ADVERTISEMENT

വാട്‌സാപ്പിൽ അക്കൗണ്ട് റെസ്ട്രിക്ഷൻ എന്ന പുതിയ ഫീച്ചര്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകള്‍ ശ്രദ്ധിച്ച്, അതിലടങ്ങുന്ന പുതിയ വിവരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്ന വാബീറ്റാഇന്‍ഫോ തന്നെയാണ് അക്കൗണ്ട് റെസ്ട്രിക്ഷന്‍ ഫീച്ചര്‍ അധികം താമസിയാതെ പ്രവര്‍ത്തിപ്പിച്ചേക്കാമെന്ന വിവരവും പുറത്തുവിട്ടിരിക്കുന്നത്. വാട്‌സാപ് അക്കൗണ്ട് ഉടമയ്ക്ക് ഒരു നിശ്ചിത സമയത്തേക്ക് പുതിയ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കാത്ത രീതിയില്‍ ആക്കുകയായിരിക്കും ചെയ്യുക. ഇത് ഇപ്പോള്‍ വികസിപ്പിച്ചു വരുന്നതേയുളളു എന്നാണ് റിപ്പോര്‍ട്ട്. 

കാരണം?

അക്കൗണ്ട് റെസ്ട്രിക്ഷന്റെ കാര്യമെന്ത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ഇങ്ങനെ റെസ്ട്രിക്ട് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകള്‍ക്ക് ആരെങ്കിലും സന്ദേശമയച്ചാല്‍ അവ ലഭിക്കും. നിലവില്‍ ലഭിച്ച സന്ദേശങ്ങള്‍ക്ക് മറുപടി ആയയ്ക്കാനും സാധിക്കും. എന്നാല്‍, അയാള്‍ക്ക്ആരെങ്കിലുമായി പുതിയൊരു ചാറ്റ് തുടങ്ങണമെങ്കില്‍ സാധിക്കാത്ത രീതിയിലായിരിക്കും ഇത് എന്നാണ് സൂചന. റെസ്ട്രിക്ഷന്‍, അല്ലെങ്കില്‍ പരിമിതപ്പെടുത്തല്‍ വാട്‌സാപ്പില്‍ നടത്തിയ എന്തെങ്കിലും നിയമപരമല്ലാത്ത ഇടപെടലിനുളള ശിക്ഷ ആയിരിക്കാമെന്നും കേള്‍ക്കുന്നു. 

സ്പാമര്‍മാര്‍ക്കുള്ള കുരുക്കോ?

തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്പാം സന്ദേശങ്ങള്‍ അയയ്ക്കുന്നവര്‍ക്കുള്ള കുരുക്കായിരിക്കാം ഇതെന്നു കരുതുന്നവരും ഉണ്ട്. അനാവശ്യ സദേശങ്ങള്‍, പ്രത്യേകിച്ചും പരസ്യങ്ങളും മറ്റും അയയ്ക്കുന്നതിനെയാണ് സ്പാമിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നവരെപുതിയ സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഒരു നിശ്ചിത കാലത്തേക്ക് തടയുക എന്നതായിരിക്കാം വാട്‌സാപ് അക്കൗണ്ട് റെസ്ട്രിക്ഷന്റെ ലക്ഷ്യമെന്ന് കരുതുന്നു. 

whatsapp-logo

മറ്റു തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുന്നവര്‍ക്കും ഇത് ബാധകമാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ഇത് എന്നാണ് എല്ലാവര്‍ക്കുമായി നല്‍കുക എന്നതും അറിയില്ല. സ്പാം പോലെയുള്ള അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നു പരാതി ലഭിച്ചാല്‍ അക്കൗണ്ട് നിരോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനു പകരമായിരിക്കാം ആപ് റെസ്ട്രിക്ഷന്‍. സംശയാസ്പദമായ സന്ദേശക്കൈമാറ്റം കണ്ടാല്‍ വാട്‌സാപ് നേരിട്ട് ആപ് റെസ്ട്രിക്ഷന്‍ നടപ്പാക്കാനുള്ള സാധ്യതയും ഉണ്ട്. 

