ലോകകപ്പില്‍ ഇന്ത്യ തോറ്റപ്പോൾ ആരാധകരുടെ തലച്ചോറില്‍ സംഭവിച്ചതെന്ത്? ഒരു ശാസ്ത്രീയ അവലോകനം

Mail This Article
നവംബര്‍ 19ന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ തലച്ചോറില്‍ നടന്നതെന്ത്? വിജയിച്ച ഓസീസ് ടീമിനെ പിന്തുണച്ചവരുടെ തലച്ചോറിൽ എന്തു സംഭവിച്ചു? പിന്തുണയ്ക്കുന്ന ടീമുകളുടെ ജയപരാജയങ്ങള്‍ കായിക പ്രേമികളുടെ മസ്തിഷ്‌കത്തില്‍ എന്തു മാറ്റത്തിനിടയാക്കുന്നു എന്ന കാര്യത്തെക്കുറിച്ചുള്ള പഠനം നടത്തിയത് ചിലിയിലെ ക്ലിനികാ അലെമാനാ ഡി സാന്റിയാഗോയിലെ ഗവേഷകരാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ട ടീം ജയിക്കുമ്പോള്‍ ഫാന്‍സ് സന്തോഷ പ്രകടനത്തില്‍ ഏര്‍പ്പെടുന്നു.
തോല്‍ക്കുമ്പോള്‍ നേര്‍ വിപരീത മാനസികാവസ്ഥയിലേക്കു പോകുന്നു, ചിലപ്പോള്‍ അക്രമാസക്തരാകുക പോലും ചെയ്യുന്നു എന്ന് നമുക്കറിയാം. എന്നാല്‍ കൃത്യമായി കായിക പ്രേമികളുടെ തലച്ചോറില്‍ അരങ്ങേറുന്ന നാടകങ്ങള്‍ അറിയാനായിരുന്നു ഗവേഷകരുടെ ശ്രമം.
തലച്ചോറില്‍ നടക്കുന്നതു കാണാന്‍ എംആര്‍ഐ സ്‌കാന്‍
ഗവേഷകര്‍ ഫുട്‌ബോള്‍ പ്രേമികളുടെ തലച്ചോറാണ് മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് സ്‌കാന്‍ നടത്തി പരിശോധിച്ചത്. ഒരു പാരിതോഷികം കിട്ടുമ്പോള്‍ 'പ്രകാശിക്കുന്ന' തലച്ചോറിന്റെ വെന്‍ട്രല്‍ ടെഗ്മെന്റല്‍ ഏരിയ ആണ് ടീം ജയിക്കുമ്പോള്‍ ഉണരുന്നത്. അതേസമയം, ടീം പരാജയപ്പെടുമ്പോള്‍ തലച്ചോറിലെ മെന്റലൈസേഷന്‍ ഭാഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.

എന്തുകൊണ്ട് തോറ്റു എന്നതിനെക്കുറിച്ചു ചിന്തിക്കുകയും, തോല്‍വി നടന്നു എന്ന കാര്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, നമുക്കിഷ്ടമുള്ള ടീം ജയിക്കുമ്പോള്‍ നമുക്ക് സുഖം തോന്നുന്നു. പരാജയപ്പെട്ടാല്‍ നാം വീണ്ടുവിചാരത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
പഠനത്തിലെ കണ്ടെത്തല്‍
ഒരാള്‍ അനുകൂലിക്കുന്ന ടീം എതിരാളിക്കെതിരെ ഗോളടിക്കുമ്പോള്‍ അയാളുടെ തലച്ചോറിലെ വെന്‍ട്രല്‍ സ്ട്രിയാറ്റം, കോഡേറ്റ് (caudate), ലെന്റിഫോം ന്യൂക്ലിയസ് എന്നിവയെല്ലാം കൂടുതല്‍ സജീവമാകും. മസ്തിഷ്‌കത്തിലെ ഈ വിഭാഗങ്ങളാണ് ഡോപമിന്‍ പുറത്തുവിടുന്ന, പാരിതോഷികം നല്‍കുന്ന മേഖല. എതിരാളി ഗോളടിച്ചാല്‍ മെന്റലൈസിങ് നെറ്റ്‌വര്‍ക്ക് 'പ്രകാശിക്കും'.
