ADVERTISEMENT

ഒരാള്‍ക്ക് സന്ദേശമയയ്ക്കാനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ പേരിനൊപ്പം അയാളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്‍കാന്‍ ഒരുങ്ങുകയാണ് സന്ദേശ കൈമാറ്റ സംവിധാനമായ വാട്‌സാപ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങള്‍, ലാസ്റ്റ് സീന്‍ എന്നിവയും ഉണ്ടായിരിക്കാം. ചാറ്റ് വിന്‍ഡോയില്‍ കാണുന്ന പേരുകൾക്കു താഴെയായിരിക്കും ഇത് എന്നാണ് വിവരം. വാട്‌സാപില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് വിശ്വസനീയമായ കണ്ടെത്തലുകള്‍ നടത്തുന്ന വാബിറ്റാഇന്‍ഫോ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേര്‍ഷനിലാണ് (v2.23.25.11) ഇത് അവതരിപ്പിക്കപ്പെടുകയത്രെ.

സ്റ്റാറ്റസ് എനേബ്ള്‍ ചെയ്യണം

പുതിയ സന്ദേശം അയയ്ക്കാനൊരുങ്ങുമ്പോള്‍ കോണ്ടാക്ടിന്റെ പേരിനു താഴെയായി അയാള്‍ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ടോ എന്ന് ചാറ്റ് വിന്‍ഡോയില്‍ തന്നെ അറിയാന്‍ സാധിക്കും എന്നതാണ് വരുന്ന മാറ്റം. അതേസമയം, സന്ദേശം ലഭിക്കേണ്ടയാള്‍ അയാളുടെ ആപ്പിന്റെ പ്രൈവസ് സെറ്റിങ്‌സില്‍ എനേബ്ള്‍ ചെയ്താല്‍ മാത്രമെ കാണാനാകൂ. ആര്‍ക്ക് സന്ദേശം അയയ്ക്കുന്നൊ അയാളുടെ ആളുടെ പ്രൊഫൈലിലെത്തി അയാളെ എപ്പോഴാണ് അവസാനം കണ്ടത് എന്നൊക്കെ പരിശോധിക്കേണ്ട ആവശ്യം ഒഴിവാക്കാനാണ് പുതിയ മാറ്റമത്രെ. 

ഒരാള്‍ സ്റ്റാറ്റസ് മാറ്റിയോ എന്ന കാര്യവും ഒറ്റനോട്ടത്തില്‍ അറിയാനാകും. കഴിഞ്ഞ ഏതാനും വര്‍ഷമായി പല ഉപയോക്താക്കളും ആവശ്യപ്പെട്ടുവരുന്ന ഒരു ഫീച്ചറാണ് മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിലെത്തുന്നത്. ഐഓഎസിലേക്ക് ഇത് എന്ന് എത്തും എന്ന കാര്യത്തില്‍ഇപ്പോള്‍ സൂചനകളില്ലെന്നും പറയുന്നു.

ഐഫോണ്‍ അവിടെ നില്‍ക്കട്ടെ, ദേ വരുന്നു എഐ ഫോണ്‍!

Representative image. Photo Credits: Thinkhubstudio/ istock.com
Representative image. Photo Credits: Thinkhubstudio/ istock.com

ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കിയേക്കും എന്നു കരുതുന്ന സാംസങ് ഗ്യാലക്‌സി എസ്24 'എഐ ഫോണ്‍' എന്ന വിവരണവുമായി ആയിരിക്കാം എത്തുക ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തായാലും, നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായിരിക്കും എസ്24 സീരിസ് എന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലും, ബ്രിട്ടണിലും 'എഐ ഫോണ്‍', 'എഐ സ്മാര്‍ട്ട്‌ഫോണ്‍' തുടങ്ങിയ വ്യാപാരമുദ്രകളുമായി എസ്24 വില്‍ക്കാന്‍ സാധിക്കുമൊ എന്ന കാര്യം പഠിക്കുകയാണ് കമ്പനിയത്രെ.

സാംസങിന്റെ ആദ്യ എഐ ഫോണ്‍

അടുത്ത തലമുറയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ള കംപ്യൂട്ടിങ് ഉപകരണങ്ങളെല്ലാം എഐ പ്രൊസസറുകളും സോഫ്റ്റ്‌വെയറും ഉള്ളില്‍ പേറുന്നവ ആയിരിക്കും. ജനറേറ്റിവ് എഐ ഫീച്ചറുകള്‍ ആയിരിക്കും എസ്24 സീരിസിനെ വ്യത്യസ്തമാക്കുക. ഗ്യാലക്‌സി എഐ എന്ന പ്ലാറ്റ്‌ഫോം സാംസങ് അവതരിപ്പിച്ചിരുന്നു. 

