എക്സിനു പലയിടങ്ങളിലും ഭാഗിക തകരാർ! തൊഴിലാളികളെ പിരിച്ചുവിട്ടതിന്റെ ഫലമോ?
Mail This Article
സമൂഹമാധ്യമമായ എക്സിന് ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ ഭാഗികമായ പ്രവർത്തന തകരാർ ഏർപ്പെട്ടിരുന്നു. ഡൗൺഡിറ്റക്ടർ എന്ന വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യുഎസിൽ 3400 റിപ്പോർട്ടുകളും ഓസ്ട്രേലിയയിൽ 2101 റിപ്പോർട്ടുകളും ഡൗൺഡിറ്റക്ടർ കാണിച്ചു.ട്വീറ്റ് ചെയ്യുന്നതിലും മറ്റുള്ളവരുടെ ട്വീറ്റ് തുറക്കുന്നതിലുമൊക്കെ തടസ്സം നേരിട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിലും വെബ്സൈറ്റിലും പ്രശ്നങ്ങളുണ്ടായെന്നാണ് ഉപയോക്താക്കൾ പറയുന്നത്. ഭാഗിക ഔട്ടേജിന്റെ വിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ട്രോൾ പെരുമഴയായിരുന്നു.
മറ്റുള്ള സമൂഹമാധ്യമങ്ങളെ അപേക്ഷിച്ച് തടസ്സങ്ങളും തകരാറുകളും വളരെക്കുറവുള്ള സമൂഹമാധ്യമമായിരുന്നു എക്സിന്റെ പൂർവ രൂപമായ ട്വിറ്റർ. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെത്തുടർന്ന് തകരാറുകൾ തുടർക്കഥയാകുകയാണെന്ന് വിദഗ്ധർ പറയുന്നു. 2007ൽ ടെക്സസിലെ ഓസ്റ്റിനിൽ നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് എന്ന സംഗീത കോൺഫറൻസിലാണു ട്വിറ്റർ തുടങ്ങിയത്. ഇവാൻ വില്യംസ്, ബിസ് സ്റ്റോൺ,നോവ ഗ്ലാസ് എന്നീ സാങ്കേതികവിദഗ്ധരുടെ കരങ്ങളിലൂടെയും ഭാവനയിലൂടെയും ട്വിറ്റർ വളർന്നു വലുതായി. ജാക്ക് ഡോർസി ട്വിറ്റർ സിഇഒ ആയി പ്രവർത്തിച്ച കാലത്താണ് ഇലോൺ മസ്ക് സമൂഹമാധ്യമത്തെ ഏറ്റെടുത്തത്.
വലിയ നാടകീയതയോടെയായിരുന്നു ആ ഏറ്റെടുക്കൽ. തുടർന്ന് ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കഴിഞ്ഞവർഷം ഡിസംബറിൽ എക്സിൽ വലിയൊരു പ്രവർത്തന തടസം ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് ട്വിറ്റർ മുടങ്ങിയതായി അന്ന് റിപ്പോർട്ട് ചെയ്തത്. സമൂഹമാധ്യമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഔട്ടേജുകളിലൊന്നായിരുന്നു ഇത്. പിന്നീട് പല തവണ ചെറുതായുള്ള ഭാഗിക പ്രശ്നങ്ങൾ ഉടലെടുത്തു. പിരിച്ചുവിടലിനെത്തുടർന്ന് സാങ്കേതിക തൊഴിലാളികളുടെ എണ്ണത്തിൽ വന്ന കുറവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.