ADVERTISEMENT

എട്ടുകാലി വലയുടെ മാര്‍ദ്ദവമുളള നൂലിഴകളെ അനുകരിച്ച് കൃത്രിമമായി നെയ്‌തെടുത്ത വസ്തു ഉപയോഗിച്ച് പ്രഭാതത്തിലെ ബാഷ്പപടലങ്ങളില്‍ നിന്ന് കുടിവെള്ളം ശേഖരിക്കാമെന്നു ശാസ്ത്രജ്ഞര്‍. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ഇത് നിര്‍ണായകമായ സ്വാധീനം ചെലുത്തിയേക്കാമെന്നാണ്റിപ്പോര്‍ട്ട്. ഫെതര്‍-ലെഗ്ഡ് ചിലന്തിയുടെ കാലുകളെ അനുസ്മരിപ്പിക്കുന്ന കൃത്രിമ തന്തുക്കളാണ് വലിയ വെള്ളത്തുള്ളികള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുക. വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുത്താല്‍  ഗുണകരമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണങ്ങള്‍ക്കു നേതൃത്വംനല്‍കുന്നു യോങ്‌മെയ് സെങ് (Yongmei Zheng)പറയുന്നു. അഡ്വാന്‍സ്ഡ് ഫങ്ഷണല്‍ മെറ്റീരിയല്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ഇതു സംബന്ധിച്ച ലേഖനം വന്നത്.  

പ്രകൃതിയെ അനുകരിക്കാന്‍ ശാസ്ത്രജ്ഞര്‍

മനുഷ്യര്‍ സ്വന്തം നിലയില്‍ പല അമ്പരപ്പിക്കുന്ന സാങ്കേതികവിദ്യകളും കണ്ടുപിടിക്കുന്നുണ്ടെങ്കിലും, അവയൊന്നും പ്രകൃതിയില്‍ കോടാനുകോടി വര്‍ഷങ്ങളെടുത്തു ഉരുത്തിരിഞ്ഞുവന്ന പല ജീവജാലങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പകരമാകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പ്രകൃതിയെ അനുകരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

മനുഷ്യര്‍ വഷളാക്കിയ കാലാവസ്ഥാ വ്യതിയാനമെന്ന ഗുരുതരപ്രശ്‌നം കൂടെ കണക്കിലെടുത്താണ് പ്രകൃതിയെ ഉപദ്രവിക്കാത്ത സാങ്കേതികവിദ്യ മുന്നോട്ടുകൊണ്ടുപോകാന്‍ എങ്ങനെ പ്രകൃതിയെ അനുകരിക്കാം എന്ന ചോദ്യം ഗവേഷകര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നത്. നിര്‍മിത ബുദ്ധിയെയും (എഐ), മനുഷ്യന്റെ സര്‍ഗാത്മകതയെയും, പ്രകൃതിയേയും ഏകീകരിപ്പിച്ചുള്ള പുതിയ നീക്കങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

Honey Bee .IPhoto Credits;  MURGV/ Shutterstock.com
Honey Bee .IPhoto Credits; MURGV/ Shutterstock.com

ജീവി കോംപസുകള്‍

ഉറുമ്പുകള്‍, തേനിച്ചകള്‍ തുടങ്ങി ചില ജീവികള്‍ക്ക് സൂര്യപ്രകാശം കേന്ദ്രീകരിച്ചിരിക്കുന്നത് മനസിലാക്കി അതിനനുസരിച്ച് ചലിക്കാന്‍ സാധിക്കുന്നു. അതായത് സൂര്യന്‍ എവിടെ നില്‍ക്കുന്നു എന്നറിഞ്ഞാണ് ഇവ നീങ്ങുക. ഇത്തരം ജീവികളുടെ കണ്ണുകളുടെ ഘടന പുന:സൃഷ്ചിച്ചാണ് ഗവേഷകര്‍ പുതിയൊരു കോംപസ് (ഇന്‍സെക്ട് കോംപസ്) സൃഷ്ടിച്ചിരിക്കുന്നത്. മേഘാവൃതമായ ദിവസങ്ങളില്‍ പോലും സൂര്യന്‍ എവിടെ നില്‍ക്കുന്നു എന്നത് ഈ കോമ്പസിന് തിരിച്ചറിയാനാകും. സാധാരണ കോംപസുകള്‍ ഭൂമിയുടെ ശക്തികുറഞ്ഞകാന്തിക മണ്ഡലത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഇവയാകട്ടെ ചിലപ്പോൾ തെറ്റുകളും വരുത്താം. തേനിച്ചകളുടെയും ഉറുമ്പുകളുടെയും മറ്റും കണ്ണിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച, പ്രകാശംകണ്ടെത്തി പ്രവര്‍ത്തിക്കുന്ന നൂതന കോംപസ് ഇപ്പോള്‍ മികവുറ്റ പ്രകടനം നടത്തുന്നുണ്ടെന്ന് കമ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത് ഭൂമിയില്‍ മാത്രമല്ല ഏതു ഗ്രഹത്തിലും പ്രവര്‍ത്തിപ്പിക്കാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയിലെ എവ്‌രിപിഡിസ് ഗ്കാനിയാസ് (Evripidis Gkanias) പറഞ്ഞു.

തീ അണയ്ക്കാന്‍ നീണ്ടെത്തുന്ന റോബോട്ട്

പുതിയ ഉപകരണങ്ങള്‍ സൃഷ്ടിക്കാനായി ജീവികളെ മാത്രമല്ല, സസ്യങ്ങളെയും മാതൃകയാക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റടിച്ചു വീര്‍പ്പിക്കുന്നതു പോലെ വളരുന്ന ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത് പടരുന്ന തീ നിയന്ത്രണവിധേയമാക്കാനാണ്. പ്രകാശമോ, ചൂടോ അനുഭവപ്പെട്ടാല്‍ ആ സ്ഥലത്തേക്ക് സ്വയം ഇഴഞ്ഞെത്തുന്നതായിരിക്കും ഈ റോബോട്ട്. ഇതിന് ഭിത്തികളിലും, കാട്ടിലും വരെ സഞ്ചരിക്കാനും സാധിക്കും. മുന്തിരിവള്ളിയുടെ തല ഒരു മതിലിലൂടെ പടര്‍ന്നു കയറുന്നതു പോലെ ഒരു കാട്ടിലൂടെ സഞ്ചരിക്കാന്‍ ഇതിനു സാധിക്കും.

ഏകദേശം 2 മീറ്റര്‍ നീളമുള്ള ഈ റോബോട്ട് ഒരു ട്യൂബ് പോലെയിരിക്കും. അതിനുള്ളില്‍ വിലയേറിയ ഇലക്ട്രോണിക്‌സല്ല, മറിച്ച് ദ്രാവകങ്ങള്‍ നിറച്ച പൗച്ചുകള്‍ ആണ്. ഈ റോബോട്ടുകള്‍ക്ക് തീ പടരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ അണയ്ക്കാനുള്ള പണി ആരംഭിക്കാന്‍ സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ പറയുന്നത്. ഇത്തരം റോബോട്ടുകളുടെ നീക്കം അല്‍പ്പം മന്ദഗതിയിലാണ്. എന്നാല്‍, നീറി കത്തുന്ന (peat fires) തീ അണയ്ക്കാന്‍ ഇത് ഉചിതമായിരിക്കുമെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചാള്‍സ് ഷിയാവോ അഭിപ്രായപ്പെട്ടു.

സേര്‍ച് എൻജിനുകളുടെ നിലവാരത്തെ പറ്റി ചോദ്യം ഉയരുന്നു

കാല്‍ നൂറ്റാണ്ടിലേറെയായി സജീവമായി നില്‍ക്കുന്ന ഇന്റര്‍നെറ്റ് സേര്‍ച് എഞ്ചിനുകള്‍ വളരെ പൊതുവെ വളരെ സഹായകമാണ് എന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും തന്നെ. എന്നാല്‍, ഇപ്പോള്‍ അതിവേഗം പടരുന്ന വ്യാജവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സേര്‍ച്എൻജിനുകളുടെ ഗുണനിലവാരം ചോദ്യംചെയ്യപ്പെടുകയാണ്.

ഒരു കാര്യത്തിന്റെ വാസ്തവമറിയാനായി സേര്‍ച് എൻജിനെ ആശ്രയിക്കുന്ന ഒരാള്‍ക്കു ലഭിക്കുന്നത് നിലവാരം കുറഞ്ഞ ഉത്തരങ്ങളായിരിക്കാമെന്നും അത്, വ്യാജ വാര്‍ത്ത വിശ്വസിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നുവെന്നും പുതിയ പഠനം പറയുന്നു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ, ന്യൂ യോര്‍ക് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളതെന്ന് പിടിഐ.

ട്വിറ്റര്‍ ഇല്ലാതായ വർഷം

എസ്എംഎസ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനായി 2006ല്‍ ജാക് ഡോര്‍സി തുടങ്ങിയ ട്വിറ്റര്‍ പ്ലാറ്റ്‌ഫോം, ഇന്റര്‍നെറ്റിലെ വന്‍ ശക്തികളിലൊന്നായി വളരുകയായിരുന്നു. ഇത് 2022ല്‍ ടെസ്‌ലകമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 2023ല്‍ ട്വിറ്ററിന്റെ പേര് എക്‌സ് എന്നാക്കി മാറ്റി. ട്വിറ്ററിന് അടിപതറി തുടങ്ങി എന്നു കണ്ട മെറ്റാ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് അതിന് എതിരായി ശക്തമായ ഒരു പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു-ത്രെഡ്‌സ്. എക്‌സ്പ്ലാറ്റ്‌ഫോമും ത്രെഡ്‌സും ജനിച്ച വര്‍ഷവുമാണ് 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com