തലച്ചോറിലെ ഈ നെറ്റ്‌വര്‍ക്ക് ആണ് സ്വന്തം മനസിനെക്കുറിച്ചും, മറ്റുള്ളവരുടെ മനസിനെക്കുറിച്ചും ചിന്തിക്കുന്നത്. ഡോര്‍സോമിഡിയല്‍ (dorsomedial) പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ്, സുപീരിയര്‍ ടെംപൊറല്‍ സുള്‍കെസ് (sulcus), ടെംപറൊപരിയറ്റല്‍ (temporoparietal) ജങ്ഷന്‍, ടെംപറല്‍ പോള്‍ എന്നിവ അടങ്ങുന്ന നെറ്റ്‌വര്‍ക്ക് ആണത്.
വ്യത്യസ്ത ടീമുകളുടെ ഫാന്‍സ് തമ്മില്‍ അമിതവൈരം വരെ ഉണ്ടാകുന്നത്എങ്ങനെ എന്നറിയാനുള്ള ശ്രമത്തിന്റെ ഭാഗം കൂടെയായിരുന്നു പഠനം, എന്ന് ക്ലിനികാ അലെമാനയിലെ ഗവേഷകന്‍ ഫ്രാന്‍സിക്കോ സമൊറാനോ മെന്‍ഡിയെറ്റ പറഞ്ഞു. എതിര്‍ ടീമുകളുടെ ഫാന്‍സ് തമ്മില്‍ 'ഞങ്ങളും' 'അവരും' ബോധം വരുന്നതെങ്ങനെ തുടങ്ങയ കാര്യങ്ങളും പഠിച്ചുവരുന്നു.
പഠനത്തിന് അപാര സാധ്യതകള്‍
വ്യക്തികളില്‍ കടുത്ത രാഷ്ട്രീയ വൈരവും മതവൈരവും ഉടലെടുക്കുന്നതെങ്ങനെ എന്ന കാര്യത്തെക്കുറിച്ചും ഇത്തരം പഠനങ്ങള്‍ക്ക് വെളിച്ചം വീശാന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. താന്‍ പിന്തുണയ്ക്കുന്നടീം തോല്‍ക്കുന്നു എന്ന തോന്നല്‍ ഉണരുന്നതോടെ ഒരാളിലെ മെന്റലൈസിങ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനിരതമാകുന്നു. ഈ സമയത്ത് ഡൊറോസല്‍ ആന്റിരിയര്‍ സിങ്ഗ്യുലേറ്റ് കോര്‍ട്ടെക്‌സ് (dACC, ഡാക്) പ്രവര്‍ത്തനരഹിതമാകുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി. ഇതായിരിക്കാം ഒരു ഇത്തരം അവസരങ്ങളില്‍ ഒരു വ്യക്തി പ്രവചനാതീതമായും, ഹിംസാത്മകമായിപോലും പെരുമാറുന്നത് എന്നാണ് ഒരു നിഗമനം.
ഡാക് തലച്ചോറിലെ ഒരു പ്രധാനകേന്ദ്രമാണ്. ഒരാളുടെ പെരുമാറ്റം, വൈകാരിക പ്രതികരണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ലിംബിക് സിസ്റ്റവുമായി ഇത് കണക്ടു ചെയ്യപ്പെട്ടിരിക്കുന്നു. സ്വയം നിയന്ത്രണം, തീരുമാമെടുക്കല്‍ തുടങ്ങയി കാര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഫ്രന്റല്‍ കോര്‍ട്ടക്‌സ്.
ലിംബിക് സിസ്റ്റവും, ഫ്രന്റല്‍ കോര്‍ട്ടക്‌സുമായി ബന്ധിപ്പിക്കുന്ന ഹബ് ആണ് ഡാക്. ടീം പരാജയപ്പെടുന്നതു കാണുമ്പോള്‍ ഒരാളുടെ തലച്ചോറില്‍ സ്വയംനിയന്ത്രണത്തിനുംതീരുമാനമെടുക്കലിനുമായി പ്രവര്‍ത്തിക്കുന്ന പല ഭാഗങ്ങളിലും പ്രവര്‍ത്തനം കുറയുന്നു. ഇതായിരിക്കാം തോറ്റ ടീമിനെ പിന്തുണയ്ക്കുന്ന ഫാന്‍സ് ചിലപ്പോള്‍ അക്രമാസക്തരാകുന്നതിനുള്ള കാരണം.