ഓരോ വാട്‌സാപ് ചാറ്റിലും ഇനി മൂന്നു സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്യാം

ഇതുവരെ ഓരോ ചാറ്റിലും 1 സന്ദേശമായിരുന്നു പിന്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. ഇത് മൂന്ന് സന്ദേശമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഗ്രൂപ്പുകളിലും മൂന്നു സന്ദേശങ്ങള്‍ പിന്‍ ചെയ്യാം. ഇത് എല്ലാ അംഗങ്ങള്‍ക്കും കാണുകയും ചെയ്യാം. ടെക്സ്റ്റ്, ഇമേജ്, വിഡിയോ, സ്റ്റിക്കര്‍സന്ദേശങ്ങള്‍ ഒക്കെ പിന്‍ ചെയ്യാം. ഇതിനായി സന്ദേശത്തില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ 24 മണിക്കൂര്‍ വേണോ, 7 ദിവസം വേണോ, 30 ദിവസം വേണോ എന്ന് തിരിഞ്ഞെടുക്കാനുളള ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇതില്‍ വേണ്ടത് തിരഞ്ഞെടുക്കാം. ഇങ്ങനെ പിന്‍ ചെയ്യുന്ന മെസേജുകള്‍ ഏതു സമയത്തുംനീക്കം ചെയ്യാം താനും. 

phone-apple - 1

എഐ ഐഫോണിനുള്ള കാത്തിരിപ്പ്-വില്‍പ്പന കുത്തനെ ഇടിയുന്നു

ഐഫോണ്‍ 16 സീരിസില്‍ നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തുമെന്ന വ്യക്തമായ സൂചന ആപ്പിള്‍ കമ്പനി നല്‍കിയതോടെ, ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ്. ലോകത്തെ ഏറ്റവും മൂല്ല്യമുളള കമ്പനി എന്ന പേര് സ്വന്തമാക്കിയിരുന്നആപ്പിളിന് വരും മാസങ്ങളിലും വില്‍പ്പനയില്‍ ഇടിവു വരുമെന്നാണ് പ്രവചനം. മൂന്നു ട്രില്ല്യന്‍ ഡോളറിലേറെയായിരുന്നു ആപ്പിളിന്റെ മൂല്ല്യം. പുതിയ കണക്കു പ്രകാരം അത് 2.68 ട്രില്ല്യനായി ഇടിഞ്ഞു. ലോകത്തെ ഏറ്റവും മൂല്ല്യമുള്ള കമ്പനി ഇപ്പോള്‍ മൈക്രോസോഫ്റ്റ് ആണ്. 

അമേരിക്ക കഴിഞ്ഞാല്‍ ആപ്പിളിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് ചൈനയാണ്. അവിടെ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാവെയ് കമ്പനി ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. ആഗോള തലത്തിലെ ആപ്പിളിന്റെ എതിരാളികളായ സാംസങും, ഗൂഗിളും എഐ ഫീച്ചറുകള്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ ആപ്പിളിന്ഇനി മാറി നില്‍ക്കാനും വയ്യെന്നും പറയുന്നു. എഐ ഐഫോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അത് തത്കാലം വേണ്ടെന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതിനാലാണ് ഐഫോണ്‍ വില്‍പ്പനയില്‍ കൂടുതല്‍ ഇടിവ് വരും എന്ന പ്രവചനം നടത്തിയിരിക്കുന്നത്. 

ഐഫോണില്‍ അലാം അടിക്കുന്നില്ലേ?

