ADVERTISEMENT

മിക്കവാറും എല്ലാ വീട്ടുപണികളും എടുപ്പിക്കാം എന്ന അവകാശവാദവുമായി ഒരു റോബട്ടിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ജര്‍മ്മന്‍ റോബടിക് സ്റ്റാര്‍ട്ട്-അപ് ന്യൂറാ (Neura). നിര്‍മ്മിത ബുദ്ധി (എഐ) മേഖലയിലെ ഏറ്റവും കരുത്തുറ്റ പ്രൊസസറുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയുമായി സഹകരിച്ചാണ് 4എന്‍ഇ-1 എന്നു പേരിട്ടിരിക്കുന്ന മനുഷ്യാകാരമുള്ള റോബട്ടിനെ ഉണ്ടാക്കിയെടുത്തിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുറ്റുപാടുകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ശേഷിയുള്ള റോബോട്ടുകളുടെ തുടക്ക ശ്രേണിയിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. 

കമ്പനി പുറത്തിറക്കിയിരിക്കുന്ന ഡെമോ വിഡിയോയില്‍ 4എന്‍ഇ-1 ഹ്യൂമനോയിഡ് റോബട്ടിന് പെട്ടികള്‍ അടുക്കിവയ്ക്കാനും, തുണി തേപ്പുപെട്ടി ഉപയോഗിച്ച് തേക്കാനും, പച്ചക്കറി അരിയാനും, സാധനങ്ങള്‍ തരംതിരിക്കാനും ഒക്കെ സാധിക്കും എന്നാണ് കാണിച്ചിരിക്കുന്നത്. റോബടിക് സാങ്കേതികവിദ്യയെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു പറ്റം ടൂളുകള്‍ എന്‍വിഡിയ പരിചയപ്പെടുത്തി വരുന്ന സമയത്താണ്, 4എന്‍ഇ-1ന്റെ ശേഷി പ്രദര്‍ശിപ്പിക്കുന്ന വിഡിയോയും പുറത്തുവന്നിരിക്കുന്നത് എന്ന് ന്യൂഅറ്റ്‌ലസ് വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. 

neura1 - 1

ന്യൂറാ 4എന്‍ഇ-1നെക്കുറിച്ച് പുറത്തിറക്കിയിരിക്കുന്ന വിഡിയോ പല ക്ലിപ്പുകള്‍ കൂട്ടിയേജിപ്പിച്ചതാണ് എന്ന് സ്പഷ്ടമാണ്. അതിനാല്‍ തന്നെ ഈ റോബട്ടിന്റെ ശേഷിയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനൊക്കുമോ എന്ന സന്ദേഹവും ഉന്നയിക്കപ്പെടുന്നു. അത് എന്തുതന്നെയായാലും പ്രവര്‍ത്തിപ്പിക്കാവുന്ന ഹ്യൂമനോയിഡ് റട്ട് എന്ന സങ്കല്‍പ്പം അണിയറയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്നു തന്നെ വേണം കരുതാന്‍. 

സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കും ഒരു ഹ്യൂമനോയിഡ് റോബട്ടിന്റെ പണിപ്പുരയിലാണ്. ടെസ്‌ല ബോട്ട് എന്നു പേരിട്ടിരിക്കുന്ന ഇതും താമസിയാതെ പുറത്തിറക്കിയേക്കാം. കടയില്‍ വിട്ട് സാധനങ്ങള്‍ വാങ്ങിക്കാനും മറ്റും ഉപയോഗിക്കാവുന്നതാണ് തന്റെ റോബട് എന്ന് മസ്‌ക് പറഞ്ഞിട്ടുണ്ട്. 

എന്താണ് 4എന്‍ഇ-1 ഹ്യൂമനോയിഡ് റോബോട്ട്? 

തങ്ങള്‍ മനുഷ്യരാശിയുടെ സേവകരാണ് എന്ന് അവകാശപ്പെട്ടാണ് ന്യൂറാ എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ചില മേഖലകളില്‍ മനുഷ്യര്‍ക്ക് സഹായകമാകാന്‍ സാധിക്കുന്ന രീതിയിലാണ് 4എന്‍ഇ-1 റോബട്ടിനെ ഉണ്ടാക്കിവരുന്നത്. ഇതിന് തിരിച്ചറിയല്‍ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ, വീടുകളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും, വ്യവസായ മേഖലയില്‍ പണിയെടുപ്പിക്കാനും സാധിച്ചേക്കും. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 'ന്യൂറാ എഐ എപിഐ ഫോര്‍ മള്‍ട്ടി-മോഡല്‍ ആന്‍ഡ് ഇന്റിയുയിറ്റിവ് ഇന്ററാക്ഷന്‍' ആണ് 4എന്‍ഇ-1ന്റെ ചാലകശക്തി. 

തങ്ങളുടെ റോബട്ടിന് 3ഡി വിഷന്‍ കാഴ്ച ഉള്ളതിനാല്‍ അതിന് വസ്തുക്കളെയും പരിസ്ഥിതിയെയും, ആംഗ്യങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുമെന്ന് ന്യൂറാ അവകാശപ്പെടുന്നു. മനുഷ്യര്‍ക്ക് അപകടം ഉണ്ടാക്കാതിരിക്കാനായി, ടച്‌ലെസ് സെയ്ഫ് ഹ്യൂമന്‍ ഡിറ്റെക്ഷന്‍ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പര്‍ശാനുഭവം പകരാനായി 4എന്‍ഇ-1 റോബട്ടില്‍ ഫോര്‍സ്-ടോര്‍ക് സെന്‍സറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

