ADVERTISEMENT

അന്ധരായി ജനിക്കുന്നവര്‍ക്ക് കാഴ്ച നല്‍കാനുള്ള പദ്ധതിയും തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്കിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ടെക്‌നോക്രാറ്റ് ഇലോണ്‍ മസ്‌ക്. തലച്ചോറും കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ബ്രെയ്ന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ആണ് ന്യൂറാലിങ്ക്. കാഴ്ച നല്‍കാനുള്ള പുതിയ പദ്ധതിയുടെ പേര് 'ബ്ലൈന്‍ഡ്‌സൈറ്റ്' എന്നാണ് എന്ന് മസ്‌ക് പറഞ്ഞു. 

നിന്റെഡോ ഗ്രാഫിക്‌സുള്ള 1980കളിലെ 8-ബിറ്റ് വിഡിയോ ഗെയിമുകളുമായി താരതമ്യം ചെയ്താണ് മസ്‌ക് പുതിയ സാങ്കേതികവിദ്യ വിശദീകരിച്ചത്. തുടക്കത്തില്‍ ബ്ലൈന്‍ഡ്‌സൈറ്റ് നിന്റെന്‍ഡോ ഗ്രാഫിക്‌സ് പോലെ ആയിരിക്കും അതണിയുന്ന ആള്‍ക്ക് തോന്നുക. അതായത് അധികം മികച്ച കാഴ്ച ലഭിക്കില്ല. എന്നാല്‍, പിന്നീട് പുരോഗതി കൈവരിക്കുകയും, മനുഷ്യന്റെ കാഴ്ചയ്ക്ക് അപ്പുറത്തേക്ക് ചെന്നെത്താന്‍ ബ്ലൈന്‍ഡ്‌സൈറ്റിനു സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മസ്‌ക് പറഞ്ഞു. 

വെറും സ്വപ്‌നമാകുമോ?

ബ്ലൈന്‍ഡ്‌സൈറ്റ് എന്ന പേര് ആദ്യം പുറത്തുവിട്ടത് 2024 ജനുവരിയിലാണ്. എന്നാല്‍, 2022ല്‍ ന്യൂറാലിങ്ക് നടത്തിയ 'ഷോ ആന്‍ഡ് ടെല്‍' പരിപാടിയില്‍ ആയിരുന്നു ഇതിനെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. അതിന്‍പ്രകാരമാണ് ബ്ലൈന്‍ഡ്‌സൈറ്റ് വികസിപ്പിക്കുന്നതെങ്കില്‍, ഒരു ഡിജിറ്റല്‍ക്യാമറയില്‍ നിന്നു ലഭിക്കുന്ന ഡാറ്റ, വിഷ്വല്‍ കോര്‍ട്ടക്‌സിന് നേരിട്ട് കൈമാറാന്‍ സാധിക്കുന്ന രീതിയിലുള്ള ഇലക്ട്രിക്കല്‍ ഇംപള്‍സായി പരിവര്‍ത്തനം നടത്തുക ആയിരിക്കും ചെയ്യുക. ഒരു കണ്ണട ഫ്രെയിമിലായിരിക്കാം കാഴ്ചയില്ലാത്ത ആള്‍ക്കായി ക്യാമറ പിടിപ്പിക്കുക.

അതേസമയം, ഇതൊക്കെ തൽക്കാലം വെറും സ്വപ്‌നമായി തീരാനുള്ള സാധ്യതയുമുണ്ട്. കാരണം, ഇപ്പോള്‍ തളര്‍ന്നു പോയ ഒരു വ്യക്തിയിക്ക് ന്യൂറാലിങ്ക് വച്ചു നടത്തുന്ന, ടെലിപതി എന്ന പേരിലുള്ള ആദ്യ പരീക്ഷണ പുരോഗതി അധികാരികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു വരികയാണ്. ഈ പരീക്ഷണത്തിന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരുന്നു. 

ISRO-Logo

ഈ പരീക്ഷണത്തില്‍ കമ്പനി അതിവേഗം, വളരെയധികം മുന്നോട്ടു പോയിരിക്കുന്നു എന്നും, ഒരു പക്ഷെ ഇപ്പോള്‍ തന്നെ അമേരിക്കയിലെ നിയമത്തിന്റെ പരിധി ലംഘിച്ചിരിക്കാമെന്നും വിമര്‍ശനമുണ്ട്. അതിനാല്‍ തന്നെ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നു. അതെന്തായാലും, ബ്ലൈന്‍ഡ്‌സൈറ്റിന്റെ പരീക്ഷണം കുരങ്ങന്മാരില്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞത്രെ.

ഇസ്രോയുടെ നിസാര്‍ ദൗത്യം താമസിച്ചേക്കും

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന നാസാ- ഇസ്രോ സിന്തെറ്റിക് അപര്‍ചര്‍ റഡാര്‍ (നിസാര്‍ NISAR) ദൗത്യം വൈകിയേക്കും. പേരില്‍ തന്നെ ഉള്ളതു പോലെ ഇസ്രോയും നാസയും സംയുക്തമായി നടത്തുന്നതാണിത്. ഭൗമ നരീക്ഷണ സാറ്റലൈറ്റാണ് നിസാര്‍. ഇത് സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന്ഉയര്‍ത്താനായിരുന്നു ഉദ്ദേശം. ഇനി ഏപ്രില്‍ അവസാനം നടത്താനായിരിക്കും ശ്രമം. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

 ഭൂമിയുടെ ഉപരിതലത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനാണ് നിസാര്‍ അയയ്ക്കുന്നത്. ഭൂമിയുടെ ഏകദേശം എല്ലാ മേഖലകളെയും നിരീക്ഷിക്കാനുദ്ദേശിച്ചാണ് നിസാര്‍. പ്രകൃതി ദുരന്തങ്ങള്‍ ഒക്കെ പഠനവിധേയമാക്കും. ഇസ്രോയും നാസയും തമ്മിലുള്ള ആദ്യ ഹാര്‍ഡ്‌വെയര്‍ സഹകരണം എന്നരീതിയിലും നിസാര്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. 

