ADVERTISEMENT

നിര്‍മാതാക്കൾ സാധാരണ ഏതൊരു വസ്തുവും ഒരു നിശ്ചിത കാലാവധി കഴിയുമ്പോള്‍ ഉപയോഗശൂന്യമാകണം എന്ന് തീരുമാനിച്ചു തന്നെയാണ് പുറത്തിറക്കുന്നത്. പാക്കറ്റ് പാലും, ഭക്ഷണ പദാര്‍ത്ഥങ്ങളും, ബൈക് ഹെല്‍മറ്റുകളും ഒക്കെ ഒരു കാലയളവിന് ശേഷം ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിരിക്കും. ഇതാണ് അവയുടെ എക്‌സ്പയറി ഡേറ്റ്. ഇത്തരം ഒരു കാലപരിധി എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും കൃത്യമായി ഉള്‍ക്കൊള്ളിച്ചാണ് ഇറക്കുന്നതെന്നാണ് ഫോക്സ് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

Image Credit: Canva
Image Credit: Canva

വില കുറഞ്ഞ ഫോണുകളുടെ എക്‌സ്പയറി ഡേറ്റ് ഒന്നോ രണ്ടോ വര്‍ഷം മാത്രമായിരിക്കും. എന്നാല്‍, മിക്ക ഫോണുകളും മൂന്നും നാലും വര്‍ഷം പ്രവര്‍ത്തിക്കട്ടെ എന്നു കരുതിയാണ് ഇറക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ കാലയളവിനു ശേഷം ഘടകഭാഗങ്ങള്‍ കേടാകുമെന്നല്ല പറയുന്നത്. പക്ഷെ, അതിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഫ്റ്റ്‌വെയറിലാണ് കളിയത്രെ. ഫോണിന്റെ എക്‌സ്പയറി ഡേറ്റ് എങ്ങനെ പരിശോധിക്കാം. കൂടാതെ, എക്‌സ്പയറി ഡേറ്റ് വരെയെങ്കിലും ഫോണിന്റെ ആരോഗ്യം എങ്ങനെ നിലനിര്‍ത്തം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

നാലു പ്രമുഖ നിര്‍മാതാക്കള്‍ ഇതുവരെ ഇറക്കിയ ഫോണുകള്‍ പരിശോധിച്ചാല്‍ കാണാവുന്ന കാര്യം ഇതാണ്(റിപ്പോർട്ട് പ്രകാരം)

∙ആപ്പിളിന്റെ ഐഫോണ്‍ 4 മുതല്‍ 8 വര്‍ഷം വരെ

∙സാംസങ് 3 മുതല്‍ 6 വര്‍ഷം വരെ

∙ഗൂഗിള്‍ പിക്‌സല്‍ 3 മുതല്‍ 5 വര്‍ഷം വരെ

∙വാവെയ് 2 മുതല്‍ 4 വര്‍ഷം വരെ

ഇത് ശരാശരി ഉപയോഗമാണ്. വാങ്ങിയ തിയതിയല്ല, ഫോണ്‍ നിര്‍മ്മിച്ച അന്നു മുതല്‍ അത് കേടാകാന്‍ ഉള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു. 

iphone-17 - 1

ഫോണ്‍ കേടാകുന്നത് എന്ന് എന്ന് കണ്ടെത്താം

നിര്‍മാണ തിയതി ഫോള്‍ ലഭിച്ച പെട്ടിയില്‍ ഉണ്ടായിരിക്കും. അത് എറിഞ്ഞു കളഞ്ഞവര്‍ ഹാന്‍ഡ്‌സെറ്റിന്റെ സെറ്റിങ്‌സിലുള്ള 'എബൗട്ട്' വിഭാഗം പരിശോധിച്ചാല്‍ നിര്‍മ്മാണ തിയതിയോ, സീരിയല്‍ നമ്പറോ ലഭിക്കും. മിക്ക ഫോണ്‍ നിര്‍മാതാക്കളും നിര്‍മാണ തിയതി ഈ സീരിയല്‍ നമ്പറില്‍ഒളിപ്പിക്കുകയാണിപ്പോള്‍. ലഭിച്ച സീരിയല്‍ നമ്പര്‍ https://sndeep.info/en എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ വിവരം ലഭിക്കുമെന്ന് ഫോക്‌സ് ന്യൂസ് പറയുന്നു. ചില ഫോണുകളില്‍ *#06# ഡയല്‍ ചെയ്താലും സീരിയല്‍ നമ്പര്‍ ലഭിക്കും. 