രാഷ്ട്രീയ, മത, വര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയിലേക്കു നയിക്കുന്നത് എന്താണെന്ന കാര്യത്തിലേക്കും ഇത്തരം പഠനങ്ങള്‍ വെളിച്ചം വീശിയേക്കാം. ഇത്തരം പഠനങ്ങള്‍ നടത്താന്‍ ഏറ്റവും നല്ലത് സ്‌പോര്‍ട്‌സ് ഫാന്‍സ് ആണ്. ടീമിനോടും കളിക്കാരോടുമുള്ള കടുത്ത ആരാധന എങ്ങനെയാണ് ന്യൂറല്‍ ആക്ടിവിറ്റിയെ ബാധിക്കുന്നത് എന്നു അധികം വിവാദം സൃഷ്ടിക്കാതെ പഠിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നതെന്ന് ഡെയിലി മെയില്‍ പറയുന്നു.
ഡീപ്‌ഫെയ്ക് വിഡിയോ തിരിച്ചറിയല്‍ എളുപ്പമല്ലെന്ന്
ഡീപ്‌ഫെയ്ക് വിഡിയോ ടെക്‌നോളജി അത്രമേല്‍ പുരോഗതി പ്രാപിച്ചിരിക്കുന്നതിനാല്‍ അത് തിരിച്ചറിയല്‍ വിഷമം പിടിച്ച കാര്യമായി തീരുകയാണെന്ന് മുന്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യുരിറ്റി അഡ്വൈസർ ഓഫ് ഇന്ത്യ ലതാ റെഡി പ. ശരിക്കുള്ള വിഡിയോയും ഡീപ്‌ഫേയ്കും വേര്‍തിരിച്ചറിയല്‍ എളുപ്പമല്ലാതാകുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമായിരിക്കണമെന്നും ലത പറഞ്ഞു. അല്ലെങ്കില്‍ ധാര്‍മികമായ പല സീമകളുംഭേദിക്കപ്പെടും. എഐ ഉപയോഗിച്ച് നമുക്ക് എന്തൊക്കെ മാന്ത്രികമായി ചെയ്യാമെന്നു മനസിലാകുമ്പോള്‍ പല അനാവശ്യ കാര്യങ്ങളും ചെയ്‌തേക്കാം. ഇതെല്ലാം പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്.
സുരക്ഷിതമായി എഐ വികസിപ്പിക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ കരാര്‍
വികസിപ്പിക്കല്‍ ഘട്ടത്തില്‍ വച്ചു തന്നെ എഐക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ചില രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ 18 രാജ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇതാണ് ഇക്കാര്യത്തില്‍ ലോകത്തെ ആദ്യത്തെ എറ്റവും വിശദമായ അന്തര്‍ദേശീയ കരാര്‍ എന്ന് അമേരിക്കയിലെ ഒരു മുതില്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഐ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും കമ്പനികളെയും നിലയ്ക്കു നിറുത്താനുള്ള ശ്രമംകൂടെ ഉള്‍പ്പെട്ടതാണ് 20 പേജുള്ള ഡോക്യുമെന്റ്.
മാര്‍ച്ച് മുതല്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഡിഎന്‍ഡി ആപ്പ് പ്രവര്‍ത്തിക്കും

അനാവശ്യ കോളുകളും എസ്എംഎസുകളും അവസാനിപ്പിക്കാനുള്ള തങ്ങളുടെ ഡു നോട്ട് ഡിസ്‌റ്റേര്‍ബ് (ഡിഎന്‍ഡി) ആപ്പ് മാര്‍ച്ച് 2024 മുതല്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും സുഗമമായി പ്രവര്‍ത്തിക്കുമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യാ (ട്രായി). ഡിഎന്‍ഡി ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന് പലപ്പോഴും അത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന ചിലര്‍ക്ക് തലവേദനയായി തീരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം മാര്‍ച്ചോടെ മാറ്റാന്‍ സാധിക്കുമെന്നാണ് ട്രായി സെക്രട്ടറി വി രഘുനന്ദന്‍ പറഞ്ഞത്.