കാഴ്ചയില്‍

4എന്‍ഇ-1 റോബട്ടിന് 180 സെന്റിമീറ്റര്‍ ആണ് ഉയരമെങ്കില്‍, 80കിലോ ഭാരവുമുണ്ട്. ഇതിന് 15 കിലോ ഭാരം ഉയര്‍ത്താന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ മൂന്നു കിലോമീറ്റര്‍ നടക്കാനും സാധിക്കും. കൈത്തണ്ട മാറ്റിവയ്ക്കാവുന്നതിനാല്‍ പല തരം ജോലികള്‍ ചെയ്യിക്കാമെന്നും അവകാശവാദം ഉണ്ട്. 4എന്‍ഇ-1നെ പരിചയപ്പെടുത്തി പുറത്തിറക്കിയ വിഡിയോ ഇതാ

ഐഫോണ്‍ 16 അവതരിപ്പിക്കുമ്പോള്‍ എഐ ഫീച്ചറുകള്‍ ഉണ്ടായേക്കല്ല

ആപ്പിളിന്റെ കംപ്യൂട്ടിങ് ഉപകരണങ്ങളുടെ സോഫ്റ്റ്‌വെയര്‍ കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നവീകരിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, അടുത്ത തലമുറയിലെ ഐഫോണ്‍ 16 ഐഓഎസ് 18നുമായി ഇറങ്ങുമ്പോള്‍ അതില്‍ കാര്യമായ എഐ സാന്നിധ്യം കണ്ടേക്കില്ലെന്ന് ചില ഡിവലപ്പര്‍മാര്‍ അവകാശപ്പെട്ടിരിക്കുന്നു. ഐഓഎസ് 18 ബീറ്റ ടെസ്റ്റിങ് നടത്തുന്നവരാണ് ഇത് പറയുന്നത്. 

ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഐഓഎസ് 18.1 ബീറ്റയിലാണ് പല എഐ ഫീച്ചറുകളും തങ്ങള്‍ക്ക് കാണാനയിരിക്കുന്നത് എന്നും അതുകൊണ്ട്, ഫോണുകള്‍ പുറത്തിറക്കുമ്പോള്‍ തന്നെ ഇവ ലഭിച്ചേക്കില്ലെന്നുമാണ് അവര്‍ പ്രവചിക്കുന്നത്. കൂടാതെ, തുടക്കത്തില്‍ എഐ ഫീച്ചറുകള്‍ അമേരിക്കയില്‍ മാത്രം തുറന്നു നല്‍കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. രചനകള്‍ നടത്തുമ്പോഴും, ഫോട്ടോ എഡിറ്റിങിനും, വോയിസ് അസിസ്റ്റന്റ് സിരിയുടെ പ്രകടനത്തിലും ഒക്കെയായിരിക്കും എഐ പ്രയോജനപ്പെടുത്താനാകുക.

Image Credit: canva AI
Image Credit: canva AI

ടിക്‌ടോക്കിനെതിരെ അമേരിക്ക കനത്ത പിഴ ചുമത്തിയേക്കും

ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് അമേരിക്കയിലെ 13 വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി എന്ന ആരോപണവുമായി അമേരിക്ക. ഇതിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കേസ് ഫയല്‍ ചെയ്തു എന്ന് റോയിട്ടേഴ്‌സ്. ടിക്‌ടോക് പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ബൈറ്റ്ഡാന്‍സ് കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ആരോപണം. 

ടിക്‌ടോക് അമേരിക്കയിലെ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് ലംഘിച്ചു എന്നാണ് ആരോപണം. കമ്പനി പ്രതിദിനം 51,744 ഡോളര്‍ പഴ ഒടുക്കണം എന്നാണ് എഫ്ടിസി ആവശ്യപ്പെടുന്നത്. മൊത്തം പിഴ ബില്ല്യന്‍ കണക്കിന് ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ടിക്‌ടോകിന് അമേരിക്കയില്‍ 170 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. 

180എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയുമായി ഓണര്‍ മാജിക് 6 പ്രോ

ഈ വര്‍ഷം ആദ്യം ചൈനയില്‍ വില്‍പ്പന ആരംഭിച്ച ഓണര്‍ മാജിക് 6 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്കും എത്തുന്നു. എംആര്‍പി 89,999 രൂപ. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ആണ് പ്രൊസസര്‍. ഓഗസ്റ്റ് 15 മുതല്‍ ആമസോണ്‍ വഴി വില്‍പ്പന ആരംഭിക്കുന്ന ഫോണിന് 5,600എംഎഎച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയുമുണ്ട്. 

ശക്തമായ ക്യാമറാ സിസ്റ്റം

ഓണര്‍ മാജിക് 6 പ്രോ ഫോണിന് ശക്തമായ ഒരു പിന്‍ ക്യാമറാ സിസ്റ്റവും ഉണ്ട്-50എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാവൈഡ്-ഇത് മാക്രോ സെന്‍സറായും പ്രവര്‍ത്തിപ്പിക്കാം-180എംപി പെരിസ്‌കോപ് ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഫോട്ടോ ക്യാമറയില്‍ 2.5 മടങ്ങ് ഒപ്ടിക്കാല്‍ സൂമും, 100 മടങ്ങ് ഡിജിറ്റല്‍ സൂമുമാണ് ലഭിക്കുന്നത്. മുന്നില്‍ സെല്‍ഫിക്കായി പില്‍ ആകൃതിയിലുള്ള 50എംപി ക്യാമറയുമുണ്ട്. ഓണര്‍ മാജിക് 6 പ്രോ 12/512ജിബി വേര്‍ഷന്റെ വിലയാണ് കൊടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com