കമ്പനിയുടെ 'എഐ ലൈവ് ട്രാസ്‌ലേറ്റ് കോള്‍' ഫീച്ചര്‍ സാംസങ് പറയുന്നതു പോലെ  പ്രവര്‍ത്തിക്കുമെങ്കില്‍ നമുക്കറിയില്ലാത്ത ഒരു ഭാഷയില്‍ നമ്മോട് സംസാരിക്കുന്ന ആളുടെ സംസാരം തത്സമയം തര്‍ജ്ജമ ചെയ്ത് കേള്‍ക്കാം. ഇത്തരം ഒരുപറ്റം ഫീച്ചറുകളായിരിക്കും സാംസങ് ആവതരിപ്പിക്കുക എന്നു കരുതുന്നു.

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റിക്ക് സമാനമായിരിക്കും ഗ്യാലക്‌സി എഐ എന്നു കരുതപ്പെടുന്നു. ഇതിന് ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ കാള്‍ ഫ്രീഡ്രിച് ഗൗസിന്റെ (Gauss) പേരാണ് നല്‍കിയിരിക്കുന്നത്-സാംസങ്ഗൗസ് ലാംഗ്വെജ്, ഗൗസ് കോഡ്, ഗൗസ് ഇമേജ് എന്നിങ്ങനെ മൂന്നു ടൂളുകള്‍ പ്രതീക്ഷിക്കുന്നു. അതേസമയം, എഐ വിവരണവുമായി ഫോണ്‍ ഇറക്കുന്നതിനെ സാംസങിന്റെ മാര്‍ക്കറ്റിങ് വേലയായി മാത്രമെ കാണാനാകൂ എന്നു പറയുന്നവരും ഉണ്ട്. ഗൂഗിള്‍ പിക്‌സല്‍ 8 സീരിസ് അടക്കമുള്ള പല ഫോണുകളിലുംഇത്തരം പല ഫീച്ചറുകളും ഉണ്ട് എന്ന് അവര്‍ വാദിക്കുന്നു.

പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)
പ്രതീകാത്മക ചിത്രം (Photo - Tatiana Shepeleva/Shutterstock)

ഭാരത്ജിപിറ്റിയില്‍ 4 മില്ല്യന്‍ ഡോളർ നിക്ഷേപിക്കാന്‍ ഗൂഗിൾ

ഭാരത്ജിപിറ്റി എന്ന പേരില്‍ പ്രാദേശികമായി കോണ്‍വര്‍സേഷണല്‍ എഐ വികസിപ്പിച്ചു വരുന്ന കമ്പനിയാണ് കോറോവര്‍.എഐ (CoRover.ai)ഈ ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പിന്റെ വളര്‍ച്ചയില്‍ വിശ്വാസംതോന്നിയിട്ടാകാം ടെക് ഭീമന്‍ ഗൂഗിള്‍ അതില്‍ 4 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. 

ലാര്‍ജ് ലാംഗ്വെജ് മോഡലുകളെ പ്രാദേശികമായി പരിശീലിപ്പിച്ചെടുക്കുന്നു എന്നതാണ് കൊറോവറുടെ പ്രത്യേകത. നോണ്‍-ഇക്വിറ്റി ഫണ്ടിങ് എന്ന വിഭാഗത്തില്‍ പെടുത്തി ഗൂഗിള്‍ ഇപ്പോള്‍ത്തന്നെ 500,000 ഡോളര്‍ കൊറോവറില്‍ നിക്ഷേപിച്ചു കഴിഞ്ഞെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഭാരത്ജിപിറ്റി എന്ന തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നം ആഴ്ചകള്‍ക്കുള്ളില്‍ കോറോവര്‍ പുറത്തിറക്കിയേക്കും. അതിനു ശേഷം ആയിരിക്കും ഗൂഗിള്‍ അടുത്ത നിക്ഷേപമിറക്കുക. തങ്ങളുടെ ക്ലൗഡ് പ്ലാറ്റ്‌ഫോംഉപയോഗിക്കാനും കോറോവറിനെ ഗൂഗിള്‍ അനുവദിച്ചേക്കും. അതേസമയം, ഇരു കമ്പനികളും പുതിയ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഭാരത്ജിപിറ്റിക്ക് എന്തു ചെയ്യാനാകും?

