ADVERTISEMENT

സമുദ്രത്തിനടിയില്‍ ഏകദേശം 13 ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വലുപ്പത്തില്‍ ഒരു കൂറ്റന്‍ ഡേറ്റാ സെന്റര്‍ നിര്‍മിക്കുകയാണ് ചൈന. ആദ്യ ഘട്ടത്തില്‍ ഏകദേശം 100 ഡേറ്റാ സെന്റര്‍ ബ്ലോക്കുകളായിരിക്കും സ്ഥാപിക്കുക. ഇതിനെ അണ്ടര്‍ വാട്ടര്‍ സെര്‍വര്‍ ഫാം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് ഏകദേശം 6 ദശലക്ഷം കംപ്യൂട്ടറുകളുടെ കരുത്തുണ്ടാകും. ഇതിനു വേണ്ട കരഭൂമി എടുക്കാതിരുന്നാല്‍ അവിടെ മറ്റെന്തെങ്കിലും ചെയ്യാമെന്നുള്ളതുൾപ്പെടെയാണ് ഈ പരീക്ഷണത്തിന്റെ ഗുണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന ഡേറ്റയുടെ അളവ് വർധിക്കുകയാണ് എന്നതടക്കം പരിഗണിച്ചാണ് ചൈനയുടെ പരീക്ഷണം. ഹൈനാന്‍ അണ്ടര്‍സീ ഡേറ്റാ സെന്റര്‍ എന്നാണ് ഇതിന്റെ പേര്.

ക്ലൗഡ് ഡേറ്റ സൂക്ഷിക്കല്‍ ശ്രമകരം

Photo: nvidia
Photo: nvidia

അനുദിനം സൃഷ്ടിക്കപ്പെടുന്ന ഡേറ്റാ എങ്ങനെ സംഭരിച്ചു സൂക്ഷിക്കണം എന്നത് ഇപ്പോള്‍ ടെക്‌നോളജി ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ്. ഇക്കാര്യത്തിലാണ് ഒരു നൂതന ആശയം പ്രാവര്‍ത്തികമാക്കാനുളള ശ്രമം ചൈന നടത്തുന്നത്. ഏകദേശം 68,000 സ്‌ക്വയര്‍ മീറ്റര്‍ (732,000 ചതുരശ്ര അടി) വലുപ്പമാണ് 100 യൂണിറ്റുകള്‍ ഇറക്കി വയ്ക്കാവുന്ന ഈ പുതിയ ഡേറ്റാ സെന്ററിന് എന്നാണ് ചൈനാ ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഓരോ യൂണിറ്റിനും ഏകദേശം 1,300 ടണ്‍ ഭാരമുണ്ടാകും.

എന്താണ് ഇതിന്റെ പ്രസക്തി?

അപാരമായ അളവിലാണ് പ്രതിദിനം ആഗോള തലത്തില്‍ ഡേറ്റാ സൃഷ്ടിക്കപ്പെടുന്നത്. ഈ ലേഖനവും നിങ്ങള്‍ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും നിങ്ങളുടെ സ്‌പോട്ടിഫൈ പ്ലേലിസ്റ്റുകളും ജിമെയില്‍ സന്ദേശങ്ങളും ഒക്കെ എവിടെയെങ്കിലും ശേഖരിക്കപ്പെടണം. ക്ലൗഡില്‍ സംഭരിക്കപ്പെടുന്നു എന്നുള്ളത് വെറും ആലങ്കാരിക പ്രയോഗമാണ്. യഥാർഥത്തില്‍ ഇന്റര്‍നെറ്റിലെ ഇത്തരം ഡേറ്റ എല്ലാം ഭൂമിയിലെവിടെയെങ്കിലുമുള്ള കൂറ്റര്‍ സെര്‍വറുകളിലാണ് ശേഖരിക്കപ്പെടുന്നത്. 

ലോകത്തെവിടെനിന്നും നിങ്ങളുടെ ഇമെയിലും പ്ലേ ലിസ്റ്റുമൊക്കെ അക്‌സസ് ചെയ്യാന്‍ സാധിക്കുന്നത് ഇത്തരം സെര്‍വറുകള്‍ സദാ പ്രവര്‍ത്തനസജ്ജമായതിനാലാണ്. ഇത്തരം സെര്‍വറുകള്‍ വെള്ളത്തിനടിയില്‍ വയ്ക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്നിടത്താണ് ചൈന മുന്നിട്ടിറങ്ങിയിരിക്കുന്ന പരീക്ഷണത്തിന്റെ പ്രസക്തി. ഇതു വിജയിക്കുകയാണെങ്കില്‍ മറ്റു രാജ്യങ്ങളും ചൈനയുടെ പാത പിന്തുടര്‍ന്നേക്കും.

ഗുണങ്ങള്‍

Image Credit: Viewvie/shutterstock.com
Image Credit: Viewvie/shutterstock.com

മുകളില്‍ പറഞ്ഞതു പോലെ കരഭൂമി മറ്റെന്തെങ്കിലും കാര്യത്തിനായി ഉപയോഗിക്കാം. അതിനു പുറമെ വന്‍ തോതില്‍ വൈദ്യുതിയും ലാഭിക്കാം. പ്രതിവര്‍ഷം ഏകദേശം 122 ദശലക്ഷം കിലോവാട്ട്-അവേഴ്സ് (kilowatt-hours) വൈദ്യുതിയാണ് ലാഭിക്കാന്‍ സാധിക്കുക. കരയിലാണെങ്കില്‍ ഡേറ്റാ ശേഖരിച്ചിരിക്കുന്ന കംപ്യൂട്ടറുകളെ തണുപ്പിച്ചു നിർത്താന്‍ വേണ്ട വൈദ്യുതിയാണിത്. ഇത് ഏകദേശം 160,000 ചൈനക്കാര്‍ക്ക് ജീവിക്കാന്‍ പ്രതിവര്‍ഷം വേണ്ടിവരുന്നതാണ്. പുതിയ ആശയപ്രകാരം, സദാ ഇരച്ചുമൂളി നില്‍ക്കുന്ന ഡേറ്റാ സെന്ററുകളെ തണുപ്പിച്ചു നിർത്താന്‍ കടല്‍വെള്ളം പ്രയോജനപ്പെടുത്താം എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്.