ഇനി ഇതെല്ലാം ഒരുപാടു പണിയല്ലേ, എന്നു കരുതുന്നവര്‍ക്ക് ഒരു എളുപ്പമാര്‍ഗമുണ്ട്. നേരിട്ട് ഈ വെബ്‌സൈറ്റിലെത്തുക https://endoflife.date/iphone. ഈ വെബ്‌സൈറ്റിന്റെ എന്‍ഡ് ഓഫ് ലൈഫ് എന്ന പേര് പറയുന്നതു പോലെ, ഒരു ഫോണിന്റെ കാലാവധി തീര്‍ന്നോ എന്ന് പരിശോധിക്കാന്‍ സാധിക്കും. ഏതെങ്കിലും ഉപകരണം സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ ഒരു വെബ്‌സൈറ്റുമാണിത്. ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തന കാലാവധി തീരാറായെങ്കില്‍ അത് വാങ്ങിക്കാതിരിക്കുകയാണ് ഉചിതം. പ്രവര്‍ത്തന കാലാവധിക്കു ശേഷം ഫോണുകളും മറ്റും ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും?

സുപ്രധാന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല എന്നതാണ് പ്രധാന ന്യൂനത. ഏറ്റവും പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നില്ലെന്നതു പോട്ടെ, സുരക്ഷാ അപ്‌ഡേറ്റും ലഭിക്കില്ല. ഇതോടെ, ഹാക്കര്‍മാര്‍ക്ക് ഫോണിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടുകളുംമറ്റും ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഇത് നിസാരമായി തള്ളിക്കളയാന്‍ പാടില്ല. 

അതിനു പുറമെ, ആരോഗ്യ ഡേറ്റ, ഫോണ്‍ കോള്‍ നടത്തുമ്പോള്‍ നിങ്ങളുടെ സ്വരവും സംസാര രീതിയും പകര്‍ത്തപ്പെടാം, വോയിസ് മെയിലുകള്‍ ചോര്‍ത്തപ്പെട്ടേക്കാം. കാലാവധി തീര്‍ന്ന ഫോണുകള്‍ക്ക് പൊതുവെ ബാറ്ററി ലൈഫ് കുറവായിരിക്കും. അതു കൂടാതെ ഫോണ്‍ മൊത്തത്തില്‍ മന്ദീഭവിച്ചിരിക്കാനുമുള്ളസാധ്യതയുമുണ്ട്.

എക്‌സ്പയറി ഡേറ്റ് വരെ ഫോണിന്റെ ആരോഗ്യ പരിപാലനം

ഫോണ്‍ ഒരു നിശ്ചിത കാലത്തിനു ശേഷം പ്രവര്‍ത്തിപ്പിക്കുന്നത് കമ്പനികള്‍ ആഗ്രഹിക്കുന്നില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, വര്‍ഷാവര്‍ഷം ഫോണ്‍ മാറുന്നവര്‍ക്കുള്ള ഉപദേശവും ഉണ്ട്. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഫോണ്‍ പല വര്‍ഷത്തേക്ക് സുഗമമായി പ്രവര്‍ത്തിപ്പിക്കാം എന്നാണ്പറഞ്ഞുവയ്ക്കുന്നത്. 

അതിന് വേണ്ട കാര്യങ്ങള്‍ ഇതാ:

എപ്പോഴും പുതിയ സോഫ്റ്റ്‌വെയര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിനായി ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ സെറ്റിങ്‌സ്>എബൗട്ട്‌ഫോണ്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന പാതയിലും, ഐഫോണ്‍ ഉടമകള്‍ സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന പാതിയിലും എത്തി പുതിയ സോഫ്റ്റ്‌വെയര്‍ഉണ്ടോ എന്ന് പരിശോധിക്കുക. പല പ്രവര്‍ത്തന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പുതിയ സോഫ്റ്റ്‌വെയറിന് സാധിച്ചേക്കും. (അതേസമയം, പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് പ്രശ്‌നമായ അനുഭവമുള്ള പലരും ഉണ്ടാകും. ഇറങ്ങി ഏതാനും ദിവസം മോശം റിപ്പോര്‍ട്ടുകള്‍ ഉണ്ടോ എന്നു നോക്കിയ ശേഷം ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതുംനന്നായിരിക്കും.)

