മോദിയെക്കുറിച്ചുള്ള 'ഉത്തരം' വിവാദം; ‘ജെമിനി’ ഐടി നിയമങ്ങള്‍ ലംഘിച്ചെന്ന് സര്‍ക്കാർ, ഹാർബർ പരിരക്ഷ ഇല്ലാതാകുമോ?

Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്‌ബോട്ട് പക്ഷപാതപരമായി മറുപടി നല്‍കിയതായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയെക്കുറിച്ചുളള ചോദ്യത്തിന് ‘പ്രശ്‌നകരവും നിയമവിരുദ്ധമായ’ പ്രതികരണം നടത്തിയെന്നാണ് ഐടി മന്ത്രാലയം ഗൂഗിളിനു നൽകാൻ ഒരുങ്ങുന്ന നോട്ടിസില്‍ പറയുന്നതെന്നാണ് സൂചന. അതേസമയം, തങ്ങള്‍ അതിവേഗം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടു എന്നാണ് ഗൂഗിളിന്റെ പ്രതികരണമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര സർക്കാരും ഗൂഗിളുമായി നടക്കുന്ന ഈ തര്‍ക്കം, ഭാവിയില്‍ എഐ ബോട്ടുകള്‍ നല്‍കുന്ന ഉത്തരങ്ങള്‍ മൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ സൂചനയായി കാണാം..
ജെമിനി മുതല്‍ ചാറ്റ്ജിപിറ്റി വരെയുള്ള എഐ സേര്‍ച്ച് എൻജിനുകളെല്ലാം ഓരോ രാജ്യവും പറയുന്ന രീതിയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. ജെമിനിയുടെ ഈ പ്രതികരണം ഇന്ത്യയുടെ ഐടി നിയമങ്ങളുടെ ലംഘനമാണെന്നു പറഞ്ഞ് ഐടി വകുപ്പ് സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ചരിത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജെമിനി നല്‍കുന്ന ഉത്തരങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടുന്നു എന്നാണ് ആരോപണം. സർക്കാരിനോട് ഗൂഗിൾ ക്ഷമാപണം നടത്തുകയും ചെയ്തത്രേ. എന്നാല്‍, വാർത്തകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച്, ഗൂഗിൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും രാജീവ് ചന്ദ്രശേഖര്‍ നൽകി.
വിവാദത്തിന്റെ തുടക്കം ഇങ്ങനെ
ജെമിനിയുടെ ഒരു വേരിഫൈഡ് യൂസര്‍ക്കു ലഭിച്ച ഒരു ഉത്തരത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെയാണ് വിഷയം വിവാദമാകുന്നത്. പ്രധാനമന്ത്രിയെക്കുറിച്ചുളള ഒരു ചോദ്യത്തിന് ലഭിച്ച ഉത്തരമായിരുന്നു സ്‌ക്രീന്‍ഷോട്ടില്‍ കാണിച്ചിരുന്നത്. ഇതു കണ്ടാണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇത് രാജ്യത്തെ ഐടി നിയമത്തിന്റെ സ്പഷ്ടമായ ലംഘനമാണെന്നു പറഞ്ഞത്. എഐയുടെ ഉത്തരം ദുരുദ്ദേശ്യമുള്ളതാണെന്നും മന്ത്രി പ്രതികരിച്ചു. അതിനെ തുടര്‍ന്ന് ഈ പോസ്റ്റ് മന്ത്രി ഗൂഗിളിനും ഐടി മന്ത്രാലയത്തിനും അയച്ചു.
മന്ത്രിയുടെ കടുത്ത പ്രതികരണം, ഭാവിയില്‍ എഐ സേര്‍ച്ച് എൻജിനുകള്‍ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ തുടക്കം മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം സേര്‍ച് എൻജിനുകള്‍ ഇന്റര്‍നെറ്റില്‍ പരതിയാണ് ഉത്തരങ്ങള്‍ കണ്ടുപിടിക്കുന്നത്. വെബിലുള്ള പല ലേഖനങ്ങളില്‍ നിന്നും മറ്റും ഉത്തരത്തിനുള്ള വക കണ്ടെത്തുന്ന രീതി, ഇപ്പോള്‍ കണ്ടതു പോലെ രാജ്യങ്ങളുടെ അപ്രീതിക്കു കാരണമായേക്കാമെന്നാണ് വിശകലനവിദഗ്ധര്‍ പറയുന്നത്. നേരത്തേ ബാര്‍ഡ് എന്നു പേരുണ്ടായിരുന്ന എഐ സേര്‍ച്ച് സംവിധാനമാണ് ഇപ്പോള്‍ ജെമിനി എന്ന് അറിയപ്പെടുന്നത്.
ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിയമനടപടികള്‍ വാരാതിരിക്കാനുളള കാരണം അവയ്ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷണം ഉള്ളതുകൊണ്ടാണ്. അതേസമയം, ഈ കമ്പനികളുടെ എഐ ചാറ്റ് സംവിധാനങ്ങള്‍ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷ എടുത്തുകളയുന്ന കാര്യമടക്കം വിവിധ രാജ്യങ്ങള്‍ പരിഗണിച്ചേക്കും. തങ്ങളുടെ എഐ ഇമേജ് ജനറേറ്റിങ് ടൂള്‍ അടുത്തിടെ ഒരു തെറ്റുവരുത്തിയ കാര്യം ഗൂഗിള്‍ സമ്മതിച്ചിരുന്നു.