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ഐഫോണ്‍ ഉപയോക്താക്കള്‍ ഒരു പ്രശ്‌നം നേരിടുന്നു-ആപ്പിളിന്റെ ക്ലോക് ആപ്പില്‍ സെറ്റ് ചെയ്ത അലാം അടിക്കുന്നില്ല. റെഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ കൂട്ടത്തോടെ എത്തി തങ്ങളുടെ പരാതി അറിയിച്ചു തുടങ്ങിയിരിക്കുകയാണ്. ഐഫോണിലെ ക്ലോക് ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതെന്നാണ് സൂചന. അതേസമയം, ഐഫോണിലെ അറ്റന്‍ഷന്‍ അവയര്‍നെസ് ഫീച്ചറിന്റെ പ്രശ്‌നമാകാം ഇതെന്ന് ചിലര്‍ പറയുന്നു. ഐഫോണുകളില്‍ അറ്റന്‍ഷന്‍ അവയര്‍നെസ് ഡീഫോള്‍ട്ടായി ഓണായിരിക്കും. ഇത് സെറ്റിങ്‌സിലെത്തി ഓഫ് ചെയ്താല്‍ അലാംഅടിച്ചേക്കുമെന്നാണ് പറയുന്നത്. പക്ഷെ അങ്ങനെ ചെയ്താല്‍ മറ്റു ചില ഫീച്ചറുകളെ അത് ബാധിക്കുകയും ചെയ്‌തേക്കാം. ആപ്പിള്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതു വരെ അലാം ആന്‍ഡ്രോയിഡ് ഫോണുകളിലോ, പഴയ ടൈംപീസുകളിലോ സെറ്റ് ചെയ്യണമെന്ന ഉപദേശവും ഇന്റര്‍നെറ്റില്‍ പ്രചരക്കുന്നു. 

Image Credit: Canva
Image Credit: Canva

ഐഓഎസ് 17.5 ബീറ്റാ ലഭ്യമാക്കി

ആപ്പിള്‍ കമ്പനി തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസിന്റെ പുതിയ ബീറ്റാ പതിപ്പ് പുറത്തിറക്കി. ഐഓഎസ് 17.5 ബീറ്റായാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. യൂറോപ്യന്‍ മേഖലയില്‍ ഉള്ള ഉപയോക്താക്കള്‍ക്ക് ഇനി ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നുള്ള ആപ്പുകള്‍മാത്രമല്ല, തേഡ്-പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നുളള ആപ്പുകളും ഇന്‍സ്റ്റോള്‍ ചെയ്യാനാകും എന്നതാണ് ഐഓഎസ് 17.5 ന്റെ പ്രധാന സവിശേഷതകളിലൊന്ന് എന്ന് 9ടു5മാക്. 

പുതിയ രണ്ട് ഓഡിയോ ഉപകരണങ്ങളുമായി ബീറ്റ്‌സ്

ആപ്പിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബീറ്റ്‌സ് രണ്ട് പുതിയ രണ്ട് ഓഡിയോ ശ്രവണോപകരണങ്ങള്‍ പുറത്തിറക്കി. സോളോ 4 ഹെഡ്‌സെറ്റ്, സോളോ ബഡ്‌സ് ഇയര്‍ഫോണ്‍ എന്നിവയാണ് വില്‍പ്പനയ്‌ക്കെത്തുക. ഇവ ആന്‍ഡ്രോയിഡ് ഉപകരണങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാം. സോളോ 4, സോളോ ബഡ്‌സ് എന്നിവയ്ക്ക് യഥാക്രമം 199.99 ഡോളര്‍, 79.99 ഡോളര്‍ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. 

ആര്‍ക്ക് ബ്രൗസര്‍ വിന്‍ഡോസില്‍

മാക്ഓഎസിലും, ഐഓഎസിലും 2022ല്‍ എത്തി വിസ്മയിപ്പിച്ച പുതിയ ഇന്റര്‍നെറ്റ് ബ്രൗസര്‍ ആര്‍ക് (Arc) വിന്‍ഡോസ് 11ലേക്കും. വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ ഇപ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ പ്രവേശിക്കാതെ നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പിളിന്റെപ്രോഗ്രാമിങ് ഭാഷയായ സ്വിഫ്റ്റ് ഉപയോഗിച്ച് ബ്രൗസര്‍ കമ്പനി വികസിപ്പിച്ചതാണ് ആര്‍ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com