ടെക്സ്റ്റ്, ഓഡിയോ, വിഡിയോ ചാറ്റ്‌ബോട്ട് എന്ന നിലയിലായിരിക്കും ഭാരത്ജിപിറ്റി പ്രവര്‍ത്തനമാരംഭിക്കുക. ഇന്ത്യന്‍ ഭാഷകളും വിദേശ ഭാഷകളും സപ്പോര്‍ട്ട് ചെയ്യും. വാട്‌സാപ്, സിഗ്നല്‍, സൂം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാം. ബാങ്കിങ്, സാമ്പത്തികം, ആരോഗ്യ മേഖല, നിര്‍മാണ മേഖല, ഇകൊമേഴ്‌സ് വില്‍പ്പനാ മേഖല തുടങ്ങിയ ഇടങ്ങളിലും കോറോവറിന് ഇപ്പോള്‍ ക്ലൈന്റുകള്‍ ഉണ്ട്. തങ്ങള്‍ക്ക് ഐആര്‍സിടിസി, എന്‍പിസിഐ, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ഐടിസി, മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് ബോഷ് തുടങ്ങിയ കസ്റ്റമര്‍ ഉണ്ടെന്നും കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ട്-അപ്പുകള്‍ ശ്രദ്ധ പിടിച്ചുപറ്റി തുടങ്ങി

ഇന്ത്യന്‍ പ്രാദേശിക ഭാഷകളെ എഐയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനികളെ ഏറ്റെടുക്കാനോ അടുപ്പിച്ചെടുക്കാനോ ആഗോള ടെക് ഭീമന്മാര്‍ ശ്രമിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദാഹരണത്തിന് 2022 നവംബറില്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി അഡോബി, സ്റ്റാര്‍ട്ട്-അപ്പായ റീഫ്രെയ്‌സ്.എഐ (Rephrase.ai) ഏറ്റെടുത്തിരുന്നു. റീഫ്രെയ്‌സ് വികസിപ്പിച്ചുവന്ന സാങ്കേതികവിദ്യയും തങ്ങളുടെ ക്രിയേറ്റിവ് ക്ലൗഡില്‍ അഡോബി ഉള്‍പ്പെടുത്തി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിസിഎസിലേക്ക് ജനറേറ്റിവ് എഐ

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ ടിസിഎസ്, 'ആമസോണ്‍ വെബ് സര്‍വിസസ് (എഡബ്ല്യുഎസ്) ജനറേറ്റിവ് എഐ പ്രാക്ടിസ്' അവതരിപ്പിച്ചു.  1,00,000 ജോലിക്കാര്‍ക്ക് ജനറേറ്റിവ് എഐ പരിശീലനം നല്‍കുമെന്ന് കമ്പനി പറഞ്ഞു. ആമസോണ്‍ ബെഡ്‌റോക്ക് തുടങ്ങിയ സേവനങ്ങളും ഉള്‍പ്പെടുത്തും. അനിവാര്യമായ ഒരു മാറ്റമാണെങ്കിലും, ഇന്ത്യയില്‍ ഏറ്റവുമധികം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാര്‍ക്ക് ജോലി നല്‍കുന്ന കമ്പനികളിലൊന്നിലേക്ക് എഐ എത്തുന്നത് തൊഴിലന്വേഷകര്‍ക്കുള്ള ഒരു വ്യക്തമായ സന്ദേശംകൂടെ ഉള്‍പ്പെടുന്നു.

പുതിയ റെഡ്മി ലാപ്‌ടോപ്പുകളും വയര്‍ലെസ് ഇയര്‍ഫോണും ഉടനെ അവതരിപ്പിക്കും

ഷഓമി കമ്പനിയുടെ സബ് ബ്രാൻഡ് ആയ റെഡ്മി, റെഡ്മി ബുക്ക് 2024 എന്ന പേരില്‍ പുതിയ ശ്രേണിയിലുള്ള ലാപ്‌ടോപ്പുകള്‍ ഉടന്‍ പുറത്തിറക്കും. ഇവ 14, 16-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളവയായിരിക്കും. മറ്റ് ഷഓമി ഉപകരണങ്ങളുമായി എളുപ്പത്തില്‍ സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാം എന്നതായിരിക്കും ഇവയുടെ ഒരു സവിശേഷത. ഇവയ്ക്ക് 13-ാം തലമുറിയിലെ ഇന്റല്‍ കോര്‍ പ്രൊസസറുകളോ, റൈസണ്‍ 7040 പ്രൊസസറുകളോ ആയിരിക്കും ഉണ്ടായിരിക്കുക.

ബഡ്‌സ് 5 പ്രോ

റെഡ്മി ബഡ്‌സ് 5 പ്രോ ആണ് കമ്പനി പുറത്തിറക്കാന്‍ പോകുന്ന മറ്റൊരു ഉപകരണം. ഇതിന് ഇരട്ട ഡ്രൈവറുകള്‍ ഉണ്ടാകും. ആക്ടിവ് നോയിസ് ക്യാന്‍സലേഷനും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com