ദോഷങ്ങള്‍

ചൈനയുടെ പുതിയ പരീക്ഷണത്തിന് ഗുണങ്ങള്‍ക്കൊപ്പം ദോഷങ്ങളുമുണ്ട്. സമുദ്രഗര്‍ഭത്തില്‍ ഡേറ്റാ സെന്ററുകള്‍ സൂക്ഷിക്കുമ്പോള്‍ കടലിന്റെ മര്‍ദ്ദം നേരിടേണ്ടതായുണ്ട്. കൂടാതെ, കടല്‍വെള്ളത്തിലെ ലവണാംശം സെര്‍വറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെ ദ്രവിപ്പിക്കുകയും ചെയ്യാം. ഇത് മറികടക്കാന്‍ സാധിച്ചാലും, ഇത്രയും കൂറ്റന്‍ ഇലക്ട്രോണിക് ബ്ലോക്കുകള്‍ സമുദ്രാന്തര്‍ഭാഗത്തെ പരിസ്ഥിതിയെ എങ്ങനെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയും ഇല്ല.

കരുത്ത്

ചൈന വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്ന ഒരോ യൂണിറ്റിനും 40 ലക്ഷം ഹൈ-ഡെഫനിഷന്‍ ചിത്രങ്ങള്‍ 30 സെക്കന്‍ഡില്‍ മാനേജ് ചെയ്യാന്‍ വേണ്ട പ്രൊസസിങ് കരുത്താണ് ഉള്ളത്. എന്നു പറഞ്ഞാല്‍ ഏകദേശം 60,000 കംപ്യൂട്ടറുകള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്ന ശക്തി. ഇത്തരം 100 യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് മൊത്തം 60 ദശലക്ഷം കംപ്യൂട്ടറുകളുടെ ശേഷി എന്ന് ചൈന ഡെയ്‌ലി പറയുന്നത്.

പ്രതീകാത്മക ചിത്രം (Photo - Istockphoto/ Galeanu Mihai)
പ്രതീകാത്മക ചിത്രം (Photo - Istockphoto/ Galeanu Mihai)

പുതിയ ആശയമല്ല

അതേസമയം, കടലിനടിയില്‍ സെര്‍വറുകള്‍ വയ്ക്കുന്ന കാര്യം അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ് 2016ല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍, ഇതിനു വേണ്ടിവരുന്ന ചെലവിന് അനുസരിച്ചുളള ഗുണമില്ലെന്ന നിഗമനത്തിലാണ് കമ്പനി അന്ന് എത്തിയത്. മൈക്രോസോഫ്റ്റ് അന്നു നേരിട്ട പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ചൈന എന്തെല്ലാം നൂതന ടെക്‌നോളജിയാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. എന്തായാലും, വാണിജ്യപരമായി സമുദ്രാന്തര്‍ഭാഗത്തുള്ള ലോകത്തെ ആദ്യത്തെ ഡേറ്റാ സെന്റര്‍ ആണ് ഇതെന്ന് ചൈനാ ഡെയ്‌ലി അവകാശപ്പെടുന്നു.

ഹൈനാന്‍ അണ്ടര്‍സീ ഡേറ്റാ സെന്റര്‍ പ്രാവര്‍ത്തികമാക്കാന്‍ സർക്കാരും സ്വകാര്യ കമ്പനികളും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇത് ഹൈനാന്‍ പ്രവശ്യയിലുളള സാന്യാ (Sanya) തീരത്താണ് സ്ഥാപിക്കുക. ഓരോ യൂണിറ്റും ഏകദേശം 25 വര്‍ഷം പ്രവര്‍ത്തിപ്പിക്കാമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്. അതായത് ഇവ മാറ്റി സ്ഥാപിക്കുന്നത് വളരെക്കാലം കഴിഞ്ഞു മാത്രം മതിയാകും.

ഊര്‍ജ ലാഭം

ഡേറ്റ ശേഖരിച്ചുവയ്ക്കാന്‍ കനത്ത തോതില്‍ വൈദ്യുതി വേണ്ടിവരും. ഊര്‍ജ ദൗര്‍ലഭ്യം ലോകം ഇനി നേരിട്ടേക്കാവുന്ന പ്രധാന പ്രതിസന്ധികളിലൊന്നുമാണ്. എഐ സാങ്കേതികവിദ്യയാകട്ടെ ഊര്‍ജദാഹിയാണെന്നും കണ്ടുകഴിഞ്ഞു. ഇതിനെല്ലാം വേണ്ട ഉര്‍ജം കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ് ടെക്‌നോളജി മേഖലയ്ക്ക്. ഇത്തരത്തിലുള്ള പുതിയ പരീക്ഷണങ്ങളിലാണ് ഇനി ലോകത്തിന് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com