ബാറ്ററി മാറ്റുക

ഏതാനും വര്‍ഷം കൂടുമ്പോള്‍ കമ്പനി നിര്‍മ്മിച്ച ബാറ്ററി തന്നെ മാറ്റിവയ്ക്കുന്നത് ഫോണിന്റെ ആരോഗ്യം വര്‍ഷങ്ങളോളം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളിലൊന്നാണ്. 

Representative Image:Kateryna Onyshchuk
Representative Image:Kateryna Onyshchuk

ബാറ്ററി കേടാകാതെ നോക്കുക

കൂടിയ ചൂടും തണുപ്പും ബാറ്ററിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. നേരിട്ട് സൂര്യപ്രകാശം അടിക്കുന്നിടത്തു നിന്ന് ഫോണ്‍ഉപയോഗിക്കുന്നതും മരവിപ്പിക്കുന്ന തണുപ്പില്‍ ഫോണ്‍ പോക്കറ്റില്‍ കൊണ്ടുനടക്കുന്നതും അതിന് ഗുണകരമായിരിക്കില്ല. സ്മാര്‍ട്ട്‌ഫോണുകള്‍ 32-95 ഫാരന്‍ഹൈറ്റ് താപനിലയില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

അനാവശ്യ ആപ്പുകളും ഡേറ്റയും ഡിലീറ്റ് ചെയ്യുക

സംഭരണശേഷി കഴിയാറാകുന്തോറും പ്രകടന മികവ് കുറഞ്ഞേക്കാം. അതിനാല്‍ തന്നെ ഫയലുകളും മറ്റും കംപ്യൂട്ടറുകളിലേക്കോ മെമ്മറി കാര്‍ഡുകളിലേക്കോ ഡേറ്റാ ബാക്-അപ് നടത്തുക. അനാവശ്യ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക.

തങ്ങള്‍ എത്രകാലം ഒരു ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുമെന്നു വെളിപ്പെടുത്തി ആപ്പിള്‍

ചരിത്രത്തിലാദ്യമായി തങ്ങളുടെ ഒരു ഫോണിന് എത്രകാലം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടണില്‍ ഏപ്രില്‍ 29, 2024ല്‍ പ്രാബല്ല്യത്തില്‍ വന്ന പ്രൊഡക്ട് സെക്യുരിറ്റി ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (പിഎസ്ടിഐ) നിയമ പ്രകാരം പുതിയ ഫോണുകള്‍ക്ക് കമ്പനികള്‍ നല്‍കാനുദ്ദേശിക്കുന്ന സപ്പോര്‍ട്ട് വെളിപ്പെടുത്തണം. 

അതിന്‍പ്രകാരം ആപ്പിള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തങ്ങള്‍ ഇപ്പോള്‍ വില്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മോഡലായ ഐഫോണ്‍ 15 പ്രോ മാക്‌സിന് വില്‍പ്പന ആരംഭിച്ച ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് സപ്പോര്‍ട്ട് നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, 22 സെപ്റ്റംബര്‍ 2023 മുതല്‍ സെപ്റ്റംബര്‍ 22, 2028 വരെ. 

സാംസങും ഗൂഗിളും അതുക്കും മേലെ

സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിന്റെ കാര്യത്തില്‍ വളരെ പിന്നില്‍ നിന്നിരുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വലിയ മനംമാറ്റമാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ പ്രീമിയം മോഡലുകള്‍ക്ക് 7 വര്‍ഷം വരെ അപ്‌ഡേറ്റ് നല്‍കുമെന്നാണ് സാംസങിന്റെയും ഗൂഗിളിന്റെയും വാഗ്ദാനം. എന്നു പറഞ്ഞാന്‍ തങ്ങള്‍ ഈ കാര്യത്തില്‍ ആപ്പിളിനെ പിന്തള്ളിയെന്നാണ് അര്‍ത്ഥമെന്ന് ഗൂഗിള്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലെയ്ഡര്‍മാചര്‍ (Kleidermacher) അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com