിയോകള്‍. അതുകൊണ്ടുതന്നെ ഒരാള്‍ക്കു മാത്രം ഒരു ജീവിതകാലത്ത് യുട്യൂബിലെ വിഡിയോകള്‍ കണ്ടു തീര്‍ക്കാനാവില്ലെന്ന കാര്യം ആദ്യമേ തിരിച്ചറിയണം. നമ്മള്‍ വിഡിയോ കാണുന്ന ഓരോ മിനുറ്റിലും 2500 വിഡിയോവീതം പുതുതായി അപ്‌ലോഡു ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ആ ലക്ഷ്യം അസാധ്യമാവുന്നു.

ഇനി പുതുതായി അപ്ലോഡ് ചെയ്യുന്ന വിഡിയോകള്‍ തല്‍സമയം കണ്ടു തീര്‍ക്കണമെങ്കില്‍ എത്ര മനുഷ്യര്‍ വേണമെന്നു കണക്കുകൂട്ടി നോക്കിയാലോ. ശരാശരി 11.7 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് യുട്യൂബില്‍ അപ്‌ലോഡു ചെയ്യുന്നത്. ഇതുവെച്ച് ഇപ്പോള്‍ അപ്‌ലോഡു ചെയ്യുന്ന വിഡിയോകള്‍ അപ്പോള്‍ തന്നെ കണ്ടു തീര്‍ക്കാന്‍ 29,250 മനുഷ്യര്‍ തുടര്‍ച്ചയായിരുന്ന് വിഡിയോ കാണേണ്ടി വരും.

ഇനി ഇതുവരെ യുട്യൂബില്‍ അപ്‌ലോഡു ചെയ്ത വിഡിയോകളെ അടിസ്ഥാനമാക്കി കണക്കുകൂട്ടി നോക്കായോലോ. അങ്ങനെയൊരു കണക്കുകൂട്ടലാണ് wyzowl എന്ന വെബ്‌സൈറ്റ് നടത്തിയിട്ടുണ്ട്. ഇതുവരെ യുട്യൂബില്‍ 80 കോടിയിലേറെ വിഡിയോകള്‍ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഈ മൊത്തം വിഡിയോകളുടെ ശരാശരി ദൈര്‍ഘ്യമാണ് 11.7 മിനുറ്റ്. 936 കോടി മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ യുട്യൂബില്‍ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് wyzowl കണക്കുകൂട്ടി പറയുന്നത്. ഇത്രയും മിനുറ്റുകളെന്നത് 15.6 കോടി മണിക്കൂറുകളോ അല്ലെങ്കില്‍ 65 ലക്ഷം ദിവസമോ അല്ലെങ്കില്‍ 17,810 വര്‍ഷമോ എന്നും പറയാം.

youtube-2 - 1
Image Credit: Canva

നൂറു സ്‌ക്രീനുകളില്‍ തുടര്‍ച്ചയായി യുട്യൂബ് വിഡിയോകള്‍ കണ്ടാല്‍ പോലും 178 വര്‍ഷം തുടര്‍ച്ചയായി കാണേണ്ടി വരും ഇത്രയും ദൈര്‍ഘ്യമുള്ള വിഡിയോകള്‍ കണ്ടു തീര്‍ക്കാന്‍. ചുരുക്കം പറഞ്ഞാല്‍ യുട്യൂബിലെ എല്ലാ വിഡിയോകളും ഒരു മനുഷ്യന് കണ്ടു തീര്‍ക്കുക അസാധ്യമാണ്.

യുട്യൂബ് വിഡിയോയുടെ കാര്യത്തില്‍ മാത്രമല്ല പുസ്തകങ്ങളുടെ കാര്യത്തിലും സമാനമായ പഠനം നേരത്തെ നടന്നിട്ടുണ്ട്. ടിക്‌ടോക് താരം ടോം ഐലിങാണ് ഇങ്ങനെയൊരു പഠനം നടത്തിയത്. ഇംഗ്ലീഷില്‍ അന്നുവരെ ഇറങ്ങിയ പുസ്തകങ്ങള്‍ പൂര്‍ണമായും ആര്‍ക്കെങ്കിലും വായിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച ചോദ്യം. എ.ഡി 1500ല്‍ ഒരാള്‍ പുസ്തകം വായിച്ചു തുടങ്ങിയാല്‍ അത് സാധ്യമാണെന്നാണ് ടോം ഐലിങ് കണ്ടെത്തിയത്.

1473ലാണ് ഇംഗ്ലീഷ് ഭാഷയിലെ ആദ്യ പുസ്തകം പ്രിന്റു ചെയ്യുന്നത്. വായന തുടങ്ങുന്ന എഡി 1500 വരെയുള്ള കാലയളവില്‍ 294 ഇംഗ്ലീഷ് പുസ്തകങ്ങളാണ് അച്ചടിച്ചത്. ആഴ്ച്ചയില്‍ ഒരുപുസ്തകം എന്ന വേഗതയില്‍ വായിച്ചാല്‍ അഞ്ചു വര്‍ഷവും 34 ആഴ്ച്ചയും കൊണ്ട് ഈ പുസ്തകങ്ങള്‍ മുഴുവനായും വായിച്ചു തീര്‍ക്കാം. വായനയുടെ കാലത്തു പ്രിന്റു ചെയ്ത പുസ്തകങ്ങള്‍ കൂടി കണക്കാക്കിയാല്‍ 1529 ആവുമ്പോഴേക്കും അന്നു വരെ അച്ചടിച്ച ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം വായിച്ചു തീരുമെന്നാണ് ടോം ഐലിങ് കണക്കുകൂട്ടി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com