ആപ്പിള്‍-ഗൂഗിള്‍ എഐ സഹകരണത്തിനെതിരെ പ്രതിഷേധം

സ്വന്തമായി നിര്‍മിത ബുദ്ധി (എഐ) വികസിപ്പിക്കാന്‍ സാധിക്കാത്ത ആപ്പിള്‍ ഗൂഗിളിന്റെ ജെമിനി സാങ്കേതികവിദ്യ തങ്ങളുടെ ഉപകരണങ്ങളില്‍ വിന്യസിക്കാനുള്ള ശ്രമത്തിലാണെന്ന വാര്‍ത്തയൊട് വിമര്‍ശനാത്മകമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ്. അടുത്ത തലമുറ ഓഎസ്ആയ ഐഓഎസ് 18ല്‍ പോലും ജെമിനി ഉണ്ടായിരിക്കുമെന്നാണ് സൂചന. ജെമിനിയ്ക്ക് ചാറ്റും, ചിത്രങ്ങളും ജനറേറ്റു ചെയ്യാനുള്ള സാധ്യതയുണ്ട്.

ടെക്‌നോളജി അവബോധമുള്ള പലരും ഐഫോണ്‍ വാങ്ങുന്നതു തന്നെ, സ്വകാര്യ ഡാറ്റാ ദാഹിയായ ഗൂഗിളിനെ തങ്ങളില്‍ നിന്ന് അകറ്റി നിറുത്താനാണ്. ഐഓഎസുമായി ജെമിനി സംയോജിപ്പിക്കുന്നതോടെ അത്തരം ഗുണങ്ങള്‍ ഇല്ലാതാകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എഐക്കു വേണ്ടി ആപ്പിള്‍ ഗൂഗിളിനെആശ്രയിക്കേണ്ടി വരുന്നത് ശരിക്കും നാണംകെട്ട കാര്യമാണെന്നും ചില ആപ്പിള്‍ ഫാന്‍സ് പ്രതികരിച്ചു. 

gemini

തെറ്റായ പ്രതികരണങ്ങള്‍ നടത്തിയ ജെമിനിയ്ക്കുവേണ്ടി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ തന്നെ ക്ഷമാപണം നടത്തിയ കാര്യവും പലരും ഉയര്‍ത്തിക്കാണിക്കുന്നു. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ജെമിനിയുടെ പ്രവര്‍ത്തനം ഗൂഗിള്‍ നിറുത്തിവയ്ക്കുക പോലും ചെയ്തിട്ടുണ്ട്. പല തെറ്റായ പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധി നേടിയ എഐ സംവിധാനമാണ് ജെമിനൈ. അത് ആപ്പിള്‍ ഐഓഎസിലേക്ക് എത്തിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഗൂഗിളില്‍നിന്ന് ജെമിനിയുടെ ലൈസന്‍സ് വാങ്ങി ആയിരിക്കും ആപ്പിളിന്റെ ഓഎസുകളില്‍ പ്രവര്‍ത്തിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇരു കമ്പനികളും തമ്മില്‍ ഇപ്പോള്‍ നടക്കുകയാണ്. 

ഇരുനൂറോളം ഗവേഷണ പഠനങ്ങള്‍ ജനറേറ്റു ചെയ്തത് ചാറ്റ്ജിപിറ്റി

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

അക്കാഡമിക് മേഖലയെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍. പുതിയ ഗവേഷണ പ്രബന്ധങ്ങളില്‍ വലിയൊരു ശതമാനത്തിലും ഓപ്പണ്‍എഐയുടെ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിയുടെ സ്വാധീനം വ്യക്തമായതാണ് ഇതിനു കാരണം. ഗവേഷകര്‍ സമര്‍പ്പിച്ച പല പ്രബന്ധങ്ങളിലും ഭാഗികമായെങ്കിലും ചാറ്റ്ജിപിറ്റിയുടെസ്വാധീനം കണ്ടെത്തിയിരിക്കുകയാണ്. 

ശരിയായ ഗവേഷണത്തിലുടെ കണ്ടെത്തേണ്ട അക്കഡമിക് പേപ്പറുകളിലേക്ക് വേണ്ട ഗൗരവമില്ലാത്ത എഐ കണ്ടെന്റ് പ്രവേശിപ്പിച്ചിരിക്കുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതില്‍ പലതും അപ്രസക്തമായ ശാസ്ത്ര ജേണലുകളില്‍ നിന്നാണ് ചാറ്റ്ജിപിറ്റി കണ്ടെത്തിയിരിക്കുന്നതെന്നും പറയുന്നു. ഈ രീതി തുടര്‍ന്നാല്‍ അത് ഗൗരവം വേണ്ട ഗവേഷണ രംഗത്തെ തകര്‍ത്തേക്കുമെന്ന ഭീതിയാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത് എന്ന് 404 മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com