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചോദ്യവും ഉത്തരവും
എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച സ്‌ക്രീന്‍ഷോട്ട് പ്രകാരം ഈ യൂസര്‍ ജെമിനിയോട് ചോദിച്ചത് പ്രധാനമന്ത്രി മോദി ഒരു ‘ഫാഷിസ്റ്റ്’ ആണോ എന്നായിരുന്നു. അതിന് ജെമിനി നല്‍കിയ ഉത്തരം അദ്ദേഹത്തിനെതിരെ അത്തരം ആരോപണങ്ങള്‍ ചില വിദഗ്ധര്‍ നടത്തിയിട്ടുണ്ട് എന്നായിരുന്നു. എന്നാല്‍, മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് ഇത്തരം ഒരു ചോദ്യം ചോദിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ ഒരു സങ്കീര്‍ണ്ണമായ ഒരു വിഷയമാണ് എന്നും നിങ്ങള്‍ ഒരു ഗൂഗിള്‍ സേര്‍ച്ച് നടത്തുക എന്നുമാണ് ജെമിനി ഉത്തരം നല്‍കിയതെന്നും സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചയാള്‍ പറയുന്നു.
Read More: സൗരയൂഥ കവാടം കടന്ന മനുഷ്യനിർമിത വസ്തു; ഒരു കംപ്യൂട്ടർ തകരാറിൽ 'വോയേജർ1' നിശബ്ദമായ കഥ
ഇത് രാജ്യത്തെ ഐടി നിയമത്തിന്റെ റൂള്‍ 3(1)ബിയുടെയും നിരവധി പ്രൊവിഷനുകളുടെയും ലംഘനമാണ് എന്നു പറഞ്ഞ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തുകയായിരുന്നു. ഗൂഗിളിനുള്ള സേഫ് ഹാര്‍ബര്‍പരിരക്ഷ എഐ സംവിധാനങ്ങള്‍ക്ക് നല്‍കിയേക്കില്ലെന്നുള്ള സൂചനയും ഇപ്പോള്‍ ഉണ്ട്.

ഗൂഗിളിന്റെ എഐ ഇത് രണ്ടാം തവണയാണ് പക്ഷപാതപരമായ മറുപടി നല്‍കുന്നത് എന്ന് ഐടി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും പ്രതികരിച്ചു. ചില വ്യക്തികളെക്കുറിച്ച് ഇത്തരം പ്രശ്‌നകരമായ ഉത്തരം നല്‍കുന്നതിനെതിരെ ഗൂഗിളിന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മോദി ഫാഷിസ്റ്റ് ആണോ?; വിവാദ മറുപടി നീക്കി ഗൂഗിൾ; പുതിയ മറുപടി ‘ഉത്തരമില്ല’
നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ അവര്‍ വിചാരണ നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ജെമിനി എപ്പോഴും ആശ്രയിക്കാവുന്ന ഘട്ടത്തിലെത്തിയിട്ടില്ലെന്ന മറുപടിയും ഗൂഗിള്‍ ഇപ്പോള്‍ നല്‍കിയിട്ടുണ്ടത്രെ. പ്രവർത്തന ശേഷി വർധിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും എഐയുടെ കാര്യത്തില്‍ അംഗീകരിക്കപ്പെട്ട തത്വങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ജെമിനി വികസിപ്പിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു.